ന്യൂഡല്‍ഹി: മന്ത്രിസഭ അംഗീകാരം നല്കിയ മുത്വലാഖ് ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. മുസ്ലീം സ്ത്രീകളുടെ ക്ഷേമത്തേക്കാള്‍ ഉപരി വോട്ടിനുവേണ്ടിയാണ് മുത്തലാഖ് വിഷയം ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജീവാല ആരോപിച്ചു.
കൗശലം, അട്ടിമറിപ്രവര്‍ത്തനം, അടിച്ചമര്‍ത്തല്‍ തുടങ്ങിയവയാണ് ബിജെപിയുടെയും മോദി സര്‍ക്കാരിന്റെയും ഡിഎന്‍എ. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വഞ്ചനയുടെയും അധാര്‍മികതയുടെയും മുഖമായി മാറിയെന്നും അദ്ദേഹം കോണ്‍ഗ്രസിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും സുര്‍ജീവാല പറഞ്ഞു.
പ്രതിപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ പാസാകാതിരുന്ന മുത്തലാഖ് വിരുദ്ധ ബില്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ജാമ്യമില്ലാത്ത അറസ്റ്റ് എന്ന വ്യവസ്ഥ ഒഴിവാക്കി കുറ്റാരോപിതര്‍ക്ക് മജിസ്ട്രേറ്റില്നിന്നു ജാമ്യം നേടാം എന്ന വ്യവസ്ഥയാണു ഓര്‍ഡിനന്‍സില്‍ ചേര്‍ത്തിട്ടുള്ളത്.

Leave a Reply