പതിനഞ്ചാം വയസ്സില്‍ സന്യാസിനിയാകാന്‍ വീടുവിട്ടിറങ്ങിയതാണ് എന്റെ പെങ്ങള്. കഴിഞ്ഞ 22 വര്‍ഷമായി നോര്‍ത്തിന്ത്യയില്‍ മിഷനറിയായി അവള് സന്തോഷത്തോടെ ശുശ്രൂഷ ചെയ്യുന്നു. അവള് തെരഞ്ഞെടുത്ത ശ്രേഷ്ഠമായ വിളിയെ കുറിച്ച് ഞങ്ങള്‍ക്കെന്നും – ഇപ്പോഴും – അഭിമാനമേയുള്ളൂ. നാളിതുവരെ മഠത്തിനുള്ളിലെ അവളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്ക തോന്നിയിട്ടില്ല. അന്യമതങ്ങളിലെ തീവ്രസംഘടനകളാല്‍ ആക്രമിക്കപ്പെടുമോ എന്നു പേടിക്കേണ്ട ഇടങ്ങളിലാണവള്‍ സേവനം ചെയ്യുന്നത്. എങ്കിലും, അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ഭാരതസഭ മുഴുവന്‍ അവളുടെ കൂടെ ഉണ്ടാകും എന്ന ഉറപ്പ് എനിക്കുണ്ട്. ജാബുവയിലും കാണ്ടമാലിലും ഞാനത് കണ്ടതാണ്. അവിടെ പീഡിപ്പിക്കപ്പെട്ട സന്യാസിനികളില്‍ എന്റെ പെങ്ങളുടെ മുഖം കണ്ടു, പ്രതിഷേധ സമരത്തില്‍ ഞാനും പങ്കു ചേര്‍ന്നതാണ്.
ഇന്ത്യയിലെ 270 ലേറെ വരുന്ന കത്തോലിക്കാ ബിഷപ്പുമാരില്‍ ഒരാള്‍ മാത്രമായ ജലന്തര്‍ ബിഷപ്പോ ഒരു ലക്ഷത്തോളം വരുന്ന സന്യാസിനിമാരില്‍ ഒരാള്‍ മാത്രമായ കുറവിലങ്ങാട് കന്യാസ്ത്രീയോ തെറ്റ് ചെയ്തതിന്റെ പേരില്‍ സഭയെയും സന്യാസത്തെയും വിമര്‍ശിക്കാന്‍ മാത്രം ഞാന്‍ മണ്ടനല്ല. പക്ഷേ, കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ മെത്രാന്മാരുടെയും കൂട്ടായ്മയായ കെസിബിസിയും ഭാരത മെത്രാന്മാരുടെ സംഘടനയായ സിബിസിഐയും പുറപ്പെടുവിച്ച പ്രതികരണങ്ങള്‍ കാണുമ്പോള്‍… കേരളത്തിലെ പ്രമുഖ സന്യാസിനീ സഭകളിലെ പ്രതിനിധികള്‍ എഴുതിയ കുറിപ്പുകള്‍ വായിക്കുമ്പോള്‍… എന്റെ മനസ്സില്‍ ഒരു പിടി ആകുലതകള്‍ ഉയരുന്നുണ്ട്; പ്രത്യേകിച്ച് കുറവിലങ്ങാട്ട് കന്യാസ്ത്രീയുടെ സ്ഥാനത്ത് എന്റെ പെങ്ങളെ സങ്കല്പിക്കുമ്പോള്…. അവര്‍ പറയുന്നത് ശരിയാവാനുള്ള വിദൂരസാധ്യതയെങ്കിലും ഉണ്ടല്ലോയെന്ന് ഓർക്കുമ്പോള്‍.
