Flash News

നെഹ്‌റുവിനെ പിഴുതെറിയുമ്പോള്‍ (ലേഖനം): അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

September 23, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Nehruvine-1അലഹബാദില്‍ ആനന്ദഭവനും നെഹ്‌റു പാര്‍ക്കിനുമിടയിലുള്ള റോഡിലെ നാല്‍ക്കവലയില്‍ സ്ഥാപിച്ചിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമ നീക്കിയ കാഴ്ച ദേശാഭിമാനികളുടെയാകെ കരള്‍ പിളര്‍ക്കുന്നതായി. അടുത്തവര്‍ഷം നടക്കുന്ന മഹാകുംഭമേളയുടെ ഭാഗമായി നഗരസൗന്ദര്യവത്ക്കരണത്തിനാണ് ഈ കടുംകൈ ചെയ്തതെന്നാണ് യു.പി സര്‍ക്കാറിന്റെ ന്യായീകരണം.

ദേശീയ സ്വാതന്ത്ര്യ പോരാട്ട ചരിത്രത്തിന്റെ അത്യുജ്ജ്വല പ്രതീകമെന്ന നിലയിലാണ് നെഹ്‌റുവിന്റെ പ്രതിമ അവിടെ ഉയര്‍ന്നുനിന്നിരുന്നത്. തൊട്ടപ്പുറത്തായിരുന്നു രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പ്രതിമ. ആനന്ദഭവനും അതിനോടു ചേര്‍ന്നുള്ള ഇടങ്ങളുമായും 1920കള്‍തൊട്ടുള്ള മഹനീയ സാന്നിധ്യം ഗാന്ധിജിക്കുണ്ടായിരുന്നു. പില്‍ക്കാലത്താണ് അവിടെ ജനസംഘം നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമ ഇടംപിടിച്ചത്. ആ നിലയ്ക്കുള്ള ചരിത്ര പ്രാതിനിധ്യം അദ്ദേഹത്തിന് അവിടെയോ അലഹബാദിലോ ഇല്ലെങ്കിലും.

PHOTOകോണ്‍ഗ്രസിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനിടയിലാണ് കൊലക്കയറില്‍ തൂക്കി വധശിക്ഷ നടപ്പാക്കുംപോലെ ക്രൂരവും അവഹേളനപരവുമായ നിലയില്‍ നെഹ്‌റു പ്രതിമ നീക്കംചെയ്തത്. ഡൊമീനിയന്‍ പദവിയല്ല പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് ഇന്ത്യയ്ക്കു വേണ്ടതെന്ന പ്രമേയം 1929ലെ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അവതരിപ്പിച്ച് അംഗീകരിപ്പിച്ച കോണ്‍ഗ്രസ് പ്രസിഡന്റ്. പാതിരാമണി മുഴങ്ങുമ്പോള്‍ ലോകം ഉറങ്ങവേ ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ത്തി നയിച്ച ആദ്യ പ്രധാനമന്ത്രി. കമ്പക്കയറുകൊണ്ട് പ്രതിമ വരിഞ്ഞുകെട്ടി കൂറ്റന്‍ ക്രെയിനിന്റെ കൊളുത്തില്‍ കുരുക്കിനിര്‍ത്തി, പ്രതിമ ഉറപ്പിച്ച പീഠത്തില്‍ കയറിനിന്ന് വന്‍ ചുറ്റികകൊണ്ട് ആഞ്ഞടിച്ച് പിഴുതെടുക്കുകയായിരുന്നു. ഒരു രാജ്യദ്രോഹിയെ രാഷ്ട്രീയ വിരോധികള്‍ കൈകാര്യംചെയ്യുന്നതിന്റെ ക്രൂരവും പ്രതീകാത്മകവുമായ ദൃശ്യമായിരുന്നു അത്. ക്രെയിന്‍ വായുവില്‍ പ്രതിമ തൂക്കിയാട്ടി കൊണ്ടുനടന്ന് അപ്പുറത്തൊരു പാര്‍ക്കിലെ വിജനതയില്‍ സ്ഥാപിച്ചു.

