Flash News

നവകേരള നിര്‍മ്മിതി: നമ്മുടെ കൈയില്‍ കരണ്ടിയോ പാരയോ?

September 12, 2018 , ഡോ. എസ്.എസ്. ലാല്‍

Karandiyo banner-1ബുധനാഴ്ച വൈകുന്നേരം ന്യൂയോര്‍ക്കില്‍ എത്താമോ എന്ന് ചോദിച്ചുകൊണ്ട് പരിചയമുള്ള ഒരു മലയാളി സംഘാടകന്റെ ഫോണ്‍ വിളി വന്നു. വാഷിംഗ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലെത്താന്‍ അഞ്ചു മണിക്കൂറെങ്കിലും വേണം. വിമാനമെടുത്താലും ഏതാണ്ട് അത്രയും സമയം നഷ്ടമാകും. ബുധനാഴ്ച പ്രവൃത്തി ദിവസമായതിനാല്‍ ഞാന്‍ അല്പമൊന്ന് മടിച്ചു. പ്രളയാനന്തരം മൂന്നാഴ്ച നാട്ടില്‍ കഴിഞ്ഞിട്ട് തിരികെയെത്തിയിട്ടേയുള്ളൂ. ഈയാഴ്ച ഓഫീസില്‍ ചില പ്രധാന ഉത്തരവാദിത്തങ്ങളും യോഗങ്ങളും ഒക്കെയുണ്ട്.

ന്യൂയോര്‍ക്കിലെ പരിപാടി എന്താണെന്ന് പറഞ്ഞപ്പോള്‍ വരില്ലെന്ന് പറയാനും വയ്യാത്ത അവസ്ഥയായി. കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കന്‍ള്‍മലയാളികൾക്ക് പങ്കാളികളാകാനുള്ള സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യാനാണ് ന്യൂയോര്‍ക്കിൽ യോഗം. ഇങ്ങനെ ഒരുപാട് യോഗങ്ങള്‍ അവിടവിടെ നടക്കുന്നുണ്ട്. പ്രളയക്കെടുതികള്‍ നേരില്‍ക്കണ്ട ഒരാളെന്ന നിലയിലാണ് എന്നെ അവിടേയ്ക്ക് വിളിക്കുന്നത്. പ്രളയശേഷം സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ ഇവിടെയുള്ള മലയാളികളോട് ദൃക്‌സാക്ഷിയെന്ന നിലയില്‍ പറയുകയാണ് എന്റെ ജോലി. ജന്മനാടിനെ സഹായിക്കാനുള്ള ഇത്തരം ആത്മാര്‍ത്ഥ ശ്രമങ്ങള്‍ ലോകത്ത് മലയാളിയുള്ള എല്ലാ നാടുകളിലും നടക്കുകയാണ്. ന്യൂയോര്‍ക്കിലെയോ അമേരിക്കയിലേയോ മാത്രം കാര്യമല്ല.

പ്രളയം തകര്‍ത്ത കേരള സംസ്ഥാനത്തെ പുനര്‍നിർമ്മിക്കാന്‍ സംസ്ഥാനത്തുനിന്ന് വലിയ ആഹ്വാനങ്ങള്‍ വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. സര്‍ക്കാരിന്റെ ആഹ്വാനങ്ങള്‍ക്കും പദ്ധതികള്‍ക്കും നല്ല സ്വീകരണമാണ് ലഭിച്ചത്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് പ്രതിപക്ഷവും പരാതികള്‍ മറന്ന് പൊതുജനങ്ങളും സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന അപൂര്‍വ കാഴ്ചയാണ് നമ്മള്‍ കണ്ടത്. നാടിന്റെ നടുവൊടിച്ച പ്രളയത്തെ മറികടക്കാന്‍ നാട്ടാരുടെ അഭൂതപൂര്‍വമായ ഐക്യം.

ഫോണ്‍ കഴിഞ്ഞപ്പോള്‍ എന്റെ ശ്രദ്ധ കമ്പ്യൂട്ടറില്‍ ലൈവ് സ്ട്രീമായി കിട്ടുന്ന നാട്ടിലെ മലയാളം ടെലിവിഷന്‍ വാര്‍ത്തയിലേയ്ക്ക് പോയി. നവകേരള നിര്‍മ്മാണത്തിനായി അവിടെ എന്തൊക്കെയാണ് നടക്കുന്നെന്ന് അറിയാനായി ഞാന്‍ കാതോര്‍ത്തു.