അഭിവന്ദ്യ പിതാക്കന്മാരോട്
മെത്രാന് സമിതികള്‍ പറയുന്നു: ‘ആരാണ് ഇരയെന്ന് ഞങ്ങള്‍ക്കറിയില്ല. നിയമസംവിധാനം അത് കണ്ടെത്തിക്കഴിയുമ്പോള്‍ അപരാധിക്കു ശിക്ഷയും ഇരയ്ക്കു സംരക്ഷണവും ഞങ്ങള്‍ നല്‍കും.’ ഈ വാക്ക് പാലിക്കപ്പെടുമെന്ന് ഞാന്‍ നൂറു ശതമാനവും വിശ്വസിക്കുന്നു. എങ്കിലും എന്റെ മനസ്സില്‍ ചില ചോദ്യങ്ങളുണ്ട്: കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ അപരാധിയെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത ഈ സന്യാസിനിയുടെ കൂടെ നില്‍ക്കാനുള്ള ഉത്തരവാദിത്വം ആര്‍ക്കാണ്? സന്യാസിനി പിഴച്ചതാണെങ്കിലും പീഡിപ്പിക്കപ്പെട്ടതാണെങ്കിലും അത് തെളിയിക്കപ്പെടുന്നതുവരെ അവളുടെ കൂടെ ആയിരിക്കേണ്ടത്, ഒരിക്കല്‍ ഉപേക്ഷിച്ചുപോന്ന വീട്ടുകാര്‍ മാത്രമാകുന്നതെങ്ങനെ? അപരാധിയെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത സന്യാസിനിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സഭാസംവിധാനങ്ങളൊന്നും കൂടെയില്ലാതിരിക്കേ, നിരപരാധിയെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത മെത്രാന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സഭയിലെ അധികാരവും സമ്പത്തും സംവിധാനങ്ങളും നിര്‍ലോഭം വിനിയോഗിക്കാന്‍ കഴിയുന്നതിന്റെ ന്യായമെന്താണ്?
പോലീസ് അന്വേഷണത്തിന്റെ റിസല്‍ട്ട് അനുസരിച്ചേ സഭ പോലും ഇനി സന്യാസിനിയുടെ കൂടെയുണ്ടാകൂ. ആ അന്വേഷണം നീതിയുക്തമല്ല എന്ന തോന്നലുണ്ടായാല്‍ ഒരു ഇന്ത്യന്‍ പൗര എന്ന നിലയില്‍ അവര്‍ക്ക് പ്രതിഷേധിച്ചുകൂടെ? സഭയുടെ അവകാശങ്ങള്‍ക്കുവേണ്ടി സര്‍ക്കാരിനെതിരെ കുപ്പായമിട്ട് സമരത്തിന് ഇറങ്ങിയിട്ടുള്ള സന്യാസിനികള്‍ക്ക്, സ്വന്തം അവകാശത്തിനുവേണ്ടി കുപ്പായമിട്ട് സമരത്തിന് ഇറങ്ങാന്‍ അവകാശമില്ലേ? സന്യാസിനി കുറ്റവാളിയെന്ന് പറയുന്ന മെത്രാന്റെ കൂടെ നില്ക്കുന്നവര് സഭാസ്നേഹികളും, മെത്രാന് കുറ്റവാളി എന്നു പറയുന്ന സന്യാസിനിയുടെ കൂടെ നില്ക്കുന്നവര് സഭാവിരോധികളും ആകുന്നതെങ്ങനെ? സര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ ഒറ്റയ്ക്കായിപ്പോയ സന്യാസിനിമാരെ സഭാവിരുദ്ധശക്തികള്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, അതിനിടയാക്കാതെ കൂടെ നില്ക്കുന്ന സഭാവിശ്വാസികള്‍, മാവോയിസ്റ്റുകള്‍ ആകുന്നതെങ്ങനെ?
