Flash News

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (നോവല്‍ – 5): എച്മുക്കുട്ടി

September 25, 2018

Vyazhavattam banner-5smallമകന്‍ അഞ്ചാം ക്ലാസ്സിലേക്ക് ചേരുന്നത് വീട്ടിലെ വലിയ ബുദ്ധിമുട്ടായി മാറി. അവനു ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ പഠിക്കണമായിരുന്നു. അവന്റെ കൂട്ടുകാരൊക്കെ അങ്ങോട്ട് മാറിയതായിരുന്നു കാരണം.

അവന്റെ അച്ഛനു അതിഷ്ടമായില്ല. ഫീസ് ജാസ്തിയാണല്ലോ. അവളുടെ വരുമാനത്തില്‍ നിന്ന് അത് ചെലവാക്കാമെങ്കിലും അവളും മകനും കൂടി തീരുമാനിക്കുന്നതിനെയെല്ലാം എതിര്‍ക്കേണ്ടത് അയാളുടെ ഒരു ആവശ്യമായിരുന്നു. അതില്‍ വല്ലപ്പോഴുമുള്ള പിറ്റ്‌സ കഴിയ്ക്കല്‍, ഉരുളക്കിഴങ്ങ് വറ്റല്‍ തിന്നല്‍, ഐസ് ക്രീം രുചിയ്ക്കല്‍ എല്ലാം പെട്ടിരുന്നു. ആദ്യമൊക്കെ അവന്‍ വാശി എടുത്ത് കരയുമായിരുന്നു. നമുക്ക് കാശില്ലെന്ന് അയാള്‍ അവനെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണോ സ്ഥിരം വഴക്ക് കണ്ടിട്ടാണോ എന്തോ അവനും അതൊക്കെ നിറുത്തി. അമ്മ മാത്രമേ ജോലിയ്ക്ക് പോകുന്നുള്ളൂ എന്ന് അവനറിയാമായിരുന്നു. കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് അച്ഛന് ഇപ്പോള്‍ കാശൊന്നും കിട്ടുന്നില്ലെന്ന് അവന്‍ മനസ്സിലാക്കി.

പുതിയ സ്‌ക്കൂളിന്റെ എന്‍ട്രന്‍സ് പരീക്ഷയില്‍ അവന്‍ പുല്ലു പോലെ ജയിച്ചു. അഡ്മിഷന്‍ സമയത്ത് അയാള്‍ സ്‌ക്കൂളിനു പുറത്ത് തന്നെ മുനിഞ്ഞ് നിന്ന് അയാളുടെ പ്രതിഷേധം രേഖപ്പെടുത്തി.

പത്ത് പതിനഞ്ചു ദിവസം അയാള്‍ മൌനവ്രതവും ഉണ്ണാവ്രതവും പാലിച്ചു. അയാള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ എല്ലായ്‌പ്പോഴും അയാള്‍ ഇത്തരം വ്രതങ്ങള്‍ എടുത്തു പോന്നു. അയാളെ സംസാരിപ്പിക്കേണ്ടതും ഭക്ഷണം കഴിപ്പിക്കേണ്ടതും അങ്ങനെ അവളുടെ ജോലിയാക്കി അയാള്‍ മാറ്റിയിരുന്നു. എത്ര മാപ്പു പറഞ്ഞാലും തീരാത്തവയായിരുന്നു അവളുടെ കുറ്റങ്ങള്‍ . എപ്പോള്‍ വഴക്കുണ്ടായാലും അയാള്‍ അതെല്ലാം ആദ്യം മുതല്‍, അവളുടെ കാലു തടവേണ്ടി വന്നതു മുതല്‍ എപ്പോഴൊ ചായ നേരത്തിനു നല്‍കാതിരുന്നതു മുതല്‍ ഉള്ള കുറ്റങ്ങള്‍ എണ്ണി എണ്ണി ആവര്‍ത്തിച്ചു. അവളുടെ സംഭവിച്ചു പോയ വീഴ്ചകള്‍ക്ക് അയാളുടെ പക്കല്‍ ഒരിയ്ക്കലും മാപ്പില്ലായിരുന്നു.