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയുമായി ആനന്ദഭവനും ചുറ്റുമുള്ള തെരുവുകള്‍ക്കും ചരിത്രപരമായ ബന്ധമുണ്ട്. പ്രതിമ നീക്കല്‍ നാടകത്തിനു പിന്നില്‍ ആഹ്ലാദപൂര്‍വ്വം കരുനീക്കിയ രാഷ്ട്രീയ – ഭരണ നേതൃത്വങ്ങള്‍ക്ക് അതറിയില്ലെങ്കിലും. 1922ലെ കുംഭമേളയ്ക്ക് അലഹബാദിലെത്തിയ ജനലക്ഷങ്ങളില്‍ വലിയൊരു ഭാഗം ഒഴുകിയെത്തിയത് രാഷ്ട്രീയ തീര്‍ത്ഥാടനകേന്ദ്രമെന്ന നിലയില്‍ ആനന്ദ് ഭവനിലേക്കായിരുന്നു. ഗെയ്റ്റുകടന്ന് വിശാലമായ പൂന്തോട്ടവും മുറ്റവും തിങ്ങിനിറഞ്ഞ് കൗതുകത്തോടെ അകത്തെ നടുമുറ്റത്തേക്കും മുറികളിലേക്കും എത്തിനോക്കി അവര്‍ കൃതാര്‍ത്ഥരായി മടങ്ങി. ഗാന്ധിജിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ആനന്ദഭവനുള്ള നിത്യബന്ധം കേട്ടുകേട്ട് ഗ്രാമീണ ഇന്ത്യയില്‍നിന്ന് ഒഴുകിയെത്തിയവരായിരുന്നു അവര്‍.

1919ല്‍ റൗലത്ത് കരിനിയമം ബ്രിട്ടീഷ് ഭരണകൂടം കൊണ്ടുവന്നപ്പോള്‍ അതിനെതിരെ ഗാന്ധിജി സത്യഗ്രഹസമരം പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ രാഷ്ട്രീയ കുംഭമേളയുടെ പ്രതീക്ഷാകേന്ദ്രമായി മാറിയിരുന്നു ആനന്ദഭവന്‍.

അലഹബാദ് ഹൈക്കോടതിയില്‍ വിജയംകൊയ്യുന്ന, പണംവാരുന്ന, വിശ്രമരഹിതമായി കേസ് പഠിക്കുകയും നടത്തുകയും ചെയ്യുന്ന ഐക്യപ്രവിശ്യയിലെ (ഇന്നത്തെ ഉത്തര്‍പ്രദേശ്) പ്രമുഖ അഭിഭാഷകനായി മോത്തിലാല്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു. സമ്പന്നതയുടെ കൊടുമുടിയില്‍ കഴിയവെയാണ് സാധാരണവീടുവിട്ട് കൊട്ടാരംപോലെ 42 മുറികളുള്ള ആനന്ദഭവനിലേക്ക് താമസവും വക്കീല്‍ ഓഫീസും മാറ്റിയത്. ഐക്യപ്രവിശ്യയിലെ രാജാക്കന്മാരും നവാബുമാരും വന്‍കിട ജന്മിമാരും ഫ്യൂഡല്‍ പ്രഭുക്കളും നിയമോപദേശംതേടി അവിടെ എത്തിക്കൊണ്ടിരുന്നു. ബ്രിട്ടീഷ് കമ്മീഷണര്‍മാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും അവിടെ അത്താഴവിരുന്നിന് വന്നുംപോയുമിരുന്നു. ഇതിന്റെ തുടര്‍ച്ചയിലാണ് ഏകമകന്‍ ജവഹര്‍ലാലിനെ ലണ്ടനില്‍ ഹാരോയിലും കേംബ്രിഡ്ജിലും വിദ്യാഭ്യാസം നല്‍കി 27-ാം വയസില്‍ തിരിച്ചെത്തിയപ്പോള്‍ അത്യാഢംബ്ബരപൂര്‍വ്വം വിവാഹം ചെയ്യിച്ചത്.

