Flash News

വിശ്വാസ്യത തകര്‍ന്ന പ്രധാനമന്ത്രി (ലേഖനം)

September 16, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Viswasyatha banner-1ബി.ജെ.പിയുടെ രാഷ്ട്രീയ – ഭരണ പേടകം ഭ്രമണപഥം തെറ്റി താഴെ പതിക്കാനുള്ള സാധ്യതയേറുകയാണ്. ഏറ്റവുമൊടുവില്‍ മദ്യരാജാവ് വിജയ് മല്ല്യയുടെ ഒളിച്ചോട്ടം ധനമന്ത്രി അരുണ്‍ ജെയ്റ്റിയുടെ അറിവോടെയും സഹായത്തോടെയുമായിരുന്നെന്ന ആരോപണവും ചെന്നു തറയ്ക്കുക പ്രധാനമന്ത്രി മോദിയിലാണ്. ഫ്രാന്‍സില്‍നിന്നുള്ള റഫേല്‍ പോര്‍വിമാന ഇടപാടുമായി ബന്ധപ്പെട്ടതടക്കമുള്ള അഴിമതി ആരോപണങ്ങള്‍ വന്‍കിട വ്യവസായികളെ സംരക്ഷിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നിലപാടുകള്‍ കൂടുതല്‍ തുറന്നുകാട്ടുന്നതാണ്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും പ്രധാനമന്ത്രി മോദിയാണ് കുരുങ്ങുന്നത്. രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസോ ഉയര്‍ത്തുന്ന രാഷ്ട്രീയം ലക്ഷ്യംവെച്ചുള്ള ആരോപണമാണെന്ന് പറയാനാവാത്തവിധം മോദിക്ക് കാര്യങ്ങള്‍ കൈവിടുകയാണ്. രാജ്യത്തെ അഴിമതിക്കാരില്‍നിന്നു രക്ഷിക്കുകയെന്ന ബി.ജെ.പിയുടെ 2014ലെ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോ തയാറാക്കിയ വാജ്‌പേയി മന്ത്രിസഭയിലെ ധനമന്ത്രി യശ്വന്ത് സിന്ന, അഴിമതിക്കെതിരായ കുരിശുയുദ്ധം നടത്തിയ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പത്രാധിപരും യശ്വന്ത് സിന്നക്കൊപ്പം ബി.ജെ.പി മന്ത്രിസഭാംഗവുമായ അരുണ്‍ ഷൂരി, ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി തുടങ്ങിയവരും മന്ത്രി ജെയ്റ്റിക്കെതിരെ വിരല്‍ ചൂണ്ടുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് പറയാനാവില്ല.

ബൊഫോഴ്‌സ് തോക്കിടപാടില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉള്‍പ്പെട്ടതുപോലെയോ മന്‍മോഹന്‍സിംഗിന്റെ യു.പി.എ ഗവണ്മെന്റിനു കീഴില്‍ നടന്ന ഡി.എം.കെ മന്ത്രിമാര്‍ ഉള്‍പ്പെട്ട ടു.ജി സ്‌പെക്ട്രം കുംഭകോണംപോലെയോ അല്ല പ്രധാനമന്ത്രി മോദിക്കുനേരെ ഉയരുന്ന ശക്തമായ അഴിമതി ആരോപണങ്ങള്‍. കോര്‍പ്പറേറ്റുകളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ നയവും നേരിട്ടുള്ള ഇടപെടലുകളുമായി അവ ബന്ധപ്പെട്ടുനില്‍ക്കുന്നു.

