Flash News

ഓര്‍മ്മകള്‍ക്ക് മരണമില്ല; മാതാപിതാക്കളെ വിട്ട് മരണവിളി കേട്ട് പറന്നകന്നത് നാലു കുരുന്നുകള്‍

September 26, 2018

tejaആറ്റുനോറ്റുണ്ടായ ആ കണ്മണിയേയും കൊണ്ട് മരണക്കിളി പറന്നുപോയെന്നറിയാതെ ആശുപത്രിക്കിടക്കയില്‍ ജീവിതത്തിന്റേയും മരണത്തിന്റേയും നൂല്‍പ്പാലത്തിനിടയില്‍ വേദന തിന്ന് കഴിയുകയാണ് ബാലഭാസ്‌കറും ഭാര്യയും. പതിനാറ് വര്‍ഷം നീണ്ട നേര്‍ച്ച കാഴ്ചകള്‍ക്കൊടുവില്‍ കനിഞ്ഞു നല്‍കിയ ആ പൊന്നോമനയെ മരണം തട്ടിയെടുത്തു. ജീവിതത്തിന്റെ കണക്കു പുസ്തകത്തില്‍ വെറും രണ്ടു വര്‍ഷം മാത്രം ചേര്‍ത്തു വച്ച് തേജസ്വിനി പോയി. അച്ഛനും അമ്മയും അനുഭവിക്കുന്ന വേദനകളൊന്നും ഇല്ലാത്ത മറ്റൊരു ലോകത്തേക്ക്.

കനിഞ്ഞരുളിയ സൗഭാഗ്യങ്ങളെ നിമിഷാര്‍ദ്ധം കൊണ്ട് തട്ടിയെടുക്കുന്ന വിധിയുടെ ക്രൂരത ഇതാദ്യത്തെ സംഭവമല്ല. ഓര്‍മ്മകള്‍ ചികഞ്ഞാല്‍ അറിയാം, നമ്മുടെ മനസിനെ അസ്വസ്ഥമാക്കിയ എത്രയോ പൊന്നോമനകള്‍…മരണത്തിന്റെ വിളി കേട്ട് പറന്നകന്നു പോയിരിക്കുന്നു.

സുരേഷ് ഗോപിയുടെ ലക്ഷ്മി

153794506111026 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതു പോലൊരു കാറപകടത്തിലാണ് സുരേഷ് ഗോപിക്ക് മൂത്തമകളായ ലക്ഷ്മിയെ നഷ്ടപ്പെടുന്നത്. രാധികയുടെയും സുരേഷ് ഗോപിയുടെയും ജീവിതത്തിലേക്കെത്തിയ പൊന്നോമനയുടെ ചിത്രം അക്കാലത്ത് മാഗസിനുകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.

കുടുംബ സമേതം ഒരു കല്യാണത്തിന് പോയി മടങ്ങുന്നതിനിടയിലായിരുന്നു അന്ന് രാധികയും സംഘവും അപകടത്തില്‍പ്പെട്ടത്.സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി കൊച്ചിയിലേക്ക് പോയിരുന്നു. അദ്ദേഹത്തിന്റെ സഹോദരനൊപ്പമായിരുന്നു രാധിക തിരുവനന്തപുരത്തേക്ക് തിരിച്ചത്. തോന്നയ്ക്കലില്‍ വെച്ച് ഇവരുടെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

മരിക്കുമ്പോള്‍ ഒന്നര വയസ് മാത്രമായിരുന്നു ആ പൈതലിനുണ്ടായിരുന്നത്. കൊഞ്ചിച്ചു തീരും മുന്നേ വിധി തട്ടിയെടുത്ത ആ കുരുന്ന് മുഖം ഇന്നും ഓരോ മനസിലും നെരിപ്പോടായി അവശേഷിക്കുന്നുണ്ട്.

വാനമ്പാടിയുടെ നന്ദന

1537945224698കെ എസ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്ക്കും ഏറെ വൈകിയാണ് നന്ദനയെന്ന പൊന്നോമനയെ ഈശ്വരന്‍ നല്‍കിയത്. 2002ലായിരുന്നു ജീവിതത്തിലെ സൗഭാഗ്യമായി അവളെത്തുന്നത്. നാളുകള്‍ നീണ്ട നേര്‍ച്ച കാഴ്ചകളുടെ സാഫല്യം. നേര്‍ച്ച കാഴ്ചകള്‍ക്കൊടുവില്‍ ലഭിച്ച ആ പൈതലിനെ ഏതൊരമ്മയേയും എന്ന പോലെ ചിത്രയ്ക്ക് അത്രമേല്‍ ജീവനായിരുന്നു.

