Flash News

എന്താണ് ജീവിതം, എന്തിനാണ് ജീവിതം ? (ലേഖനം) : ജയന്‍ വര്‍ഗീസ്

September 18, 2018

enthanu jeevitham-1ജീവിതം! എത്ര മനോഹരമായ വാക്ക് ? ഏതു ഭാഷയിലെയും ആ വാക്കില്‍ ഒരു പ്രപഞ്ചം തന്നെ തുടിച്ചു നില്‍ക്കുകയാണ്! മനുഷ്യന്‍ എന്ന മനോഹര ജീവിക്കു മാത്രമല്ലാ, ജീവ വ്യവസ്ഥയിലെ ഓരോ ജീവിക്കും, എത്രമാത്രം പ്രിയപ്പെട്ടതാണ്, എത്രമാത്രം ജീവല്‍ പ്രധാനമാണ് ആ വാക്ക് !?

ഓരോ ജീവിക്കും അതറിയാതെ, അതിന്റെ അനുവാദമില്ലാതെ ലഭ്യമാവുന്ന അമൂല്യമായ ഒരു ഗിഫ്റ്റാണ് അതിന്റെ ജീവിതം. ഇതിനു കാരണമായിത്തീരുന്ന സാഹചര്യങ്ങളെ അനിര്‍വ്വചനീയങ്ങളായ അന്വേഷണങ്ങളുടെ അദമ്യമായ ഒരു ത്വരയിലൂടെ ആവിഷ്ക്കരിക്കപ്പെടുകയാണ്, എങ്ങോ, എവിടെയോ ?!

ഈ ത്വര, ഇണയുടെ ശരീര ഭാഗങ്ങളില്‍ നിന്ന് അനുഭവേദ്യമാകുന്ന അപ്രമേയമായ രതി സുഖത്തിന്റെ ആഴങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത് എന്ന് കാണാം. ആകര്‍ഷകങ്ങളായി ആവിഷ്ക്കരിക്കപ്പെടുന്ന അനുഭൂതികളുടെ ആയിരമായിരം പരന്പരകളിലൂടെ ജന്മം എന്ന പ്രിക്രിയ പൂര്‍ത്തിയാകുന്‌പോള്‍, അസുലഭമായ ജീവിത ചക്രത്തിന്റെ അതി പ്രധാനമായ ഒരു ഘട്ടം പൂര്‍ത്തിയാവുന്നു!

സസ്തന ജീവികളുടെ കുട്ടികളുടെ ആത്മാവില്‍ നിന്നൊരു ആമന്ത്രണം ഉയരുന്നു. തനിക്കായി കരുതി വച്ച ഒരു പാല്‍ക്കുടത്തിന്റെ സ്വപ്നം ഉണരുന്നു. നാല്‍ക്കാലികളുടെ കുഞ്ഞുങ്ങള്‍ മുടന്തി എഴുന്നേല്‍ക്കുന്നത് തന്നെ ആ മുലഞ്ഞെട്ടില്‍ എത്തിപ്പിടിക്കാനുള്ള വെന്പലോടെയാണ്. നാലുകാലില്‍ നില്‍ക്കുന്ന അമ്മയ്ക്ക് ആ മുലഞെട്ടുകള്‍ കൂടുതല്‍ താഴ്ത്താനാവാത്തതു കൊണ്ടായിരിക്കണം, കുട്ടികളെ ആയാസകരമായി എഴുന്നേല്‍പ്പിക്കുന്നത്.! മനുഷ്യന്റേതുള്‍പ്പടെ എഴുന്നേല്‍ക്കാനാവാത്ത കുഞ്ഞുങ്ങളുടെ ചൊരിവായിലേയ്ക്ക് ദയാപൂര്‍വം അമ്മയുടെ മുലക്കണ്ണുകള്‍ താഴ്ന്നു വരുന്നു?!

അദമ്യമായ ആത്മദാഹത്തിന്റെ അതുല്യമായ ഒരു ശമനമാണ് ഇവിടെ നടപ്പിലാവുന്നത്. വാത്സല്യം എന്ന ഓമനപ്പേരില്‍ വിവക്ഷിക്കപ്പെടുന്ന ഈ വികാരം രണ്ടു പാതികളിലായി അമ്മയിലും, കുഞ്ഞിലും വേര്‍തിരിഞ്ഞു നില്‍ക്കുകയായിരുന്നു. കുഞ്ഞിന്റെ ചൊരിവായില്‍ മുലഞെട്ടുകളുടെ ആദ്യ സ്പര്‍ശനമുണ്ടാവുന്ന ആ അതുല്യ വേള ദിവ്യമാണ്, ധന്യമാണ്, പരമമാണ് ! പ്രപഞ്ച പ്രചോദനമെന്ന ദൈവീകതയുടെ പ്രായോഗിക പരിപാടിയായ സ്‌നേഹ പ്രചുരിമയുടെ പ്രവിശാല പ്രകടനമാണ് ഇവിടെ അരങ്ങിലേറുന്നത് ! കുഞ്ഞിന്റെ ശരീരത്തിലേക്കും, ആത്മാവിലേക്കും ചുരന്നൊഴുകുന്നത് അമ്മയുടെ ശരീരവും, ആത്മാവും തന്നെയാകുന്നു. അദൃശ്യമായ ആത്മീയതയുടെ അജ്ഞാതമായ ഒരു ചരടില്‍ ഇത് ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. സായൂജ്യമെന്ന സാക്ഷാല്‍ക്കാരത്തിന്റെ സവര്‍ണ്ണ പടവുകള്‍ ആവേശത്തോടെ പിന്നിടുകയാണ് അമ്മയും കുഞ്ഞും. ജീവിതം എന്ന അസുലഭ സമസ്യ അതി വിദഗ്ധമായി പൂരിപ്പിക്കപ്പെടുകയാണ്, ഇവിടെ !!