നല്ല വാര്‍ത്തകളാണ് കേള്‍ക്കുന്നത്. കേരളം ഉടന്‍ ശരിയാകും. പ്രധാന വാര്‍ത്തകള്‍ ജലന്ധര്‍ ബിഷപ്പും എം.എല്‍.എ. വക പീഡനവും ഒരു ചേരിയുമില്ലാത്ത പി.സി.ജോർജ്ജിന്റെ ഗോഗ്വാ വിളിയും എല്ലാ ചേരിയിലും മുതല്‍മുടക്കുള്ള ‘ഭിഷഗ്വരന്‍’ വടക്കുംചേരിയുടെ ജയില്‍വാസവും ഒക്കെയാണ്. നല്ല കൂത്ത്.

ഒരു മിനിറ്റുകൊണ്ട് തീരുമാനിക്കാവുന്ന കാര്യങ്ങള്‍ ആഴ്ചകളും മാസങ്ങളും വലിച്ചിഴച്ച്, നാറ്റിച്ച്, കുളമാക്കി വിജയിച്ചു നില്‍ക്കുകയാണ് നമ്മള്‍. ഇങ്ങനെ പോയാല്‍ നവകേരളം വേഗം ശരിയാകും.

നാട്ടില്‍ ഭരണം നടത്താന്‍ മുഖ്യമന്ത്രി സ്ഥലത്തുണ്ടാകണം എന്ന് നിര്‍ബന്ധമൊന്നും ഇല്ല. മന്ത്രിസഭ ഇല്ലെങ്കില്‍പ്പോലും ഭരണം നടത്താനുള്ള സംവിധാനമുള്ള നാടാണ് നമ്മുടേത്. ഏതു മുന്നണി ഭരിച്ചാലും ഭരിച്ചില്ലെങ്കിലും കോടതിയും പോലീസും ഒക്കെ നാട്ടിലെ സ്ഥിരം സംവിധാനങ്ങളാണ്. ആ സ്ഥാപനങ്ങള്‍ക്കൊക്കെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണം.

ജീവിതത്തില്‍ സമ്പാദിച്ചത് എല്ലാം നഷ്ടപ്പെട്ട് തകര്‍ന്നു നില്‍ക്കുന്ന ദമ്പതികളെയും വൃദ്ധയെയുമൊക്കെ ടെലിവിഷന്‍ വാര്‍ത്തയില്‍ കണ്ടത് ഒടുവിലാണ്. വീട് നിന്നിടത്ത് ഒരു കുറ്റിപോലും അവശേഷിക്കാത്ത സ്ഥലത്ത് ഇതുവരെ ജീവിച്ചതിന്റെ ഏതെങ്കിലും ഒരു അടയാളം അവശേഷിക്കുന്നുണ്ടോയെന്ന് തപ്പി നടക്കുന്ന നിസ്സഹായരായ മനുഷ്യര്‍. സര്‍ക്കാര്‍ സഹായിക്കുമെന്ന് ഇപ്പോഴും അവര്‍ പ്രതീക്ഷിക്കുന്നു. സര്‍ക്കാരിനെക്കൊണ്ട് ഒറ്റയ്ക്കാകില്ല; ഒരു സര്‍ക്കാരിനെക്കൊണ്ടും. അതുകൊണ്ടാണ് മുഴുവന്‍ മാനവരോടും സര്‍ക്കാര്‍ സഹായമഭ്യര്‍ത്ഥിച്ചത്. ലോകം മുഴുവനും ദിവസങ്ങളോളം കേരളത്തെ നോക്കിയത്. സഹായിക്കാനുള്ള മനസ്സുമായി ഇപ്പോഴും ഒരുപാടുപേര്‍ നോക്കുന്നത്.

പാതിരിയും എം.എല്‍.എ. യും ഒക്കെ പീഡിപ്പിച്ചാല്‍ കേസില്ലെന്ന ധാരണ നാട്ടില്‍ പരക്കുന്നു. സ്ത്രീകളെയും സ്ത്രീകളുടെ കമ്മീഷനെയും പരസ്യമായി തെറിവിളിക്കാന്‍ കഴിയുമെന്ന് മറ്റൊരു എം.എല്‍.എ. തെളിയിച്ചുകൊണ്ടേയിരിക്കുന്നു. പോലീസ് നടപടിയെടുക്കാത്തതിന് കന്യാസ്ത്രീകള്‍ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയെ കാണുന്നു!