രഞ്ജിത്ത് ചിത്രം നന്ദനം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് കുഞ്ഞുണ്ടാകുന്നത്. കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍ എന്ന നന്ദനത്തിലെ ഹൃദയഹാരിയായ ഗാനം ഗുരുവായൂരപ്പന് കാണിക്കയായി നല്‍കിയതിനു ശേഷം. കൃഷ്ണന്‍ കനിഞ്ഞരുളിയ ആ പൈതലിന് ചിത്ര നന്ദന എന്ന് പേരും നല്‍കി.

പക്ഷേ 2011ലെ ഒരു വിഷുനാളില്‍ ചിത്രയുടെ ആ വലിയ സന്തോഷത്തെ വിധി തിരികെയെടുത്തു. ദുബൈയിലെ ഒരു നീന്തല്‍ക്കുളത്തില്‍ വീണാണ് ആ കുരുന്ന് മരിക്കുന്നത്. മരിക്കുമ്പോള്‍ എട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക്. നന്ദനയുടെ വിയോഗം ചിത്രയെ തെല്ലൊന്നുമല്ല തളര്‍ത്തിയത്. ആ ആഘാതത്തില്‍ നിന്നും കരകയറാന്‍ പോലും ഏറെ നാള്‍ വേണ്ടി വന്നു ചിത്രയ്ക്ക്. ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും റെക്കോഡിങ്ങിനു പോലും എത്തുന്നത്.

ഭവാനിയമ്മയുടെ കണ്ണന്‍

1537945218035അറുപതാം വയസിലെ ആ പ്രസവത്തെ ചിലര്‍ അത്ഭുതമെന്നാണ് വിശേഷിപ്പിച്ചത്. മരുന്നു മന്ത്രവുമൊക്കെയായി ആശുപത്രി പടികള്‍ കയറിയിറങ്ങിയ ഭവാനിയമ്മയുടെ പ്രാര്‍ത്ഥനയുടെ സാഫല്യം. കണ്ണനെന്ന് പേര് വച്ച് ആ കുരുന്നിനെ മാറോടണയ്ക്കുമ്പോള്‍ ഭവാനിയമ്മ പറയുമായിരുന്നു. ‘ഭഗവാനേ..വൈകിയാണെങ്കിലും നീയെന്റെ പ്രാര്‍ത്ഥന കേട്ടല്ലോ….’

ഒരു കുഞ്ഞിനെ ലഭിക്കാനുള്ള ആഗ്രഹത്തില്‍ ടെസ്റ്റ് ട്യൂബ് ഗര്‍ഭധാരണത്തിലൂടെ തന്റെ അറുപതാം വയസ്സില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ഭവാനിയമ്മയെന്ന സ്‌കൂള്‍ ടീച്ചര്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത് കൃത്യം 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്ന് നൊന്തു പ്രസവിച്ച മകനെ ചേര്‍ത്തു കിടത്തി ആശുപത്രിക്കിടക്കയില്‍ മാതൃത്വത്തിന്റെ ആനന്ദക്കണ്ണീര്‍ ആസ്വദിച്ചു കിടന്ന ആ അമ്മയെ മലയാളികള്‍ ഒന്നടങ്കം ഹൃദയത്തില്‍ ഏറ്റെടുത്തു. ഭവാനിയമ്മ അങ്ങനെ കേരളത്തിന്റെ മുഴുവന്‍ അമ്മയായി.

പക്ഷേ വൈകിയെത്തിയ സൗഭാഗ്യത്തെ അതേ വിധി തന്നെ തിരികെയെടുത്തു. അങ്ങേയറ്റം ക്രൂരമായി തന്നെ. 2006 ഫെബ്രുവരി 11. ഭവാനിയുടെ ജീവിതം വീണ്ടും കണ്ണീര്‍ക്കയത്തിലാഴ്ത്തിയ ദുരന്തം സംഭവിച്ചത് അന്നാണ്. ഒരു വിവാഹത്തിന് പോയി തിരിച്ചെത്തിയ ഭവാനി അകത്ത് വസ്ത്രം മാറുന്നു. കണ്ണന്‍ പുറത്ത് കളിക്കുന്നു. അപ്രതീക്ഷിതമായാണ് കളിക്കിടെ വെള്ളം നിറച്ച് വെച്ച ബക്കറ്റില്‍ കണ്ണന്‍ വീണത്. കളിപ്പാട്ടങ്ങളും കളിചിരികളും ബാക്കിവച്ച് കണ്ണന്‍ മടങ്ങിയപ്പോള്‍ ഭവാനി വീണ്ടും തനിച്ചായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top