Flash News

ജന നായകര്‍ക്ക് വിദേശ ചികിത്സ, ജനത്തിന് ദുരിത ചികിത്സ (ലേഖനം)

September 13, 2018 , ബ്ലെസന്‍ ഹ്യൂസ്റ്റണ്‍

jananayakan banner-1അസുഖം വന്നാല്‍ ചികിത്സിക്കുകയെന്നത് ഏതൊരു മനുഷ്യനും ചെയ്യുന്ന കാര്യമാണ്. കഠിനമായ അസുഖമാണെങ്കില്‍ ഏറ്റവും മികച്ച ചികിത്സ നല്‍കാനാണ് ഏതൊരു വ്യക്തിയും ശ്രമിക്കുക. ദരിദ്രനായ ഒരു വ്യക്തിയാണെങ്കില്‍ പോലും കിടപ്പാടം പോലും വിറ്റ് മികച്ച ആശുപത്രിയില്‍ പോയി ചികിത്സ നേടാനാണ് ശ്രമിക്കുക. മികച്ച ചികിത്സ കിട്ടുന്നത് കേരളത്തിലാണെങ്കില്‍ സ്വകാര്യ ആശുപത്രികളിലാണ്. അവിടെ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതിനെക്കാള്‍ കഠിനമാണ് രോഗിയില്‍ പരിശോധന നടത്തി ചികിത്സ നല്‍കുന്നത്. കരിമ്പില്‍ നിന്ന് നീര് ഇറക്കുന്നതു പോലെയാണ്, ലാബും ചികില്‍സയും മറ്റുമായി ആശുപത്രി അധികൃതര്‍ രോഗിയില്‍ നിന്ന് പണം വാങ്ങുന്നത്. സര്‍ക്കാരാശുപത്രികളിലെ പരിമിതികളും പരിതാപകരവുമായ സൗകര്യങ്ങള്‍ ഉണ്ടായതുകാരണം സാധാരണക്കാരും പാവപ്പെട്ടവരും അധികവും ആവതില്ലെങ്കിലും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. എങ്ങനെയായാലും കിട്ടാവുന്നത്ര മികച്ച ചികിത്സ നേടാനാണ് എല്ലാവരും ശ്രമിക്കുന്നത്, എന്നതാണ് പറഞ്ഞുവരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വരുന്നതാണ് ആമുഖമായി, ഇത് സൂചിപ്പിച്ചത്. അനുകൂലിച്ചവര്‍ ആയൂരാരോഗ്യം നേര്‍ന്നപ്പോള്‍ പ്രതികൂലിച്ചവര്‍ ചില ചോദ്യങ്ങള്‍ തൊടുത്തു വിടുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ല കേരളത്തിലെയും ഇന്ത്യയിലേയും പല ഉന്നത നേതാക്കളും അമേരിക്കയില്‍ ചികില്‍സയ്ക്കായ് വന്നിട്ടുണ്ട്. സോണിയാഗാന്ധിയും ഗോവാ മുഖ്യമന്ത്രി പരീഖറും ഉള്‍പ്പെടെ രാഷ്ട്രീയഭേദമന്യെ നിരവധി പേരാണ് അമേരിക്കയില്‍ ചികില്‍സയ്ക്കായ് വന്നത്. നമ്മുടെ സ്വന്തം ലീഡര്‍ തന്നെ കാറപകടത്തെ തുടര്‍ന്ന് വിദഗ്ദ്ധ ചികില്‍സ നേടി ആരോഗ്യവാനായി പോയത് അമേരിക്കയിലെ ചികില്‍സയെ തുടര്‍ന്നാണ്. രാഷ്ട്രീയഭരണ ജനപ്രതിനിധികള്‍ മാത്രമല്ല മതനേതാക്കന്‍മാര്‍ തുടങ്ങി വ്യവസായ സിനിമ നടന്‍മാര്‍ വരെ അമേരിക്കന്‍ ചികില്‍സയില്‍ ആരോഗ്യം വീണ്ടെടുത്തവരാണ്.