അമ്മ അവനെ സ്‌കൂള്‍ ബസ്സ് കയറ്റി വിട്ട് യാത്രയാക്കാന്‍ വരണമെന്ന് മോന്‍ നിര്‍ബന്ധിച്ചിരുന്നു.അതിനവള്‍ എന്നും രാവിലെ ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് അയാള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അതിനെച്ചൊല്ലി എന്നും അവര്‍ കലഹിച്ചു. അവനു സ്വയം പര്യാപ്തത വരില്ലെന്നായിരുന്നു അയാളുടെ ന്യായം. അവന്റെ കുഞ്ഞിക്കൈ കൊണ്ടുള്ള ടാറ്റാ അവളുടെ മനസ്സ് നിറച്ചിരുന്നു. അതുപേക്ഷീക്കാന്‍ അവള്‍ തയാറായില്ല. അവന്‍ നേരം വൈകി എണീറ്റിട്ട് ബസ് കിട്ടാതെ വന്നാല്‍ അവനെ സ്‌കൂളില്‍ കൊണ്ടു വിടുന്നതിനും അയാള്‍ മടിച്ചു. അവന്‍ എണീക്കാന്‍ വൈകുന്ന ദിവസങ്ങളിലും അവര്‍ തമ്മില്‍ വഴക്കുണ്ടായി. അയാള്‍ക്കിഷ്ടമില്ലാത്ത സ്‌കൂളില്‍ ചേര്‍ത്തതുകൊണ്ടുള്ള കോപമായിരുന്നു അതെല്ലാം. കുറെ വഴക്കിട്ടതിനുശേഷം ‘ ‘കഴുതേ, ബുദ്ദൂ, നിന്നെ എന്തിനു കൊള്ളാമെടാ, മരങ്ങോടാ, അമ്മേടെ മടീലിരിക്കണ കഴുത മോനെ’ എന്നെല്ലാം മുറുമുറുത്തുകൊണ്ട് അയാള്‍ അവനെ സ്‌കൂളില്‍ കൊണ്ടുവിടുമായിരുന്നു.

അപ്പോഴാണ് അവള്‍ക്ക് ഡ്രൈവറെ വെച്ചു കൊടുക്കാന്‍ കമ്പനി തീരുമാനിച്ചത്. അയാള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തു. അയാള്‍ അവളെ ജോലിക്ക് കൊണ്ടു വിടുകയും കൂട്ടിക്കൊണ്ടു പോവുകയും ചെയ്യാമെന്നായിരുന്നു അയാളുടെ വാഗ്ദാനം. ദിവസങ്ങളോളം നീളുന്ന വഴക്ക് ഒഴിവാക്കാന്‍ അവള്‍ അതിനു സമ്മതിക്കുകയായിരുന്നു.

അങ്ങനെ കൂടുതല്‍ വലിയൊരു കാറു വാങ്ങാന്‍ അവര്‍ തീരുമാനിച്ചു.

അയാളുടെ ബാങ്കില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. അവള്‍ പണം അയാളുടെ ബാങ്കിലേക്ക് മാറ്റിക്കൊടുത്ത് അയാളെ കടമെടുത്ത് കാറു വാങ്ങാന്‍ ബാങ്കിനു മുന്നില്‍ യോഗ്യനാക്കി.അങ്ങനെ വലിയ കാര്‍ അയാളുടെ മാത്രം പേരിലായി. അവള്‍ക്ക് കാറിനും ഡ്രൈവര്‍ക്കും പെട്രോളിനുമായി കമ്പനിയില്‍ നിന്നും കിട്ടുന്ന അലവന്‍സും അയാളുടെ പേരിലേക്ക് അവള്‍ മാറ്റിക്കൊടുത്തു. അങ്ങനെ മാസം നാല്‍പതിനായിരം രൂപ അവളുടെ കമ്പനി അയാള്‍ക്ക് നല്‍കിപ്പോന്നു. അതില്‍ നിന്നാണ് അയാള്‍ കാറിന്റെ കടം അടച്ചുകൊണ്ടിരുന്നത്.

ഓരോ കാര്യം അയാള്‍ക്കായി ചെയ്തുകൊടുക്കുമ്പോഴും അവള്‍ കരുതിയത് അയാള്‍ക്ക് അവളോട് സ്‌നേഹം ഉണ്ടാവുമെന്നായിരുന്നു. സ്വന്തം ബാങ്കില്‍ ഒട്ടും പണമില്ലാതായി എന്നൊരു അപകര്‍ഷതാബോധം അയാളില്‍ ജനിച്ച് അതില്‍ നിന്നു കൂടി അയാള്‍ വഴക്കിടാന്‍ കാരണം കണ്ടുപിടിയ്ക്കാതിരിയ്ക്കട്ടെ എന്ന് അവള്‍ കരുതി. എന്നാല്‍ അവളില്‍ നിന്ന് കിട്ടിയതൊന്നും കാര്യമില്ല… കിട്ടാത്ത മറ്റെന്തോ ആയിരുന്നു അയാള്‍ക്ക് വേണ്ടിയിരുന്നത്. അതെന്താണെന്ന് ശരിയായി പരിചയപ്പെടുത്തിക്കൊടുക്കാനുള്ള കഴിവോ മനസ്സോ അയാള്‍ക്ക് ഉണ്ടായിരുന്നില്ല. അത് മനസ്സിലാക്കാന്‍ അവള്‍ പരീക്ഷിച്ച മാര്‍ഗങ്ങളിലെല്ലാം അവളെ കാത്തിരുന്നത് തോല്‍ വികള്‍ മാത്രമായിരുന്നു.

വലിയ കാര്‍ വന്നതുകൊണ്ട് ജീവിതത്തില്‍ ഒരു മെച്ചവും ഉണ്ടായില്ല.