നിസ്സഹായനായ ശിശു സ്വയം പര്യാപ്തത നേടാന്‍ കാലങ്ങളെടുക്കുന്നു. ഓരോ ജീവിക്കും ഇത് വ്യത്യസ്തമാണ്. വ്യത്യസ്തമായ ഈ കാലഘട്ടങ്ങളിലേക്ക് അതിന് സംരക്ഷണം ആവശ്യമായി വരുന്നു. ജീവ സന്ധാരണത്തിനും, ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്നതിനും ഈ സംരക്ഷണം അതിന് കൂടിയേ തീരൂ. ഓരോ ജീവിക്കും അതിന്റേതായ സാഹചര്യങ്ങളില്‍ ഇത് ലഭ്യമാക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ഉണ്ട്. മണ്ണിരയുടെ കുഞ്ഞുങ്ങളെ അതെങ്ങനെ സംരക്ഷിക്കുന്നു എന്ന് നമുക്കറിയില്ലായിരിക്കാം, പക്ഷെ,അതും സംഭവിക്കുന്നുണ്ട്.

ചിറകിന്‍ കീഴിലെ ഇളം ചൂടിന്റെ സുരക്ഷിതത്വത്തില്‍ തന്റെ കുഞ്ഞുങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന പിടക്കോഴി മുതല്‍, ഉദര സഞ്ചിയില്‍ തന്റെ സന്തതികളെ പേറിയോടുന്ന കങ്കാരുവും, മാറില്‍ തൂങ്ങിയ കുട്ടിയുമായി മരം ചാടുന്ന മങ്കിത്തള്ളയും വരെ ഈ സുരക്ഷിതത്വമാണ് തങ്ങളുടെ തലമുറകള്‍ക്ക് പകര്‍ന്നേകുന്നത്.

മാതാവിനെ അല്ലെങ്കില്‍ പിതാവിനെ ഇതിനു പ്രേരിപ്പിക്കുന്ന ഒരു പ്രചോദന പ്രതിഭാസമുണ്ട്. മനുഷ്യ ബുദ്ധിക്ക് നിര്‍വചിക്കാനോ, വ്യവച്ഛേദിക്കാനോ ആവാത്തതും, അവന്‍ കണ്ടെത്തിയ സിദ്ധാന്തങ്ങളുടെ വാള്‍പ്പല്ലുകള്‍ക്കു വഴങ്ങാത്തതുമായ ഒരു പ്രചോദന സംവിധാനം. ഈ പ്രചോദന സംവിധാനത്തില്‍ നിന്ന് പുറപ്പെട്ടു വരുന്ന സന്ദേശ തരംഗങ്ങളാണ് കടുത്ത മാംസ ഭുക്കുകളായ മാതാപിതാക്കളെപ്പോലും, തുടുത്ത മാംസത്തിന്റെ തുടിപ്പുകളായ തങ്ങളുടെ കുഞ്ഞുങ്ങളെ കടിച്ചു കീറിത്തിന്നാതെ അവരുടെ നിതാന്ത സംരക്ഷകരാക്കി മാറ്റിത്തീര്‍ക്കുന്നത് !

വളര്‍ച്ച എന്ന് നാം വിവക്ഷിക്കുന്ന മാറ്റം ജീവിത ചക്രത്തിന്റെ പൂര്‍ത്തീകരണ പ്രിക്രിയയുടെ ഭാഗമാണ്. ഓരോ ജീവിക്കും അനുവദിക്കപ്പെട്ട ഒരു കാലമുണ്ട്. പൂന്പാറ്റകളുടെ മൃദു ചിറകുകളിലെ വര്‍ണ്ണ രേണുക്കളുടെ മനോഹാരിതക്കു മാസങ്ങളുടെ പോലും ആയുസ്സില്ലാത്തപ്പോള്‍, ആമകളുടെ കടും തോടുകളുടെ വൈരൂപ്യത്തിന് നൂറ്റാണ്ടുകള്‍ താണ്ടുന്നതിനുള്ള ഭാഗ്യമുണ്ട്. ശതവര്‍ഷത്തിന്റെ വൃത്തസമസ്യകളില്‍ മനുഷ്യായുസ്സ് പൂര്‍ണ്ണമാവുന്നു.

അനുവദിക്കപ്പെട്ട ഈ കാലം പൂര്‍ത്തിയാക്കുന്നതിന് ഓരോ ജീവിക്കും അതിന്റേതായ സാഹചര്യങ്ങള്‍ ആവശ്യമുണ്ട്. ഈ സാഹചര്യങ്ങള്‍ താനുണ്ടാക്കിയതാണെന്ന് മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവികള്‍ അവകാശപ്പെട്ടേക്കാമെങ്കിലും, നഗ്‌നമായ യാഥാര്‍ഥ്യം അതല്ലാ എന്ന് കാണാം. നമ്മുടേതായ വലിയ പങ്കൊന്നുമില്ലാതെ തന്നെ നമുക്കവകള്‍ ലഭിക്കുകയായിരുന്നു എന്നതല്ലേ സത്യം ? അവയുണ്ടായിരുന്നത് കൊണ്ട് നാമവകള്‍ ആസ്വദിച്ചു എന്നതല്ലേ ശരി ? അല്ലെങ്കില്‍, അവയുണ്ടായിരുന്നത് കൊണ്ടാണ് നമ്മളുണ്ടായത് എന്ന് വരുന്നു. അവയില്ലായിരുന്നുവെങ്കില്‍ നമ്മളില്ലായിരുന്നു എന്നര്‍ത്ഥം.

മണ്ണ്, വായു, വെള്ളം, അഗ്‌നി, കാലാവസ്ഥ, ചൂട്, പ്രകാശം. എത്രയെത്ര ഘടകങ്ങളാണ് കൃത്യമായ അനുപാതത്തില്‍ നമുക്ക് വേണ്ടി അണി നിരന്നതും, നമ്മെ താങ്ങി നിര്‍ത്തിയതും ? ഇവയുടെ അനുപാതത്തില്‍ സാരമായ ഒരു മാറ്റം എന്നെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ പിന്നെ നാമില്ലാ, നമ്മുടെ പൂര്‍വീകരില്ലാ, നമ്മുടെ വര്‍ഗ്ഗമില്ലാ.

