Flash News

മുഖത്ത് ചായം തേച്ച് അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ തിരശ്ശീലയ്ക്കു പിന്നിലേക്ക് മറയുന്നത് ഒരു മഹാഭാഗ്യം തന്നെയാണ്: മഞ്ജു

September 12, 2018

manju-1-830x412സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കേ ഹൃദയാഘാതം മൂലം മരണപ്പെട്ട നടനും സം‌വിധാന സഹായിയുമായ കുഞ്ഞുമുഹമ്മദിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യര്‍. ഈ പുഴയും കടന്ന് എന്ന ചിത്രത്തിന്റെ കാലം മുതല്‍ ഇക്കയെ പരിചയമുണ്ടെന്നും ചായം തേച്ച് നില്‍ക്കെ യാത്ര പറയുന്നത് ഭാഗ്യമാണെന്നും ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും നടി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് കുഞ്ഞുമുഹമ്മദിക്കയുടേത്. ചായം തേച്ചു നില്‍ക്കെ യാത്ര പറയുക. ഗുരു ഗോപിനാഥിനും, മടവൂരാശാനും, ആലുംമൂടന്‍ ചേട്ടനും, ഗീതാനന്ദന്‍ മാഷിനും ലഭിച്ച ഭാഗ്യം. ‘ഈ പുഴയും കടന്നി’ ന്റെ കാലം തൊട്ടേ ഇക്കയെ പരിചയം ഉണ്ട്. ഏറ്റവും ഒടുവില്‍ ‘ആമി’ യിലും ഒപ്പമുണ്ടായിരുന്നു. വേഷം ചെറുതാണെങ്കിലും ഷൂട്ടിങ്ങ് തീരുവോളം കുഞ്ഞുമുഹമ്മദിക്ക സെറ്റില്‍ തന്നെ കാണും. തമാശകള്‍ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കും. ചിലപ്പോഴൊക്കെ വീട്ടില്‍ നിന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടുവരും. എന്നും സ്‌നേഹം മാത്രം വിളമ്പിയിരുന്ന ഒരു മനുഷ്യന്‍. പ്രിയപ്പെട്ട ഇക്കയ്ക്ക് വിട….’

ഫഹദ് നായകനാകുന്ന സത്യന്‍ അന്തിക്കാട് ചിത്രം ‘ഞാന്‍ പ്രകാശന്റെ’ ലൊക്കേഷനില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞുമുഹമ്മദ് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ട് 5.55 ന് മരിച്ചു. ജന്മനാടായ മതിലകത്തെയും ഇപ്പോൾ താമസിക്കുന്ന എറിയാട്ടെയും ഒരുപാട് സ്‌നേഹിതന്മാരെ കണ്ണീരിലാഴ്‌ത്തിയാണ് സിനിമാ പ്രവർത്തകനും നാടക നടനുമായിരുന്ന പുളിഞ്ചോട് പടിഞ്ഞാറു ഭാഗത്ത് താമസിച്ചിരുന്ന പരേതനായ ചുള്ളിപ്പറമ്പിൽ അമ്മു സാഹിബിന്റെ മകൻ കുഞ്ഞുമുഹമ്മദ് മരണത്തിന് കീഴടങ്ങിയത്.

വളരെ ചെറുപ്പംമുതൽ കലയോട് ഏറെ ആഭിമുഖ്യം പുലർത്തിയിരുന്ന ഇദ്ദേഹം നിരവധി നാടകങ്ങളിൽ ഹാസ്യകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. തുടർന്ന് സിനിമാ പ്രേമംകൊണ്ട് മദിരാശിയിലെത്തുകയും സിനിമാ പ്രവർത്തകർക്കിടയിൽ സഹായിയായിക്കൂടുകയും ചെയ്തു. പ്രസിദ്ധ സംവിധായകനും മതിലകത്തുകാരനുമായ കമലുമായുള്ള അടുത്തബന്ധം കുഞ്ഞുമുഹമ്മദിനെ അറിയപ്പെടുന്ന ഒരു സിനിമാനടനാക്കി.

കമലിന്റെ മിക്കവാറും സിനിമകളിൽ കുഞ്ഞുമുഹമ്മദിനു ചെറിയൊരു റോളുണ്ട്. ചൊവ്വാഴ്ച രാവിലെ സത്യൻ അന്തിക്കാടിന്റെ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സിനിമാ രംഗത്തെ പ്രമുഖർ ആശുപത്രിയിലെത്തിയിരുന്നു. ഏതാനും വർഷമായി കൊടുങ്ങല്ലൂരിനടുത്തെ എറിയാട് ആയിരുന്നു താമസം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top