നാട്ടില്‍ എലിപ്പനി വന്നാല്‍ ചികിത്സിക്കാന്‍ ആന്റിബയോട്ടിക്കുണ്ട്. എലികളെ പിടിക്കാന്‍ എലിപ്പത്തായങ്ങള്‍ ഉണ്ട്. കൊതുക് പെരുകാതിരിക്കാന്‍ മരുന്ന് തളിക്കലും ഫോഗിങ്ങും (പുകയ്‌ക്കല്‍) ഒക്കെയുണ്ട്.

ബിഷപ്പിനെയും എം.എല്‍.എ. യെയും ഒക്കെ പത്തായം വച്ച് പിടിക്കാവുന്ന, പുകച്ച് പുറത്താക്കാവുന്ന, സംവിധാനങ്ങള്‍ സഭയിലും പോലീസിലും പാര്‍ട്ടികളിലും ഒക്കെയുണ്ട്. അവയെല്ലാം എടുത്ത് ഉപയോഗിക്കണം. എലിക്കെണിയുമായും കൊതുക് തിരിയുമായും ജനങ്ങള്‍ തെരുവിലിറങ്ങാന്‍ അവസരമുണ്ടാക്കരുത്.

ഇനി, കുറ്റാരോപിതരോട്: നിരപരാധികളാണെങ്കില്‍ അത് പറയാനും തെളിയിക്കാനും നിങ്ങള്‍, ബിഷപ്പിനും നേതാവിനും, ഒക്കെ അവകാശമുണ്ട്. ജീവിതത്തില്‍ വലിയ ത്യാഗങ്ങള്‍ അനുഭവിച്ച് നാടിനെയും നാട്ടാരെയും നന്നാക്കാന്‍ വേണ്ടിയാണല്ലോ നിങ്ങള്‍ ബിഷപ്പും എം.എല്‍.എ. യും ഒക്കെ ആകുന്നത്. ഇത്തരം ചെറിയ പരീക്ഷണ ഘട്ടങ്ങളില്‍ ത്യാഗങ്ങള്‍ സഹിക്കാന്‍ വയ്യെങ്കില്‍ സുഖമുള്ള മറ്റെന്തെകിലും പണി ചെയ്ത് ജീവിക്കാമായിരുന്നില്ലേ? അതുകൊണ്ട് ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനങ്ങള്‍ വലിച്ചെറിയാന്‍ ത്യാഗികളായ നിങ്ങള്‍ക്ക് കഴിയണം. നിങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നതൊക്കെ ഞങ്ങള്‍ തിരികെത്തരും. കോട്ടും തൊപ്പിയും വടിയും കൊടിയും കാറും ഒക്കെ തിരികെത്തരും. ഇനിയൊരു നല്ല പുരുഷനും വ്യാജ ആരോപണത്താല്‍ ആക്രമിക്കപ്പെടാതിരിക്കാന്‍ കേരളം നിങ്ങള്‍ക്കൊപ്പം നില്‍ക്കും.

ഇനി അതിനൊക്കെ കാലതാമസമുണ്ടാകുമെന്ന പേടിയാണെങ്കില്‍ നിങ്ങ സ്വയം നുണപരിശോധനയ്‌ക്കു തയ്യാറാകണം. ഒന്നും ഒളിക്കാനില്ലാത്തവര്‍ക്ക് അതിവേഗം രക്ഷപെടാനുള്ള വഴിയാണ് നുണപരിശോധന.

‘സീസറിന്റെ പത്നി’ പരാമര്‍ശം കേരളത്തിലെ കോടതിയുടെ കണ്ടുപിടുത്തമല്ല. ആ വരികള്‍ പണ്ടേ ഇവിടെയൊക്കെയുണ്ടായിരുന്നു. വായന കുറവുള്ളവരെ കോടതി ഇടയ്ക്ക് ഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നത്. കോടതിയില്‍ നിന്ന് ആ വരികള്‍ കേട്ടാലേ കാര്യങ്ങള്‍ മനസ്സിലാകൂ എന്നാകരുത്. ത്യാഗികള്‍ക്കും സര്‍ക്കാരിനും.

നാടിനെ വീണ്ടും നിര്‍മ്മിക്കാനായി പണവും ഉപകരണങ്ങളും സേവനവും ഒക്കെ നല്‍കാന്‍ ലോകം മുഴുവനുമുള്ള മലയാളികള്‍ തയ്യാറായി നില്‍ക്കുകയാണ്. അവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങള്‍ നാട്ടില്‍ നടക്കണം. ഒരു ചെറിയ വീടിന്റെ പുനര്‍നിര്‍മ്മാണത്തിനുപോലും കരണ്ടി (Trowel) യാണ് വേണ്ടത്. പാരകളല്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top