Flash News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍

September 22, 2018

jalandaകന്യാസ്തീ പീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാന്‍ മതിയായ തെളിവുകള്‍ ലഭിച്ചത് ഉത്തരേന്ത്യ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. രാജ്യാന്തരശ്രദ്ധ നേടിയ ഈ പീഡനക്കേസില്‍ കേരള പൊലീസ് ഉത്തരേന്ത്യയില്‍ നടത്തിയ തെളിവെടുപ്പും നിര്‍ണായകമായി. ജലന്ധര്‍ രൂപതയിലെത്തിയ അന്വേഷണസംഘം കുറ്റാരോപിതനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ആദ്യമായി ചോദ്യം ചെയ്തു. മുന്‍ക്കൂര്‍ അനുമതി വാങ്ങാതെ വത്തിക്കാന്‍ എംബസിയില്‍ എത്തിയ അന്വേഷണസംഘത്തെ സുരക്ഷാജീവനക്കാരന്‍ തിരിച്ചയച്ചത് അടക്കം നാടകീയ മുഹൂര്‍ത്തങ്ങളും ഇതിനിടെയുണ്ടായി.

ഓഗസ്റ്റ് രണ്ടുമുതല്‍ പതിനാല് വരെയാണ് വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തില്‍ ആറംഗസംഘം ഉത്തരേന്ത്യയില്‍ തെളിവെടുപ്പ് നടത്തിയത്. കന്യാസ്ത്രീയ്ക്ക് തന്റെ ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന് പരാതി നല്‍കിയ വീട്ടമ്മയുടെ മൊഴിയാണ് അന്വേഷണസംഘം ആദ്യം രേഖപ്പെടുത്തിയത്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയ്‌ക്കെതിരെ അച്ചടക്കനടപടിയെടുത്തിരുന്നു. അതുകൊണ്ടാണോ കന്യാസ്ത്രീ ബിഷപിനെതിരെ ആരോപണമുന്നയിക്കുന്നതെന്ന് പരിശോധിക്കുകയായിരുന്നു അന്വേഷണസംഘത്തിന്റെ ലക്ഷ്യം. മൊഴിയെടുക്കലിന് ശേഷം ബിഷപിന്റെ വാദം അന്നുതന്നെ ഡിവൈ.എസ്.പി തളളി. സ്വകാര്യവിഷയം മാത്രമാണെന്നും കേസുമായി ബന്ധമില്ലെന്നും പൊലീസ് നിലപാടെത്തു. കന്യാസ്ത്രീ ബിഷപിനെതിരെ പരാതി നല്‍കിയവരുടെ മൊഴിയെടുക്കുകയായിരുന്നു അടുത്തനടപടി. മൂന്നാംതീയതി വത്തിക്കാന്‍ സ്ഥാനപതിയെ കാണാനുളള ശ്രമം പാഴായി. മുന്‍ക്കൂര്‍ അനുമതിയില്ലാതെ എത്തിയ പൊലീസ് സംഘത്തെ ഗേറ്റില്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടഞ്ഞു.

franco-1അഞ്ചാംതീയതി ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേലിന്റെ മൊഴിയെടുത്തു. പത്താംതീയതി ജലന്ധറിലേക്ക്. മിഷനറീസ് ഓഫ് ജീസസ് മഠത്തിലെത്തിയ അന്വേഷണസംഘം മദര്‍ ജനറലിന്റെയും സിസ്റ്റര്‍മാരുടെയും മൊഴിയെടുത്തു. റജിസ്ട്രറി പിടിച്ചെടുത്ത പൊലീസ് എട്ടുമണിക്കൂറാണ് അവിടെ തെളിവെടുത്തത്. രൂപത ആസ്ഥാനത്ത് ക്രമസമാധാനപ്രശ്‌നമുണ്ടാകുമോയെന്ന ആശങ്ക കണക്കിലെടുത്ത് ജലന്ധര്‍ സിറ്റി പൊലീസ് കമ്മിഷണറുമായി ചര്‍ച്ച നടത്തി. ഇതിനിടെ, അമൃത്‌സറില്‍ പോയി കന്യാസ്ത്രീയുടെ ബന്ധുവായ വൈദികന്റെയും മൊഴിയെടുത്തു. ശേഖരിച്ച തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ് പതിമൂന്നാം തീയതി വൈകിട്ട് മൂന്നേകാലോടെ ജലന്ധര്‍ രൂപതയിലെത്തിയത്. ആദ്യം വൈദികരുടെയും ജീവനക്കാരുടെയും മൊഴിയെടുത്തു. പുറത്തുപോയിരുന്ന ബിഷപ് ഏഴേകാലോടെയാണ് മടങ്ങിയെത്തിയത്. ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ചത് സംഘര്‍ഷത്തിനിടയാക്കി.

ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യല്‍ പുലര്‍ച്ചെയാണ് അവസാനിച്ചത്. പതിനാലാം തീയതി രാത്രിയിലെ ഫ്‌ളൈറ്റില്‍ അന്വേഷണസംഘം നാട്ടിലേക്ക് തിരിച്ചു.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു. നാലു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ആരോപണത്തിലെ എല്ലാ തെളിവുകളും ശേഖരിച്ചശേഷമാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയതെന്നും എസ്പി പറഞ്ഞു.

അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ തെളിവുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരം ഇപ്പോള്‍ പറയാനാകില്ല. ഒരുപാട് കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടിവന്നതിനാലാണ് അറസ്റ്റ് വൈകിയത്. പ്രതിക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കുന്നതിനും അന്വേഷണസംഘം സമയം നല്‍കിയിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റ് വൈകിയതിനു പിന്നില്‍ ഏതെങ്കിലും വിധത്തിലുള്ള ആശയക്കുഴപ്പങ്ങളില്ല. ചോദ്യംചെയ്യലിനിടെ, പല ചര്‍ച്ചകളും തെളിവെടുപ്പുകളും വേണ്ടിവന്നതിനാലാണ് അറസ്റ്റ് വൈകിയത്. കൂടുതല്‍ ചോദ്യംചെയ്യാന്‍ മൂന്നുദിവസത്തെ കസ്റ്റഡിഅപേക്ഷ നല്‍കും. അതിനുശേഷമാകും ലൈംഗികക്ഷമത പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കുകയെന്നും എസ്പി മാധ്യമങ്ങളോടു പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top