കുറ്റവാളികള്‍ എന്ന് നിശ്ചയിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കു കാരുണ്യമേകാന്‍ ‘ജയില്‍ മിനിസ്ട്രി’യുള്ള സഭയില്‍, അപരാധിയെന്ന് വിധിക്കപ്പെട്ടിട്ടില്ലാത്ത സന്യാസിനിയോട് കരുണ കാണിക്കുന്നവര്‍ ‘വിമതര്‍’ ആകുന്നതെങ്ങനെ? മക്കളെ വിശ്വാസത്തില്‍ വളര്‍ത്തി സന്യാസിനികളാകാന്‍ പറഞ്ഞയച്ച് ഉത്തമ ക്രിസ്ത്യാനികളെന്ന് പേരെടുത്ത കുടുംബം, ആ മക്കളോടൊപ്പം നീതിക്കുവേണ്ടി സമരം ചെയ്യുന്നതിന്റെ പേരില്‍ സഭാ ശത്രുക്കളായി മാറുന്നതെങ്ങനെ?
സഭാംഗങ്ങള്‍ക്ക് പരസ്പരം പരാതിയുണ്ടെങ്കില്‍ സഭയെ സമീപിക്കണം എന്നാണ് ബൈബിളില്‍ ഞാന്‍ വായിച്ചിരിക്കുന്നത്. ഒരു സന്യാസസഭയിലെ ഏറ്റവും ഉയര്‍ന്ന അധികാരിക്കെതിരെ താഴെയുള്ളവര്‍ക്ക് പരാതിയുണ്ടായാല്‍, നീതി ഉറപ്പുവരുത്താന്‍ സഭയില്‍ ഒരു സംവിധാനമുണ്ടോ? ഉണ്ടെങ്കില്‍, അതെന്തേ ഈ സന്യാസിനിയുടെ കാര്യത്തില്‍ ഇടപെട്ടില്ല? ഒരു മെത്രാന്റെ കീഴില്‍ വരുന്ന സന്യാസിനീ സഭയുടെ അധികാരികള്‍, അതേ മെത്രാനെതിരെയുള്ള പരാതി അന്വേഷിച്ച് തീര്‍പ്പു കല്പിക്കുന്നതിന്റെ സാംഗത്യമെന്താണ്? ഒരു സന്യാസിനീ സമൂഹത്തിന് അതിനുള്ളില്‍തന്നെ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളുണ്ടായപ്പോള്‍, അതില്‍ ഇടപെടാന്‍ CRI പോലുള്ള സംവിധാനങ്ങള്‍ക്ക് പോലും കഴിയാഞ്ഞതെന്താണ്?
ഒന്നര വര്‍ഷമായി സഭയിലെ വിവിധ മെത്രാന്മാരെയും സംവിധാനങ്ങളെയും പരാതിയുമായി ഈ സന്ന്യാസിനി സമീപിച്ചിരുന്നു എന്നത് പോലീസ് ശരിവയ്ക്കുന്നുണ്ട്. ലൈംഗിക പീഡനം എന്നു പറഞ്ഞില്ല എന്ന അഭിവന്ദ്യ മെത്രാന്മാരുടെ മൊഴി വിശ്വസിക്കാന്‍ തയ്യാറാണ്. അപ്പോഴും ആ രൂപതക്കുള്ളില്‍ പരിഹരിക്കാനാവാത്ത ഗൗരവമുള്ള പ്രശ്നമുണ്ടെന്നു മനസ്സിലാക്കി ഇടപെടാന്‍ തോന്നാഞ്ഞതെന്താണ്? കുറഞ്ഞ പക്ഷം, നൂറില്‍ താഴെ മാത്രം അംഗങ്ങളുള്ള ഒരു സന്യാസ സഭയില്‍ നിന്ന് 20 പേര് സമീപകാലത്ത് വിട്ടുപോയി എന്നത് ഗൗരവമുള്ളതല്ലായിരുന്നോ? സ്വന്തം