Flash News

സന്യാസിനി എന്ന നിലയില്‍ സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്തിട്ടില്ല: ഇടവക വികാരി

September 23, 2018

lusyവയനാട്: സന്യാസിനി എന്ന നിലയില്‍ സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് കാരയ്ക്കമല ഇടവക. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്തെന്ന പരാതി തെറ്റാണെന്ന് കാരയ്ക്കമല ഇടവക വികാരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സിസ്റ്റര്‍ ലൂസി സമരത്തില്‍ പങ്കെടുത്തതില്‍ വിശ്വാസികള്‍ക്ക് അതൃപ്തിയുണ്ട്.

സിസ്റ്റര്‍ക്കെതിരെ നടപടി എടുക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം മദര്‍ സുപ്പീരിയര്‍ വഴി സിസ്റ്റര്‍ ലൂസിയെ അറിയിക്കുക മാത്രമാണ് ചെയ്തത്. ഇതിനെയാണ് നടപടിയെടുത്തെന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നതെന്നും ഇടവക വിശദീകരിച്ചു.

സഭാ ചടങ്ങുകളില്‍ നിന്നും പുറത്താക്കിയതായി സിസ്റ്റര്‍ ലൂസി നേരത്തെ അറിയിച്ചിരുന്നു. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനും സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനുമാണ് നടപടി. മാനന്തവാടി രൂപതയാണ് സിസ്റ്റര്‍ ലൂസിയെ പുറത്താക്കികൊണ്ട് നടപടിയെടുത്തത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ വിലക്കിയത്. കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ സിസ്റ്ററിന് വിലക്കില്ല.

കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട കൊച്ചിയില്‍ ഹൈക്കോടതി പരിസരത്ത് നടത്തിയ സമരത്തിനാണ് അവര്‍ പിന്തുണ അറിയിച്ച് രംഗത്ത് വന്നത്. സഭ പ്രതികാര നടപടികള്‍ ആരംഭിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇത്. സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചുവെന്നാരോപിച്ചാണ് തനിക്ക് വിലക്കേര്‍പ്പെടുത്തിയതെന്നും സിസ്റ്റര്‍ പറഞ്ഞിരുന്നു. അതേസമയം സിസ്റ്ററുടെ വെളിപ്പെടുത്തല്‍ വാര്‍ത്താ പ്രാധാന്യം നേടിയതോടെ പ്രതിരോധത്തിലായ ഇടവക ഇപ്പോള്‍ വാർത്താ കുറിപ്പ് ഇറക്കി തടിതപ്പിയിരിക്കുകയാണ്.

രണ്ട് ദിവസം മുമ്പാണ് ലൂസി കളപ്പുര കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ എത്തിയത്. വീഴ്ചകള്‍ ഉണ്ടെങ്കില്‍ അത് തിരുത്താന്‍ സഭ തയാറാകണമെന്ന് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലൂസി കളപ്പുര പറഞ്ഞിരുന്നു. ഭയന്നിരിക്കുന്ന കന്യാസ്ത്രീമാരുടെ പൂര്‍ണ പിന്തുണ നീതിക്കായി പോരാടുന്ന കന്യാസ്ത്രീമാരോടൊപ്പമുണ്ടെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലൂസി മാധ്യമങ്ങളിലൂടെ സഭയെ അപഹസിച്ചുവെന്നാണ് രൂപത ആരോപിച്ചിരിക്കുന്ന കുറ്റം.

രൂപതാംഗമായ ലൂസി പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേദപഠന ക്‌ളാസുകള്‍ നല്‍കുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി എത്തിയപ്പോഴാണ് തന്നെ ചുമതലകളില്‍ നിന്ന് നീക്കിയ വിവരം അറിഞ്ഞതെന്ന് ലൂസി പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് രൂപത തനിക്ക് രേഖാമൂലം അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സഭയുടെ ഈ നീക്കം വിവാദമായതോടെ വിശ്വാസികളുടെ തലയില്‍ കെട്ടി വെച്ച് രക്ഷപ്പെടാനാണ് സഭയുടെ ഇപ്പോഴത്തെ ശ്രമം.

വികാരിയച്ചന്റെ നിര്‍ദേശം ലഭിച്ചുവെന്ന് മദര്‍ സുപ്പീരിയര്‍ അറിയിച്ചതാണെന്ന് സിസ്റ്റര്‍ പറയുന്നു. സഭയ്ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. സഹനമല്ല സമരവഴി തെരെഞ്ഞെടുത്തതിന് ലഭിച്ച പ്രതികാര നടപടിയാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള ആരോഗ്യവും മനസും ഉണ്ടെന്നും മാറ്റി നിര്‍ത്തിയ സ്ഥിതിക്ക് മാറി നില്‍ക്കുമെന്നും സിസ്റ്റര്‍ ലൂസി വിശദമാക്കി.

കന്യാസ്ത്രീകളുടെ സമരം അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് എറണാകുളത്തുനിന്ന് സിസ്റ്റര്‍ ലൂസി മഠത്തിലെത്തിയത്. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചുകൊണ്ട് സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തിരുന്നു.

അതിനിടെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരംചെയ്ത കന്യാസ്ത്രീകള്‍ക്കെതിരെയുള്ള സഭാ നടപടികള്‍ വിഷമിപ്പിക്കുന്നതാണെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. സഭയില്‍ നിന്ന് ഇനിയും പ്രതികാര നടപടികള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അത്തരത്തില്‍ നടപടി ഉണ്ടായാല്‍ പ്രതിഷേധിക്കുന്ന കാര്യത്തില്‍ അപ്പോള്‍ തീരുമാനമെടുക്കുമെന്നും സിസ്റ്റര്‍ അനുപമ കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top