Flash News

നമ്പിനാരായണനെതിരെ ഇല്ലാക്കഥകളുണ്ടാക്കി ചാരനെന്നു മുദ്രകുത്തി ജയിലിലാക്കിയ മാധ്യമ പ്രവര്‍ത്തകര്‍ കാലങ്ങള്‍ക്കുശേഷം ഹണി ട്രാപ്പില്‍ കുടുങ്ങി അതേ ജയിലറയില്‍ എത്തിയത് കാലം കാത്തുവെച്ച കാവ്യനീതി

September 15, 2018

r-ajith-kumarഐ‌എസ്‌ആര്‍‌ഒ ചാരക്കേസിന്റെ തിരക്കഥയെഴുതി നമ്പി നാരായണനെതിരെ കുത്സിത പ്രവര്‍ത്തനം നടത്തിയത് പില്‍ക്കാലത്ത് മംഗളം ടെലിവിഷന്റെ സി‌ഇ‌ഒ പദവിയിലെത്തിയ അജിത് കുമാറും അന്ന് ‘തനിനിറം’ പത്രത്തിന്റെ റിപ്പോര്‍ട്ടറും ഇപ്പോള്‍ മംഗളം ദിനപത്രത്തിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റുമായ എസ്. നാരായണന്‍ എന്നറിയപ്പെടുന്ന എസ്. ജയചന്ദ്രനുമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഡോ. നമ്പി നാരായണനെ വ്യക്തിഹത്യ ചെയ്ത് വാര്‍ത്തകള്‍ പുറത്തുവിട്ട ഈ മാധ്യമപ്രവര്‍ത്തകര്‍ക്കും തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. നമ്പി നാരായണനെ ഇല്ലാക്കഥകള്‍ പറഞ്ഞ് ജയിലില്‍ അടച്ചവര്‍ തന്നെ അതേ കുറ്റകൃത്യം ചെയ്തതിന് അതേ ജയിലില്‍ കഴിഞ്ഞുവെന്നുള്ളത് കാലംകാത്തുവെച്ച കാവ്യനീതിയാണ്. ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച ഹണീ ട്രാപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് 1994 നവംബര്‍ 30ന് തന്റെ അറസ്റ്റില്‍ കലാശിച്ച പത്രവാര്‍ത്തകളും തയ്യാറാക്കിയത്. ഇക്കാര്യം നമ്പി നാരായണന്‍ പലവേദികളിലും അഭിമുഖങ്ങളിലും വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്.

ആ കേസില്‍ അറസ്റ്റിലായ വിവാദ നായിക മറിയം ‘കിടപ്പറയിലെ ട്യൂണ’ എന്ന് മംഗളം പത്രത്തില്‍ അജിത് കുമാറെന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയെന്ന് നമ്പി നാരായണന്റെ ആത്മകഥയായ ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍ എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. പുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ ‘ചാരവനിത അറസ്റ്റില്‍’ എന്ന ഭാഗത്താണ് തന്നെ കുടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ കാണിച്ച അമിതാവേശത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത്. ഒരു പത്രത്തിന് രമണ്‍ ശ്രീവാസ്തവയോടുള്ള വിരോധം. സര്‍ക്കുലേഷനില്‍ മുമ്പില്‍ നില്‍ക്കുന്ന ഒരു പത്രത്തിന് നിലവിലെ മുഖ്യമന്ത്രിയെ താഴെ ഇറക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നെ മറ്റു പത്രങ്ങളെ സംബന്ധിച്ചിടത്തോളം, സെന്‍സേഷണലായ ഒരു വാര്‍ത്ത കിട്ടുമ്പോള്‍ അവര്‍ ആഘോഷിക്കാതിരിക്കുമോ?” ഇതാണ് തന്റെ അസ്റ്റിനെക്കുറിച്ച് പിന്നീട് നമ്പി നാരായണന്‍ പ്രതികരിച്ചത്.