23667158_10155877598174400_392612101_n_InPixio36 റാഫേല്‍ വിമാനങ്ങളും അതിന്റെ ആയുധങ്ങളും ഫ്രാന്‍സില്‍നിന്നു വാങ്ങാനുള്ള ഇടപാടിന്റെ കാര്യംതന്നെ നോക്കുക. ഒരുവെടിക്ക് രണ്ടുപക്ഷി എന്ന അവസ്ഥ ഇതു വെളിപ്പെടുത്തുന്നു. നരേന്ദ്രമോദിയുടെ വിശ്വസ്തനും വലംകൈയുമായ റിലയന്‍സിന്റെ അംബാനിക്കുകൂടി വേണ്ടിയുള്ള ഇടപാടായി രാജ്യരക്ഷാ ആയുധ സംഭരണത്തെ പ്രധാനമന്ത്രി മാറ്റിത്തീര്‍ത്തു.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് യു.പി.എ ഗവണ്മെന്റ് റഫേല്‍ കരാര്‍ അവസാനഘട്ടത്തില്‍ മാറ്റിവെച്ചതായിരുന്നു. ഫ്രഞ്ച് വിമാന നിര്‍മ്മാണ കമ്പനിയായ ദസോള്‍ട്ട് ആവിയേഷനുമായായിരുന്നു ഇന്ത്യ അന്നു ചര്‍ച്ച നടത്തിയത്. ഒരു വിമാനത്തിനും അതിന്റെ ആയുധങ്ങള്‍ക്കും 714 കോടി രൂപ വില നിശ്ചയിച്ചാണ് 24 വിമാനങ്ങള്‍ വാങ്ങാന്‍ യു.പി.എ ഗവണ്മെന്റ് ധാരണയാക്കിയിരുന്നത്. ബി.ജെ.പി അധികാരത്തില്‍ വന്നശേഷം ഫ്രാന്‍സ് സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി ഫ്രഞ്ച് ഗവണ്മെന്റുമായാണ് 36 വിമാനങ്ങള്‍ക്ക് കരാര്‍ ഉണ്ടാക്കിയത്. എന്തു വിലയായി എന്നത് പാര്‍ലമെന്റില്‍നിന്നും പ്രതിപക്ഷത്തില്‍നിന്നും മറച്ചുപിടിച്ച്.

714 കോടിക്കു പകരം 1063 കോടി രൂപ വിലവെച്ചാണ് കരാറുണ്ടാക്കിയതെന്നാണ് രാജ്യരക്ഷാ – ആയുധകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 349 കോടി രൂപ അധികംകൊടുത്ത് 12564 കോടി രൂപ രാജ്യത്തിന് നഷ്ടപ്പെടുത്തുക മാത്രമല്ല ഈ ഇടപാടിലൂടെ നടന്നത്. 38268 കോടി വിലവരുന്ന ഈ പദ്ധതിക്ക് ഏതാണ്ട് 59,000 കോടി രൂപയുടെ കരാര്‍ ഫ്രാന്‍സുമായി ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. അതിലും ദുരൂഹമായിട്ടുള്ളത് ഇതില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള 28 വിമാനങ്ങളുടെ സഹപങ്കാളിയായി റിലയന്‍സിനെ ഉള്‍പ്പെടുത്തിയതാണ്.

പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തില്‍ ഫ്രാന്‍സില്‍ റഫേല്‍ കരാര്‍ 2015 ഏപ്രില്‍ 10ന് ഒപ്പുവെക്കുന്നതിന് രണ്ടാഴ്ചമുമ്പ് റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്ന ഒരു സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരുന്നു. ആയുധ നിര്‍മ്മാണവുമായി ഒരു ബന്ധവുമില്ലാതിരുന്ന റിലയന്‍സ്. പക്ഷെ, ഈ സ്ഥാപനവുമായി 2016 ഒക്‌ടോബര്‍ 3ന് ദസോള്‍ട്ട് ആവിയേഷന്‍ സംയുക്ത കരാര്‍ ഒപ്പുവെക്കുന്നു. നാഗ്പൂരിലെ മിഹാനില്‍ കഴിഞ്ഞവര്‍ഷം വിമാന നിര്‍മ്മാണ ഫാക്ടറി റിലയന്‍സ് സജ്ജമാക്കുന്നു. 59,000 കോടി രൂപയുടെ ഇടപാടിന്റെ 30 ശതമാനം ദസോള്‍ട്ട് ആവിയേഷന്‍ കരാറനുസരിച്ച് ഇന്ത്യയില്‍ ചെലവഴിക്കണം. അംബാനിയുടെ റിലയന്‍സിന് ഒരേസമയം മൂലധനവും തൊഴിലുമായി! ഇതാണ് പ്രധാനമന്ത്രി മോദിയുടെ വൈഭവം.

