Flash News

കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിച്ച് മഞ്ജു വാര്യര്‍

September 14, 2018

kanyaബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരത്തിനു പിന്തുണയുമായി മഞ്ജു വാരിയരും. ഈ പോരാട്ടത്തില്‍ താനും അണിചേരുന്നുവെന്നും കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്നു ശക്തമായി ആവശ്യപ്പെടുന്നുവെന്നും മഞ്ജു സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ഇന്നലെ സമരപ്പന്തലിലെത്തി നടി റിമകല്ലിങ്കലും പരസ്യമായി സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. ദിവസേന ഒട്ടേറെപ്പേരാണ് സമരത്തിന് പിന്തുണ അറിയിക്കാനെത്തുന്നത്.

മഞ്ജു വാരിയരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം. പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നു. ഈ പോരാട്ടത്തില്‍ ഞാനും അണിചേരുന്നു. കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. അത് വൈകുന്തോറും വ്രണപ്പെടുന്നത് വലിയൊരു വിശ്വാസസമൂഹത്തിന്റെ വികാരങ്ങളാണ്. വലിയ പാരമ്പര്യമുളള പുണ്യസഭയുടെ വിശ്വാസ്യതയാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണ്. അള്‍ത്താരയ്ക്ക് മുന്നിലെന്നോണമാണ് കന്യാസ്ത്രീകളും അവര്‍ക്കൊപ്പമുള്ള പൊതുസമൂഹവും ഇവിടത്തെ നീതിന്യായവ്യവസ്ഥയ്ക്ക് മുന്നില്‍ മുട്ടുകുത്തിനില്കുന്നത്.

നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണുതുറക്കണം. സദൃശവാക്യങ്ങളില്‍ പറയും പോലെ നീതിയും ധര്‍മനിഷ്ഠയുമാണ് ബലിയേക്കാള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമായത്. എവിടെയെങ്കിലും സ്ത്രീയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഷ്‌കൃതജനത എന്ന നമ്മുടെ അവകാശവാദത്തിനുള്ള തിരിച്ചടിയും നമ്മുടെ തോല്‍വിയും കൂടിയാണ്. അതിന് ജലന്ധറെന്നോ ഷൊര്‍ണൂരെന്നോ ഭേദമില്ല.

നീതി ജലം പോലെ ഒഴുകട്ടെ, നന്മ ഒരിക്കലും നിലയ്ക്കാത്ത അരുവി പോലെയും (ആമോസ് 5:24)

പീഡന പരാതിയിൽ സഭയും സർക്കാരും കൈവിട്ടതോടെയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ സമരത്തിലേക്കിറങ്ങിയത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയ്ക്ക് നീതി ലഭിക്കാനായി തങ്ങള്‍ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് കന്യാസ്ത്രീകൾ. സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് കന്യാസ്ത്രീകള്‍ പരസ്യമായി സഭയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തുവരുന്നത്.

അഭിനേത്രിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ഇന്ന് സമരപന്തലിൽ എത്തിയിരുന്നു.

“സ്വന്തം കുടുംബത്തെ പോലും ത്യാഗം ചെയ്താണ് അവർ മഠത്തിൽ ചേരുന്നത്. അങ്ങനെ ഒരു വിഭാഗം കന്യാസ്ത്രീകളാണ് ഇപ്പോൾ കൂട്ടത്തോടെ രംഗത്ത് വന്നിരിക്കുന്നത്. എന്നിട്ടും തെളിവുകളുടെ പേരിൽ ഒരാളെ സംരക്ഷിക്കുക എന്നു പറയുന്നത് പണത്തിന്റെയും സ്ഥാനത്തിന്റെയും സ്വാധീനം മൂലം മാത്രമാണ്,” കന്യാസ്ത്രീ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നു.

എറണാകുളത്തെ കന്യാസ്ത്രീകളുടെ സമരപന്തലിൽ ഇന്നലെ റിമ കല്ലിങ്കലും ആഷിഖ് അബുവും ഷഹബാസ് അമനുമൊക്കെ എത്തിയിരുന്നു. ഡബ്ല്യുസിസിയ്ക്ക് വേണ്ടി കന്യാസ്ത്രീ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇന്നലെ റിമ സമരവേദിയിലെത്തിയത്.

നടി പാർവ്വതിയും കഴിഞ്ഞ ദിവസങ്ങളിൽ കന്യാസ്ത്രീ സമരത്തിൽ ശക്തമായ നിലപാടുകളോടെ മുന്നോട്ട് വന്നിരുന്നു. കന്യാസ്ത്രീകളെ അധിക്ഷേപിച്ച പി.സി.ജോർജിനെതിരെ നടക്കുന്ന ക്യാംപെയിനിൽ അഭിമാനമുണ്ടെന്നും ഇയാളുടെ അറപ്പുളവാക്കുന്ന തരത്തിലുള്ള സംസാരം നിർത്തണമെന്നും അഭിപ്രായപ്പെട്ട പാർവ്വതി പരാതിപ്പെട്ട കന്യാസ്ത്രീയേയും അവരുടെ ധീരതയേയും സല്യൂട്ട് ചെയ്യുന്നുവെന്നും പറഞ്ഞിരുന്നു.

rima

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top