അധികാരപരിധിയില്‍ പെടുന്നതല്ല എന്ന പിതാക്കന്മാരുടെ ന്യായവും അംഗീകരിക്കാം. അപ്പോഴും ക്രീസ്തീയ സാഹോദര്യവും അനുകമ്പയും പോലും, ബന്ധപ്പെട്ടവരോട് സംസാരിക്കാന്‍ പ്രചോദനമാകാഞ്ഞതെന്ത്? ഔദ്യോഗിക അധികാരത്തിന്റെ പേരിലല്ലാലോ വൈദികരോ സന്യാസിനികളോ കുടുംബ വഴക്കുകളില്‍ മധ്യസ്ഥരാകുന്നത്? ലൈംഗിക പീഡനമെന്ന് വ്യക്തമായി രേഖപ്പെടുത്തി സഭയ്ക്കുള്ളില്‍ സന്യാസിനി പരാതിപ്പെട്ടിട്ടും ഇപ്പോള്‍ ആറു മാസത്തിലേറെയായി. അന്വേഷണം നടത്തുമെന്ന ഉറപ്പു പോലും ഇതുവരെ അവര്‍ക്കു കിട്ടാഞ്ഞതെന്താണ്? സത്യമറിയാന്‍ ആവശ്യമായ ഒരു നടപടിയും കൈകൊള്ളാതെ, ‘സത്യമെന്തെന്നറിയാതെ എങ്ങനെ നിലപാടെടുക്കും’ എന്ന കൈ കഴുകല്‍ ക്രിസ്തീയമാണോ? ഞങ്ങര്ക്കാരും പരാതി തന്നില്ല എന്നു പറഞ്ഞൊഴിയാന്‍, സഭാസമിതികള്‍ക്ക് രാഷ്ട്രീയച്ചായ്വുള്ള വനിതാ കമ്മീഷന് നിലവാരമേയുള്ളോ? സന്യാസിനികള്ക്കെതിരെയും കുടുംബത്തിനെതിരെയും പോലീസില്‍ പരാതിപ്പെട്ട മെത്രാന് ശരിയും, അതന്വേഷിച്ചു പോലീസെത്തിയപ്പോള്‍ സഭയ്ക്കുള്ളിലെ കാത്തിരിപ്പവസാനിപ്പിച്ച് കേസു കൊടുത്ത സന്യാസിനി തെറ്റുമാകുന്നതെങ്ങനെ? പ്രശ്നങ്ങള്‍ ഉണ്ടെന്നറിഞ്ഞിട്ടും വ്യക്തിപരമായ ബുദ്ധിമുട്ടൊഴിവാക്കാന്‍ സമയോജിതമായി ഇടപെടാന്‍ മടിച്ച നേതൃത്വമല്ലേ സഭയെ കൂടുതല്‍ നാണക്കേടിലാക്കിയത്?
പ്രിയമുള്ള സഹോദരിമാരോട്
കുറവിലങ്ങാട്ടെ സന്യാസിനി അംഗമായ മിഷണറീസ് ഓഫ് ജീസസിന്റെ നിരവധി പ്രസ്താവനകള്‍ കണ്ടു. നിങ്ങളുടെ നിസ്സഹായാവസ്ഥ മനസ്സിലാകുന്നതുകൊണ്ട് ഒന്നും പറയാനില്ല. എങ്കിലും, ഒരു സഹസന്യാസിനിയെ കുറിച്ചുള്ള പ്രസ്താവനകള്‍ക്ക്, അവള് തെറ്റുകാരിയാണെന്ന് നിങ്ങള്‍ക്കുറപ്പുണ്ടെങ്കില്‍ പോലും, കുറേക്കൂടി നിലവാരമുണ്ടായിരുന്നെങ്കില്‍ എന്നു വെറുതെ മോഹിച്ചു പോകുന്നു. പി.സി. ജോര്‍ജിന്റെയും കെന്നഡി കരിമ്പിന്കാലയുടെയും മറ്റും നിലവാരത്തില്‍ പ്രതികരിക്കേണ്ടയാളല്ലല്ലോ ഒരു സന്യാസിനീസഭയുടെ വക്താവ്.