സമ്പത്തിന്റെയും സുഖലോലുപതയുടെയും പാശ്ചാത്യ ആചാരപരിഷ്‌ക്കാര നിഷ്ഠകളുടെയും ലോകത്തുനിന്ന് പെട്ടെന്നാണ് മോത്തിലാല്‍ പിന്തിരിഞ്ഞതും ലാളിത്യത്തിന്റെയും ആദര്‍ശത്തിന്റെയും പൊതുജീവിതത്തിലേക്ക് പ്രവേശിച്ചതും. ഉറച്ച ദേശീയവാദിയായ അദ്ദേഹം കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഗാന്ധിജിയുടെ ഇന്ത്യയിലേക്കുള്ള വരവും റൗലത്ത് ആക്ടിനെതിരായ സമരപ്രഖ്യാപനവും സാമ്രാജ്യത്വ വിരുദ്ധവും പുരോഗമന- ശാസ്ത്രീയ ചിന്തയുമായി തിരിച്ചെത്തിയ ജവഹര്‍ലാലിന്റെ നിരന്തര ഇടപെടലും ആനന്ദ്ഭവന്റെ അന്തരീക്ഷവും ജീവിതവും ആകെ മാറ്റിമറിച്ചു.

ജ്യേഷ്ഠ സഹോദരനെപ്പോലെ ഗാന്ധിജി കരുതിയിരുന്ന മോത്തിലാല്‍ നെഹ്‌റുവിന്റെ അലഹബാദിലെ വീട് ഗാന്ധിജിയുടെയും ചിത്തരഞ്ജന്‍ ദാസിന്റെയും മറ്റും നിരന്തര സന്ദര്‍ശനകേന്ദ്രങ്ങളായിരുന്നു. കോണ്‍ഗ്രസിന്റെ സമീപനങ്ങളും പരിപാടികളും പലതും അവിടെയാണ് ചര്‍ച്ചചെയ്ത് തീരുമാനിച്ചത്.

പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുവേണ്ടിയാകണം പോരാട്ടമെന്നു വാദിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഡൊമീനിയന്‍ പദവി എന്നു ശഠിച്ച മോത്തിലാല്‍ നെഹ്‌റുവിന്റെയും മറ്റും തുറ ചര്‍ച്ചകളുടെയും ആശയ സംഘട്ടനങ്ങളുടെയും സമരതീരുമാന സമന്വയങ്ങളുടെയും വേദിയായി ആനന്ദ്ഭവന്‍. ഗാന്ധിജിയുടെ നിലപാടു മാറ്റങ്ങളെയും തിരിച്ചുപോക്കുകളേയും തിരുത്തുന്നതിനും ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്നതിനും ആനന്ദഭവന്‍ പലപ്പോഴും സാക്ഷിയായി.

സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുപദം മകനു കൈമാറിയ അച്ഛന്റെയും അച്ഛനില്‍നിന്ന് അതേറ്റുവാങ്ങിയ മകന്റെയും വീട് എന്ന അത്യപൂര്‍വ്വ ചരിത്രവും ആനന്ദഭവനുണ്ട്. സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ ഒരേ ജയിലില്‍ ഒന്നിച്ചെത്തുകയും ജയില്‍ ജീവിതം മരണത്തിലേക്ക് അടുപ്പിച്ച അച്ഛനെ ജയിലില്‍ ശുശ്രൂഷിച്ച അനുഭവവും ആ ചരിത്രത്തിന്റെ ഭാഗമാണ്. ആസ്മയും വൃക്ക തകരാറും മൂര്‍ച്ഛിച്ച മോത്തിലാലിനെ ലഖ്‌നൗവിലെ ആശുപത്രിയില്‍ പരിചരിക്കാന്‍ നെഹ്‌റു പരോളിലിറങ്ങി. തന്റെ ‘ജ്യേഷ്ഠ സഹോദരനെ’ അവസാനമായി കാണാന്‍ ജയിലില്‍നിന്ന് ഗാന്ധിജിയുമെത്തി. മൂന്ന് നദികള്‍ സംഗമിക്കുന്ന അലഹബാദിലെ ത്രിവേണിയില്‍ ആ വരിഷ്ഠ കോണ്‍ഗ്രസ് നേതാവിന്റെ ചിതാഭസ്മം ഒഴുക്കുന്നതിന് ഗാന്ധിജി സാക്ഷിയായിരുന്നു.