ഒന്നും സംഭവിച്ചില്ല. അത്യതിശയകരമായ ഒരു നേര്‍വരയില്‍ എല്ലാം ഭദ്രമായി നിന്നു. ആവര്‍ത്തന ചക്രത്തിന്റെ അനിവാര്യതകളിലൂടെ മനുഷ്യനുള്‍പ്പടെയുള്ള ജീവികളുടെ വംശ പരന്പരകള്‍ ഈ ഭൂമിയുടെ നന്മയായി, അതിന്റെ ഉപ്പായി, പരിണാമ പരന്പരയുടെ സംഗീതമായി നില നില്‍ക്കുകയാണ് ; ഭാഗ്യകരമായി.!

‘അന്നം ഹി ഭൂതനാം ജേഷ്ഠം’ എന്ന ദാര്‍ശനിക സംജ്ഞ ഈ വസ്തുതയാണ് പറയുന്നത്. എല്ലാ ജീവികള്‍ക്കും ജേഷ്ഠനായി അന്നം അഥവാ ആഹാരം ഉണ്ടായി എന്നര്‍ത്ഥം. ഇവിടെ ആഹാരം എന്നതിന് ജീവിത സാഹചര്യങ്ങള്‍ എന്ന് കൂടി അര്‍ഥം കല്പിക്കുന്നതില്‍ തെറ്റില്ല. ജീവിക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുങ്ങി നിന്ന ഒരവസ്ഥയിലേക്കാണ്, ജീവിതം എന്ന തോള്‍സഞ്ചിയും തൂക്കി ജീവി കടന്നു വന്നത് എന്ന് വിവക്ഷ. മനുഷ്യനിലേക്ക് വന്നാല്‍, മറ്റു ജീവി വര്‍ഗ്ഗങ്ങളില്‍ കേവലമൊന്നു മാത്രമാണെങ്കിലും, അറിയപ്പെടുന്ന പ്രപഞ്ചത്തിലെ അത്യുല്‍കൃഷ്ടനായ ജീവിയാണവന്‍. നഗ്‌നനായി അവന്‍ വന്നു. നഗ്‌നയായ പ്രകൃതിയുടെ നിര മാറില്‍ തന്റെ നഗ്‌ന പാദങ്ങളൂന്നി.!

നിശ്ചല സ്പടികമായ തടാക ജലത്തില്‍ പ്രതിഫലിച്ചു കണ്ട തന്റെ നിഴല്‍ച്ചിത്രമായിരിക്കണം, ആദ്യം അവനെ അത്ഭുതപ്പെടുത്തിയത്. ഒരു കയ്യാല്‍ തലോടുവാനും, മരുകയാല്‍ സംഹരിക്കുവാനും മുതിര്‍ന്ന പ്രകൃതി എന്നും അവനൊരത്ഭുതവും, വെല്ലുവിളിയുമായിരുന്നു. കാട്ടുതേനും, കാട്ടുകിഴങ്ങും, കനീയും, കുളിര്‍ ജലവും അവനെ പ്രലോഭിപ്പിച്ചപ്പോള്‍, കാറ്റും, കാട്ടുതീയും, പ്രളയവും, ഭൂകന്പവും അവനെ ഭയപ്പെടുത്തി. താന്‍ നിസ്സഹായനാണെന്നും, തന്റെ ജീവനും, അതിലൂടെ ജീവിതവും തനിക്കു ലഭിച്ച ഒരു ഔദാര്യമാണെന്നും ഉള്ള തിരിച്ചറിവ് അതിന് കാരണമായിത്തീര്‍ന്ന എന്തിനോടോ, ഏതിനോടോ ഉള്ള ധന്യവാദം എന്ന നിലയില്‍ ഒരു പ്രതിബദ്ധത അവനില്‍ വളര്‍ന്നു വരുന്നത് അവനറിഞ്ഞു.

ചിന്ത എന്ന സര്‍ഗ്ഗവ്യാപാരം അവന്റെ മനസ്സില്‍ സന്നിവേശിച്ചത് അങ്ങനെയാണ്. ചിന്ത അവന്റെ മനസ്സില്‍ സ്വപ്നങ്ങളുടെ ഒരു വലതന്നെ സൃഷ്ടിച്ചു. ഈ വലയാണ് അവന്‍ ഭാവിയുടെ ആഴങ്ങളിലേക്ക് വീശിയെറിഞ്ഞത്. ഫല മൂലാദികളുടെ കാലവും, ലഭ്യതയും അവന്‍ കണക്കു കൂട്ടി. കടുത്ത മഞ്ഞും, തണുപ്പുമുള്ള കാലത്തെ അവന്‍ വേര്‍തിരിച്ചു. നഗ്‌ന വിരലുകള്‍ കൊണ്ട് കിഴങ്ങുകള്‍ മാന്തിയപ്പോള്‍ അവന് വേദനിച്ചിരിക്കണം. അപ്രതീക്ഷിതമായി കണ്ടെത്തിയ ഒരു കൂര്‍ത്ത കല്ലിന്റെ ചലനം മാന്തല്‍ അവന് എളുപ്പമാക്കിക്കൊടുത്തിരിക്കണം. കടുത്ത തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ കത്തുന്ന തീയുടെ സാന്നിധ്യവും, കടുത്ത ആവരണമുള്ള പൊത്തുകളും അവനെ സഹായിച്ചിരിക്കണം

ആഹാരവും, പാര്‍പ്പിടവും (വസ്ത്രം എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ് വന്നത്) അവനെ തൃപ്തനാക്കിയില്ല. ആത്മാവിന്റെ ആഴങ്ങളില്‍ അലറുന്ന ഒരഭിനിവേശം അവനെ ഉണര്‍ത്തി. ഇണ. ഇണ എന്ന സമസ്യ പൂരിപ്പിക്കപ്പെട്ടതോടെ സവിശേഷമായ മനുഷ്യ വംശ മുന്നേറ്റത്തിന്റെ മഹത്തായ പടവുകളിലൂടെയുള്ള അനുസ്യൂതമായ പ്രയാണം ആരംഭിച്, സഹസ്രാബ്ദങ്ങളുടെ താള നിബദ്ധതയിലൂടെ ഈ മില്ലേനിയത്തിന്റെ ഇന്നുകളില്‍ ഒരു ശക്തി സത്തയായി നാം നില നില്‍ക്കുന്‌പോള്‍ അതിന് സഹായകമായിത്തീര്‍ന്ന മുന്നൊരുക്കങ്ങളോടുള്ള നന്ദിയും,പ്രതിബദ്ധതയുമായിട്ടാണ് നമ്മുടെ യാത്ര.