അനാഥപ്പെണ്ണിനോടുള്ള അയാളുടെ കോപം അടിയ്ക്കടി വര്‍ദ്ധിച്ചു വന്നു. അവള്‍ മകനെ ഹോം വര്‍ക്ക് ചെയ്യിക്കുന്നത് അതികഠിനമായ പഠിപ്പിക്കലാണെന്ന് അയാള്‍ ആരോപിച്ചു.മകന്‍ സ്‌കൂള്‍ വിട്ടു വന്നാല്‍ അവനെയും കൂട്ടി ബെഡ് റൂമില്‍ക്കയറി ടി വി കണ്ടിരിക്കലായി അയാളുടെ പതിവ്. വേലക്കാരിക്ക് മകനും അച്ഛനും കൂടി സന്തോഷമായിരിക്കുമ്പോള്‍ വിളിക്കാന്‍ എന്തവകാശം എന്നായിരുന്നു അയാള്‍ ചോദിച്ചത്. മകന്റെ ഹോം വര്‍ക്കുകള്‍ അയാളെ അലട്ടിയതേയില്ല. അവനെ എങ്ങനെയെങ്കിലും അനാഥപ്പെണ്ണില്‍ നിന്ന് അകറ്റണമെന്ന് അയാള്‍ തീരുമാനിച്ചതു പോലെയായിരുന്നു.

ഹോം വര്‍ക് ചെയ്യുന്നതിലും പഠിക്കുന്നതിലും എളുപ്പം ടി വി കാണുന്നതാണല്ലോ എന്ന് മകനും അത് സന്തോഷപ്രദമായ ഒരു കാര്യമായിത്തീര്‍ന്നു.

അയാള്‍ വീട്ടിലിരിക്കുന്നതുകൊണ്ട് അനാഥപ്പെണ്ണ് പകല്‍ മുഴുവന്‍ വീട്ടിലിരിക്കാന്‍ പാടില്ലെന്നും വീടു വിട്ടു പോവണമെന്നും അയാള്‍ നിര്‍ബന്ധം പിടിച്ചു. അവള്‍ കരഞ്ഞു കാലു പിടിച്ചിട്ടും വഴക്കുണ്ടാക്കിയിട്ടും അയാള്‍ ലേശം പോലും വഴങ്ങിയില്ല.

അനാഥപ്പെണ്ണിനെ അങ്ങനെ പറഞ്ഞു വിടാന്‍ അവള്‍ക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷെ, നിത്യവുമുള്ള വഴക്കും നിദ്രാവിഹീനമായ രാത്രികളും അവളെ തകര്‍ത്തു.

ഹൈദരാബാദിലേക്ക് സ്ഥലം മാറിപ്പോകുന്ന മറ്റൊരു കൂട്ടുകാരിയുടെ ഒപ്പം ആ അനാഥപ്പെണ്ണിനെ പറഞ്ഞു വിടുമ്പോള്‍ അവളുടെ ഹൃദയം പൊട്ടി. മകന്‍ നിറുത്താതെ കരഞ്ഞു. കരഞ്ഞു കരഞ്ഞു അവന്റെ തൊണ്ടയടഞ്ഞു. ചേച്ചി ഇല്ലാതെ എങ്ങനെ ജീവിക്കുമെന്ന് അവന്‍ അമ്മയോടും അച്ഛനോടും മാറിമാറിച്ചോദിച്ചു. ആരോടും ആശ്രയത്വം പുലര്‍ത്താതെ ജീവിക്കണം ആണ്‍കുട്ടികളെന്ന് അയാള്‍ മകനെ മനസ്സിലാക്കി.എന്നിട്ടും അവന്‍ തേങ്ങിക്കൊണ്ടിരുന്നു.

അയാള്‍ അടുക്കള ജോലികള്‍ ചെയ്യാമെന്നേറ്റു. അതിനു ശേഷം ഭക്ഷണവും അയാള്‍ തീരുമാനിക്കുന്നതു പോലെയായി. രാവിലത്തെ ജോലികളെല്ലാം അവള്‍ തന്നെ ചെയ്യണം. മകന്‍ ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ട് വരുമ്പോള്‍ അയാള്‍ അവനു ഊണു ഉണ്ടാക്കി കൊടുക്കും. പിന്നെ വൈകീട്ട് ഏഴരമണിയ്ക്ക് അവള്‍ വന്ന് അയാള്‍ക്ക് ചായ ഉണ്ടാക്കിക്കൊടുക്കണം. തുണി അലക്കണം, അടിച്ചു വാരിതുടയ്ക്കണം. മകനെ ഹോം വര്‍ക്ക് ചെയ്യിക്കണം. അയാള്‍ ആ നേരം കൊണ്ട് അത്താഴമുണ്ടാക്കും. അത്താഴം അവള്‍ വിളമ്പണം. മേശ വൃത്തിയാക്കണം, പാത്രങ്ങള്‍ കഴുകി അടുക്കള വൃത്തിയാക്കി, അലക്കിയ തുണികള്‍ മടക്കി വെച്ച് വീട് പറ്റാവുന്ന മാതിരി ഒന്ന് അടുക്കിപ്പെറുക്കി തികച്ചും അലങ്കോലമായിക്കിടക്കുന്ന അവന്റെ യൂണിഫോമും ബുക്കും ഷൂവുമൊക്കെ ശരിയാക്കി വെച്ചു വേണം അവള്‍ക്ക് ഉറങ്ങാന്‍…

