Flash News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ്; ജലന്ധര്‍ ബിഷപ്സ് ഹൗസിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി; ബിഷപ്പിന്റെ വൈദ്യ പരിശോധനയ്ക്കായ്ക്കായി ഹൈടെക് സെല്ലില്‍ ഡോക്ടര്‍മാര്‍

September 21, 2018

bishop-2കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പോലീസ് സ്ഥിരീകരിച്ചു. അറസ്റ്റ് വിവരം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്കായി ഡോക്ടര്‍മാര്‍ ഹൈടെക് സെല്ലിലെത്തും. വൈക്കം താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് വൈദ്യപരിശോധന നടത്തുക. ബിഷപ്പിനെ പാലാ മജിസട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ജലന്ധര്‍ രൂപതാ ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. പ്രതിഷേധമുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ.

അറസ്റ്റ് വിവരം അടുത്ത ബന്ധുക്കളേയും ബിഷപ്പിന്റെ അഭിഭാഷകരേയും പോലീസ് അറിയിച്ചിരുന്നു. ബിഷപ്പിന്റെ പഞ്ചാബിലെ അഭിഭാഷകനേയും പോലീസ് അറസ്റ്റ് വിവരം അറിയിച്ചു. കോട്ടയം എസ്.പി വാർത്താ സമ്മേളനം നടത്തിഅറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിക്കും.

വെള്ളിയാഴ്ച രാവിലെ ഐജി വിജയ് സാഖറേയുടെ ഓഫീസില്‍ എസ്.പി ഹരിശങ്കര്‍ നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ബിഷപ്പിന്റെ മൊഴികള്‍ വിശദമായി വിലയിരുത്തി. അറസ്റ്റിനുള്ള അനുമതി ഐജിയില്‍ നിന്ന് വാങ്ങിയാണ് എസ്.പി ചോദ്യം ചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ല് ഓഫീസിലേക്ക് പുറപ്പെട്ടത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച സ്ഥിതിക്ക് അറസ്റ്റിലേക്ക് കടക്കാം എന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയായിരുന്നു.

ബിഷപ്പിനെ വൈക്കം കോടതിയില്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. അ‍ഞ്ചു മണിക്ക് ശേഷമാണെങ്കിൽ പാലാ മജിസ്ട്രേറ്റിന് മുന്നിലായിരിക്കും ഹാജരാക്കുക. കേസ് നടക്കുന്നത് പാലാ കോടതിയുടെ കീഴിലുള്ള പ്രദേശത്താണ്. ഇന്ന് പാലാ മജിസ്ട്രേറ്റ് അവധിയിലായതിനാൽ അ‍ഞ്ചു മണിവരെ വൈക്കം മജിസ്ട്രേറ്റിനാണ് ചുമതല.

അറസ്റ്റ് മുന്നില്‍ കണ്ട് ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഹോട്ടലില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുറപ്പെട്ടപ്പോള്‍ തന്നെ അറസ്റ്റ് ഉണ്ടാകും എന്ന് ബിഷപ്പിന്റെ അടുത്ത കേന്ദ്രങ്ങളോട് പോലീസ് സൂചിപ്പിച്ചിരുന്നു.

10 ശതമാനം കാര്യങ്ങളില്‍ കൂടി വ്യക്തത വേണ്ടതിനാലാണ് ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് നീളുന്നതെന്ന് എസ്.പി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ബിഷപ്പ് പറഞ്ഞ ചില മറുപടിയില്‍ വ്യക്തത വരുത്താന്‍ വെള്ളിയാഴ്ച തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്യല്‍ നടക്കുമ്പോള്‍ തന്നെ സമാന്തരമായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വാകത്താനം സി.ഐ രേഖപ്പെടുത്തി. മൊഴികളിലെ വൈരുദ്ധ്യവും ബിഷപ്പിന്റെ വിശദീകരണവും അത് ശരിയോ തെറ്റോ എന്ന് ബോധ്യപ്പെടുന്നതിനാണ് കന്യാസ്ത്രീയുടെ മൊഴി വീണ്ടും എടുത്തത്. രാവിലെ 9.50 ന് എത്തിയ സംഘം 10.30നാണ് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങിയത്.

കേസിന്റെ നാള്‍വഴികള്‍

BISHOജൂണ്‍ 27: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതി. അന്വേഷിക്കാന്‍ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിനെ അടുത്ത ദിവസം ചുമതലപ്പെടുത്തി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

ജൂലായ് 1: ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുത്തു

ജൂലായ് 5: ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. കൂടുതല്‍ വെളിപ്പെടുത്തല്‍

ജൂലായ് 15: കന്യാസ്ത്രീ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയ കത്തും 19ന് ടെലഫോണ്‍ സംഭാഷണവും പുറത്ത്

ജൂലായ് 29: സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ച് പരാതി പിന്‍വലിക്കാന്‍ ഫാ. ജെയിംസ് ഏര്‍ത്തയിലിന്റെ ശ്രമം

ആഗസ്റ്റ് 13: ജലന്ധറില്‍ മൂന്നു ദിവസം കാത്തുകിടന്ന ശേഷം അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്തു

സെപ്തംബര്‍ 8: ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ അഞ്ച് കന്യാസ്ത്രീകള്‍ സമരം തുടങ്ങി. വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീ കത്ത് നല്‍കി

സെപ്തംബര്‍ 12: ഐ.ജിയുട ഓഫീസില്‍ നടന്ന യോഗത്തില്‍ ബിഷപ്പിനെ 19ന് വിളിച്ചുവരുത്താന്‍ തീരുമാനം

സെപ്തംബര്‍ 14: കന്യാസ്ത്രീയെ കുറ്റപ്പെടുത്തി മിഷനറീസ് ഒഫ് ജീസസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ചിത്രവും പുറത്തുവിട്ടു

സെപ്തംബര്‍ 15: ഫ്രാങ്കോ തന്റെ ചുമതലകള്‍ മോണ്‍. മാത്യു കൊക്കാണ്ടത്തിന് കൈമാറി.

സെപ്തംബര്‍ 18: ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

സെപ്തംബര്‍ 19: കൊച്ചി തൃപ്പൂണിത്തുറയിലെ പൊലീസ് കേന്ദ്രത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍.

സെപ്തതംബര്‍ 20: ബിഷപ്പിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തു

സെപ്തംബര്‍ 21: കന്യാസ്ത്രീയുടെ മൊഴി വീണ്ടുമെടുത്തു. ബിഷപ്പിനെ അറസ്റ്റ് ചെയ്തു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top