ഏതൊരു പ്രതിബദ്ധതയും ഒരു വേദനയാണ്. ഒരു നന്ദിവാക്കായി, ഒരു തല വണങ്ങലായി, ഒരു കീഴ്‌പ്പെടലായി അത് രൂപം മാറുന്‌പോള്‍ മാത്രമേ പ്രതിബദ്ധതയുടെ വേദന മനസ്സില്‍ നിന്ന് ഒഴിഞ്ഞു പോവുകയുള്ളു. ചിന്താ ശേഷിയുള്ള മനുഷ്യനില്‍ എവിടെയും, എക്കാലത്തും ഈ രീതി നില നിന്നിരുന്നതായിക്കാണാം. മനുഷ്യ വംശ പാരന്പരയുടെ മഹായാനങ്ങളില്‍ എവിടെയും കാലത്തിനും ദേശത്തിനും ഇണങ്ങും വിധത്തിലുള്ള ആരാധനാ സംപ്രദായങ്ങള്‍ രൂപപ്പെട്ടു വന്നത് ഇങ്ങിനെയാണ്. തനിക്കു വേണ്ടി നില്‍ക്കുന്ന, തന്നെക്കാള്‍ ശക്തനായ ഒന്നിനെ താണു വണങ്ങുന്‌പോള്‍ , തനിക്കനുഭവേദ്യമാകുന്ന ആത്മ സംതൃപ്തിയാണ് വ്യക്തി എന്ന നിലയില്‍ ഓരോ മനുഷ്യനും ഇതില്‍ നിന്നും കൊയ്‌തെടുക്കുന്ന റവന്യൂ.

സാമൂഹിക ജീവിതവും ഭാഷയും രൂപപ്പെട്ടു വന്നതോടെ ഈ സംപ്രദായങ്ങള്‍ക്ക് കാലികവും, ദേശികവുമായ ചട്ടക്കൂടുകള്‍ നിലവില്‍ വന്നു. ഓരോന്നും അതതു സാഹചര്യങ്ങളോട് ഇണങ്ങി നില്‍ക്കുന്ന വ്യത്യസ്തതകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് നടപ്പിലായപ്പോള്‍ ആണ് ആയിരക്കണക്കായ മതങ്ങളും , ജാതികളും, ഉപജാതികളും, ആരാധനാ സംപ്രദായങ്ങളുമായി നമ്മുടെ വര്‍ത്തമാനാവസ്ഥ രൂപപ്പെട്ടു വന്നിട്ടുള്ളതും, ചിലരെങ്കിലും ഇതൊരു ചൂഷണ മേഖലയാക്കി മാറ്റിത്തീര്‍ത്തതും.

ഇവരെ അംഗീകരിക്കുവാനോ, ആരാധിക്കുവാനോ നമുക്ക് ബാധ്യതയില്ല. നമ്മുടെ പ്രതിബദ്ധത യുഗ യുഗാന്തരങ്ങളായി നമ്മുടെ പിന്നില്‍ നിന്ന് നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നമ്മുടെ അഭ്യുദയാകാംഷിയായ ആ ശാക്തിക സംവിധാനത്തോടാണ്. ലോകത്താകമാനമുള്ള മനുഷ്യ പഥങ്ങള്‍ തങ്ങളുടെ ഭാഷയിലെ മനോഹര പദങ്ങള്‍ കൊണ്ട് അതിനു പേരുകള്‍ ചാര്‍ത്തിച്ചിട്ടുണ്ട്. നിങ്ങള്‍ക്കിഷ്ടമുണ്ടെങ്കില്‍ അതിലൊന്ന് സ്വീകരിക്കാം അതല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ട ശബ്ദം കൊണ്ട് അതിനെ അടയാളപ്പെടുത്താം. അതിനുള്ള ബാധ്യത നിങ്ങള്‍ക്കുണ്ട്. എന്തുകൊണ്ടെന്നാല്‍ അത് മൂലം നിങ്ങള്‍ ഉളവായി നില നില്‍ക്കുന്നു എന്നത് കൊണ്ട് തന്നെ?

വീണ്ടും ചോദ്യം. എന്താണ് ജീവിതം ? എന്തിനു വേണ്ടിയാണത് ? എന്താണ് അതുകൊണ്ട് നാം നേടുന്നത് ? ഇതിനുള്ള ഉത്തരം തേടലായിരുന്നു യുഗ യുഗാന്തരങ്ങളിലൂടെയുള്ള നമ്മുടെ അന്വേഷണ മഹായാനം. സഹസ്രാബ്ദങ്ങളുടെ പടിവാതിലുകളില്‍ ബുദ്ധനും, ക്രിസ്തുവും, നബിയും കൊളുത്തി വച്ച വിളക്കു മരങ്ങളില്‍ നിന്ന് നാം വെളിച്ചം ഏറ്റു വാങ്ങിയെങ്കിലും, ഈ വെളിച്ചങ്ങള്‍ക്കൊന്നിനും നമ്മുടെ അദമ്യമായ അന്വേഷണ ത്വരയുടെ അവസാന വാക്കായി നില്‍ക്കാന്‍ ഇന്നും സാധിച്ചിട്ടില്ല.?