ഓഫീസില്‍ വലിയ മാഡമാണല്ലോ അവള്‍… വീട്ടില്‍ വന്ന് സാധാരണ പെണ്ണുങ്ങളെപ്പോലെ പണിയെടുത്തില്ലെങ്കില്‍ എന്താണ് പെണ്‍ ജോലികള്‍ എന്നവള്‍ മറന്നു പോയെങ്കിലോ എന്നായിരുന്നു അയാളുടെ ഉല്‍ക്കണ്ഠ.

അടുക്കളപ്പണി അവള്‍ ചെയ്തിട്ട് കാര്യമില്ല. അവളുണ്ടാക്കുന്നതൊന്നും പട്ടിയുടെ ആസനത്തിലൂടെ പോലും കയറ്റാന്‍ കൊള്ളില്ല.

മകന്‍ ആ ഉപമ കേട്ട് കൈ കൊട്ടിച്ചിരിച്ചു. സ്ഥാനത്തും അസ്ഥാനത്തും എല്ലാം അവനും അതുപയോഗിച്ചു തുടങ്ങി.

അവള്‍ പാചകം എന്ന വിഷയത്തെപ്പറ്റി പിന്നീട് നിശ്ബദത മാത്രം പാലിച്ചു.അയാളുടെ പാചകത്തെ ആവോളം പുകഴ്ത്തി. വഴക്ക് ഒഴിവാക്കുക എന്നതായിരുന്നു അവളുടെ പ്രധാന അജന്‍ഡ. മകന്‍ വലുതാകും എല്ലാം മനസ്സിലാക്കും എന്നതായിരുന്നു ഏക പ്രതീക്ഷ.

അവള്‍ ഓഫീസില്‍ നിന്ന് വൈകി വരുന്നതില്‍ അയാള്‍ക്ക് ക്ഷോഭം വന്നു തുടങ്ങി. ‘ നീ വിളിക്കുമ്പോള്‍ നിന്നെ ഓഫീസില്‍ വന്ന് പിക്കപ്പ് ചെയ്യാന്‍ ഞാനെന്താ നിന്റെ ഡ്രൈവറാണോ’ എന്നായി അയാളുടെ ചോദ്യം. പലപ്പോഴും രാവിലെ അവളെ ഓഫീസില്‍ കൊണ്ടുവിടാനും അയാള്‍ തയാറായില്ല. അതിനാണ് മാസം നാല്‍പതിനായിരം രൂപ ബാങ്കില്‍ വന്നു വീഴുന്നതെന്ന സത്യം അയാള്‍ സൌകര്യപൂര്‍വം വിസ്മരിച്ചു. ‘അത് നിനക്ക് ടാക്‌സ് ഇളവ് നല്‍കുന്നുണ്ടല്ലോ ഞാന്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ നീ ആ ഇളവ് എങ്ങനെ നേടുമായിരുന്നു’ എന്ന് പറഞ്ഞ് ആ തുകയെ അയാള്‍ നിസ്സാരമാക്കി.

അച്ഛന്‍ കൊണ്ടു വിടുന്നതുകൊണ്ടാണ്, അച്ഛന്‍ ജോലിക്ക് പോകാന്‍ അനുവദിച്ചതുകൊണ്ടാണ് അമ്മയ്ക്ക് ജോലിക്ക് പോകാന്‍ കഴിയുന്നതെന്ന് അയാള്‍ മകനെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. അതിനും പുറമേ അവന്റെ പല കൂട്ടുകാരുടേയും അമ്മമാര്‍ പറയുന്നത് അവന്‍ കേട്ടിട്ടുമുണ്ടായിരുന്നു.. ‘അയ്യോ! പ്രവീണിന്റെ അച്ഛന്‍ എന്നെ ജോലിക്ക് പോവാന്‍ സമ്മതിക്കില്ല. ഞാന്‍ വീട്ടിലിരുന്ന് പ്രവീണിനെ നോക്കുന്നതാണ് അദ്ദേഹത്തിനിഷ്ടം. അദ്ദേഹം അനുവദിക്കാതെ ഞാന്‍ ഒന്നും ചെയ്യില്ല. ‘

