Flash News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നും ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന

September 21, 2018

franco-1പീഡനക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ഇന്നുതന്നെയുണ്ടാകുമെന്ന് സൂചന. അറസ്റ്റുണ്ടാവുമെന്ന് ഇന്നലെത്തന്നെ ബിഷപ്പിനെ അറിയിച്ചതായാണ് വിവരം. ബിഷപ്പിന്‍റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ തയ്യാറാക്കി. രണ്ട് ഉറ്റബന്ധുക്കളാണ് ജാമ്യക്കാര്‍. മൂന്നാംദിവസത്തെ ചോദ്യംചെയ്യലിനായി ബിഷപ് തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ പത്തരയോടെ എത്തിയെങ്കിലും ചോദ്യംചെയ്യല്‍ തുടങ്ങിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ ഇവിടെ എത്തിയില്ല. അതേസമയം അന്വേഷണസംഘം പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വീണ്ടുമെടുക്കുകയാണ്. കുറവിലങ്ങാട് നാടുകുന്ന് മഠത്തിലാണ് മൊഴിയെടുക്കല്‍. ബിഷപ്പിന്റെ വാദങ്ങളില്‍ വ്യക്തത വരുത്തുകയാണ് ചോദ്യംചെയ്യലിന്‍റെ ലക്ഷ്യം.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് നിര്‍ണായകദിനമാണ്. മൊഴികളും തെളിവുകളും ശക്തമാക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ ബിഷപ് നല്കിയ മൊഴികളിലും തെളിവുകളിലുമുളള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനാ‍യി മൂന്നുസംഘങ്ങള്‍ ഇന്നലെ രാത്രിമുതല്‍ പരിശ്രമത്തിലാണ്. ഇവരുടെ വിശകലനങ്ങളുടെ സംഗ്രഹം കൂടി ചേര്‍ത്താകും ഇന്ന് ചോദ്യം ചെയ്യല്‍.

രണ്ടാം ദിവസത്തിലെ ചോദ്യം ചെയ്യലില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉത്തരംമുട്ടിക്കുന്നതായിരുന്നു അന്വേഷണ സംഘത്തിന്‍റെ തെളിവുകള്‍. പീഡനം നടന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിന്‍റെ തെളിവുകളും മൊഴികളും നിരത്തിയതോടെ ബിഷപ്പ് കൂടുതല്‍ പ്രതിരോധത്തിലായി. പരാതിക്ക് കാരണം അച്ചടക്കനടപടിയാണെന്ന ബിഷപ്പിന്‍റെ ആരോപണവും തെളിവുകള്‍ നിരത്തി അന്വേഷണ സംഘം പൊളിച്ചു.

ബിഷപ്പിനെ കുരുക്കുന്ന പത്തിലേറെ തെളിവുകളാണ് ചോദ്യംചെയ്യലിന്‍റെ രണ്ടാംദിവസം അന്വേഷണ സംഘം നിരത്തിയത്. കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നതു പോലെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്‍റെ മൊഴി. ബിഷപ്പ് എത്തിയതിന് തെളിവായി മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍ അന്വേഷണ സംഘം ആദ്യം പുറത്തെടുത്തു. മഠത്തില്‍ ബിഷപ്പ് എത്തിയ തീയതികള്‍ റജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 20ാം നമ്പര്‍ മുറിയിലായിരുന്നു ബിഷപ്പിന്‍റെ താമസം. ഇതെല്ലാം കൃത്രിമമാണെന്ന് ബിഷപ്പ് വാദിച്ചു. ഇതോടെ മൂന്ന് നിര്‍ണായക മൊഴികള്‍ പൊലീസ് നിരത്തി.

കുറവിലങ്ങാട് മഠത്തില്‍ ആറ് മാസത്തിലേറെ ഉണ്ടായിരുന്ന കന്യാസ്ത്രീയുടെ മൊഴിയാണ് ഒന്ന്. കന്യാസ്ത്രീ ആദ്യ പീഡനത്തിന് ഇരയായ 2014 മെയ് അഞ്ചിന് ബിഷപ്പ് എത്തിയത് റജിസ്റ്ററില്‍ എഴുതിയത് ഈ കന്യാസ്ത്രീയാണ്. ബിഷപ്പ് ഇവിടെ തങ്ങിയിട്ടുണ്ടെന്ന് മൊഴിയിലുണ്ട്. ബിഷപ്പ് മഠത്തിലെത്തിയ ബിഎംഡബ്ള്യു കാറിന്‍റെ ഡ്രൈവറുടെ മൊഴിയാണ് മറ്റൊന്ന്. മുതലക്കോടം മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പിന് എതിരായി. ഇതോടെ ബിഷപ്പ് നിരാശനായി. തുടര്‍ന്നുള്ള ചോദ്യങ്ങളില്‍ ഉത്തരംമുട്ടിയ ബിഷപ്പ് മറുപടികളില്ലാതെ കുഴഞ്ഞു. ഒടുവില്‍ അച്ചടക്ക നടപടിയുടെ പ്രതികാരമാണ് പരാതിക്ക് കാരണമെന്ന് ബിഷപ്പ് ആവര്‍ത്തിച്ചു.

ഇതോടെ അച്ചടക്ക നടപടിക്ക് മുന്‍പ് തന്നെ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയതിന്‍റെ തെളിവുകളും പൊലീസ് നിരത്തി. ഇതോടെ പ്രതിരോധിക്കാനുള്ള ബിഷപ്പിന്‍റെ വഴികളെല്ലാം അടഞ്ഞു. ചോദ്യം ചെയ്യലിന്‍റെ എണ്‍പത് ശതമാനം പൂര്‍ത്തിയാകുമ്പോള്‍ ബിഷപ്പ് കുറ്റകാരനെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതേസമയം മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതുവരെ അറസ്റ്റ് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയും ബിഷപ്പിന്‍റെ അഭിഭാഷകര്‍ മുന്നോട്ടുവെച്ചു. എന്നാല്‍ ഇതില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top