എന്നാല്‍ അന്നൊന്നും ഇല്ലാത്ത തരത്തില്‍ ഒരു വിമര്‍ശനമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അതിന് പല കാരണങ്ങള്‍ വിമര്‍ശിക്കുന്നവര്‍ പറയുന്നുണ്ട്. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വാഗ്ദത്ത ഭൂമി ചൈനയും റഷ്യയും കമ്മ്യൂണിസ്റ്റ് ക്യൂബയും മറ്റുമാണ്.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സാമ്രാജ്യത്വ മുതലാളിത്ത മുരാച്ചി രാഷ്ട്രമായാണ് അവര്‍ എന്നും കരുതിയിരുന്നത്. സാത്താന് ദൈവത്തെ കാണുന്നതുപോലെയാണ് അവര്‍ തമ്മിലുള്ള അടുപ്പം എന്നു തന്നെ പറയാം. ഈ രാജ്യങ്ങളെക്കുറിച്ച് ഒക്കെ പറയുമ്പോള്‍ തന്നെ ഇഷ്ടമില്ലാത്തവര്‍ പാവയ്ക്കാനീര് കുടിക്കുന്നതുപോലെയുള്ള മനോഭാവമാണ് അവരുടെ നേതാക്കന്‍മാര്‍ക്ക് ഉണ്ടാകുക. ഗള്‍ഫ് രാജ്യങ്ങളോട് ഏതാനും നാളുകള്‍ക്കു മുമ്പ് വരെ അങ്ങനെയായിരുന്നെങ്കിലും ഉന്നത സഖാക്കളുടെ മക്കളും മറ്റും അവിടെ ജോലിയും വ്യവസായ സ്ഥാപനങ്ങളും തുടങ്ങിയതു മുതല്‍ അതിന് അല്പം മാറ്റം വന്നിട്ടുണ്ട്. മോഹന്‍ലാലിന്റെ വരവേല്‍പ് എന്ന സിനിമയില്‍ ട്രേഡ് യൂണിയന്‍ നേതാവായ മുരളി ഗള്‍ഫ് രാജ്യത്തെകുറിച്ച് പറയുന്ന സംഭാഷമുണ്ട്. ഗള്‍ഫിലെ പണക്കൊഴുപ്പിന്റെ അഹങ്കാരവുമായി കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗത്തോട് ഏറ്റുമുട്ടാന്‍ വരരുതെന്ന്, ഉന്നത സഖാക്കന്മാരുടെ മക്കള്‍ക്ക് ആ പണക്കൊഴുപ്പ് ഉണ്ടായതു മുതല്‍ അത് മാറ്റി ചിന്തിക്കാന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങി. എന്നാലും അമേരിക്കയോടുള്ള അവരുടെ മനോഭാവത്തിന് ഒട്ടും മാറ്റമില്ല. റഷ്യയും ചൈനയും വിട്ടിട്ട് ആ മൂരാച്ച് മുതലാളിത്വ രാഷ്ട്രത്തിലേയ്ക്ക് ചികില്‍സയ്ക്കായ് പാര്‍ട്ടി നേതാക്കന്‍മാര്‍ എത്തുമ്പോള്‍ ഇന്നലെ വരെ ആ രാജ്യത്തെ എതിര്‍ത്തതിനെ ഇന്ന് എങ്ങനെ കാണുന്നു എന്നതാണ് വിമര്‍ശിക്കുന്നവരുടെ ചോദ്യം.

അത് ന്യായമായ ചോദ്യം. ദീര്‍ഘ വീക്ഷണത്തോടെയും രാഷ്ട്രീയത്തിനപ്പുറം രാജ്യത്തിന്റെ വളര്‍ച്ചയും നാടിന്റെ പുരോഗതിയും ജനങ്ങളുടെ നന്‍മയും മുന്‍നിര്‍ത്തി ആ രാജ്യത്തിന്റെ ഭരണകര്‍ത്താക്കള്‍ ആ രാജ്യത്തെ വളര്‍ത്തി വലുതാക്കിയതായിരുന്നോ നിങ്ങള്‍ കണ്ട തെറ്റ്. പ്രത്യേയ ശാസ്ത്രത്തിന്റെ ആവേശം ജനത്തിന്റെ ഉള്ളില്‍ തിരുകി കയറ്റിയവര്‍ ഒരു വസ്തുത മറക്കരുത് അവരുടെയും ജീവന് വിലയുണ്ടെന്ന്. വികസനത്തിന്റെ വിരോധത്തില്‍ ആ രാജ്യങ്ങളെ വിമര്‍ശിക്കുന്നവര്‍ ഒരു വസ്തുത മറക്കരുതായിരുന്നു. അവരെക്കാള്‍ മെച്ചമായ സൗകര്യങ്ങളും സംവിധാനങ്ങളും നമുക്കെന്തുകൊണ്ട് ഉണ്ടാക്കിയെടുത്തില്ല. അങ്ങനെ സൗകര്യങ്ങളും സംവിധാനങ്ങളും നമുക്കുണ്ടായിരുന്നെങ്കില്‍ ഇന്ന് നമുക്ക് അവരെ ആശ്രയിക്കേണ്ടി വരേണ്ടിയിരുന്നില്ല. അങ്ങനെയൊരു സംവിധാനമുണ്ടായിരുന്നെങ്കില്‍ അത് ജനത്തിനും പ്രയോജനപ്പെട്ടേനേ. എന്നാല്‍ ഇവിടെ നേരെ മറിച്ചാണ് സംഭവിക്കുന്നത്. വിമര്‍ശനം ഒരു വഴിയ്ക്കും പ്രവര്‍ത്തനം മറുവഴിയ്ക്കും. അത് കേട്ട് കയറെടുക്കാന്‍ പോകുന്ന പ്രവര്‍ത്തകര്‍ക്ക് ആ വിമര്‍ശനത്തിന്റെ ആവേശത്തില്‍ ഊറ്റം കൊള്ളാനെ കഴിയൂ. അവന് മാരകരോഗം പിടിപെട്ടാല്‍ കേരളത്തിലെ പരിതാപകരവും പരിമിതികളുമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ തന്നെ ശരണം. കോരന് കഞ്ഞി എന്നും കുമ്പിളില്‍ തന്നെ എന്ന് എടുത്തു പറയേണ്ടതില്ല.

