Flash News

ജലന്ധര്‍ ബിഷപ്പിന്റെ കന്യാസ്ത്രീ പീഡനം; ഇരയുടെ ചിത്രം പുറത്തുവിട്ട് മിഷനറീസ് ഓഫ് ജീസസിന്റെ പകപോക്കല്‍

September 14, 2018

Franko missionariesകോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് മിഷനറീസ് ഓഫ് ജീസസ്. 2015 മെയ് 23ന് കന്യാസ്ത്രീയും ബിഷപ്പും പങ്കെടുത്ത സ്വകാര്യ പരിപാടിയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ടിന് ഒപ്പമാണ് ചിത്രങ്ങളും പുറത്ത് വിട്ടിരിക്കുന്നത്. ഈ ചിത്രം ആരെങ്കിലും പരസ്യപ്പെടുത്തിയാല്‍ തങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ലെന്ന് പറഞ്ഞ് കൈകഴുകുന്നുമുണ്ട് ഇവര്‍. അതേസമയം കന്യാസ്ത്രീയെ അപമാനിക്കാനാണ് ചിത്രം പുറത്തുവിട്ടതെന്ന് സമരം നടത്തുന്ന കന്യാസ്ത്രീകള്‍ പറഞ്ഞു. പരാതിക്കാരിയുടെ കുടുംബത്തോട് ചര്‍ച്ച ചെയ്ത് മിഷനറീസ് ഓഫ് ജീസസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.

കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകളില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രതിഷേധിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പിനൊപ്പമാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. 2015 മെയ് 23 ന് ഫ്രാങ്കോ പങ്കെടുത്ത ഒരു ചടങ്ങില്‍ പരാതിക്കാരിയായ കന്യാസ്ത്രീയും പങ്കെടുത്തിരുന്നുവെന്നാണ് ചിത്രം നല്‍കികൊണ്ട് മിഷനറീസ് ഓഫ് ജീസസ് പറയുന്നത്. ഇരുവരും ഒരുമിച്ച് ഒരു വീട് വെഞ്ചരിപ്പ് ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ഇത്. ഇരുവരും വീട് വെഞ്ചരിപ്പിന് ഒരുമിച്ചിരിക്കുന്നത് ആരോപണം തെറ്റാണെന്നതിന്റെ തെളിവാണ്. ലൈംഗിമായി പീഡിപ്പിക്കപ്പെട്ട സ്ത്രീ, പീഡിപ്പിച്ച ആള്‍ക്കൊപ്പം സ്വന്തം താത്പര്യപ്രകാരം പങ്കെടുക്കില്ലെന്നുമാണ് മിഷനറീസിന്റെ വാദം.

miofjesus‘2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ തന്നെ പീഡിപ്പിച്ചുവെന്ന് പറയുന്ന ബിഷപ്പിനൊപ്പം കന്യാസ്ത്രീ വളരെ ആവേശത്തോടെയാണ് 2015 ല്‍ നടന്ന ഈ ചടങ്ങില്‍ പങ്കെടുത്തത്. കന്യാസ്ത്രീ അധികാരികളോട് സ്വയം അനുവാദം വാങ്ങി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്കൊപ്പം സന്തോഷത്തോടെ ചിരിച്ചുല്ലസിച്ച് പിതാവിന്റെ അടുത്ത് ഇരിക്കുന്ന ഫോട്ടോ താഴെ ചേര്‍ക്കുന്നു. അതിനാല്‍ അരോപണം അടിസ്ഥാന രഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും അവര്‍ ആരോപിച്ചു.

