Flash News

കേരളം വരള്‍ച്ചയുടെ പിടിയില്‍ മുറുകുന്ന കാലം വിദൂരമല്ല; മണലൂറ്റല്‍ കൊണ്ട് നഷ്ടമായത് ജലസ്രോതസ്സുകളുടെ സ്വാഭാവികത

September 16, 2018

rain-13തിരുവനന്തപുരം: പ്രളയക്കെടുതിക്ക് ശേഷം ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം വരള്‍ച്ചയല്ലെന്ന് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്. പ്രളയത്തില്‍ ജല സ്രോതസ്സുകളിലെ മണല്‍ ഒലിച്ചുപോയി ആഴം വര്‍ധിച്ചതാണ് കാരണം. കിണറുകളിലെ ജലനിരപ്പ് താഴുന്നത് നദീതടം താഴ്ന്നതിനാലാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ലഭിച്ചതിന്റെ പത്ത് ശതമാനം ജലം പോലും ഭൂഗര്‍ഭജലമായി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ വിലയിരുത്തല്‍. പ്രളയാനന്തരം നദികളും കിണറുകളും വറ്റുന്ന ഇപ്പോഴത്തെ പ്രതിഭാസം വരള്‍ച്ചയല്ല. പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ ജലസ്രോതസ്സുകളുടെ സ്വാഭാവികത നഷ്ടമായതാണ് ജലനിരപ്പ് താഴാന്‍ കാരണം.

മണലും എക്കലും ഒഴുകിപ്പോയി നദികളുടെ ജലനിരപ്പ് താഴേക്ക് പോയതിനാല്‍ കിണറുകള്‍ അടക്കമുള്ള ഭൂഗര്‍ഭ ജലസ്രോതസ്സുകളിലെ ജലം താഴേത്തട്ടിലേക്ക് സ്വാഭാവികമായി നീങ്ങും. ഇതാണ് കിണറുകളില്‍ സംഭവിക്കുന്നത്. പെട്ടന്നുണ്ടാകുന്ന പ്രളയത്തിന്റെ അനന്തരഫലം ഇതൊക്കെ തന്നെയാണെന്നും ഭൂവിനിയോഗ ബോര്‍ഡ് പറയുന്നു. കുടിവെള്ളം പോലും ലഭ്യമാകാത്ത സാഹചര്യം സൃഷ്ടിക്കാതിരിക്കണമെങ്കില്‍ ജനങ്ങള്‍ തന്നെ മുന്‍‌കൈ എടുക്കണം. അതിന് നിരവധി മാര്‍ഗങ്ങളുണ്ട്:

1. ഓരോ വീടിനും ഒരു മഴവെള്ള സംഭരണി എന്ന ശീലം നിര്‍ബന്ധപൂര്‍വം വളര്‍ത്തിയെടുക്കുക. വരള്‍ച്ചയുടെ കാലങ്ങളില്‍ അണക്കെട്ടുകളിലെ വെള്ളമോ കോര്‍പ്പറേഷന്‍ വക ടാങ്കുകളോ വൈകിയാലും നമുക്ക്‌ സ്വന്തമായി കുറച്ചു വെള്ളമുണ്ടാകുമല്ലോ.

2. ഓരോ പറമ്പിലും വീഴുന്ന മുഴുവന്‍ വെള്ളവും അവിടെ തന്നെ ഭൂമിയിലേക്ക്‌ താഴ്‌ന്നിറങ്ങാനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്‌. വര്‍ണ ടെയിലുകള്‍ വിരിച്ച്‌ മോടി കൂട്ടിയ മുറ്റങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക. മഴവെള്ളം ഭൂമിയിലേക്ക്‌ ഊര്‍ന്നിറങ്ങാനുള്ള അവസരം സൃഷ്ടിക്കാത്തവര്‍ക്ക്‌ പൊതുസംവിധാനം വഴി കുടിവെള്ളമെത്തിക്കുന്നത്‌ നിര്‍ത്താലാക്കാന്‍ നടപടി വരുന്ന കാലം അതിവിദൂരമല്ല. ഇത്തരക്കാര്‍ മുറ്റങ്ങളുടെ വശങ്ങളില്‍ ചാലുകള്‍ കീറിയോ വെള്ളമിറങ്ങാനുള്ള കുഴികള്‍ ഉണ്ടാക്കിയോ പരിഹാരക്രിയ ചെയ്യണം.

3. ജലവിനിയോഗത്തിലെ മിതത്വം എന്നേ മറന്നുപോയ നല്ല ശീലം. ഓരോ ടോയ്‌ലറ്റ്‌ സന്ദര്‍ശനവേളയിലും പത്തും പതിനഞ്ചും ലിറ്റര്‍ വെള്ളം ഒഴുക്കിക്കളയാതെയിരിക്കാനുള്ള സംവിധാനം സ്ഥാപിക്കുക ഉത്തമം.

4. മണ്ണ്‌-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാമൂഹ്യ-രാഷ്ട്രീയ കൂട്ടായ്മകള്‍ മുന്നോട്ടുവരണം. മാലിന്യ സംസ്കരണത്തിനൊപ്പം ഇവരുടെ മേല്‍നോട്ടം ഉണ്ടെങ്കില്‍ ആരും സ്വന്തം പറമ്പില്‍നിന്ന്‌ റോഡിലേക്ക്‌ മഴവെള്ളം തുറന്ന്‌ വിടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top