Flash News

ആഘോഷമൊഴിഞ്ഞ് സേവന മഹോത്സവമായി അമ്മയുടെ 65-ാം പിറന്നാള്‍

September 26, 2018

amma_darshan_1അമൃതപുരി: ആഘോഷങ്ങളില്ലെങ്കിലും നിരവധി സേവന ക്ഷേമപദ്ധതികളുടെ പ്രഖ്യാപനത്തിനും സഹായ ധനവിതരണത്തിനും അമ്മയുടെ ജന്മദിനാചരണ ചടങ്ങ് വേദിയാകും. ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ നിര്‍ദ്ദേശമനുസരിച്ച് ആഘോഷങ്ങളൊഴിവാക്കി ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണത്തെ ജന്മദിനാചരണം സംഘടിപ്പിക്കുന്നത്.

ലോകമെങ്ങും വേദനയനുഭവിക്കുന്ന ജീവിതങ്ങള്‍ക്ക് ആശ്വാസവും സ്വാന്ത്വനവും കൈത്താങ്ങുമാവുന്ന അമ്മയുടെ 65-ാം ജന്മദിനാചരണവേളയിലും എണ്ണമറ്റ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് മാതാ അമൃതാനന്ദമയി മഠം തുടക്കം കുറിക്കുന്നത്. നിസ്വാര്‍ഥ സേവനം ജീവിതവ്രതമാക്കിയ അമ്മയുടെ ഭക്തരും സന്യാസശിഷ്യരുമടക്കമുള്ള പതിനായിരങ്ങള്‍ 65ാം ജന്മവാര്‍ഷിക ദിനാചരണം സേവന മഹോത്സവമാക്കാന്‍ അമൃതപുരിയിലേയ്ക്ക് എത്തിച്ചേര്‍ന്നു കഴിഞ്ഞു. ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് പിറന്നാള്‍ ദിനത്തില്‍ അമ്മയുടെ ദര്‍ശനം തേടിയെത്തുന്നവര്‍ക്കായി അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ ഒരുക്കിയിട്ടുള്ളത്.

ഇത്തവണ ആഘോഷങ്ങളും വിശിഷ്ടാതിഥികളും ഇല്ലെങ്കിലും പതിവുപോലെ നിരവധി ക്ഷേമ പദ്ധതികളുടെ തുടക്കവും സഹായ നിധിവിതരണവും ജന്മവാര്‍ഷിക ദിനാചരണ വേദിയില്‍ വെച്ച് നടക്കും. സമൂഹത്തിന്‍റെ നാനാതുറകളില്‍പെട്ട മഹത്‌വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. വ്യാഴാഴ്ച പുലര്‍ച്ചെ മഹാഗണപതി ഹോമത്തോടെയാണ് ജന്മദിന വാര്‍ഷികാചരണം തുടങ്ങുക. തുടര്‍ന്ന് സത്സംഗം നടക്കും. സത്സംഗത്തെത്തുടര്‍ന്ന് പ്രധാന ചടങ്ങായ ഗുരുപാദുകപൂജ നടക്കും. അമ്മയുടെ പ്രഥമ സന്യാസി ശിഷ്യന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ അമ്മയുടെ സന്യാസിശിഷ്യരാണ് പാദുകപൂജ നടത്തുക. തുടര്‍ന്ന് അമ്മ ജന്മദിന സന്ദേശം നല്‍കും.

കേരളത്തിലെ മഹാപ്രളയത്തില്‍ രക്ഷാദൗത്യത്തിനിടെ ജീവത്യാഗം ചെയ്തവരുടെ ആശ്രിതര്‍ക്കുള്ള സഹായധനവിതരണം വേദിയില്‍ നടക്കും. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ അമൃതകീര്‍ത്തി പുരസ്കാര പ്രഖ്യാപനം ഇത്തവണ മാറ്റി വെച്ചിരിക്കുകയാണ്. മഠം നല്‍കുന്ന വിവിധ ക്ഷേമ പെന്‍ഷനുകള്‍ വേദിയില്‍ വിതരണം ചെയ്യും. സമൂഹ വിവാഹം, വിദ്യാമൃത സ്കോളര്‍ഷിപ്പ് വിതരണം, നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണം എന്നിവയും വേദിയില്‍ നടക്കും.