അയാളാണല്ലോ വീട്ടിലിരിക്കുന്നത്. അവള്‍ ജോലിയുമായി പുറത്ത് ഓഫീസിലും. കുട്ടിയെ അയാള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ എല്ലാം പറഞ്ഞു മനസ്സിലാക്കാന്‍ ആവശ്യമുള്ളത്ര സമയം അയാളുടെ പക്കല്‍ ഉണ്ടായിരുന്നു. അവളുടെ പക്കല്‍ അതുണ്ടായിരുന്നില്ല. വളരെ സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക് അവളുടെ ഈ വിഷമം അറിയാന്‍ പറ്റിയിരുന്നില്ല. മക്കള്‍ക്കൊപ്പം അധികനേരം ചെലവാക്കുന്നവരെയല്ലേ മക്കള്‍ അധികം കാര്യമായി എടുക്കുക. അല്ലെങ്കില്‍ വീട്ടിലില്ലാത്ത ആളെക്കുറിച്ച് നല്ലതു പറഞ്ഞു കൊടുക്കുവാന്‍ ഉള്ള ആള്‍ ബോധപൂര്‍വം ശ്രദ്ധിക്കണം. വീട്ടമ്മമാര്‍ അച്ഛന്റെ മിടുക്കിനേയും കഴിവിനേയും സമ്പാദ്യത്തേയും ജോലിയേയും പറ്റി അഭിമാനപ്പെട്ട് മക്കളിലും അത് വളര്‍ത്തും പോലെ. അച്ഛന്‍ അസാന്നിധ്യത്തിലും ജീവിതത്തില്‍ എത്ര പ്രധാനമാണെന്ന് പറഞ്ഞു കൊടുക്കും പോലെ. അവളുടെ ജീവിതത്തില്‍ ഒരിയ്ക്കലും അങ്ങനൊരു കാര്യം ഉണ്ടായില്ല.

എന്തെല്ലാം അയാള്‍ പറഞ്ഞാലും വൈകുന്നേരം അവളെ കണ്ടില്ലെങ്കില്‍ മകനു സഹിക്കാന്‍ പറ്റിയിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു ഓഫീസ് ടൂറിനും അവള്‍ പോയിരുന്നില്ല. സൈറ്റ് വിസിറ്റിനു പോവേണ്ടി വന്നാല്‍ രാവിലെ പോയി രാത്രി തിരിച്ചെത്താന്‍ അവള്‍ ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഒരിയ്ക്കല്‍ കല്‍ക്കത്തയില്‍ നിന്ന് മടങ്ങുമ്പോള്‍ വിമാനം വൈകി രാത്രി ഒരു മണിയായി അവള്‍ എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍.അയാള്‍ക്ക് ഫോണ്‍ ചെയ്ത നിമിഷം അയാള്‍ പറഞ്ഞു, ‘ അവിടെ കിടന്നോ, നാളെ വെളുത്തിട്ട് നേരം പോലെ വന്നാല്‍ മതി.’ രാത്രി ഒരു മണിക്ക് ടാക്‌സി പിടിയ്ക്കാനുള്ള ധൈര്യം ഇന്ത്യയില്‍ പൊതുവേ സ്ത്രീകള്‍ക്ക് ഇല്ലല്ലോ. അവള്‍ എയര്‍പോര്‍ട്ടിലിരുന്ന് നേരം വെളുപ്പിച്ചു. അതിനു ശേഷം മോനെ വിട്ടിട്ട് അമ്മ എവിടേയും പോകരുതെന്ന് അവന്‍ ഇടയ്ക്കിടെ സത്യം ചെയ്തു മേടിക്കുമായിരുന്നു. അവളെ കെട്ടിപ്പിടിയ്ക്കാതെ, അവളുടെ മുലയില്‍ കുഞ്ഞിക്കൈ ചേര്‍ത്തു വെയ്ക്കാതെ അവനുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴെല്ലാം അവന്റെ നിഷ്‌ക്കളങ്കമായ സ്‌നേഹം ഓര്‍ത്ത് അവളുടെ കണ്ണ് നിറയും.

അസഹനീയമായതുകൊണ്ടാണ് അവള്‍ കൌണ്‍സലിംഗിനു പോയത് . ജോലിയുടേയും വീടിന്റേയും സമ്മര്‍ദ്ദം അവള്‍ക്ക് താങ്ങാവുന്നതിനപ്പുറമായിക്കഴിഞ്ഞിരുന്നു.

ജോലിക്ക് പോകാതായപ്പോള്‍ അവള്‍ മാത്രമായി അയാളുടെ റ്റാര്‍ജെറ്റ്. അവള്‍ എന്തു ചെയ്യുന്നു? ആരോടു മിണ്ടുന്നു.? ആരാണവളുടെ കൂട്ടുകാര്‍? അതില്‍ ആണെത്ര? പെണ്ണെത്ര ? അവരോടെല്ലാം ഏതു വിഷയമാണവള്‍ സംസാരിക്കുന്നത്? അവളുടെ അമ്മയോടും ബന്ധുക്കളോടും എപ്പോഴെല്ലാം സംസാരിക്കുന്നു ? എന്തൊക്കെ സംസാരിക്കുന്നു ? അവര്‍ അവളൂടെ പണം അടിച്ചു മാറ്റുന്നുണ്ടോ? സഹപ്രവര്‍ത്തകരുമായി അവള്‍ക്ക് എത്ര അടുപ്പമുണ്ട്?

