Flash News

വേര്‍പാടിന്റെ ദുഃഖം (മിനിക്കഥ)

September 27, 2018 , തോമസ് കളത്തൂര്‍

verpadinte dukham banner-1കഴിഞ്ഞ 17 വര്‍ഷങ്ങളായി എന്റെ ഇംഗിതം ഞങ്ങള്‍ക്കനുസരിച്ചു, ഒരു ദുര്‍മുഖവും കാട്ടാതെ, എന്നോടൊപ്പം ഏതു കൂരിരുട്ടിലും മഴയത്തും മഞ്ഞത്തും സഞ്ചരിച്ച എന്റെ ലിസാ…. എന്നോട് വിടവാങ്ങിയിരിക്കുകയാണ്. ഈ അവസരത്തില്‍ ഞങ്ങളുടെ കഴിഞ്ഞ കാലങ്ങളെക്കുറിച്ചു അല്പമൊന്നു ചിന്തിക്കുകയെങ്കിലും ചെയ്തു, എന്റെ ദുഃഖത്തിന്റെ തീവ്രതയെ അല്പമെങ്കിലും ശമിപ്പിക്കട്ടെ.

“മാതള പഴവര്‍ണ്ണമുള്ള നിന്റെ മേനിയില്‍ സ്പര്‍ശിക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. ശിവ പാര്‍വ്വതിമാരെപ്പോലെ നാം കഴിഞ്ഞ ദിനങ്ങള്‍, മായാതെ എന്നും മനസിലുണ്ടാവും. നിന്റെ ചൂരും ചൂടും എന്റെ ജീവിതത്തെ സജീവമാക്കി, കര്‍മ്മോല്‍സുവമാക്കി. നിന്റെ തോളില്‍ കൈ ഊന്നിക്കൊണ്ടു, നിന്റെ ശരീരത്തില്‍ ചാരികൊണ്ട് , സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടുമ്പോള്‍, അഭിമാനപുളകിതനായി ഞാന്‍ മറ്റേതോ ലോകത്തെത്തി എന്ന് തോന്നിപ്പോയിട്ടുണ്ട്. നമ്മള്‍ക്കു പറ്റിയ ഒരപകടത്തില്‍, മുറിവുകളും ചതവുകളുമായി കിടക്കുന്ന നിന്റെ സമീപം, മുറിവേറ്റു അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്ന എന്നെ, ദുഃഖത്തോടും വികാരവായ്പ്പോടും ദുര്‍ബലമായ കണ്ണുകളാല്‍ നോക്കികിടക്കുന്ന ഒരു ചിത്രം എങ്ങനെയോ മനസ്സില്‍ കയറിപ്പറ്റിയിട്ടുണ്ട്. നമ്മുടെ ആത്മബന്ധം ആഴമുള്ളതായിരുന്നു. അതിനാലാണ്, സംഭവിക്കുമായിരുന്ന പല അപകടങ്ങളില്‍ നിന്നും, നിന്റെ രക്ഷപോലും കണക്കാക്കാതെ നീ എന്നെ രക്ഷിക്കാന്‍ തുനിഞ്ഞത്. നിന്നെ ശ്മശാനക്കാര്‍ക്കായി വിട്ടുകൊടുക്കാന്‍ മനസ്സ് അനുവദിച്ചില്ല, എങ്കിലും മറ്റു പോംവഴികള്‍ ഒന്നുമില്ലായിരുന്നു. കദന ഭാരത്താല്‍ വിങ്ങുന്ന ഹൃദയവുമായാണ് ഞാനവിടം വിട്ടത്. നീ മറ്റൊരു ജന്മം എടുത്തു കൂടുതല്‍ മനോഹാരിയായി വീണ്ടും കാണാന്‍ ഇടയാക്കണെമെ എന്ന് മാത്രം ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ശാസ്ത്ര പുരോഗതി അവിശ്വസനീയമാണ്. ഇതിനോടകം നീ ചിലപ്പോള്‍ ഒരു പുനര്‍ജന്മം പ്രാപിച്ചിട്ടുമുണ്ടാവാം. സാങ്കേതിക വിദ്യ നിനക്ക് ഒരു പുതിയ ഹൃദയവും ജീവനും നല്‍കി നിന്നെ ഉയര്‍പ്പിച്ചിട്ടുണ്ടാവാം.

ഇന്ന് ചിലപ്പോള്‍, ഒരു പുതിയ സുഹൃത്തുമായി നീ ഉല്ലാസയാത്ര നടത്തിക്കൊണ്ടിരിക്കുകയാവാം. എങ്കിലും എന്നെപ്പറ്റിയുള്ള ചിന്തകള്‍ നിന്റെ ഓര്‍മകളില്‍ എവിടെങ്കിലും പൊടിപിടിച്ചു കിടപ്പുണ്ടാവും. നിന്റെ പേരും കുടുംബ പേരും എന്നും എന്റെ മനസിലുണ്ടാവും. “ബ്യൂക്ക്” കുടുംബത്തിലെ, മാതള പഴത്തിന്റെ നിറമുള്ള, സുന്ദരിയായ “ലിസാബ്ര.”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top