ഈ വിഷയത്തില്‍ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചു പോകരുത് എന്ന ജനറാളമ്മയുടെ നിര്‍ദ്ദേശം പോലും അവഗണിച്ച്, ബെന്യാമിന്റെ അതിതീവ്രനിലപാടിനെ വിമര്‍ശിച്ച സി എം സി സിസ്റ്ററിന് അഭിനന്ദനം. കിട്ടിയ അവസരം ഉപയോഗിച്ച് സന്യാസത്തെ അവമതിക്കാന്‍ ശ്രമിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി എത്തിയ മറ്റ് സന്യാസിനികളോടും ബഹുമാനം. നിങ്ങളുടെ കാഴ്ചപ്പാടുകളെ ഞാനും ശരിവെക്കുന്നു; ഒരു കാര്യത്തിലൊഴികെ. വിശുദ്ധിയും ധാര്മികസമഗ്രതയുമുള്ള ഒരു സ്ത്രീക്കും, പ്രത്യേകിച്ച് ഒരു സന്യാസിനിക്കും, ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവില്ല എന്ന നിങ്ങളുടെ കണ്ടെത്തല്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. കുറവിലങ്ങാട്ട് സന്യാസിനി പിഴയാണെന്ന് പിസി ജോര്‍ജിനെ പോലെ നിങ്ങളും ഉറപ്പിച്ചത് എങ്ങനെയാണ്? ബലാല്‍സംഗം ചെയ്യപ്പെട്ടതാണെങ്കിലും അതിനുത്തരവാദി ആ സന്യാസിനിയാണെന്നാണോ? നിരന്തരം പീഡിപ്പിക്കപ്പെട്ടിട്ടും അവരതു പുറത്തു പറയാഞ്ഞതിന്റെ ഉത്തരമാകുന്നുണ്ട് നിങ്ങളുടെ ഈ കണ്ടെത്തല്‍. ഡല്‍ഹിയിലെ നിര്‍ഭയ ഉള്‍പ്പെടെ സ്ത്രീപീഡനങ്ങളുടെ പരമ്പരയുള്ള ഈ കാലത്തും, ഇത്രയും സ്ത്രീവിരുദ്ധമായി ചിന്തിക്കാന്‍ നിങ്ങള്ക്കാവുന്നതെങ്ങനെ? കുടുംബത്തിലുള്ളവരില്‍ നിന്നുണ്ടാകുന്ന ലൈംഗിക പീഡനങ്ങളാണ് പുറത്ത് വരാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയതെന്ന്, നാടിന്റെ സ്പന്ദനമറിയുന്ന നിങ്ങള്‍ മറക്കുന്നതെന്തേ? ബലാല്‍സംഗം ഇരയുടെയല്ല, വേട്ടക്കാരന്റെ ധാര്‍മികതയാണ് വെളിവാക്കുന്നതെന്ന സാമാന്യബോധം ഇല്ലാതെ പോകുന്നതെന്തേ? വീട്ടിലും വിദ്യാലയത്തിലും ബസ്സിലും റോഡരികില്‍ പോലും, ഉള്ളില്‍ മൃഗീയതയുള്ള പുരുഷന്റെ ശാരീരികബലത്തില്‍ ഏതു സ്ത്രീയും ഇരയാക്കപ്പെടാമെന്ന സത്യം മനഃപൂര്‍വ്വം മറക്കുന്നതെന്തേ? സന്യാസിനികളുടെ സുരക്ഷിതത്വം അവരുടെ ജീവിതവിശുദ്ധിയില്‍ മാത്രമല്ല, അവരോടിടപെടുന്നവര് അതിരുകള്‍ ലംഘിക്കില്ല എന്ന് ഉറപ്പുവരുന്നിടത്തു കൂടിയല്ലേ? ഒരു സഭാധികാരി ആ അതിര് ലംഘിച്ചിട്ടുണ്ടെങ്കില്‍ അതാവര്ത്തിക്കപ്പെടില്ലായെന്ന് ഉറപ്പു വരുത്തേണ്ടത് സന്യാസിനിമാരുടെയെല്ലാം ആവശ്യമല്ലേ?