ഇവരുടെ വാദമുഖങ്ങളെ വളച്ചൊടിച്ച അനുയായികള്‍ തന്നെ തങ്ങളുടേത് ശരിയും, അപരന്റേത് തെറ്റും എന്ന് വ്യാഖ്യാനിക്കുകയും, അതിനു വേണ്ടി വാളെടുക്കുകയും, പരസ്പരം കൊല്ലാന്‍ ഓങ്ങി നില്‍ക്കുകയും ചെയ്യുന്‌പോള്‍, ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന ചിന്താക്കുഴപ്പത്തില്‍ അകപ്പെട്ട് നിസ്സഹായരായി നില്‍ക്കുകയാണ് നമ്മള്‍ ?

സ്വപ്നങ്ങളുടെ അശ്വങ്ങളെ പൂട്ടിയ രഥത്തിലിരുന്ന് നാം മുന്നോട്ടു നോക്കുകയാണ്. അവസാനം എന്നൊന്ന് നാം കാണുന്നതേയില്ല. ഈ വഴി അനന്തമായി നീളുകയാണെന്നാണ് നമ്മുടെ ധാരണ. ഇതിനൊരവസാനമുണ്ടെന്നും, ആ അവസാനം അകലെയല്ലാ, അടുത്തു തന്നെയാണെന്നും നാം അറിഞ്ഞിരുന്നെങ്കില്‍ ആരെയും കീഴ്‌പ്പെടുത്തി എന്തും നേടുവാനുള്ള നമ്മുടെ അത്യാര്‍ത്തിക്ക് ഒരറുതി വരുമായിരുന്നു. നമുക്ക് ചുറ്റുമുള്ള സഹയാത്രികര്‍ അപ്രത്യക്ഷമാകുന്‌പോളും നമ്മള്‍ യാത്ര തുടരുകയാണ്. ഇനിയും അനേകമനേകം നാഴികക്കല്ലുകള്‍ പിന്നിടാനുണ്ടാന്നാണ് നമ്മുടെ ധാരണ.?

അവസാനം അകലെയാണെന്ന അവബോധമാണ് സ്വത്തു സന്പാദനത്തിന്റെ ആദ്യ പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചത്. നമുക്ക് വേണ്ടി ഉദിക്കാനിരിക്കുന്ന നാളെകളിലേക്കുള്ള കരുതലാണ് സ്വത്തു സന്പാദന വ്യവസ്ഥക്ക് തന്നെ വിത്ത് പാകിയത്. ആവുന്നിടത്തോളം അനര്‍ഹമായിത്തന്നെ നാം വാരിക്കൂട്ടിയപ്പോളാണ് പലേടത്തും, പലര്‍ക്കും ഒന്നും കിട്ടാതെ പോയത്. സമൃദ്ധിയും, ദാരിദ്ര്യവും വന്നത് അങ്ങിനെയാണ്. ഇവകളെ താങ്ങി നിര്‍ത്തുന്ന ചിന്താ ധാരകളിലാണ് കാപ്പിറ്റലിസവും, സോഷ്യലിസവുമൊക്കെ വേര് പിടിച്ചു വളര്‍ന്നത്. ?

സാമൂഹ്യ സമത്വത്തിനുള്ള ഉള്‍വിളികളാണ് പ്രവാചകരെയും, വിപ്ലവകാരികളെയും എഴുന്നേല്‍പ്പിച്ചത്. കണ്‍ഫ്യൂഷ്യസും, സോക്രട്ടീസും, ബുദ്ധനും, ക്രിസ്തുവും നബിയും,കാറല്‍ മാര്‍ക്‌സും ഈ നിരയില്‍ തെളിഞ്ഞു കത്തി നിന്നു. അവരുടെ തന്നെ അനുയായികള്‍ അവര്‍ പറഞ്ഞതൊക്കെ മറന്നു കൊണ്ട്, സ്വന്തം മാളത്തില്‍ നിറച്ചു വച്ച സാമൂഹ്യ സന്പത്തിന്റെ പെരുപ്പത്തില്‍ പുളച്ചുകൊണ്ട് മാന്യതയുടെ മുഖം മൂടിയണിഞ് ഭരണത്തില്‍ പങ്കാളികളായി അധികാരം കയ്യാളുന്നു ! ?

എനിക്കാവശ്യമുള്ളതും, അവകാശപ്പെട്ടതും മാത്രം ഞാനെടുത്തിരുന്നുവെങ്കില്‍, ഞാനറിയാതെയും, ഞാന്‍ കൊടുക്കാതെയും തന്നെ അപരന്റെ കാലിപ്പാത്രത്തില്‍ അപ്പക്കഷണങ്ങള്‍ വീഴുമായിരുന്നു എന്ന് ഞാന്‍ അറിഞ്ഞിരിക്കണം. ഇതാണ്, ഇതായിരിക്കണം പുതിയ കാലത്തിന്റെ സുവിശേഷം .

പക്ഷെ, എന്റെ സുഖം. എന്റെ സുരക്ഷ. അതാണെനിക്ക് പരമ പ്രധാനം. അപരനെ ആര്‍ക്കു വേണം ?അവന്റെ കാലിപ്പാത്രത്തെപ്പറ്റി ചിന്തിക്കുവാന്‍ ആര്‍ക്കു നേരം?

അപരനെ ചവിട്ടി മെതിച്ചു മുന്നേറുന്‌പോളും നമ്മുടെ കക്ഷത്തില്‍ നാം കരുതലോടെ ഇറുക്കിപ്പിടിക്കുന്ന ഒന്നുണ്ട്. നിന്നേപ്പോലെ നിന്റെ അയല്‍ക്കാരനെയും കരുതണം എന്ന് പഠിപ്പിക്കുന്ന ബൈബിള്‍. അല്ലെങ്കില്‍, ലോകാ സമസ്താ, സുഖിനോ ഭവന്തു എന്നെഴുതി വച്ച വേദം. ചിലപ്പോളെങ്കിലും, അവ താഴെയിട്ടുകൊണ്ട് ഉയരങ്ങളിലേക്ക് ചവിട്ടിക്കയറാനുള്ള ചവിട്ടു പടികളായി കൂടി അവ ദുരുപയോഗപ്പെടുത്തുക വഴി മഹത്തായ ആ സിദ്ധാന്തങ്ങളെ ആക്ഷേപിക്കുകയും, അപമാനിക്കുകയുമാണ് നമ്മള്‍ ?