അച്ഛനു പിറകെ അമ്മ, നീണ്ട ആശുപത്രിവാസത്തിനുശേഷം ഭാര്യ കമല – ആനന്ദഭവനിലെ വിശാലതയില്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ട വിരഹത്തിന്റെ കടുത്ത ശൂന്യത. ജീവിതത്തിലെ ഏകാന്തതയില്‍ ഒറ്റപ്പെട്ടുപോയ മകള്‍ ഇന്ദിര. ഇതെല്ലാം സഹിച്ചും മറന്നും മറികടന്നും കോണ്‍ഗ്രസിനെയും ദേശീയപ്രസ്ഥാനത്തെയും തുടര്‍ന്നും മുന്നോട്ടു നയിക്കുകയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. അതുകൊണ്ടാണ് ‘താങ്കളുടേതുപോലെ ഇന്ത്യയ്ക്കുവേണ്ടി ഇത്രയും ത്യാഗംചെയ്ത മറ്റൊരാള്‍ വേറെയില്ല’ എന്ന് സര്‍ദാര്‍ പട്ടേല്‍ മന്ത്രിസഭയില്‍ ചേരാനുള്ള ക്ഷണം സ്വീകരിച്ച് നെഹ്‌റുവിന് എഴുതിയത്.

‘എന്റെ സേവനം താങ്കളെ ഞാന്‍ ഭരമേല്പിക്കുന്നു. ജീവിതാന്ത്യംവരെ ചോദ്യംചെയ്യാനാവാത്ത കൂറ് എന്നില്‍നിന്ന് താങ്കള്‍ക്ക് പ്രതീക്ഷിക്കാം’ എന്ന് അറിയിച്ചത്. (Nehru and Patel, The Gandhi Reader: Part III.)

ലോകത്തെ ഏറ്റവും ഉയരംകൂടിയ പ്രതിമ സര്‍ദാര്‍ പട്ടേലിനുവേണ്ടി പണിതുയര്‍ത്തുവരാണ് നെഹ്‌റുവിന്റെ പ്രതിമ ഇവ്വിധം മ്ലേച്ഛമായി കൈകാര്യംചെയ്യുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നതിന്റെ ദൃഷ്ടാന്തമാണ് പശ്ചിമബംഗാളില്‍ നെഹ്‌റു പ്രതിമകള്‍ വികൃതമാക്കാന്‍ നടന്ന ശ്രമങ്ങള്‍. അതിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശക്തമായി പ്രതികരിച്ചിട്ടും. നെഹ്‌റു പ്രതിമകളെ അവഹേളിക്കുകയും തകര്‍ക്കുകയും ചെയ്യുന്ന സംഭവങ്ങളെ പ്രധാനമന്ത്രിയോ യു.പി മുഖ്യമന്ത്രി ആദിത്യനാഥിനെപോലുള്ളവരോ അപലപിക്കാത്തത്. ഗാന്ധിസവും നെഹ്‌റൂവിയന്‍ നയങ്ങളും ഇന്നും ദരിദ്ര നാരായണന്മാരുടെ ഇന്ത്യയില്‍ നിലനില്‍ക്കുന്നത് പ്രതിമകളുടെ സാന്നിധ്യംകൊണ്ടല്ല. ചരിത്ര- രാഷ്ട്രീയ – സാംസ്‌ക്കാരിക പൈതൃകം പകര്‍ന്ന സാധാരണ മനുഷ്യ ഹൃദയങ്ങളില്‍നിന്നാണ്.