നാട്ടുകാരുടെ പ്രശ്നങ്ങളെല്ലാം നെഞ്ചിലേറ്റി പരിഹാരം തേടുന്ന നിങ്ങള്‍ക്കെന്തേ ഈ സന്ന്യാസിനിമാരുടെ പ്രശ്നങ്ങളിലേക്ക് കടന്നുചെല്ലാന്‍ തോന്നാഞ്ഞത്? സമരപ്പന്തലിലേക്ക് വേണ്ട, ആ മഠത്തിലേക്കങ്കിലും കടന്നുചെല്ലാന്‍, സ്വാധീനിക്കാനല്ല, സമാശ്വസിപ്പിക്കാന്‍ നിങ്ങള്‍ക്കാര്‍ക്കും കഴിയാത്തതെന്തേ? കൂട്ടത്തിലൊരുവന്റെ കൂടെ നില്ക്കാന് മെത്രാന്മാര് കാണിച്ച മനസ്സിന്റെ ഒരു ചെറിയ ശതമാനമെങ്കിലും, അപരാധം തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഈ സഹോദരിമാരോട് നിങ്ങള്ക്കില്ലാത്തതെന്ത്? പൊന്തിഫിക്കല്‍ കോണ്‍ഗ്രിഗേഷന്റെ സ്വാതന്ത്ര്യങ്ങളും വലിയ സ്ഥാപനങ്ങളുടെയും മഠങ്ങളുടെയും സാമ്പത്തിക-സാമൂഹ്യ സുരക്ഷയും ലഭ്യമല്ലാത്ത അനേകം പാവം സന്യാസിനികള്‍ ഭാരതമണ്ണില്‍ ഉണ്ട് എന്ന് വല്ലപ്പോഴെങ്കിലും ഒന്നോര്‍ക്കണേ?
എന്റെ നിലപാട്
നീതി നടപ്പിലാകണം എന്നതാണ് എന്റെയും ആവശ്യം. സത്യമായിട്ടും ഈ പ്രശ്നത്തില്‍ ആരാണ് തെറ്റ് ചെയ്തിരിക്കുന്നത് എന്ന് എനിക്കറിയില്ല. മെത്രാനെയോ സന്യാസിനിയെയോ കുറ്റവാളിയെന്ന് ഞാനിപ്പോള്‍ വിധിക്കുന്നുമില്ല. എങ്കിലും, നിലവില്‍ ഞാന്‍ ഈ സന്യാസിനിയുടെ കൂടെയാണ്. എല്ലാം കലങ്ങി തെളിയുമ്പോള്‍ ബിഷപ്പ് നിരപരാധിയാണെങ്കിലോ എന്ന ചോദ്യം എന്റെയും മനസ്സിലുണ്ട്. എങ്കിലും, സമ്പത്തും സ്വാധീനവും ഇല്ലാത്ത സന്യാസിനിക്ക്, നീതി അവരുടെ പക്ഷത്താണെങ്കില്‍ അത് അനുവദിച്ചു കിട്ടാന്‍, ഞാന്‍ കൂടെ ഉണ്ടായേ തീരൂ. മാത്രമല്ല, ഒടുവില്‍ അവരാണ് നിരപരാധിയെന്ന് തെളിയിക്കപ്പെട്ടാലോ… ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടും നീതിക്കു വേണ്ടി അലഞ്ഞും വര്‍ഷങ്ങളോളം കരഞ്ഞ അവരെ ഒറ്റയ്ക്കാക്കിയതിന് ഞാനന്നെങ്ങനെയാണ് പരിഹാരം ചെയ്യുക. പാപിനി പാപിയാണെന്നറിഞ്ഞിട്ടും ഒറ്റയ്ക്കായിപ്പോയ അവളുടെ പക്ഷം പിടിച്ച ക്രിസ്തുവും എന്നോട് പറയുന്നത് ഇതാണ് ശരിയെന്നാണ്.
