Flash News

മാധ്യമപ്രവര്‍ത്തകരോട് ക്ഷമാപണം ചോദിച്ച് മോഹന്‍‌ലാല്‍

September 16, 2018

imageകൊച്ചിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച നടന്‍ മോഹന്‍ലാല്‍ ക്ഷമാപണം നടത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ അഭിസംബോധന ചെയ്താണ് കുറിപ്പ്. എന്‍റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കില്‍ അത് ഒരു മൂത്ത ചേട്ടന്‍ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക. എന്‍റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവര്‍ത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല. നമ്മള്‍ ഇനിയും കാണേണ്ടവരാണ് , നിങ്ങളുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ മറുപടിപറയേണ്ടതുമാണ്– അദ്ദേഹം കുറിച്ചു. മാതൃഭൂമി ന്യൂസിലെ സീനിയര്‍ സബ് എഡിറ്റര്‍ എസ്. രാഗിനോടാണ് മോഹന്‍ലാല്‍ മാപ്പ് പറഞ്ഞത്. അഞ്ചര വര്‍ഷമായി മാതൃഭൂമി ചാനലില്‍ മാധ്യമ പ്രവര്‍ത്തകനായ ഇദ്ദേഹം എറണാകുളം നെട്ടൂര്‍ സ്വദേശിയാണ്.

‘കേരളം ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമായതുകൊണ്ട് തീര്‍ച്ചയായും ആ ചോദ്യം പ്രസക്തവുമാണ് . പക്ഷെ ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാന്‍തക്കവണ്ണമുള്ള ഒരു മാനസിക നിലയില്‍ ആയിരുന്നില്ല ഞാന്‍. ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരു മകന്‍ എന്ന നിലയിലും എന്‍റെ മനസ്സ് അപ്പോള്‍ മറ്റൊരാവസ്ഥയിലായിരുന്നു. അതുകൊണ്ടാണ് എന്‍റെ ഉത്തരം അങ്ങിനെയായത്. അവിടെ നടക്കുന്ന ആ കര്‍മ്മത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ നിങ്ങള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു എന്ന് എന്‍റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ടാകാം. അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം എന്നില്‍ നിന്നും ഉണ്ടായത്. താരം വിശദീകരിച്ചു.

മോഹന്‍ലാല്‍ ഇന്നലെ നല്‍കിയ മറുപടി ഇങ്ങനെ: ‘നിങ്ങള്‍ക്ക് നാണമില്ലേ ഇപ്പോള്‍ ഇങ്ങനെയുള്ള ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍. അതൊക്കെ എന്തിനാ ഇപ്പോള്‍ ചോദിക്കുന്നേ. നിങ്ങള്‍ക്ക് വേറെ എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ അതു ചോദിക്കൂ. അല്ലാതെ ഇതൊക്കെയാണോ ചോദിക്കുന്നത്. ഇത്രയും വലിയ കാര്യങ്ങള്‍ നടക്കുമ്പോള്‍ ഇതൊക്കെയാണോ പൊതുവികാരം.’

ബിജെപി സ്ഥാനാര്‍ത്ഥിയാകും എന്നുറപ്പായതോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് മോഹന്‍ലാല്‍. മാതാപിതാക്കളുടെ പേരിലുള്ള ജീവകാരുണ്യ സാമഗ്രികള്‍ വിതരണം ചെയ്ത് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് കന്യാസ്ത്രീ സമരത്തെ കുറിച്ചുള്ള പ്രതികരണം രാഗിന്‍ ചോദിച്ചത്. രൂക്ഷമായാണ് ലാല്‍ പ്രതികരിച്ചത്. ”നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാന്‍. കന്യാസ്ത്രീകള്‍ എന്തു ചെയ്യണം, അതും ഇതുമായി എന്തുബന്ധം. നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാല്ലോ. ഇതൊക്കെയാണ്… അത് പൊതുവികാരമാണോ… ഇത്രയും വലിയ പ്രോബ്ലം ഇവിടെ നടക്കുമ്പോള്‍” എന്ന ലാലിന്റെ പ്രതികരണം ഏറെ വിമര്‍ശിക്കപ്പെട്ടു. ലാലിന്റെ പ്രതികരണം കേട്ട് കൂടെയുണ്ടായിരുന്നവര്‍ പരിഹസിച്ച് ചിരിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ലാല്‍ ഏതു മാധ്യമത്തെ പ്രതിനിധീകരിക്കുന്നയാളാണ് എന്നു ചോദിക്കുന്നു. മാതൃഭൂമിയില്‍ നിന്നാണ് എന്നറിയുമ്പോള്‍ ‘ആ അദാണ്’ എന്നു പറയുന്നു. മാതൃഭൂമിക്കെതിരെ സംഘപരിവാര്‍ നടത്തുന്ന പ്രചാരണത്തിന്റെ അതേ നിറത്തിലുള്ളതായിരുന്നു ലാലിന്റെ പരിഹാസം. അതിനും അനുചര സംഘം പരിഹാസത്തോടെ ചിരിക്കുന്നു.

