Flash News

ക്രൈസ്തവ വൈദികര്‍ക്കെതിരെ ഉയരുന്ന ലൈംഗിക പീഡനക്കേസ് വേദനാജനകമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

September 13, 2018

marpapa1വത്തിക്കാര്‍ സിറ്റി : വൈദികര്‍ക്കെതിരെ ഉയരുന്ന ലൈംഗിക പീഡനക്കേസ് വേദനാജനകമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നത വൈദികരുടെ യോഗം വിളിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി ഇരുപത്തിയൊന്നിനായിരിക്കും സമ്മേളനം തുടങ്ങുക. ലോകമെമ്പാടുമുള്ള കത്തോലിക്കന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റുമാരുമായി നാല് ദിവസം നീളുന്ന കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.

അയര്‍ലന്‍ഡില്‍ പുരോഹിതരുടെ ഭാഗത്തു നിന്നുണ്ടായ ലൈംഗിക ചൂഷണം കണ്ടില്ലെന്നു നടിക്കാന്‍ തനിക്കാവില്ലെന്നും, തങ്ങളുടെ കീഴില്‍ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ഏര്‍പ്പെട്ടിരുന്നവരെ സഭയില്‍ അംഗങ്ങള്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. ബിഷപ്പുമാരും, സഭാ മേധാവികളുമുള്‍പ്പെടെയുള്ള സഭാ അധികാരികള്‍ ഈ കുറ്റകൃത്യം തടയുന്നതില്‍ പരാജയപ്പെട്ടു. കത്തോലിക്കാ സഭയ്ക്ക് വേദനയും നാണക്കേടും ഉളവാക്കുന്ന സംഭവമാണ് കുട്ടികളോട് കാണിച്ച നീചമായ പ്രവൃത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരകളാക്കപ്പെട്ടവരുടെ വികാരം തന്നെ ഉലയ്ക്കുന്നുവെന്നും, സഭയില്‍ നിന്ന് ഈ ദുഷ്പ്രവൃത്തി എന്തു വില കൊടുത്തും തുടച്ചു മാറ്റുമെന്നും രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളെ അഭിസംബോധന ചെയ്യവേ മാര്‍പാപ്പ വ്യക്തമാക്കി.

ഒമ്പത് കര്‍ദിനാള്‍മാര്‍ ഉള്‍പെട്ട സംഘം കഴിഞ്ഞ മൂന്നുദിവസം വത്തിക്കാനില്‍ നടത്തിയ പ്രത്യേക യോഗത്തിനുശേഷമാണ് ബിഷപ്പുമാരുടെ സമ്മേളനം വിളിക്കണമെന്ന് മാര്‍പാപ്പയോട് ആവശ്യപ്പെട്ടത്. അമേരിക്ക, ചിലെ, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ വൈദികരുള്‍പെട്ട ലൈംഗികപീഡനക്കേസുകള്‍ സഭയക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് തീരുമാനം. വൈദികരുള്‍പെട്ട ലൈംഗികപീഡനക്കേസുകള്‍ സംബന്ധിച്ച ജര്‍മന്‍ മെത്രാന്‍ സമിതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

കഴിഞ്ഞ 70 വര്‍ഷത്തിനിടെ ജര്‍മനിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3677 പേര്‍ വൈദികരുടെ പീഡനത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 1670 വൈദികരാണ് പ്രതിസ്ഥാനത്തുളളത്. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ 301 വൈദികര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

വാഷിങ്ടണ്‍ കര്‍ദിനാള്‍ തിയോഡോര്‍ മക്കാറികിനെതിരായ പരാതികളില്‍ നടപടി വൈകിപ്പിച്ചെന്ന് ആരോപിച്ച് ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ് മാര്‍പാപ്പയുടെ രാജി ആവശ്യപ്പെട്ടതും പ്രതിസന്ധി വര്‍ധിപ്പിച്ചു. ഇതോടെ അമേരിക്കന്‍ മെത്രാന്‍ സമിതി പ്രതിന്ധികളുമായി ഉടന്‍ പ്രത്യേക ചര്‍ച്ചയ്ക്കും വത്തിക്കാന്‍ ഒരുങ്ങുകയാണ്.

അതേസമയം പുരോഹിതരുടെ ലൈംഗിക ചൂഷണം തടയാന്‍ കത്തോലിക്കാ സഭയ്ക്ക് കഴിയാതെ വന്നതില്‍ നാണക്കേട് തോന്നുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ അറിയിച്ചിരുന്നു. ഐറിഷ് റിപ്പബ്ലിക്കില്‍ നടത്തുന്ന സന്ദര്‍ശന വേളയിലാണ് മാര്‍പാപ്പ ഇക്കാര്യം പരാമര്‍ശിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top