rasheeda arrestഡി.ഐ.ജി സിബി മാത്യൂസിന് കാണണം എന്ന് പറഞ്ഞാണ് എന്നെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെയും പ്രതീക്ഷിച്ചുള്ള എന്റെ കാത്തിരിപ്പ് മൂന്നാം ദിവസത്തിലെത്തി. ആരും വ്യക്തമായ ഉത്തരം തരുന്നില്ല. ആരൊക്കൊയോ വരുന്നു. ഇരുട്ടുമുറിയില്‍ ചേര്‍ത്ത് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുന്നു. അസഭ്യം പറയുന്നു. പോകുന്നു. ആരും എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല. ഒന്നൊന്നര മാസം മുമ്പ് ഞങ്ങള്‍ വായിച്ച് ചിരിച്ച് കളഞ്ഞ ഒരു വാര്‍ത്ത എന്റെ ജീവിതത്തിന്റെ നേര്‍രേഖ വലിച്ചു പൊട്ടിക്കുന്നത് ഞാനവിടെ കണ്ടു. ശരിക്കും ട്രാപ്പിലായതുപോലെ എനിക്ക് തോന്നിത്തുടങ്ങി.

ഞാനാലോചിച്ചു, ഒക്ടോബര്‍ 20ന് തനിനിറത്തില്‍ വന്ന ഒരു വാര്‍ത്ത എന്റെ സുഹൃത്തുക്കള്‍ വഴിയാണ് ഞാനറിഞ്ഞത്. ‘ചാരവനിത അറസ്റ്റില്‍’ എന്നായിരുന്നു വാര്‍ത്തയെന്ന് എന്റെ സുഹൃത്ത് മോഹനപ്രസാദ് പറഞ്ഞിരുന്നു. ഇന്ത്യയുടെ ക്രയോജനിക് റോക്കറ്റ് രഹസ്യങ്ങള്‍ പാകിസ്താന് വേണ്ടി ചോര്‍ത്തിയ മാലിക്കാരി മറിയം റഷീദ എന്ന മുസ്ലിം യുവതി അറസ്റ്റിലായി എന്ന തരത്തിലായിരുന്നു അടുത്തദിവസം ദേശാഭിമാനി പത്രത്തില്‍ വാര്‍ത്ത വന്നത്.

കാര്യം ചൂടുപിടിച്ചു. അടുത്ത ദിവസങ്ങളില്‍ കേരള കൗമുദിയും മലയാള മനോരമയും അച്ചുനിരത്തി. ശാസ്ത്രജ്ഞര്‍ക്കൊപ്പം കിടക്ക പങ്കിട്ട് രഹസ്യങ്ങള്‍ ചോര്‍ത്തിയ മാതാഹരിയെന്ന ചാരവനിതയെപ്പോലെ ഇന്ത്യന്‍ റോക്കറ്റ് വിദ്യ മറിയം റഷീദയും ഫൗസിയ ഹസനും ചേര്‍ന്ന് പാകിസ്താനിലേക്ക് കടത്തിയെന്ന് പത്രങ്ങള്‍ കഥ മെനഞ്ഞു. ക്രയോജനിക് സാങ്കേതിക വിദ്യ മീന്‍കുട്ടയില്‍ വെച്ച് പാകിസ്ഥാന് വിറ്റു. അതും 400 കോടിക്ക്! ‘മറിയം കിടപ്പറയിലെ ട്യൂണ’ എന്ന് മംഗളം പത്രത്തില്‍ അജിത് കുമാറെന്ന പത്രപ്രവര്‍ത്തകന്‍ എഴുതി. മനോരമയില്‍ ജോണ്‍ മുണ്ടക്കയമെന്ന റിപ്പോര്‍ട്ടറുടെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ചൂടപ്പം പോലെ വന്നു. കേരളം ചാരക്കഥ ആഘോഷിച്ചു തുടങ്ങി. വാര്‍ത്ത തുടങ്ങിവെച്ച തനിനിറത്തിലെ ജയചന്ദ്രനും ദേശാഭിമാനിയിലെ ശ്രീകണ്ഠനും തുടര്‍വാര്‍ത്തകളില്‍ കുറവു കാണിച്ചില്ല.