Adaniപ്രധാനമന്ത്രിയുടെ ആദ്യ ആസ്‌ട്രേലിയന്‍ സന്ദര്‍ശനത്തില്‍ കൂടെകൊണ്ടുപോയവരില്‍ ഗൗതം അദാനിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമുണ്ടായിരുന്നു. അദാനി അവിടെ വാങ്ങിയിരുന്ന കാര്‍മിക്കല്‍ കല്‍ക്കരി ഖനി ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ഗ്യാരന്റി എന്ന നിലയില്‍ എം.ഒ.യുവില്‍ ഒപ്പുവെക്കാനാണ് എസ്.ബി.ഐ ചെയര്‍മാനെ കൊണ്ടുപോയത്. തന്റെ ഭരണം തനിക്കും തന്റെ വിശ്വസ്തരായ കുത്തക വ്യവസായികള്‍ക്കും ഉള്ളതാണെന്ന് യാത്രയിലും ഊണിലും ഉറക്കത്തിലും തെളിയിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് മോദി.

അഴിമതിക്കാരില്‍നിന്നും ഭരണത്തെയും രാജ്യത്തെയും രക്ഷിക്കുകയെന്ന മോദിയുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യത്തിനാണ് ജനങ്ങള്‍ പിന്തുണ നല്‍കിയത്. ഭരണം സുതാര്യമാക്കുമെന്ന ഉറപ്പിനും. എന്നാല്‍ ദുരൂഹമായ കോര്‍പ്പറേറ്റ് ബന്ധങ്ങളും ഇടപാടുകളും മോദി ഭരണത്തില്‍ വ്യാപകമാകുകയാണ്. റഫേല്‍ വിമാനവില രാജ്യരക്ഷാ- സുരക്ഷാ കരാറിന്റെ പേരില്‍ വെളിപ്പെടുത്തിക്കൂടാ എന്നതുപോലുള്ള നിലപാടുകളാണ് മോദി ഗവണ്മെന്റ് സ്വീകരിക്കുന്നത്.

മല്ല്യയുടെ കാര്യത്തില്‍ സി.ബി.ഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അത് സി.ബി.ഐ തന്നെ മാറ്റി മല്ല്യ രാജ്യംവിടുന്നത് തടയേണ്ട, അധികാരികളെ അറിയിച്ചാല്‍മതി എന്ന് തിരുത്തി. പ്രധാനമന്ത്രിയറിയാതെ ഇതു നടക്കുമോയെന്ന് ചോദിക്കുന്നവരെ കുറ്റപ്പെടുത്തുന്നതുകൊണ്ടോ അവര്‍ക്കെതിരെ പകരം ആരോപണമുന്നയിക്കുന്നതുകൊണ്ടോ പരമാവധി സി.ബി.ഐയെക്കൊണ്ട് കേസെടുപ്പിക്കുന്നതുകൊണ്ടോ പ്രധാനമന്ത്രിയുടെ മുഖത്തു പുരളുന്ന കരി ഇല്ലാതാകുമോ.

Nirav-Modi-Narendra-Modi--644x362ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുംമുമ്പ് രാജ്യസഭാംഗമായ മല്ല്യ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി പാര്‍ലമെന്റില്‍ രഹസ്യ ചര്‍ച്ച നടത്തി. അതിന്റെ തെളിവുകള്‍ നിഷേധിക്കാനാവാത്തവിധം പുറത്തുവന്നിട്ടുണ്ട്. ഏഴ് യാത്രക്കാര്‍ക്ക് അനുവദിക്കുന്നത്ര കെട്ടും പെട്ടികളുമായി രണ്ട് സ്വകാര്യ ജെറ്റുകള്‍ സ്വന്തമായുള്ള മല്ല്യ ജെറ്റ് എയര്‍വേയ്‌സിന്റെ യാത്രാടിക്കറ്റുമായി ഒരു മണിക്കൂര്‍ വിമാന ലോഞ്ചില്‍ ഉണ്ടായിട്ടും ആരും ഒന്നും സംശയിച്ചില്ല. എടുക്കേണ്ട പണവും രേഖകളുമായി ഇന്ത്യയിലെ അറിയപ്പെടുന്ന മദ്യരാജാവ് നിയമത്തിന്റെ കൈകളെ
പരാജയപ്പെടുത്തി ലണ്ടനിലേക്ക് രക്ഷപെട്ടു.

