Flash News

ഐ‌എസ്‌ആര്‍‌ഒ ചാരക്കേസില്‍ അച്ഛനെ കുടുക്കിയത് ആരൊക്കെയാണെന്ന് താമസിയാതെ തെളിയുമെന്ന് മുരളീധരന്‍; അച്ഛനെ ചതിച്ചവര്‍ ഇപ്പോഴും സജീവ രാഷ്ട്രീയത്തിലുണ്ടെന്ന് പത്മജ

September 14, 2018

k-muralidharanഐഎസ്.ആര്‍.ഒ ചാരക്കേസില്‍ നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രമെന്ന് കെ.മുരളീധരന്‍. നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. അന്ന് കുറ്റമാരോപിക്കപ്പെട്ടയാളുകളെല്ലാം ഇന്ന് സംശയത്തിന്റെ നിഴലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. നമ്പി നാരായണന് വൈകിയാണ് നീതി ലഭിച്ചത്. മറ്റൊരു കുറ്റാരോപിതാനായ രമണ്‍ ശ്രീവാസ്തവ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. എന്നാല്‍ നീതി കിട്ടാതെ മരിച്ചത് കെ.കരുണാകരനാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും വിധിയില്‍ തൃപ്തിയുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

ജുഡീഷ്യല്‍ അന്വേഷണത്തില്‍ മൂന്ന് ഉദ്യോഗസ്ഥന്‍മാരെ ചോദ്യം ചെയ്യുന്ന സമയത്ത് ഗൂഢാലോചനകള്‍ പുറത്തുവരും. അതിനു മുമ്പ് ആരാണ് ഇത് ചെയ്തതെന്ന് പറയുന്നത് ശരിയല്ല. അതിനു തെളിവുമില്ല. ചാരവൃത്തിയില്‍ കെ.കരുണാകരനെ രാജിവെപ്പിക്കാന്‍ അവസാനമായി ശ്രമിച്ചത് നരസിംഹ റാവുവാണ്. അതിന് കാരണം ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുത്തിയത് നരസിംഹ റാവുവാണെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആക്ഷേപമുണ്ടായിരുന്നു. റാവുവിന് പകരം മാധ്യമങ്ങളില്‍ വന്ന പേരുകളില്‍ കെ.കരുണാകരന്റെ പേരും ഉള്‍പ്പെട്ടു. മാധ്യമങ്ങളില്‍ വന്ന രണ്ടുപേരെ ഹവാല കേസില്‍ ഉള്‍പ്പെടുത്തി റാവു രാജിവെപ്പിച്ചു. കരുണാകരന്റെ പേരില്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ചാരക്കേസില്‍ കുടുക്കുകയായിരുന്നു.

ഒരാഴ്ച മുമ്പ് വരെ കരുണാകരന്‍ രാജിവെക്കേണ്ടതില്ലെന്ന് പറഞ്ഞ നരസിംഹ റാവു അതിനു ശേഷം നിലപാട് മാറ്റി രാജിആവശ്യപ്പെടുകയായിരുന്നു. ഡല്‍ഹിയിലേക്ക് വിളിപ്പ് കരുണാകരനെ ഒരാഴ്ചയോളം ഒരു സ്ഥാനവും നല്‍കാതെ ഇരുത്തി. അവസാനം ഒരു അപ്രധാന ചുമതലയുള്ള മന്ത്രിയാക്കി ഒതുക്കിയെന്നും മുരളീധരന്‍ പറഞ്ഞു. നരസിംഹ റാവു കരുണാകരനെ ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചാരക്കേസില്‍ അച്ഛനെ ചതിച്ചവര്‍ ഇപ്പോഴും സജീവ രാഷ്ട്രീയത്തിലുണ്ട്: പത്മജ വേണുഗോപാല്‍

padmajaതൃശൂര്‍: ചാരക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ണായക വിധി വന്നതിനു പിന്നാലെ നിര്‍ണായക വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാവ് പത്മജ വണുഗോപാല്‍. കേസുമായി ബന്ധപ്പെട്ട വിമര്‍ശന ശരങ്ങള്‍ കരുണാകരനു നേരെ തിരിച്ചതും കരുണാകരന്റെ പതനത്തിന് കാരണക്കാരായതും സജീവ രാഷ്ട്രീയത്തില്‍ ഇപ്പോഴുള്ള അഞ്ചു നേതാക്കളാണെന്ന് പത്മജ തുറന്നടിച്ചു. എന്നാല്‍ അവരുടെ പേരുകള്‍ ഇപ്പോള്‍ പുറത്ത് പറയില്ലെന്നും ആവശ്യ സമയത്ത് ഇത് വ്യക്തമാക്കുമെന്നും അവര്‍ പറഞ്ഞു.

തന്‍റെ അമ്മ മരണപ്പെട്ട സമയത്താണ് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നു വന്നത്. ഭാര്യ നഷ്ടപ്പെട്ട ദുഃഖത്തില്‍ തളര്‍ന്നിരിക്കുന്ന കരുണാകരന് ചുറ്റും കൂടി നിന്നുള്ള ആക്രമണങ്ങള്‍ താങ്ങാനാവാതെ വരികയായിരുന്നു-പത്മജ പറഞ്ഞു. കരുണാകരന്‍റെ നിരപരാധിത്വം തെളിയിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് പാര്‍ട്ടിക്കാണെന്നും അന്വേഷണം കൃത്യമായി നടന്നാല്‍ സമ്മര്‍ദ്ദം ചെലുത്തിയ രാഷ്ട്രീയ നേതാക്കളുടെ പേര് ഉദ്യോഗസ്ഥര്‍ക്ക് തന്നെ വെളിപ്പെടുത്തേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേസുമായി ബന്ധപ്പെട്ട് ഇനിയുള്ള തന്‍റെ നിലപാടുകള്‍ സഹോദരനും എംഎല്‍എയുമായ കെ.മുരളീധരനോട് കൂടി ആലോചിച്ച ശേഷം പറയാമെന്നും വ്യക്തമാക്കിയാണ് അവര്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top