കന്യാസ്ത്രീകളെ അവഹേളിച്ച മോഹന്‍ലാലിനെതിരെ ട്രോളുകള്‍ പെരുക്കാന്‍ തുടങ്ങിയതോടെ രാഗിനോട് വിശദീകരണം പറഞ്ഞു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് വന്നത്. ചോദ്യം പ്രസക്തമാണ് എന്നു സമ്മതിക്കുന്നതാണ് ഇപ്പോഴത്തെ പോസ്റ്റ്.

മോഹന്‍ലാലിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം:

സുഹൃത്തേ,

എനിക്ക് നിങ്ങളുടെ മുഖം ഓര്‍മ്മയില്ല. ശബ്ദം മാത്രമേ ഓര്‍മ്മയിലുള്ളു. നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്.

എൻ്റെ അച്ഛൻൻ്റെയും അമ്മയുടെയും പേരില്‍ സമൂഹസേവനത്തിനും മനുഷ്യനന്മയ്ക്കുമായി രൂപീകരിച്ച ട്രസ്റ്റ്‌ ആണ് “വിശ്വശാന്തി.” നിശബ്ദമായി പല കാര്യങ്ങളും ഞങ്ങള്‍ ചെയ്യുന്നു. ഈ കഴിഞ്ഞ പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഒരുപാട് സഹായങ്ങള്‍ ഞങ്ങള്‍ എത്തിച്ചു. ഇപ്പോഴും ആ പ്രവര്‍ത്തി തുടരുന്നു.

അതിന്‍റെ ഭാഗമായി വിദേശത്തുനിന്നു സമാഹരിച്ച കുറേ സാധനങ്ങള്‍ ശനിയാഴ്ച കൊച്ചിയിലെ പോര്‍ട്ടില്‍ നിന്നും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാനാണ് അതിരാവിലെ ഞാന്‍ കൊച്ചിന്‍ പോര്‍ട്ടില്‍ എത്തിയത്. ഞങ്ങള്‍ ക്ഷണിച്ചിട്ടാണ് അതിരാവിലെ തന്നെ അവിടെ മാധ്യമപ്രവര്‍ത്തകര്‍ വന്നത്. മാധ്യമപ്രവര്‍ത്തകരോട് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുമ്പോഴാണ് നിങ്ങള്‍ അനവസരത്തിലുള്ള ഒരു ചോദ്യം എന്നോട് ചോദിച്ചത്.

കേരളം ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമായതുകൊണ്ട് തീര്‍ച്ചയായും ആ ചോദ്യം പ്രസക്തവുമാണ് . പക്ഷെ ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാന്‍തക്കവണ്ണമുള്ള ഒരു മാനസികനിലയില്‍ ആയിരുന്നില്ല ഞാന്‍. ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരു മകന്‍ എന്ന നിലയിലും എൻ്റെ മനസ്സ് അപ്പോള്‍ മറ്റൊരാവസ്ഥയിലായിരുന്നു. അതുകൊണ്ടാണ് എൻ്റെ ഉത്തരം അങ്ങിനെയായത്. അവിടെ നടക്കുന്ന ആ കര്‍മ്മത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ നിങ്ങള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു എന്ന് എൻ്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ടാകാം… അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം എന്നില്‍ നിന്നും ഉണ്ടായത്.

ഒരു രാത്രി കഴിഞ്ഞിട്ടും അത് മനസ്സില്‍ നിന്നും മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. എൻ്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കില്‍ അത് ഒരു മൂത്ത ചേട്ടന്‍ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക ….. എൻ്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവര്‍ത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല.. നമ്മള്‍ ഇനിയും കാണേണ്ടവരാണ്, നിങ്ങളുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ മറുപടി പറയേണ്ടതുമാണ്…

സ്നേഹപൂര്‍വ്വം മോഹന്‍ലാല്‍

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top