മുഖ്യമന്ത്രി വിദേശ ചികില്‍സ നടത്തിയതിനെ അല്ല ആരും വിമര്‍ശിക്കുന്നത്. ഒരു കാലത്ത് പ്രത്യേയ ശാസ്ത്രത്തെയും കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളെയും മുറുകെ പിടിച്ചു കൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എന്ന് ജനങ്ങളുടെ ഇടയില്‍ പറഞ്ഞുവോ അതിന് വിപരീതമായ പ്രവര്‍ത്തി ചെയ്തതിനെയാണ് പലരും വിമര്‍ശിക്കുന്നത്. ലോക പോലീസ് ചമയുന്ന അമേരിക്ക ലോകരാഷ്ട്രങ്ങളുടെ മേല്‍ അധികാരം അടിച്ചേല്‍പ്പിക്കുന്നു. ചൈനയുടെ മുഖ്യ എതിരാളിയായ അമേരിക്ക ആ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ നിരവധി ആരോപണങ്ങളായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പരസ്യമായും പാര്‍ട്ടിയോഗങ്ങളിലും പറഞ്ഞിരുന്നത്. അതെ പടി വിശ്വസിച്ച് പാര്‍ട്ടിപ്രവര്‍ത്തകര്‍ അമേരിക്കയെ കണ്ടത് അല്ലെങ്കില്‍ വികസിത രാജ്യങ്ങളെ കണ്ടത് മുതലാളിത്വ ബൂര്‍ഷ്വാ രാജ്യങ്ങളായിട്ടായിരുന്നു. ഒരുതരം വെറുപ്പും പുച്ഛവുമായ രീതിയിലായിരുന്നു ആ രാജ്യത്തെയും ജനങ്ങളെയും കണ്ടിരുന്നത്. അവിടെയുള്ള മലയാളികള്‍ നാട്ടിലെത്തിയാലും ഈ മനോഭാവത്തോടെയായിരുന്നു എന്നു തന്നെ പറയാം. അങ്ങനെയുള്ള പാര്‍ട്ടി പ്രവര്‍ത്തകന് എന്തെങ്കിലും മാരകരോഗം പിടിപ്പെട്ട് വിദഗ്ദ്ധ ചികില്‍സയ്ക്കായ് അമേരിക്കയില്‍ വിടാമെന്ന് പറഞ്ഞാല്‍ പോലും ആ പുച്ഛത്തിലും വാശിയിലും അവന്‍ പോകില്ല. അങ്ങനെ അവരുടെ ഉള്ളില്‍ ആ രാജ്യങ്ങളോട് വിദ്വേഷത്തിന്റെ വിത്ത് വിതച്ചവര്‍ അത് മറന്ന് അവിടെ പോകുമ്പോള്‍ അതിനെയാണ് ചിലര്‍ വിമര്‍ശിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