Untitled-design35നെഹ്‌റുവിന്റെ പ്രതിമാ നശീകരണത്തെ ആര്‍.എസ്.എസിനും ബി.ജെ.പിക്കും അപലപിക്കാനാകില്ല. ആര്‍.എസ്.എസിന്റെ വാക്കും പ്രവൃത്തിയും രണ്ടാണെന്നും വിശ്വസിക്കാനാവാത്ത സംഘടനയാണെന്നും അവര്‍ക്കെതിരെ എന്നും ജാഗരൂകരായിരിക്കണമെന്നും മരണംവരെ നിലപാടെടുത്ത ആളാണ് നെഹ്‌റു. പുതിയ ഗവണ്മെന്റ് അധികാരമേറ്റശേഷം ബി.ജെ.പിയും ആര്‍.എസ്.എസും ഒരുപോലെ പ്രഖ്യാപിച്ചത് നെഹ്‌റുയിസവും കമ്മ്യൂണിസവും തുടച്ചുനീക്കണമെന്നാണ്. അതു തികച്ചും സ്വാഭാവികം.

കമ്മ്യൂണിസ്റ്റു പാര്‍ട്ടിയ്‌ക്കെതിരായ നിരോധന നിയമമനുസരിച്ച് നെഹ്‌റുവിന്റെ പുസ്തകങ്ങള്‍ നിരോധിക്കാനും നെഹ്‌റുവിനെ അറസ്റ്റുചെയ്യാനും ഐക്യപ്രവിശ്യയിലെ സര്‍ക്കാര്‍ അന്നു തീരുമാനിച്ചു. വൈസ്രോയിതന്നെ ഇടപെട്ട് അത് തടയുകയായിരുന്നു. രണ്ടാം ലോകയുദ്ധത്തില്‍ ഇന്ത്യയെ പങ്കാളിയാക്കിയതിനെതിരെ നിസ്സഹകരണപ്രസ്ഥാനവും വ്യക്തിയധിഷ്ഠിത സത്യഗ്രഹവും ഗാന്ധിജി പ്രഖ്യാപിച്ചു. സത്യഗ്രഹം തുടങ്ങുംമുമ്പുതന്നെ നെഹ്‌റുവിനെ അറസ്റ്റുചെയ്ത് നാലുവര്‍ഷത്തെ കഠിനജോലിക്ക് ഗോരഖ്പൂര്‍ ജയിലിലടച്ചു. ജവഹര്‍ലാലിനെ ഒരു സാധാരണ ക്രിമിനലിനെപ്പോലെ കൈകാര്യം ചെയ്തുകൂടെന്നുപറഞ്ഞ് തടഞ്ഞത് യുദ്ധകാര്യങ്ങളില്‍ വ്യാപൃതനായിരുന്ന ബ്രിട്ടന്റെ പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലായിരുന്നു.

ചുരുങ്ങിയത് ബ്രിട്ടീഷ് ഭരണാധികാരികള്‍ സ്വീകരിച്ച സമീപനംപോലും ഭരണനേതൃത്വത്തിലേറിയവര്‍ക്ക് നെഹ്‌റുവിനോട് പുലര്‍ത്താനാകുന്നില്ല. നെഹ്‌റുവിന്റെ ആസൂത്രണ നയത്തിലും രണ്ടാം പദ്ധതി നടപ്പാക്കുന്നതിലും പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അടുത്ത സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന രാജഗോപാലാചാരി കോണ്‍ഗ്രസ് വിട്ടു. നെഹ്‌റുവിന്റേത് കമ്മ്യൂണിസ്റ്റ് നയങ്ങളാണെന്ന് കുറ്റപ്പെടുത്തി 80-ാം വയസില്‍ രാജാജി രൂപീകരിച്ചത് അങ്ങേയറ്റം വലതുപക്ഷ പിന്തിരിപ്പന്‍ പാര്‍ട്ടിയായ സ്വതന്ത്രപാര്‍ട്ടി. പ്രധാനമന്ത്രി മോദി അധികാരമേറ്റ് ആദ്യംചെയ്തത് നെഹ്‌റു തുടക്കമിട്ട കേന്ദ്ര ആസൂത്രണവും ആസൂത്രണകമ്മീഷനും തകര്‍ക്കുകയാണ്. ഈ നയത്തിനുപിറകില്‍ പ്രസരിക്കുന്നത് വലതുപക്ഷ തീവ്രവാദത്തിന്റെ ഏറ്റവും അപകടകരമായ ജനാധിപത്യ – മതനിരപേക്ഷ വിരുദ്ധതയാണ്.