mangalamമംഗളത്തിലെ ആര്‍ അജിത് കുമാറും കേസിന്റെ തുടക്ക വാര്‍ത്ത കൊടുത്ത തനിനിറം ജയചന്ദ്രനുമാണ് ഈ അടുത്തകാലത്ത് മംഗളം ടിവിയുടെ തുടക്കത്തില്‍ മന്ത്രിയെ ഹണിട്രാപ്പില്‍ കുടുക്കിയതിന് അറസ്റ്റിലായത്. ഇവരെ കൂടാതെ കേരള കൗമുദിയിലെ സുബൈര്‍, ശേഖരന്‍ നായര്‍, നരേന്ദ്രന്‍ എന്നീ ബൈലൈനുകളിലും ചാരക്കേസിന്റെ നിറംപിടിച്ച കഥകള്‍ അച്ചടിച്ചു വന്നുകൊണ്ടിരുന്നു.

അപ്പോഴും എനിക്കീ കഥ വിശ്വസിക്കാനായില്ല. കാരണം, ഇന്ത്യയില്‍ ഇല്ലാത്ത ടെക്‌നോളജിയാണ് ക്രയോജനിക്. നമ്മളതിന് വേണ്ടി രാപ്പകല്‍ കഷ്ടപ്പെടുന്നു. അത് ഈ സ്ത്രീകള്‍ ഇംഗ്ലീഷ് പോലും നന്നായി സംസാരിക്കാന്‍ അറിയാത്തവര്‍ കടത്തിയെന്നത് അത്ഭുതമായി തോന്നി. എന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശശികുമാരനെ അറസ്റ്റ് ചെയ്തപ്പോള്‍ പോലും ആ കേസ് എന്നില്‍ എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് നമ്പിനാരായാണന്‍ ഈ അധ്യയത്തില്‍ പറഞ്ഞുവെയ്ക്കുന്നുണ്ട്.

ഞാനും സുഹൃത്ത് മോഹനപ്രസാദും എംകെ ഗോപിനാഥനും മിക്കദിവസങ്ങളിലും ഫോണില്‍ സംസാരിക്കാറുണ്ട്. ഞങ്ങള്‍ തമാശയില്‍ പറയും:

ശശികുമാരന് വല്ല ഇടപാടും ആ സ്ത്രീകളുമായി ഉണ്ടായിട്ടുണ്ടോ?
ഉണ്ടെങ്കിലും രഹസ്യമൊന്നും ചോരില്ല. നമുക്കില്ലാത്ത ഒരു രഹസ്യം എങ്ങനെ ചോരാനാണ്!
അതായിരുന്നു എന്റെ കോണ്‍ഫിഡന്‍സ്. ഞങ്ങള്‍ പതിവായി ഫോണില്‍ ഇക്കാര്യങ്ങള്‍ സംസാരിക്കവേ ഒരുദിവസം ഞാന്‍ ഗോപിയോട് പറഞ്ഞു: നമ്മുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ എന്നൊരു സംശയം.
എങ്ങനെ മനസിലായി എന്ന് ഗോപി ചോദിച്ചു. ഞാന്‍ പറഞ്ഞു:
സംഭാഷണത്തിന്റെ ഇടയില്‍ ഒരു അസ്വാഭാവിക ശബ്ദം കേള്‍ക്കുന്നുണ്ട്. പെട്ടെന്ന് വോളിയും കുറയും. ശ്രദ്ധിച്ചാല്‍ മനസിലാകും.
ഗോപി ശ്രദ്ധിച്ചു. മോഹനപ്രസാദും ആ വിവരം മനസിലാക്കി.
നമ്മളെ ആരോ പിന്തുടരുന്നു. സംഭാഷണങ്ങള്‍ ടാപ്പ് ചെയ്യുന്നു. എന്ന് പ്രസാദും പറഞ്ഞു.
നമ്മള്‍ പറയുന്നതില്‍ പ്രത്യേകിച്ച് രഹസ്യമൊന്നും ഇല്ലല്ലോ. അതുകൊണ്ട് നമ്മള്‍ ഭയക്കേണ്ടതില്ല.ഞാന്‍ പറഞ്ഞു. അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി. വാര്‍ത്തകള്‍ പലതും നിറംപിടിപ്പിച്ച് വന്നുകൊണ്ടിരുന്നു.
നവംബര്‍ 28ന് പഴവങ്ങാടി ക്ഷേത്രത്തില്‍ പോയപ്പോള്‍ ആളുകള്‍ എന്നെ ശ്രദ്ധിക്കുന്നതുപോലെ ഒരു തോന്നല്‍.