അയാള്‍ ഓരോന്നിനായി കൂടുതല്‍ക്കൂടുതല്‍ നിയന്ത്രണം വെച്ചു തുടങ്ങി. എപ്പോഴും നിരീക്ഷിയ്ക്കപ്പെടുന്നത്, ചോദ്യങ്ങള്‍ക്കുത്തരം നല്‍കേണ്ടത്, ആ ഉത്തരങ്ങളില്‍ ഒട്ടും വിശ്വസിക്കാത്ത ഒരാളുടെ മുന്നില്‍ ശിക്ഷയ്ക്കായി നില്‍ക്കേണ്ടത്, അവള്‍ക്ക് അലറാനും മതിവരുവോളം അയാളുടെ മുഖത്തിടിയ്ക്കാനും ചിലപ്പോള്‍ അയാളെ കുത്തിക്കൊല്ലാനോ അല്ലെങ്കില്‍ അവള്‍ക്ക് മരിക്കാനോ തോന്നുന്നത്..ഒന്നും നടക്കാതെ വരുമ്പോള്‍ നിസ്സഹായത കൊണ്ട് ആത്മാഭിമാനത്തിലേല്‍ക്കുന്ന അറ്റമില്ലാത്ത ക്ഷതങ്ങള്‍ അവളെത്തന്നെ നിന്ദിക്കുന്നത് …. ഇക്കാര്യമെല്ലാം അവള്‍ കിതച്ചുകൊണ്ടും തോരാതെ കരഞ്ഞുകൊണ്ടും കൌണ്‍സിലിംഗില്‍ വിശദമാക്കി.

അയാളുമൊത്ത് ചെലവാക്കിയ മധുര നിമിഷങ്ങള്‍ അയവിറക്കാന്‍ കൌണ്‍സിലര്‍ അവളോട് ആവശ്യപ്പെട്ടു.

അവള്‍ ആലോചിച്ചു തുടങ്ങി.

ഓഫീസിലെ പ്രശ്‌നങ്ങള്‍ പങ്കു വെയ്ക്കുമ്പോള്‍ കുറ്റമെല്ലാം അവളുടേതാണെന്ന് വാദിച്ചു സ്ഥാപിക്കുമെങ്കിലും അയാള്‍ അത് കേട്ടിരിക്കുമായിരുന്നു. പിന്നെപ്പിന്നെ കുറ്റം കേട്ട് കേട്ട് അവള്‍ക്ക് മതി വന്നതുകൊണ്ട് അവള്‍ പ്രശ്‌നങ്ങള്‍ പറയാതെയായി. നല്ല വര്‍ത്തമാനങ്ങള്‍ മാത്രമേ പങ്കു വെച്ചിരുന്നുള്ളൂ. അവളുടെ മിടുക്കിനെപ്പറ്റി അറിയാനോ അതില്‍ ലേശമെങ്കിലും അഭിമാനം കൊള്ളാനോ അയാള്‍ക്ക് യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല.

അവള്‍ സ്വര്‍ണക്കടയില്‍ ഇന്‍സ്റ്റാള്‍മെന്റ് ചേര്‍ന്ന് പണ്ടങ്ങള്‍ വാങ്ങുന്നതില്‍ അയാള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. അത് ഒരു നിത്യസമ്പാദ്യമാണെന്ന് അയാള്‍ക്ക് യോജിപ്പുണ്ടായിരുന്നു.

പിന്നെ അയാള്‍ വീടിന്റെ കടം തീര്‍ത്തു.

നന്നായി അത്താഴമൊരുക്കുന്നുണ്ട്…അയാള്‍ക്ക് മൂഡുള്ളപ്പോഴൊക്കെ.

ഓഫീസില്‍ കൊണ്ടുവിടുകയും കൂട്ടിക്കൊണ്ടു വരികയും ചെയ്യുന്നുണ്ട്… വഴക്കില്ലാത്തപ്പോഴൊക്കെ.

വല്ലപ്പോഴുമൊക്കെ സിനിമയ്ക്ക് പോവാറുണ്ട്… മകന്‍ വാശി പിടിയ്ക്കുമ്പോള്‍ …

അയാള്‍ക്കിഷ്ടമുള്ള സമോസയല്ലാതെ മറ്റൊന്നും തിന്നരുതെന്ന് അവളെ കര്‍ശനമായി നിര്‍ബന്ധിക്കുമ്പോഴും ഇടയ്ക്ക് ബേക്കറികളില്‍ കൊണ്ടു പോയി സമോസ വാങ്ങിക്കൊടുക്കാറുണ്ട്.

അയാള്‍ക്കിഷ്ടമുള്ള ഉടുപ്പുകളും അടിവസ്ത്രങ്ങളുമേ വാങ്ങാന്‍ സമ്മതിക്കുകയുള്ളൂവെങ്കിലും ചിലപ്പോള്‍ മാളുകളില്‍ കൊണ്ടുപോവാറുണ്ട്.