പോലീസ് എല്ലാം തെളിയിക്കുന്നതുവരെ കൈയും കെട്ടി മാറിനില്ക്കാന് എനിക്കാവില്ല. കാരണം, ഈ സന്യാസിനി എനിക്കെന്റെ പെങ്ങളാണല്ലോ. 22 വര്‍ഷത്തെ വിശുദ്ധ സന്യാസജീവിതത്തിന്റെ പാരമ്പര്യവും അടക്കവുമുണ്ടെങ്കിലും, ആട്ടിന്‍തോലിട്ട ഒരു ചെന്നായയുടെ ആക്രമണം എന്റെ പെങ്ങള്‍ക്ക് നേരെയും ഒരിക്കല്‍ ഉണ്ടായേക്കാം. അപ്പനെപ്പോലെ കരുതിയ ഒരാളുടെ അപ്രതീക്ഷിത ആക്രമണത്തില്‍ പതറിയും അവന്റെ കായബലത്തില്‍ ഞെരിഞ്ഞും അവള്‍ക്ക് മരിയ ഗൊരേത്തിയാവാന് കഴിയാതെ പോയേക്കാം. മാനസികമായും ശാരീരികമായും ജീവച്ഛവമായി പോകുന്ന അവള്‍ക്ക്, മറ്റാരോടെങ്കിലും ഇതൊന്നു പറയാന്‍ ചിലപ്പോള്‍ കാലങ്ങള്‍ വേണ്ടിവന്നേക്കാം. അതിനിടെ, അവളുടെ തളര്‍ച്ചയ്ക്കും നിശബ്ദതയ്ക്കുംമേല് അവന് തന്റെ അധികാരം വീണ്ടും വീണ്ടും വിനിയോഗിച്ചേക്കാം. പിന്നൊരിക്കല്‍ ആത്മീയമായും മാനസികമായും ശക്തിനേടി അരുതെന്ന് ഉറക്കെ അവള് പറയുമ്പോള്‍, സ്വാധീനമുപയോഗിച്ച് അവനവളെ കുറ്റവാളിയാക്കിയേക്കാം. നീതിക്കുവേണ്ടി ദാഹിച്ച്, മറ്റൊരു സന്യാസിനിക്കും ഇങ്ങനെ വരരുത് എന്ന് കൊതിച്ച്, ഒരു പാതയോരത്ത് അവളും സമരം ചെയ്യേണ്ടി വന്നേക്കാം. അന്ന്, ‘പിഴച്ചതാണെങ്കിലും പീഡിപ്പിക്കപ്പെട്ടതാണെങ്കിലും കൂടെ ഞാനുണ്ട്’ എന്നുപറഞ്ഞ് ചേര്‍ത്തുപിടിക്കാന്‍ ഞാന്‍ മാത്രമേ ഉള്ളൂയെന്നുവരാം. അന്ന് അവളോടൊപ്പം നില്ക്കുമ്പോള് ഇന്നത്തെ നിശബ്ദതയെകുറിച്ചോര്ത്തു ചങ്ക് പറയാതിരിക്കാന്‍….., അന്ന് കൂടെ നിന്നിരുന്നെങ്കില്‍ ഇന്നെന്റെ കുഞ്ഞുപെങ്ങള്‍ക്ക് ഈ അവസ്ഥ വരില്ലായിരുന്നല്ലോയെന്ന് പശ്ചാത്തപിക്കാതിരിക്കാന്‍…. ഞാനിന്നീ സന്യാസിനിയുടെ കൂടെ നില്ക്കും.
എന്ന്
ആങ്ങള ഞങ്ങളെ നാണം കെടുത്തിയല്ലോ എന്ന പഴി എന്റെ പെങ്ങള് കേള്‍ക്കരുതെന്ന നിര്‍ബന്ധം കൊണ്ട് മാത്രം പേര് വെളിപ്പെടുത്താത്ത, കന്യാസ്ത്രീ പെങ്ങളുള്ള ഒരു പൊന്നാങ്ങള.
Report submitted by: Thomas J Koovalloor, Chairman, Justice For All (JFA), Phone: 914-409-5772, Email: tjkoovalloor@live.com

Leave a Reply