വീണ്ടും ചോദ്യം. എന്തിന് ? എന്തിനീ ഓട്ടം ? ഉത്തരം തേടാന്‍ ആരും നില്‍ക്കുന്നില്ല.ഓടുകയാണ്. മുഖപ്പട്ട കെട്ടിയ കുതിരയെപ്പോലെ ഓടുകയാണ്. വശങ്ങളിലേക്ക് നോക്കുന്നതേയില്ല. ഒരുവേള നോക്കിയിരുന്നെങ്കില്‍, ഒരു നിമിഷം നിന്നിരുന്നെങ്കില്‍, എങ്കില്‍ ചരിത്രം മറ്റൊരു തലത്തിലേക്ക് തലകുത്തി വീഴുമായിരുന്നിരിക്കണം !

അമേരിക്കന്‍ സെമിത്തേരികളിലൊന്നില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ശിലാ ഫലകങ്ങളിലൊന്നില്‍ ഇങ്ങനെ എഴുതിയിരുന്നു :

“ആല്‍ബര്‍ട്ട് ഗോണ്‍സാല്‍വസ്. രണ്ടാം ലോക മഹാ യുദ്ധത്തിലെ മുന്നണിപ്പോരാളി. സഖ്യ കക്ഷികളുടെ മുന്നേറ്റത്തില്‍ ശത്രു പക്ഷത്തെ പതിനായിരങ്ങളെ ഒറ്റക്ക് വധിച്ച ധീര സേനാനി.”

സേനാനിക്ക് ഇന്ന് ഒന്നുമില്ല. കണ്ണും, മൂക്കും, കയ്യും, കാലും തലയും, തൊലിയും ഒന്നും. അസ്ഥിയുടെ ഒരു കഷ്ണം പോലുമില്ല. എല്ലാം മണ്ണ്. തല ഭാഗത്തെ മണ്ണില്‍ ആരോ കുത്തി നിര്‍ത്തിയ ഈ ശിലാ ഫലകം മാത്രം.!

ഒന്നുകൂടി കണ്ണോടിച്ചാല്‍…..ഹാ,..ഹാ…ഭയങ്കരം. കല്ലിനെപ്പിളര്‍ക്കുന്ന കല്പനകളിറക്കിയ ചക്രവര്‍ത്തിമാര്‍, അനശ്വര പ്രേമത്തിന്റെ അതുല്യ ഗായകരായ യുവ മിഥുനങ്ങള്‍, ഒരു കാലഘട്ടത്തിന്റെ സൗന്ദര്യ സങ്കല്പങ്ങളായി കത്തി നിന്ന ലാവണ്യവതികള്‍, ആ കടക്കണ്ണിലെ ഒരു ചലനത്തിന് ഒരു ലോകത്തെത്തന്നെ കൈവെള്ളയില്‍ നിര്‍ത്താന്‍ കഴിഞ്ഞ സൗന്ദര്യത്തിടന്പുകള്‍, താടിരോമങ്ങള്‍ തടവിയുറങ്ങിയ ബുദ്ധിജീവികള്‍, കവികള്‍, കലാകാരന്മാര്‍, കത്തനാരന്മാര്‍, മെത്രാപ്പോലീത്താമാര്‍, പോപ്പുമാര്‍, സ്വാമിമാര്‍, സൂഫിമാര്‍, ലാമമാര്‍ …എല്ലാവരും ഉറങ്ങുന്നു; അവരുടേതായി ഒന്നുമില്ലാതെ. ആരോ നാട്ടിയ കല്ലില്‍ കോറിയിട്ട പേരിന്റെ ഒറ്റ ബലത്തിന്മേല്‍ ?

ഇനി ഇവയില്‍ നിന്ന് വേര്‍പെട്ടു നില നില്‍ക്കുന്ന ആത്മാവുകള്‍

ഉണ്ടെന്നാണോ ? മയ്യഴിയിലെ മുത്തശ്ശി കുറന്പിയമ്മ കാണും പോലെ (എം. മുകുന്ദന്‍ )അങ്ങകലെ വെള്ളാരം കല്ലില്‍ പാറിപ്പറക്കുന്ന വര്‍ണ്ണത്തുന്പികളായി അവ നില നില്‍ക്കുന്നുണ്ടോ? അല്ലെങ്കില്‍, രാത്രി മാനത്തെ നക്ഷത്രത്തിളക്കങ്ങളായി അവ കണ്ണുകള്‍ ചിമ്മുന്നുണ്ടോ? പുനര്‍ ജന്മത്തിന്റെ പുകമറക്കാട്ടില്‍ കാളയും, കഴുതയുമായി അവ ഭാരം ചുമക്കുന്നുണ്ടോ?

‘അന്ത്യകൂദാശക്കച്ചന്‍
വന്നപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ
പോന്‍ താക്കോല്‍ കിട്ടിപ്പോയെ
ന്നാശ്വസിച്ചവര്‍ നമ്മള്‍ ‘ (വയലാര്‍ )

എന്ന പരിവേദനത്തോടെ ഏതെങ്കിലും കരിമ്പന ചുവട്ടില്‍ പ്രേതങ്ങളായി അവ അലഞ്ഞു തിരിയുന്നുണ്ടോ?

