Flash News

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാന്‍ സാധ്യത; കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുന്നു

September 19, 2018

imageതൃപ്പൂണിത്തുറയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരായി ചോദ്യങ്ങള്‍ നേരിട്ട ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാന്‍ നീക്കം. അതിനായുള്ള തയ്യാറെടുപ്പുകള്‍ പൊലീസ് തുടങ്ങിയതായാണ് സൂചന. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഐജിയുടെ യോഗത്തില്‍ വിലയിരുത്തിയത്. അറസ്റ്റ് അനിവാര്യമാണെന്നാണ് അന്വേഷണസംഘം യോഗത്തില്‍ അറിയിച്ചത്.

ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ബിഷപ്പിന് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ തങ്ങുകയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍.

ബിഷപ്പിനെ ചോദ്യം ചെയ്തതിന് ശേഷം റേഞ്ച് ഐജിയുടെ സാന്നിദ്ധ്യത്തില്‍ കോട്ടയം എസ്പിയും, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയും കൊച്ചിയില്‍ യോഗം ചേര്‍ന്നു. ആദ്യ ദിവസം നല്‍കിയ മൊഴികള്‍ വിശകലനം ചെയ്താകും രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നടക്കുക. ബിഷപ്പിനോട് ചോദിക്കുവാന്‍ കൂടുതല്‍ ചോദ്യങ്ങള്‍ അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.

ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണെന്നും ബിഷപ്പിന്റെ മൊഴികളും വസ്തുതകളും പരിശോധിച്ച് അറസ്റ്റ് വേണമോയെന്ന് തീരുമാനിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആരോപണങ്ങളെ പരമാവധി പ്രതിരോധിക്കുന്ന നിലപാടാണ് ബിഷപ്പ് ചോദ്യം ചെയ്യലില്‍ സ്വീകരിച്ചതെന്നാണ് പൊലീസ് നല്കുന്ന സൂചന. എന്നാല്‍ ബിഷപ്പിന്റെ വാദം പൊലീസ് പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല.

ഏഴു മണിക്കൂറിലേറെ ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. 150ലേറെ ചോദ്യങ്ങളാണു ബിഷപ്പിനോടു ചോദിച്ചത്. പകുതിയിലേറെ ചോദ്യങ്ങള്‍ക്കും ബിഷപ്പിനു വ്യക്തമായ മറുപടി നല്‍കാനായില്ലെന്നാണ് വിവരം. ഇനിയുള്ള ചോദ്യംചെയ്യലിലും കൃത്യമായ മറുപടി നല്‍കാനായില്ലെങ്കില്‍ അറസ്റ്റ് അനിവാര്യമായേക്കുമെന്നാണ് പൊലീസ് നിലപാട്.

മറ്റു മൊഴികളും തെളിവുകളും കൂടി പരിശോധിച്ചു ചോദ്യംചെയ്യല്‍ തുടരുമെന്നു കോട്ടയം എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. രാവിലെ വന്നതുപോലെ നാടകീയമായി തന്നെയായിരുന്നു ബിഷപ്പിന്റെ മടക്കവും. മാധ്യമങ്ങള്‍ക്കു മുഖം നല്‍കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. ബിഷപ്പിനെ തൃപ്പൂണിത്തുറയില്‍ അന്വേഷണസംഘം ചോദ്യം ചെയ്തതു റിപ്പോര്‍ട്ടു ചെയ്യാന്‍ ദേശീയ മാധ്യമങ്ങളടക്കം വന്‍പടയാണ് എത്തിയത്.

കന്യാസ്ത്രീക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുടെ പ്രതികാരമാണു പരാതിക്ക് അടിസ്ഥാനമെന്നാണ് ബിഷപ്പ് ആവര്‍ത്തിച്ചത്. കുറവിലങ്ങാട് മഠത്തില്‍ തങ്ങിയിട്ടില്ലെന്ന മൊഴിയിലും ഉറച്ചുനിന്നു. ചില തെളിവുകള്‍ പൊലീസിനു കൈമാറിയിട്ടുണ്ടെന്നു ബിഷപ്പിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി. ബിഷപ്പിന്റെ വിശദീകരണത്തില്‍ അന്വേഷണ സംഘം തൃപ്തരല്ലെന്നാണു സൂചന.

ബിഷപ്പിനെ ചോദ്യം ചെയ്തത് കേരളത്തിലെ ഏറ്റവും ആധുനിക കേന്ദ്രങ്ങളിലൊന്നിലാണ്. ഇവിടെ മണിക്കൂറുകള്‍ നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ആദ്യമായി വിധേയനാവുന്ന വ്യക്തിയാണു ബിഷപ്. സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളിലും സമാനമായ മുറികള്‍ സജ്ജമാണ്.

ചോദ്യം ചെയ്യലിനു നിരവധി ആധുനിക സൗകര്യങ്ങളുമായി ഉദ്യോഗസ്ഥരെ കൂടുതല്‍ കാര്യക്ഷമമാക്കുക, പ്രതികളുടെ മനോനില വരെ മനസ്സിലാക്കി കുടുക്കുക തുടങ്ങിയ സംവിധാനങ്ങളാണ് ഇത്തരം ഹൈടെക് ഇന്ററോഗേഷന്‍ മുറികളിലുള്ളത്. പുറത്തുനിന്നുള്ള ശബ്ദമോ വെളിച്ചമോ ഉള്ളിലേക്കു കടക്കാത്ത ഗ്ലാസ് ചേംബറിന്റെ ഉള്ളില്‍ ഇരുത്തുന്ന പ്രതിക്കു പുറത്തേക്കു കാണാനാവില്ല . എന്നാല്‍ സമീപത്തെ മുറിയിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു പ്രതിയുടെ ഓരോ ചലനവും നിരീക്ഷിക്കാനാവും. ഉള്ളില്‍ കടക്കുന്ന പ്രതിയുടെ ഓരോ വാക്കും റെക്കോര്‍ഡ് ചെയ്യപ്പെടും.

നാലു ഭാഗത്തും ക്യാമറകളുണ്ട്. സംസ്ഥാനത്തെ ഏതു പ്രധാന പൊലീസ് ഓഫീസുമായും വിഡിയോ കോണ്‍ഫറന്‍സിങ് വഴി ബന്ധപ്പെടാനാകും. ചോദ്യം ചെയ്യലിന്റെ വിഡിയോയും ഓഡിയോയും റെക്കോര്‍ഡ് ചെയ്യാം. ലോകത്ത് എവിടെനിന്നും ഉദ്യോഗസ്ഥര്‍ക്കു പ്രതികളെ നിരീക്ഷിക്കാം, ചോദ്യം ചെയ്യാം. ചോദ്യം ചെയ്യുന്നവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top