മറ്റൊരു മഠത്തിലേക്ക് മാറ്റിയ അഞ്ചു കന്യാസ്ത്രീകൾ മേലധികാരികളുടെ അനുവാദമില്ലാതെ കുറവിലങ്ങാട് മഠത്തിലെത്തുകയും,സഭയുമായി ബന്ധമില്ലാത്തവരുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തുകയും ചെയ്തെന്നാണ് കമ്മീഷൻ റിപ്പോർട്ട്. യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകൾ നീക്കം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കന്യാസ്ത്രീയുടെ അടുപ്പകാരിയായ മറ്റൊരു കന്യാസ്ത്രീയാണ് മഠത്തിലെ രജിസ്റ്ററിൽ തെറ്റായ കാര്യങ്ങൾ എഴുതിച്ചേർത്തതെന്നും, മഠത്തിലെ സിസി ടിവി യുടെ കൺട്രോൾ കന്യാസ്ത്രീകൾ സ്വന്തം നിയന്ത്രണത്തിലാക്കിയതായും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. പീഡിപ്പിച്ച ദിവസം ബിഷപ്പ് കന്യാസ്ത്രീ മഠത്തിൽ അല്ല താമസിച്ചത് എന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും കമ്മീഷൻ പറയുന്നു.

കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട സന്യാസിനി സഭയ്ക്കെതിരെ കേസ്

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗീക പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസ് എന്ന സന്യാസിനി സഭയ്ക്കെതിരെ കേസ് എടുത്തു. കോട്ടയം എസ്പിയാണ് കേസ് എടുക്കാൻ നിർദേശം നൽകിയത്. കന്യാസ്ത്രീയുടെ സഹോദരന്റെ പരാതിയിലാണ് കേസ്.

മിഷനറീസ് ഓഫ് ജീസസ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിനൊപ്പമാണ് കന്യാസ്ത്രീയുടെ പടം പുറത്തുവിട്ടത്. നിയമലംഘിച്ച് നടത്തിയ ഈ പ്രവർത്തനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി സമൂഹത്തിലെ വിവിധതുറകളിൽ പെട്ട നിരവധിപേർ പങ്കെടുത്ത മനുഷ്യ ചങ്ങലയും നടന്നു.

സുപ്രീം കോടതിയും മറ്റ് വിവിധ കോടതികളും ലൈംഗിക പീഡന കേസുകളിൽ ഇരകളെ തിരിച്ചറിയുന്ന തരത്തിൽ ഒന്നും ചെയ്യാൻ പാടില്ലെന്ന് നിരവധി തവണ ആവർത്തിച്ചിരുന്നു. എന്നാൽ ആ നിയമ നിർദേശങ്ങളെല്ലാം മറികടന്നാണ് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീയുടെ പടം അന്വേഷണ റിപ്പോർട്ടിനൊപ്പം പുറത്തുവിട്ടത്. അതിലെ അന്വേഷണ റിപ്പോർട്ടിലെ വരികളും ആ പടവും നൽകിയത് ദുരദ്ദേശപരമാണെന്ന് കന്യാസ്ത്രീയെ പിന്തുണച്ച് നീതി തേടി സമരം ചെയ്യുന്നവർ ചൂണ്ടിക്കാണിക്കുന്നു. അന്വേഷണ റിപ്പോർട്ടിൽ ഉപയോഗിച്ചിരിക്കുന്ന വാചകങ്ങൾ അവർ അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും മിഷനറീസ് ഓഫ് ജീസസിനും എതിരെ ഗൂഢാലോചന നടക്കുകയാണെന്ന് ആരോപിച്ച് മിഷനറീസ് ഓഫ് ജീസസ് നടത്തിയ അന്വേഷണ റിപ്പോർട്ടിനൊപ്പമാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ പടം നൽകിയത്. മിഷനറീസ് ഓഫ് ജീസസിന്റെ പബ്ലിക്ക് റിലേഷൻസ് ഓഫീസർ സിസ്റ്റർ അമല എംജെ യുടെ പേരിലാണ് അന്വേഷണ റിപ്പോർട്ടും പരാതിക്കാരിയുടെ പടവും വാർത്താക്കുറിപ്പും പുറത്തിറക്കിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top