ഇത് ഒന്നോ രണ്ടോ വ്യക്തികളുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന് മോദിയുടെ ഭരണം കൂടുതല്‍ വെളിപ്പെടുത്തുന്നുണ്ട്. മോദി ഭരണത്തില്‍ ഇന്ത്യയില്‍ ശതകോടീശ്വരന്മാര്‍ 111 ആയി ഉയര്‍ന്നു. അവരുടെ മൊത്തം ധനം 20.7 ലക്ഷം കോടിയായി വര്‍ദ്ധിച്ചു. അതേസമയം രാജ്യത്തെ 67 കോടി ജനങ്ങളുടെ ആസ്തി ഒരുശതമാനംപോലും വര്‍ദ്ധിച്ചില്ലെന്നും അവര്‍ കൂടുതല്‍ ദരിദ്രരായെന്നും അന്താരാഷ്ട്ര സംഘടനയായ ഓക്‌സ്ഫാമിന്റെ പഠനം വെളിപ്പെടുത്തുന്നു.

NEW DELHI: CORRUPTION. PTI GRAPHICS(PTI2_22_2018_000112B)

ഇതിന്റെ സാമൂഹിക – രാഷ്ട്രീയ പ്രത്യാഘാതമെന്താണെന്ന് ട്രാന്‍സ്പരന്‍സി ഇന്റര്‍ നാഷണലിന്റെ 2017ലെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയില്‍ ബി.ജെ.പി അഴിമതി കാര്യത്തില്‍ ഉദ്ധരിച്ചത് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിനെ ആയിരുന്നു. അഴിമതി സംബന്ധിച്ച സൂചക റിപ്പോര്‍ട്ടില്‍ 175 രാജ്യങ്ങള്‍ക്കിടയില്‍ മോദിയുടെ ഇന്ത്യ 81-ാം സ്ഥാനത്താണ് നില്‍ക്കുന്നതെന്ന് അവര്‍ പറയുന്നു. പ്രതിപക്ഷ നേതാക്കളേയും പത്രപ്രവര്‍ത്തകരേയും പൊതു പ്രവര്‍ത്തകരേയും നിയമ പരിപാലന ഏജന്‍സികളേയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതില്‍ ഇന്ത്യ 79-ാം സ്ഥാനത്ത് നില്‍ക്കുന്നുവെന്നും. ഫിലിപ്പിയന്‍സിനും മാലിദ്വീപുകള്‍ക്കുമിടയില്‍.

എല്ലാ കുംഭകോണങ്ങളുടെയും ഉത്തരവാദിത്വം കോണ്‍ഗ്രസ് നയിക്കുന്ന ഗവണ്മെന്റുകള്‍ക്കും നെഹ്‌റു കുടുംബത്തിനുമാണെന്ന വാദവുമായി ഈ ആരോപണങ്ങളെ നേരിടാന്‍ നരേന്ദ്രമോദിക്കോ ബി.ജെ.പിക്കോ കഴിയാത്ത സ്ഥിതിവിശേഷമാണ് ഇതിനകം രൂപപ്പെട്ടിട്ടുള്ളത്. ആ സ്ഥിതി മാറ്റിയെടുക്കാനായിരുന്നു ജനവിധി. റഫേല്‍ പോര്‍വിമാന ഇടപാടിനു പുറമെ രാജ്യരക്ഷാ ആയുധങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ കരാറുകളില്‍ മോദി ഗവണ്മെന്റ് ഏര്‍പ്പെട്ടുകൊണ്ടിരിക്കയാണ്. ഈ ഇടപാടുകളില്‍ ദല്ലാള്‍പണം ഉണ്ടെന്നും തെരഞ്ഞെടുപ്പുകളെ നേരിടാന്‍ ഇതാണ് ഉപയോഗപ്പെടുത്തുന്നതെന്നും അങ്ങാടിപ്പാട്ടാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് തുടങ്ങിയ ഈ ഏര്‍പ്പാടിനെപ്പറ്റി മുന്‍ രാഷ്ട്രപതി ആര്‍ വെങ്കട്ടരാമന്‍തന്നെ ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇതു തിരുത്തുകയല്ല ജനവിധി നേടിയ മോദി ചെയ്തത്. താന്‍തന്നെ നേരിട്ട് രാജ്യാന്തര കരാറുകളിലേര്‍പ്പെട്ട് വിഹിതം പാര്‍ട്ടി ആവശ്യത്തിനും ഇഷ്ടക്കാരായ വന്‍ വ്യവസായികളെ സഹായിക്കാനുമാണ് സംഭരിക്കുന്നത്. അതാണ് അനുദിനം വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. നാലുവര്‍ഷത്തെ എന്‍.ഡി.എ ഭരണം പെട്രോളിയം ഉല്പന്നങ്ങളുടെ വരവില്‍നിന്ന് 16.57 ലക്ഷം കോടി രൂപയാണ് നികുതിയിനത്തില്‍ പിഴിഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ വരുമാനംതന്നെ പെട്രോളിയം മേഖലയില്‍നിന്ന് 5.24 ലക്ഷം കോടിയായിരുന്നു. ഗവണ്മെന്റിനെക്കാള്‍ കൂടുതല്‍ ലാഭവളര്‍ച്ചയുണ്ടായത് (10 ശതമാനം) റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ തൊട്ടുതാഴെ 56,000 കോടി രൂപയുടെ ലാഭവുമായാണ് കഴിഞ്ഞ ഒരുവര്‍ഷ കാലയളവില്‍ അവര്‍ ഇടംപിടിച്ചിരിക്കുന്നത്. റിലയന്‍സിന്റെ ലാഭവളര്‍ച്ചകണ്ട് ദലാള്‍ സ്ട്രീറ്റുപോലും സ്തംഭിച്ചുനില്‍ക്കുന്നു.