mangalam1-830x412ഒടുവില്‍ നവംബര്‍ 29ന് മോഹനപ്രസാദ്, ഐസക് മാത്യു, ഗോപി എന്നിവര്‍ എന്റെ വീട്ടിലേക്കു വന്നു. എന്നെ അന്ന് അറസ്റ്റ് ചെയ്യുമെന്ന വിവരം വിഷമത്തോടെ അറിയിക്കാനാണ് അവര്‍ വന്നത്. എനിക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഞാന്‍ ഭയപ്പെട്ടില്ല. എനിക്ക് എന്നില്‍ നല്ല വിശ്വാസമായിരുന്നു.

എന്നെ പോലീസ് കൊണ്ടുപോയാല്‍ എന്താകും എന്റെ കുട്ടികളുടെ അവസ്ഥ എന്ന് ഞാന്‍ ഒരുവേള ആലോചിച്ചു. വീടിന്റെ ലോണ്‍ ചെലവുകള്‍ കഴിഞ്ഞ് ബാങ്കില്‍ ചില്ലറ നോട്ടുകള്‍ മാത്രമായിരുന്നു ബാലന്‍സ്. ആ പണം കൊണ്ട് എന്റെ കുട്ടികളും ഭാര്യയും എങ്ങനെ കഴിയും? 400 കോടിയുടെ കോഴ വാങ്ങി രഹസ്യം വിറ്റു എന്ന ആരോപണം ചിരിച്ചുകൊണ്ട് ഏറ്റുവാങ്ങാന്‍ ഞാനെന്നെ സജ്ജമാക്കുന്നതോടൊപ്പം എന്റെ കുടുംബം പട്ടിണി ആകാതിരിക്കാനുള്ള കടമ നിറവേറ്റാന്‍ ശ്രമം തുടങ്ങി

‘ഡി ഐ ജി സിബി മാത്യൂസിനെ കാണണം എന്നു പറഞ്ഞാണ് എന്നെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ കാത്തുള്ള എന്റെ ഇരിപ്പ് മൂന്നാം ദിവസത്തിലെത്തി. ആരും വ്യക്തമായ ഉത്തരം തരുന്നില്ല. വരുന്നു, ഇരുട്ടുമുറിയില്‍ ചേര്‍ത്തു നിര്‍ത്തി ക്രൂരമായി മര്‍ദിക്കുന്നു, അസഭ്യം പറയുന്നു, പോകുന്നു. ആരും എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല. ഒന്നൊന്നര മാസം മുന്‍പ് ഞങ്ങള്‍ വായിച്ചു ചിരിച്ചു കളഞ്ഞ ഒരു വാര്‍ത്ത എന്റെ ജീവിതത്തിന്റെ നേര്‍രേഖ വലിച്ചു പൊട്ടിക്കുന്നത് ഞാനവിടെ കണ്ടു.’

‘മിസ്റ്റര്‍ സിബി മാത്യൂസിനെ കാണുന്നത് എന്തിനാണെന്ന് അവര്‍ എന്നോട് ചോദിച്ചു. മിസ്റ്റര്‍ സിബി മാത്യൂസ് സത്യസന്ധനും നീതിമാനുമായ ഒരു ഓഫീസറാണെന്ന് കേട്ടിട്ടുണ്ടെന്ന് ഞാന്‍ അവരോടു പറഞ്ഞു. അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാമെന്ന് ഞാന്‍ അറിയിച്ചു. അപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു മിസ്റ്റര്‍ സിബി മാത്യൂസാണ് ആ കേസിലെ എന്റെ റോള്‍ സ്ഥിരീകരിച്ചതെന്ന്! അപ്പോഴും എന്റെ മനസിലെ പ്രതീക്ഷ അസ്തമിച്ചില്ല. അദ്ദേഹത്തെ കാണണമെന്ന് തന്നെ ഞാന്‍ അവരോടു ആവശ്യപ്പെട്ടു.”