വളരെ ദുര്‍ലഭം ചിലപ്പോള്‍ ഒരു കുറ്റവും പറയാതെ വര്‍ത്തമാനം പറഞ്ഞിരിക്കാറുണ്ട്.

അയാള്‍ കണക്കറ്റ് മദ്യപിക്കുകയോ മറ്റു സ്ത്രീകളെ തേടിപ്പോവുകയോ ചെയ്തിട്ടില്ല.

കൌണ്‍സിലര്‍ അവളുടെ കിടപ്പറ ജീവിതത്തെ പറ്റി ചോദിച്ചു.

അവളെ മിക്കവാറും എന്നും അയാള്‍ ഭോഗിക്കാറുണ്ട്. എന്നാല്‍ അവള്‍ സുന്ദരിയാണെന്ന് ഒരിക്കല്‍ പോലും പറഞ്ഞിട്ടേയില്ല. എന്തുകൊണ്ട് ഈ നിമിഷങ്ങളില്‍ പോലും അതു പറയാന്‍ കഴിയുന്നില്ല എന്ന് അവള്‍ ചോദിച്ചപ്പോള്‍ അയാള്‍ ഒരിയ്ക്കലും കള്ളം പറയില്ല എന്നാണ് മറുപടി കിട്ടിയത്. ഭോഗം തീര്‍ന്നാല്‍ അയാള്‍ ഉടനെ കൂര്‍ക്കം വലിച്ചു തുടങ്ങും. അപ്പോഴാണ് അവള്‍ക്ക് അയാളെ കൊല്ലാന്‍ കലശലായ ആഗ്രഹമുണ്ടാവുക.. ഏതൊക്കെ മാര്‍ഗത്തില്‍ അത് സാധിക്കാമെന്ന് ആലോചിച്ചുകൊണ്ട് ഒടുവില്‍ അവള്‍ ഉറങ്ങും.

‘കുടുംബമാണ് സ്ത്രീയുടെ എല്ലാം.’ കൌണ്‍സിലര്‍ അഭിപ്രായപ്പെട്ടു. ‘ നിങ്ങള്‍ ജോലി രാജി കൊടുത്ത് വീട്ടിലിരിക്കു. അണിഞ്ഞൊരുങ്ങി ഭര്‍ത്താവിനെ ആകര്‍ഷിക്കു. ഇരുണ്ട നിറമുള്ളവര്‍ക്ക് ചേരുന്ന വസ്ത്രങ്ങളും മേക്കപ്പും ധരിക്കു. അദ്ദേഹം ജോലിക്ക് പോകട്ടെ. മകന് നിങ്ങളോട് കൂടുതല്‍ അടുപ്പവുമുണ്ടാകും. മകന്‍ നിങ്ങളെ തിരിച്ചറിയേണ്ടതല്ലേ ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യം. അല്ലെങ്കിലും പെണ്ണുങ്ങള്‍ക്ക് എന്തിനാണ് എന്‍ജിനീയറിംഗ് ബിരുദം ? പുരുഷന്മാര്‍ കൂടുതല്‍ ശോഭിക്കുന്ന ഒരു മേഖലയല്ലേ അത്? ‘

അവള്‍ക്ക് പെട്ടെന്ന് നെഞ്ചു കലങ്ങുന്ന സങ്കടം വന്നു. ജോലി കൂടി പോയാല്‍..

ജോലി കളയുന്നതിനോട് അവള്‍ക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. ജോലിയിലാണ് അവള്‍ എല്ലാം മറക്കുന്നത്. പുതിയ പുതിയ ഡിസൈനുകളിലും അവയുടെ നിര്‍മ്മാണത്തിലുമാണ് അവള്‍ക്ക് സ്വയം ഒരു അഭിമാനവും ജീവിതത്തിനു ഒരു അര്‍ഥവും ഉണ്ടെന്ന് തോന്നുന്നത്. അതും ഇല്ലെങ്കില്‍ മകന്റെ കൂടി പരിഹാസം താങ്ങേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ എട്ടാം നിലയിലുള്ള ഫ്‌ലാറ്റില്‍ നിന്ന് ചാടിയാലോ എന്നവള്‍ക്ക് തോന്നിപ്പോയേനേ.

”ഭര്‍ത്താവല്ലേ… അദ്ദേഹം നിങ്ങളുടെ എല്ലാം പരിശോധിക്കട്ടെ. ചോദ്യങ്ങള്‍ ചോദിയ്ക്കട്ടെ ..അതിനൊക്കെ ഉത്തരം പറയാനെന്താ വിഷമം? നിങ്ങള്‍ കള്ളത്തരമൊന്നും ചെയ്യുന്നില്ലെങ്കില്‍.. നിങ്ങള്‍ക്ക് ജോലി കളയാനും വയ്യ. അപ്പോള്‍ അദ്ദേഹം പരിശോധിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. അത് ഒരു സാധാരണ കാര്യമായി അങ്ങ് എടുത്താല്‍ മതി. അദ്ദേഹത്തില്‍ നിന്ന് വിരുദ്ധമായ ഒരു ആത്മാഭിമാനം നിങ്ങള്‍ എന്തിനാണ് കാത്തു സൂക്ഷിക്കുന്നത്?’