modi-govts-anti-corruption-crusade-goes-into-overdriveഈ അവസ്ഥയില്‍ അടുത്തുവരുന്ന പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ തവണത്തേതിനേക്കാളും രൂക്ഷമായ അഴിമതി വിവാദങ്ങളെ കേന്ദ്രീകരിച്ചായിരിക്കും. രാജ്യത്തെയും ജനങ്ങളെയും നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ അതില്‍ മൂടിപ്പോകുമെന്നത് ഖേദകരം. അണ്ണാ ഹസാരെയും രാംദേവും നടത്തിയ അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ അന്ന് മോദിക്ക് സഹായകമായിരുന്നു. കോണ്‍ഗ്രസും പ്രതിപക്ഷവും ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ മോദിയില്‍മാത്രം കേന്ദ്രീകരിക്കുന്നത് സ്വാഭാവികമാണ്. മോദിയാണ് പാര്‍ട്ടി. മോദിയാണ് ഗവണ്മെന്റ്. മോദിതന്നെയാണ് രാജ്യം എന്ന നിലയുണ്ടായാല്‍ അങ്ങനെയേ വരൂ.

താന്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ എന്തു പാലിച്ചു എന്നാണ് പ്രധാനമന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത്. ഭരണ സുതാര്യത ഉറപ്പുവരുത്താന്‍പോയ മോദിക്ക് രാജ്യരക്ഷയ്ക്കു വാങ്ങിയ വിമാനത്തിന്റെ വില വെളിപ്പെടുത്താന്‍ സാധ്യമല്ലെങ്കില്‍ എന്തു സുതാര്യത. പെട്രോളിന്റെയും ഡീസലിന്റെയും വില കത്തിക്കാളുമ്പോള്‍ സ്വന്തം ജീവിതം കരിഞ്ഞുതീരുന്ന സാധാരണക്കാര്‍ക്ക് മോദിയുടെ വാക്കുകളില്‍ ഇനിയെന്തുവിശ്വാസം.

മാറ്റത്തിന്റെ കൊടുങ്കാറ്റായാണ് മോദി ആഞ്ഞുവീശിയതെങ്കില്‍ പ്രതിച്ഛായയും വിശ്വാസവും മാത്രമല്ല ജനപക്ഷപാതവും നഷ്ടപ്പെട്ട ഒരാളാണിപ്പോള്‍. ബി.ജെ.പി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണെങ്കില്‍ ഇതിനകം അത് ബോധ്യപ്പെടേണ്ടതായിരുന്നു. ആ തിരിച്ചറിവ് ഉണ്ടായിട്ടില്ലെന്നതാണ് ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനത്തില്‍നിന്ന് വ്യക്തമാകുന്നത്. ബി.ജെ.പിക്കകത്തുനിന്നുപോലും എതിര്‍പ്പുകളുയര്‍ന്നിട്ടും പാര്‍ട്ടിയെ തൊക്കിലൊതുക്കാന്‍ മോദിക്ക് കഴിഞ്ഞു. ജനങ്ങളെ അങ്ങനെ കൈകാര്യംചെയ്യാനാവില്ലെന്നത് മറ്റൊരു കാര്യം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top