അറിയില്ല. ഒന്നുമറിയില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ ഈ വരികളെഴുതുന്ന ഞാനെന്ന ഞാനാകുന്നു ഞാനെന്ന് എന്റെ ആത്മാവ് തിരിച്ചറിയുന്നുണ്ടോ? ഉണ്ടെങ്കില്‍ ഇതുപോലെ കുത്തിക്കുറിക്കാന്‍ എനിക്കൊരു പേനയും കടലാസും കിട്ടുമോ? ഓ! ഒരു കാര്യം മറന്നു. ആത്മാവിനു കണ്ണുണ്ടോ ? കൈയുണ്ടോ? ശരീരമില്ലാത്ത അവസ്ഥയാണല്ലോ ആത്മാവ്. ശരീരമില്ലെങ്കില്‍ ഈ ആത്മാവിന്റെ ഉപയോഗമെന്ത് ? കണ്ണില്ലെങ്കില്‍ ഞാനെന്നെത്തന്നെ തിരിച്ചറിയുന്നതെങ്ങിനെ? ചുണ്ടില്ലെങ്കില്‍ ഞാനൊന്ന് ചുംബിക്കുന്നതെങ്ങിനെ? വായില്ലെങ്കില്‍ ഞാനൊന്ന് ശബ്ദിക്കുന്നതെങ്ങിനെ? മെത്രാനച്ചനെ കണ്ടു മുട്ടുകയാണെങ്കില്‍, ആ കൈയൊന്നു മുത്തി ഒരു നൂറു ഡോളര്‍ കൊടുക്കുന്നതെങ്ങിനെ? ഓ! വീണ്ടും മറന്നു. കൊടുത്താല്‍ത്തന്നെ അദ്ദേഹത്തിന്റെ ആത്മാവിനും അത് വാങ്ങാനുള്ള കൈയും ഇടാനുള്ള കീശയുമൊന്നും ഇല്ലല്ലോ?

അപ്പോള്‍ ആത്മാവുണ്ടെങ്കില്‍ അതിനെക്കൊണ്ട് ഒരുപയോഗവുമില്ലെന്നാണോ മനസ്സിലാക്കേണ്ടത് ? എങ്കില്‍ ആത്മാവിന്റെ സംരക്ഷകര്‍ ചമഞ് പണം പിരിക്കുന്നവരെ അതൊന്നവസാനിപ്പിക്കുവാന്‍ പ്രേരിപ്പിക്കാമോ?

പദാര്‍ത്ഥങ്ങളുടെ ഘടനാ വിഘടനാ പ്രിക്രിയയിലെ വര്‍ത്തമാനാവസ്ഥയാണ് പ്രപഞ്ചമെങ്കില്‍, ഈ വര്‍ത്തമാനാവസ്ഥയിലെ ചലിക്കുന്ന പ്രപഞ്ച വസ്തുക്കളാണ് നമ്മളും എന്ന് സമ്മതിക്കാമോ? സമ്മതിക്കാമെങ്കില്‍, ഞങ്ങളും, നിങ്ങളും തമ്മില്‍ വ്യത്യാസമില്ലെന്നും, ഒരേ കാലഘട്ടത്തില്‍ കത്തിനില്‍ക്കാന്‍ അവസരം ലഭിച്ചതിന്റെ പേരില്‍ നമ്മള്‍ നല്ല സുഹൃത്തുക്കളാണെന്നും, ഒരാള്‍ മറ്റൊരാളുടെ മേല്‍ യാതൊരു കോയ്മയും അടിച്ചേല്‍പ്പിക്കുന്നത് കടുത്ത കുറ്റമാണെന്നും സമ്മതിക്കാമോ?

മനുഷ്യര്‍ ! നമ്മളൊരു വര്‍ഗ്ഗമാണ്. ഒരുപോലെ ആഹരിക്കുന്നു, നീഹാരിക്കുന്നു, ഇണ ചേരുന്നു, കുട്ടികളെ പ്രസവിച്ചു വളര്‍ത്തുന്നു. ഇവിടെ നീ എന്റെ യജമാനന്‍ ആകുന്നതെങ്ങനെ ചങ്ങാതീ? അതിനുള്ള അധികാരം നിനക്കാര് തന്നു? ഏതെങ്കിലും തരത്തില്‍ നീ എന്നേക്കാളോ, ഞാന്‍ നിന്നേക്കാളോ വലുതാണെന്ന് ചിന്തിച്ചാല്‍ പിന്നെ നാം യഥാര്‍ത്ഥ മനുഷ്യരല്ല ; ചൂഷകരാണ്. സത്യാന്വേഷി മണല്‍ത്തരിയെക്കാള്‍ വിനീതനാണ് എന്ന് ഗാന്ധിജി പറഞ്ഞു വച്ചത് ഇത് ചിന്തിച്ചിട്ടാവും !

വീണ്ടും തികട്ടി വരുന്ന ചോദ്യം. എന്താണ് ജീവിതം? എന്തിനാണ് ജീവിതം ? മുട്ടക്കാരന്‍ വര്‍ക്കിച്ചേട്ടന്റെ മുട്ടായുക്തിയില്‍ പൊതിഞ്ഞ ഒരുത്തരമേ അതിനുള്ളു. വെറുതെയുള്ള ഒരു നഷ്ടക്കച്ചവടം. എന്തിനോ, ഏതിനോ വേണ്ടി. ഒരു പത്തു വര്ഷം, അതിന്റെ പാട്.

മുട്ടക്കച്ചവടക്കാരനാണ് വര്‍ക്കിച്ചേട്ടന്‍. നാട്ടിന്‍പുറത്തെ വീട്ടമ്മമാരില്‍ നിന്ന് ശേഖരിക്കുന്ന മുട്ടകള്‍ തലച്ചുമടായി പട്ടണത്തില്‍ എത്തിച്ചു വിറ്റിട്ടാണ് വര്‍ക്കിച്ചേട്ടന്‍ പുലരുന്നത്. വളരെക്കാലം ഈ ബിസിനസ് ചെയ്തിട്ടും ഒരു പുരോഗതിയും വര്‍ക്കിച്ചേട്ടനുണ്ടായില്ല. കാലങ്ങളായി കട്ടില്‍ക്കോലില്‍ തളര്‍ന്നു കിടക്കുന്ന ഭാര്യ. സ്ഥിരബുദ്ധി നഷ്ടപ്പെട്ട് കിട്ടുന്നതെല്ലാം പള്ളി ഭണ്ടാരങ്ങളില്‍ നേര്‍ച്ചയിട്ടു നടക്കുന്ന മകന്‍ കുട്ടപ്പായി.