നെഹ്‌റുവിനെ എതിര്‍ക്കാനും സ്വന്തം ആശയങ്ങള്‍ മുന്നോട്ടുവെക്കാനും ഇഷ്ടപ്പെട്ടവരുടെ പ്രതിമകള്‍ തലയിലേറ്റാനും ഓരോരുത്തര്‍ക്കുള്ള അവകാശങ്ങള്‍, സ്വാതന്ത്ര്യം ആരും ചോദ്യംചെയ്യുന്നില്ല. പക്ഷെ, വിഭജനത്തിന്റെ ചോരച്ചാലുകളിലൂടെ വര്‍ഗീയഭ്രാന്തിന്റെ അഴിഞ്ഞാട്ടത്തിനിടയില്‍ സ്വാതന്ത്ര്യത്തിലേക്കു പിറന്ന ഇന്ത്യയെ ഇന്നത്തെ ഇന്ത്യയാക്കി വളര്‍ത്തിയതും നിലനിര്‍ത്തിയതും നെഹ്‌റുവിന്റെ ഉറച്ച നയങ്ങളും നിലപാടുകളുമാണ്. എന്തെല്ലാം ദൗര്‍ബല്യങ്ങളും പോരായ്മകളും കണ്ടെത്താമെങ്കിലും.

ജനാധിപത്യ- മതനിരപേക്ഷതയുടെ ആണിക്കല്ലുകളായ ആ മൂല്യങ്ങളെ ആര്‍ക്കും എതിര്‍ക്കാനാവില്ല. അധികാര പിന്തുണയില്‍ നെഹ്‌റുപ്രതിമ അടിച്ചിളക്കി കെട്ടി തൂക്കിയെടുത്ത് ദൂരേക്കെറിയാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കാമെങ്കിലും.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു എന്ന ചോദ്യത്തിന് നെഹ്‌റു നല്‍കിയ മറുപടി അതു വ്യക്തമാക്കുന്നു: മതപരമായ ഒരു രാഷ്ട്രത്തില്‍ ഒരു മതനിരപേക്ഷ രാഷ്ട്രം സൃഷ്ടിക്കുകയായിരുന്നു താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.

പിന്തുടര്‍ച്ചക്കും വിവാഹത്തിനുമുള്ള അവകാശങ്ങള്‍ ഹിന്ദുസ്ത്രീകള്‍ക്ക് നിയമവിധേയമാക്കിയ ഹിന്ദുകോഡ് ബില്‍ പാസാക്കിയപ്പോള്‍ ഡല്‍ഹിയിലെ തെരുവുകളിലുയര്‍ന്ന, പൊടിയിലമര്‍ന്നുപോയ പഴയ ആ മുദ്രാവാക്യമെങ്കിലും ഇപ്പോള്‍ ഈ പണിക്കു നേതൃത്വം നല്‍കുന്നവര്‍ ഓര്‍ക്കേണ്ടതാണ്. ‘പണ്ഡിറ്റ് നെഹ്‌റു നശിച്ചുപോകട്ടെ, നശിച്ചുപോകട്ടെ’ എന്ന് അലറിവിളിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top