nambi1”എന്റെ അഭ്യര്‍ത്ഥന മാനിച്ചു ഐ ജി സിബി മാത്യൂസ് ഒടുവില്‍ വന്നു; 1994 ഡിസംബര്‍ മൂന്നിന്.” ‘ഒടുവില്‍ സിബി മാത്യൂസ്’ എന്ന അഞ്ചാം അധ്യായത്തില്‍ സിബി മാത്യൂസുമായുള്ള ഹൃസ്വമായ കൂടിക്കാഴ്ചയെ കുറിച്ച് നമ്പിനാരായണന്‍ വിശദീകരിക്കുന്നു.

”സിബി മാത്യൂസ് എനിക്കരികിലേക്ക് നീങ്ങി നിന്നു. കഴിഞ്ഞ മൂന്നു ദിവസമായി ഞാന്‍ അദ്ദേഹത്തെയാണ് കാത്തിരിക്കുന്നത്. ഐ എസ് ആര്‍ ഒ ചാരക്കേസ് അന്വേഷിക്കാന്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ തലവനാണ് അദ്ദേഹം. ബുദ്ധിമാനും സമര്‍ത്ഥനുമായ ഉദ്യോഗസ്ഥന്‍ എന്നു പേരെടുത്ത ഐ പി എസുകാരന്‍. അദ്ദേഹത്തില്‍ നിന്നു എനിക്കു നീതി കിട്ടും എന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചു.”

മുറിയിലേക്ക് വന്ന സിബി മാത്യൂസ് ആകെ ചോദിച്ചത് ഒരു ചോദ്യം മാത്രം.

”മിസ്റ്റര്‍ നമ്പി, നിങ്ങളെന്തിനാണ് കുറ്റം ചെയ്തത്? ഞങ്ങള്‍ക്കെല്ലാവര്‍ക്കും നിങ്ങളോട് വളരെ ബഹുമാനമായിരുന്നു?”

”ഞാന്‍ തെറ്റ് ചെയ്തു എന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?” എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ”നിങ്ങളുടെ സബോര്‍ഡിനേറ്റ് ശശികുമാരന്‍ എല്ലാം ഞങ്ങളോടു തുറന്നു പറഞ്ഞു” എന്നു അദ്ദേഹം പറഞ്ഞു.

താങ്കള്‍ കേട്ടതൊന്നും ശരിയല്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതിനു അദ്ദേഹം മറുപടി തന്നില്ല. പകരം എന്തോ മുറുമുറുത്തുകൊണ്ട് പുറത്തേക്ക് നടന്നു. കേവലം രണ്ടര മിനുറ്റ് മാത്രം ചിലവിട്ട് അദ്ദേഹം ആ മുറി വിട്ടു ഇറങ്ങിപ്പോയി -നമ്പി നാരായണന്‍ എഴുതുന്നു.

”അതുവരെ ഞാന്‍ കേട്ട, സങ്കല്‍പ്പിച്ച വ്യക്തിയെ അല്ല അദ്ദേഹം എന്നു എനിക്കു മനസിലായി. എന്റെ മനസില്‍ അദ്ദേഹത്തെ കുറിച്ചു ഉണ്ടാക്കിവെച്ച ചീട്ടുകൊട്ടാരം ആ നിമിഷം തകര്‍ന്നടിഞ്ഞു വീണു.”