വയസ്സായി എല്ലും, തൊലിയുമായി അല്‍പ്പം ആസ്മാ വലിവോടെ മുട്ടക്കോട്ടയും ചുമന്നു പോകുന്ന വര്‍ക്കിച്ചേട്ടനോട് പരിചയക്കാര്‍ സഹതപിക്കും :

“വര്‍ക്കിച്ചേട്ടാ, വയസ്സായിട്ടും ഈ പണി ?”

ഉടന്‍ വര്‍ക്കിച്ചേട്ടന്‍ ഒരു ചിരിയാണ്. ചിരിയെന്നു പറഞ്ഞാല്‍ അത് ചിരിയല്ല. കരച്ചിലുമല്ല. ഇതിനു രണ്ടിനും ഇടയിലുള്ള ഒരു ഓലിയിടല്‍ എന്ന് വേണമെങ്കില്‍ പറയാം. നിസ്സംഗതയിലുള്ള ഒരു പൊട്ടിച്ചിരിയായിട്ടാണ് തുടക്കം. ഇടയ്ക്ക് ശ്വാസം കിട്ടാതെ ഏങ്ങി വീര്‍പ്പു മുട്ടി ഒരു കരച്ചില്‍ പോലെ അതവസാനിക്കുന്നു. ജീവിതത്തിലെ മുഴുവന്‍ ദുരന്തവും ഈ ചിരിയില്‍ ആവിഷ്കരിക്കുന്ന ഈ സാധു മനുഷ്യന്‍ എനിക്കേറെ പ്രിയപ്പെട്ടവനായിരുന്നു. (ഇത്തരക്കാരായിരുന്നു എന്റെ സുഹൃത്തുക്കള്‍ ) ഓരോ ചിരിയുടെയും അവസാനം തെറിക്കുന്ന മുറുക്കാന്‍ തുപ്പല്‍ പുറം കൈയാല്‍ തുടക്കുന്നതിനിടയില്‍ നിസ്സംഗതയോടെ വര്‍ക്കിച്ചേട്ടന്‍ പ്രതികരിക്കും : ” ഓ! പത്തു വര്‍ഷത്തെ പാടല്ലേയുള്ളു ?”

എന്താണീ പത്തു വര്ഷം എന്ന് കേള്‍വിക്കാര്‍ സന്ദേഹിച്ചാല്‍ വര്‍ക്കിച്ചേട്ടന്‍ അതിനുള്ള മറുപടി നല്കുന്നതിങ്ങനെയാണ് :
ഒരാള്‍ എണ്‍പതു വര്ഷം ജീവിച്ചിരിക്കുന്നു എന്ന് കരുതുക. അതില്‍ പകുതിയായ നാല്‍പ്പതു വര്ഷം രാത്രിയാണ്. ഉറങ്ങി തീര്‍ന്നു പോകും. ബാല്യ കൗമാരങ്ങളിലായി ആദ്യത്തെ പതിനഞ്ചു വര്ഷം ഒന്നുമറിയാതെ കടന്നു പോകും. അറുപത്തഞ്ചു മുതല്‍ എണ്‍പതു വരെയുള്ള അവസാനത്തെ പതിനഞ്ചു വര്‍ഷവും ഏകദേശം ഒന്നുമറിയാതെ തന്നെ കടന്നു പോകും. ഇങ്ങനെ നാല്‍പ്പതില്‍ മുപ്പതും കഴിഞ്ഞുള്ള പത്ത്. അതാണ് ജീവിക്കാന്‍ കിട്ടുന്ന പത്തു വര്ഷമെന്നും, അതിന്റെ പാടല്ലേയുള്ളു ( കഷ്ടപ്പാട് ) എന്നുമാണ് വര്‍ക്കിച്ചേട്ടന്റെ മുട്ടായുക്തി.

പൊരിവെയിലത്ത് മുട്ടക്കുട്ടയും പേറി നടന്നു പോയ വര്‍ക്കിച്ചേട്ടന്‍ ഒരു ദിവസം കാലിടറി വീണു. റോഡില്‍ വീണു പൊട്ടി പരന്നൊഴുകുന്ന തന്റെ ജീവിത സന്പാദ്യം നോക്കി ഒരുനിമിഷം വര്‍ക്കിച്ചേട്ടന്‍ വിഷണ്ണനായി നിന്നു. പിന്നെ കാലിക്കൂട്ട വലിച്ചെടുത്ത്, ഒലിച്ചിറങ്ങിയ കണ്ണീര്‍ചാലുകള്‍ രണ്ടാം മുണ്ടു കൊണ്ട് തുടച്ചെടൂത്ത് തിരിഞ്ഞു നടക്കുന്‌പോള്‍ വര്‍ക്കിച്ചേട്ടന്‍ പിറുപിറുക്കുന്നുണ്ടായിരുന്നു :

” ഓ! പത്തു വര്‍ഷത്തെ പാടല്ലേയുള്ളു?”

ജീവിതം ! സാഹചര്യങ്ങളുടെ പെരുവഴിയോരങ്ങളില്‍ സ്വപ്നങ്ങളുടെ മുട്ടക്കുട്ടയും പേറിയുള്ള ഈ യാത്ര. ഒരിക്കല്‍ കാലിടറി തളര്‍ന്നു വീഴുന്‌പോള്‍, കാലിയാവുന്ന മനസിന്റെ കാലിക്കുട്ടയില്‍ നിറച്ചെടുക്കാന്‍ സാന്ത്വനത്തിന്റെ സാളഗ്രാമങ്ങള്‍ എങ്ങാണ് ? എവിടെയാണ് നമുക്ക് ലഭ്യമാവുക ?


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top