Flash News

അഭിലാഷ് ടോമിയുടെ ‘വി.എസ്.തുരിയ’ പായ്‌വഞ്ചി പെര്‍ത്തില്‍ നിന്ന് 1800 നോട്ടിക്കല്‍ മൈല്‍ അകലെ കണ്ടെത്തി; ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമെന്ന് നിരീക്ഷണ സംഘം

September 23, 2018

paybaമത്സരത്തിനിടെ അപകടത്തില്‍ പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ ‘വി.എസ്.തുരിയ’ പായ്‌വഞ്ചി പെര്‍ത്തില്‍ നിന്ന് 1800 നോട്ടിക്കല്‍ മൈല്‍ അകലെ കണ്ടെത്തിയതായി രക്ഷാദൗത്യ സംഘം. ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുവെന്നാണ് നിരീക്ഷണ സംഘം അറിയിച്ചത്. നാവികസേനയുടെ പി8 ഐ നിരീക്ഷണ വിമാനമാണ് ആസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 1800 നോട്ടിക്കല്‍ മൈല്‍ (3333.6 കിലോമീറ്റര്‍) പടിഞ്ഞാറ് ഭാഗത്തുള്ള പായ് വഞ്ചിയുടെ മുകളിലെത്തിയത്. വിമാനത്തില്‍നിന്നെടുത്ത പായ്‌വഞ്ചിയുടെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.

റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് ടോമി പ്രതികരിക്കുന്നുണ്ടെന്നും അടിയന്തര മരുന്നുകളും ഭക്ഷണവും വഞ്ചിയിലെത്തിക്കാനാണ് പ്രഥമ മുന്‍ഗണനയെന്നും ജിജിആര്‍ അധികൃതരില്‍ നിന്ന് വിവരം ലഭിച്ചു. ആസ്‌ട്രേലിയന്‍ റെസ്‌ക്യൂ കോര്‍ഡിനേറ്റിങ് കേന്ദ്രത്തിന്റെ വിമാനവും പായ് വഞ്ചിയുടെ മുകളിലൂടെ പറന്നതായി ജിജിആര്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ അപകടം നടന്ന മേഖലയില്‍ കനത്ത മഴയും മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ശക്തമായ കാറ്റുമാണുള്ളത്. ഇതു കാരണം ഇന്ത്യയുടെയും ആസ്‌ട്രേലിയന്‍ പ്രതിരോധ വകുപ്പിന്റെയും യുദ്ധകപ്പലുകള്‍ക്ക് പായ് വഞ്ചിയുടെ സമീപം എത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. കന്യാകുമാരിയില്‍ (കെയ്പ് കാമറൂണ്‍) നിന്ന് 2700 നോട്ടിക്കല്‍ മൈല്‍ (5020 കിലോമീറ്റര്‍) അകലെയാണിത്.

മത്സരത്തില്‍ മൂന്നാം സ്ഥാനത്ത് മുന്നേറുന്നതിനിടെ വെള്ളിയാഴ്ചയാണ് അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥ വ്യതിയാനത്തില്‍ പായ് വഞ്ചിക്ക് തകരാര്‍ സംഭവിച്ചത്. മണിക്കൂറില്‍ 110 കിലോ മീറ്റര്‍ വേഗതയില്‍ വീശിയടിച്ച ശക്തമായ കാറ്റിലും 14 മീറ്റര്‍ ഉയര്‍ന്ന തിരമാലയിലും പായ്മരം ഒടിയുകയായിരുന്നു. കരയുമായി ബന്ധപ്പെടുന്ന റേഡിയോ സംവിധാനത്തിന് തകരാര്‍ സംഭവിച്ചതോടെ അഭിലാഷുമായുള്ള സംഘാടകരുടെ ആശയവിനിമയം തടസപ്പെട്ടു. താന്‍ സുരക്ഷിതനാണെന്നും എന്നാല്‍, എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്നും വഞ്ചിയില്‍ കിടക്കുകയാണെന്നും അഭിലാഷ് റേഡിയോ സന്ദേശത്തിലൂടെ കണ്‍ട്രോള്‍ റൂമിനെ അറിയിച്ചു.

വിവരം ലഭിച്ച ഉടന്‍ തന്നെ ഇന്ത്യന്‍ നാവികസേന തെക്കേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ചിരുന്ന ഐഎന്‍എസ് സത്പുര യുദ്ധകപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചു. കൂടാതെ കടലില്‍ നിരീക്ഷണം നടത്താന്‍ സാധിക്കുന്ന പി-8ഐ വിമാനം, ചേതക് ഹെലികോപ്റ്റര്‍, ടാങ്കര്‍ ഐഎന്‍എസ് ജ്യോതി എന്നിവയുടെ സഹായവും ഉറപ്പാക്കി. കാന്‍ബറയിലെ ആസ്‌ട്രേലിയന്‍ റെസ്‌ക്യൂ കോര്‍ഡിനേറ്റിങ് കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലുള്ള രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു.

ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ലെ സാബ്ലേ ദൊലാന്‍ തുറമുഖത്ത് നിന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് ആരംഭിച്ചത്. അഭിലാഷ് ടോമിക്കൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 18 പേരാണ് പായ്‌വഞ്ചികളില്‍ സാഹസിക യാത്ര തുടങ്ങിയത്. ഇതില്‍ ഏഴു പേര്‍ വിവധ കാരണങ്ങളാല്‍ യാത്രാമധ്യേ പിന്മാറി. ഫിലിഷിങ് പോയിന്റിലെത്താന്‍ 16,113.3 നോട്ടിക്കല്‍ മൈല്‍ മാത്രം ഉള്ളപ്പോഴാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത്. മല്‍സരത്തിലുള്ള മറ്റ് പായ് വഞ്ചിയിലെ യാത്രക്കാരോട് അഭിലാഷിന്റെ സമീപത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറ്റവും സമീപമുള്ള ഗ്രിഗറി മക്ബുക്കിന് തിങ്കളാഴ്ച മാത്രമേ അപകട സ്ഥലത്തെത്താന്‍ സാധിക്കൂ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top