ഇത്രയും കോളിളക്കം സൃഷ്ടിച്ച കേസിലെ മുഖ്യപ്രതിയായി മുദ്ര കുത്തിയ എന്നെ ചോദ്യം ചെയ്യാന്‍ മൂന്നു മിനുറ്റ് പോലും തികച്ചു ചിലവിടാതെ എന്തു ഉത്തരത്തിലേക്കാണ് അദ്ദേഹം എത്തിയത് എന്നു എനിക്കു മനസിലായില്ല. പക്ഷേ, ഒരു കാര്യം എനിക്കു വ്യക്തമായിരുന്നു; നേരത്തെ തയ്യാറാക്കിയ തിരക്കഥയിലേക്ക് ആരൊക്കെയോ വന്നു തന്ത്രപൂര്‍വ്വമേണെ ചേര്‍ത്തു കെട്ടിയിരിക്കുന്നു.

സിബി മാത്യൂസ് പുറത്തു പോയ ഉടനെ ഗുണ്ടകളെപ്പോലെയുള്ള ചിലര്‍ മുറിയിലേക്ക് കയറി വന്നു തന്നെ ക്രൂരമായി മര്‍ദിച്ച കാര്യം നമ്പി നാരായണന്‍ എഴുതുന്നതു ഞെട്ടലോടു കൂടിയേ വായിക്കാന്‍ കഴിയുകയുള്ളൂ.

”അന്ന് രണ്ടര മിനിറ്റ് മാത്രം ചെലവിട്ട് തിടുക്കത്തില്‍ പോയിമറഞ്ഞ സിബി മാത്യൂസ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യയുമൊത്ത് എന്റെ സുഹൃത്തിന്റെ വീട്ടില്‍ വന്ന് മാപ്പുപറയാന്‍ രണ്ടര മണിക്കൂര്‍ ചിലവിട്ടു. അന്ന് ചോദ്യം ചെയ്യാന്‍ എടുത്ത സമയം കുറച്ചുകൂടി ഉപയോഗിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് എന്റെ മുന്നില്‍ അങ്ങനെ വന്നു നില്‍ക്കേണ്ടി വരില്ലായിരുന്നു”സിബി മാത്യൂസിനെ കുറിച്ചുള്ള പരാമര്‍ശം നമ്പി നാരായണന്‍ ഇങ്ങനെ അവസാനിപ്പിക്കുന്നു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധിയില്‍ സന്തോഷമുണ്ടെന്നാണ് വിധി പ്രഖ്യാപനത്തിനു പിന്നാലെ നമ്പി നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരായിരുന്നവര്‍ക്ക് എതിരെ സിബിഐ അന്വേഷണമായിരുന്നു അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പ് പലപ്പോഴായി നടന്നിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണങ്ങളുടെ ഭാവി എന്തായിരുന്നു എന്ന് അറിയാവുന്നതിനാലാണ് തനിക്ക് ഈ ആശങ്കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നിയോഗിച്ചിട്ടുള്ള അന്വേഷണ കമ്മീഷന്‍ ആര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും ഇതിനുള്ള സമയപരിധി ആറു മാസത്തില്‍ കൂടാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.

ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാനും, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോയെന്ന് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കാനുമായിരുന്നു സുപ്രീംകോടതി വിധി. സംശയത്തിന്റെ പേരിലാണ് ഉന്നത പദവിയിലിരിക്കുന്ന ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റു ചെയ്തത്. ഈ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് സുപ്രീം കോടതി നിര്‍ണായക വിധിയില്‍ പ്രഖ്യാപിച്ചു.

കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരെ കെട്ടിചമച്ച കേസിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തന്റെ ഭാവിയെയും ഐ.എസ്.ആര്‍.ഒയുടെ പുരോഗതിയെയും ബാധിച്ചു. അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെലോഷിപ്പും വേണ്ടെന്നു വെച്ച് രാജ്യത്തെ സേവിക്കാനെത്തിയ തന്റെ ഭാവിയാണ് ചാരക്കേസില്‍ തകര്‍ന്നതെന്ന് അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടിക്കെതിരെയാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. നമ്പി നാരായണന്റെ പേരിലുള്ള കേസ് തെറ്റാണെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട് നല്‍കുകയും കോടതി അതംഗീകരിക്കുകയും ചെയ്തു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top