വാക്കുകള്‍ കൊണ്ട് വിപ്ലവം സൃഷ്ടിക്കുകയും പ്രവര്‍ത്തകരം ആവേശം കൊള്ളിക്കുകയും ചെയ്യുന്നവര്‍ സ്വന്തം കാര്യത്തില്‍ ഈ വിപ്ലവവും വാശിയും കടുംപിടുത്തവും മറന്നുള്ള പ്രവര്‍ത്തനത്തെയാണ് വിമര്‍ശിക്കുന്നത്. സര്‍ക്കാരാശുപത്രിയിലെ നാമമാത്രമായ തുകയ്ക്കുള്ള ചീട്ട് പോലുമെടുക്കാന്‍ പോലും ദരിദ്രരുണ്ട് നമ്മുടെ നാട്ടില്‍. സ്വകാര്യാശുപത്രിയിലെ കഴുത്തറപ്പന്‍ ബില്ലിനെ ഭയന്ന് അവിടെപോകാതെ ജീവന്‍ ഹോമിക്കപ്പെട്ടവരുടെ നാടാണ് നമ്മുടെ നാട്. അങ്ങനെയുള്ള നാട്ടിലാണ് അവരുടെ ജനപ്രതിനിധികളും ഭരണകര്‍ത്താക്കളും അവരുടെ നികുതിപ്പണം കൊണ്ട് വിദേശചികില്‍സ നടത്തി ജീവന്‍ തിരിച്ചുപിടിയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്നത്. സാധാരണക്കാരന്റെ ജീവനും വിലയുണ്ടെന്ന ചിന്ത ഇവര്‍ക്കുണ്ടാകണം.
വിദേശചികില്‍സയെ വെല്ലുന്ന ചികില്‍സാ സൗകര്യങ്ങള്‍ ഒന്നും ഒരുക്കിയില്ലെങ്കിലും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആശ്രയമായ സര്‍ക്കാരാശുപത്രികളിലെ പരിതാപകരമായ അവസ്ഥയ്ക്ക പരിഹാരം കാണാന്‍ കഴിയണം. അതിന് പരിഹാരം കാണണമെങ്കില്‍ ഭരണകര്‍ത്താക്കളും ജനപ്രതിനിധികളും ഒരിക്കലെങ്കിലും അവിടുത്തെ അവസ്ഥ കണ്ടിരിക്കണം. അതിന് അവിടെ പോയെങ്കിലെ അത് മനസ്സിലാക്കാന്‍ കഴിയും. അവിടെ രോഗിയായി ജനറല്‍ വാര്‍ഡ് എന്ന സ്വര്‍ഗതുല്യമായിടത്തെ കിടന്നെങ്കിലെ അവിടുത്തെ സുഖം അനുഭവയ്ക്കാന്‍ കഴിയൂ.

കേരളത്തിലെ ഏതെങ്കിലുമൊരു മന്ത്രിയോ എം.പി.യോ, എം.എല്‍.എയോ സര്‍ക്കാരാശുപത്രിയില്‍ ചികിത്സയ്ക്കായി ജനറല്‍ വാര്‍ഡില്‍ കിടന്നിട്ടുണ്ടോ. അവിടെയും അവര്‍ക്ക് വി.ഐ.പി. മുറിയാണ് മാറ്റി വച്ചിരിക്കുന്നത്. ശീതീകരിച്ച മുറിയില്‍ സുഖചികില്‍സ കിട്ടി ഇവര്‍ സസുഖം വാഴുമ്പോള്‍ അവരെ തിരഞ്ഞെടുത്തു വിട്ട ജനം ജനറല്‍ വാര്‍ഡിലെ അരാജകത്വത്തിലിരുന്ന് ഡോക്ടര്‍മാരുടെയും മറ്റ് ആശുപത്രി ഉദ്യോഗസ്ഥരുടെയും അവഗണനയില്‍ കഴിയുകയായിരിക്കും. അതാണ് സാധാരണക്കാരായ ജനത്തിന് വിധിക്കപ്പെട്ടത്. അതിന് മാറ്റം വരാന്‍ കഴിയുന്ന ഒരു ഭരണാധികാരിക്ക് ആ നാട്ടില്‍ തന്നെ മെച്ചപ്പെട്ട ചികില്‍സയൊരുക്കാന്‍ കഴിയും. അങ്ങനെ മെച്ചപ്പെട്ട ചികില്‍സയുണ്ടെങ്കില്‍ പിന്നെ വിദേശത്തെന്തിന് പോകണം. ആ പണം സര്‍ക്കാര്‍ ഖജനാവില്‍ തന്നെ കിടക്കുകയും ചെയ്യും. ആരോപമില്ലാതെ ചികില്‍സയും കിട്ടും. കോരന് എന്നും കഞ്ഞി കുമ്പിളില്‍ തന്നെയെന്നതാണ് സത്യം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top