ഉച്ചയോടെ അമ്മയുടെ ദര്‍ശനം ആരംഭിക്കും. കേരളത്തിന്‍റെ തീരമേഖലയെ തകര്‍ത്ത ഓഖി ദുരന്തത്തിലും അടുത്തിടെ നടന്ന പ്രളയദുരന്തത്തിലും മാതാ അമൃതാനന്ദമയി മഠം സഹായഹസ്തവുമായി എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേയ്ക്ക് രണ്ടു കോടി രൂപയും പ്രളയ ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 കോടി രൂപയും മഠം സംഭാവന ചെയ്തിരുന്നു. പ്രളയ മേഖലകളില്‍ ദുരിതാശ്വാസ പുനര്‍നിര്‍മ്മാണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മഠവും ഭക്തരും അമൃത സ്ഥാപങ്ങളും മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. പ്രളയ നാളുകളില്‍ അമൃതാനന്ദമയി മഠം യുവജനസംഘടയായ അയുദ്ധിന്‍റെ ആഭിമുഖ്യത്തില്‍ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ സംഘടിപ്പിച്ച അമൃത ഹെല്പ്‌ലൈന്‍ ലക്ഷക്കണക്കിനു മനുഷ്യജീവനുകള്‍ യഥാസമയം രക്ഷിക്കാനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും വലിയ സഹായമാണ് ചെയ്തത്.

ജന്മദിന തലേന്ന് ബുധനാഴ്ച വൈകിട്ട് നാലു വരെ അമ്മ അമൃതപുരിയില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. തുടര്‍ന്ന് സന്ധ്യയ്ക്ക് അമൃത വിശ്വവിദ്യാപീഠം കാമ്പസിലെ വേദിയില്‍ ഭജനയ്ക്കും അമ്മ നേതൃത്വം നല്‍കി. രാത്രി വൈകിയും വേദിയില്‍ അമ്മയുടെ ദര്‍ശനം തുടരുകയാണ്. ആര്‍ഭാടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടായിരിക്കും പിറന്നാള്‍ ചടങ്ങുകളെന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരി പറഞ്ഞു. വേദിയില്‍ പുഷ്പാലങ്കാരങ്ങളും, കലാപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും നടത്താറുള്ള ജന്മദിന സമ്മേളനം ഉപേക്ഷിച്ചു. വിശിഷ്ടാതിഥികളെ ക്ഷണിച്ചിട്ടില്ലെങ്കിലും ജന്മദിനത്തില്‍ അമ്മയ്ക്ക് ആശംസകള്‍ നേരാന്‍ സമൂഹത്തിന്‍റെ നാനാതുറകളില്‍ പെട്ട പ്രമുഖര്‍ എത്തും.

ആതുര സേവന രംഗത്ത് രണ്ടു ദശകം പിന്നിട്ട അമൃത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും നിര്‍ധന രോഗികള്‍ക്ക് സമ്പൂര്‍ണ്ണ സൗജന്യ ശസ്ത്രക്രിയയും വിവിധ വിഭാഗങ്ങളിലായി സൗജന്യ ചികിത്സയും നല്‍കുന്നുണ്ട്. 1998 മുതല്‍ തുടര്‍ന്നുവരുന്ന സമ്പൂര്‍ണ്ണ സൗജന്യ ചികിത്സാ പദ്ധതിയില്‍ ഈ വര്‍ഷം എണ്ണൂറോളം പേര്‍ക്കാണ് സഹായം നല്‍കുക. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമൃത സ്വയം സഹായ സംഘങ്ങളുടെ കൂട്ടായ്മ10 ലക്ഷം രൂപ സംഭാവന നല്‍കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top