‘അദ്ദേഹത്തോട് കൂടുതല്‍ ബഹുമാനം കാണിക്കുകയും അനുസരണയും സ്‌നേഹവും പ്രകടിപ്പിക്കുകയും ചെയ്യൂ.. എല്ലാം ഒ കെ ആവും.’

കൌണ്‍സിലറുടെ ഫീസ് കൊടുത്ത് ഇറങ്ങിപ്പോരുമ്പോള്‍ ജോലി രാജി വെച്ചാല്‍ അയാള്‍ക്ക് സന്തോഷം ഉണ്ടാകുമോ എന്ന് ചോദിച്ചു നോക്കാമെന്ന് അവള്‍ കരുതി.

അങ്ങനെ അവള്‍ ചോദിച്ചപ്പോള്‍ അയാള്‍ സത്യമായും ഞെട്ടിപ്പോയി.

അവള്‍ ജോലിക്ക് പോകണമെന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. ഇത്രയും വിദ്യാഭ്യാസമുള്ള ഉന്നത വരുമാനമുള്ള അവള്‍ വീട്ടിലിരിക്കുന്നത് എന്തിനാണ്? അത്ര ചെലവൊന്നുമില്ലല്ലോ. വീട് സ്വന്തമല്ലേ? ഒരാള്‍ ജോലി ചെയ്താല്‍ മതി. അയാള്‍ക്ക് എന്‍ജിനീയറിംഗും ആ മേഖലയിലെ അഴിമതിയും ഒക്കെ മടുത്തു. മറ്റെന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം. അയാള്‍ക്ക് കുറെ ഹോബികള്‍ ഉണ്ട് . റാറ്റ് റേസ് അയാള്‍ക്ക് ഇനി വയ്യ.

പിന്നീടുള്ള കുറച്ച് ദിവസങ്ങളില്‍ അയാള്‍ അവളുടെ മേലുള്ള നിരീക്ഷണം അല്‍പം കുറച്ചു. അവര്‍ മൂന്നു പേരും കൂടി ഒരു സിനിമയ്ക്ക് പോയി. മകന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. വീട്ടില്‍ അതിഥികള്‍ വരുന്നത്, പുറത്തേയ്ക്ക് പോവുന്നത് ഒക്കെ അവനു വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ അവന്റെ കൂട്ടുകാര്‍ വന്നാല്‍ പോലും അയാള്‍ ദേഷ്യപ്പെടാറാണ് പതിവ്. ശന്തനുവിനോട് മാത്രമേ അയാള്‍ അതില്‍ തോറ്റിട്ടുള്ളൂ. എത്ര പ്രാവശ്യം ആട്ടിയോടിച്ചാലും അവന്‍ പതിനഞ്ചു മിനിറ്റ് ഇടവിട്ട് വന്നു ചോദിക്കും അങ്കിള്‍, ഇപ്പോള്‍ വരട്ടേ? ഒടുവില്‍ അയാള്‍ മടുപ്പോടെ അകത്തേ മുറിയിലേക്ക് പോവുമ്പോള്‍ അവര്‍ രണ്ടു പേരും കൂടി കളിയ്ക്കും. അതുപോലെ അമ്മയ്‌ക്കൊപ്പം എത്ര നേരം കളിയ്ക്കാനും അവനിഷ്ടമായിരുന്നു. അമ്മയ്ക്ക് ഒഴിവ് കിട്ടുമ്പോഴെല്ലാം അവന്‍ കളിച്ചു സന്തോഷിച്ചു.

അപ്പോഴാണ് ഒരു ദിവസം അവിചാരിതമായി അവള്‍ക്ക് രാത്രി ഒമ്പതു മണി വരെ ഓഫീസില്‍ ഇരിയ്‌ക്കേണ്ടി വന്നത്. അന്ന് എല്ലാം തകിടം മറിഞ്ഞു. അതുവരെ അയാള്‍ കഷ്ടപ്പെട്ട് പ്രകടിപ്പിച്ചു പോന്ന നന്മ അവസാനിച്ചു. അവള്‍ അവിടെ ആര്‍ക്കൊപ്പമോ കിടക്കുകയായിരുന്നു എന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. അന്നാണ് അയാള്‍ അവളെ തേവിടിശ്ശി എന്ന് വിളിച്ചത്. പിന്നീട് ഓഫീസില്‍ എപ്പോഴെല്ലാം അധികം സമയം ചെലവാക്കിയോ അന്നെല്ലാം അവള്‍ക്ക് ആ വിളി കേള്‍ക്കേണ്ടി വന്നു.

( തുടരും )

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top