Flash News

ശബരിമല സ്ത്രീ പ്രവേശനം; പന്ത്രണ്ടു വര്‍ഷത്തെ നിയമ പോരാട്ടത്തിന് അന്ത്യമായത് നിര്‍ണ്ണായക വിധിയോടെ

September 28, 2018

sabarimala-1ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയിലെ നിയമ പോരാട്ടത്തിന് പന്ത്രണ്ടു വര്‍ഷത്തെ പഴക്കമുണ്ട്. 1991 ഏപ്രില്‍ 5നാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം നിരോധിച്ചുകൊണ്ടുളള ഹൈക്കോടതി വിധി വരുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്കും വിശ്വാസത്തിനും എതിരാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു വിധി. വര്‍ഷങ്ങളോളം ചോദ്യം ചെയ്യപ്പെടാതെ ഇരുന്ന വിധി 15 വര്‍ഷത്തിന് ശേഷം യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം.

സുപ്രീം കോടതിയില്‍ പല ബെഞ്ചുകളില്‍ പരിഗണനക്ക് വന്ന ഹര്‍ജി 2017ലാണ് ദീപക്മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലെത്തിയത്. ഭരണഘടനാപരമായ ചോദ്യങ്ങളുണ്ടെന്ന വിലയിരുത്തലോടെ 2017 ഒക്ടോബര്‍ 13ന് ജസ്റ്റിസ് ദീപക്മിശ്ര ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് വിടുകയായിരുന്നു. എട്ട് ദിവസം തുടര്‍ച്ചയായി വാദം കേട്ട് ഇക്കഴിഞ്ഞ ആഗസ്തിലാണ് കേസ് വിധി പറയാന്‍ മാറ്റിയത്.

കേസിന്റെ സുപ്രീം കോടതിയിലെ നാള്‍വഴികള്‍:

2006 ജൂലൈ 28 : ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് ഉള്ള നിയന്ത്രണം നീക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഭക്തി പശ്രീജ സേത്തി സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കുന്നു.

2006 ഓഗസ്റ്റ് 18 : ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വൈ കെ സബര്‍വാള്‍, ജസ്റ്റിസ് എസ് എച്ച് കപാഡിയ, ജസ്റ്റിസ് സി കെ ഠക്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ കെ.കെ വേണുഗോപാല്‍ ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നത് എതിര്‍ത്തു. എതിര്‍പ്പ് സുപ്രീം കോടതി തളളി.

2007 ജൂലൈ 11 : ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ എസ്ബി സിന്‍ഹ, എച്ച് എസ് ബേദി എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ പരിഗണക്ക്. കേസ് പരിഗണിക്കവെ മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കേസില്‍ കക്ഷി ചേരാന്‍ എന്‍എസ്എസിന് അനുമതി

2007 സെപ്റ്റംബര്‍ 25 : ജസ്റ്റിസ്മാരായ എസ് ബി സിന്‍ഹ, എച്ച് എസ് ബേദി എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെ ഹര്‍ജി വീണ്ടും വരുന്നു. ഹര്‍ജി പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് മാറ്റി വയ്ക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപെടുന്നു. കോടതി ആവശ്യം അംഗീകരിച്ചു.

2007 നവംബര്‍ 13 : ശബരിമലയില്‍ എല്ലാ പ്രായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍( വിഎസ് അച്ചുതാനന്ദന്‍) സത്യവാങ്മൂലം നല്‍കി. സര്‍ക്കാരിന് വേണ്ടി ഹാജരായത് സ്റ്റാന്റിങ് കൗണ്‍സില്‍ ആര്‍ സതീഷ്

2007 നവംബര്‍ 16 : ജസ്റ്റിസ് മാരായ എസ് ബി സിന്‍ഹ, എച്ച് എസ് ബേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് വീണ്ടും കേസ് പരിഗണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം എന്ന് എന്‍ എസ് എസ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ആവശ്യം കോടതി അംഗീകരിച്ചു.

2008 മാര്‍ച്ച് 3 : ഹര്‍ജി ജസ്‌റ്‌റിസ് എസ്ബി സിന്‍ഹ, വിഎസ് സിര്‍പുര്‍ക്കര്‍ എന്നിവരുടെ ബെഞ്ചിന്റെ പരിഗണനക്ക്. കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കണം എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യം കോടതി അംഗീകരിച്ചു.

2016 ജനുവരി 11: എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ശബരിമല സ്ത്രീ പ്രവേശന കേസ് വീണ്ടു സുപ്രീം കോടതിയുടെ പരിഗണനയില്‍. ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന് വേണ്ടി ആര്‍ പി ഗുപ്ത കോടതിയില്‍ ഹാജര്‍ ആയി.

പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുമതി ചോദിച്ച് സംസ്ഥാന സര്‍ക്കാര്‍( ഉമ്മന്‍ചാണ്ടി) 2007 ലെ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടെന്ന് അറിയിച്ചു, സര്‍ക്കാരിന് വേണ്ടി ഹാജരായത് സ്റ്റാന്റിംഗ് കൗണ്‍സില്‍ ലിസ് മാത്യു

ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ രാമമൂര്‍ത്തിയെ അമിക്കസ് ക്യുറി ആയി നിയമിച്ചു.

2016 ജനുവരി 15 : ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാന്‍ തനിക്ക് വധ ഭീഷണികള്‍ ലഭിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കുന്നു. ശബരിമല കേസിനെ സംബന്ധിച്ച് ജനുവരി 11 ന് നടന്ന വാദത്തിന്റെ റിപ്പോര്‍ട്ടുകള്‍ വാര്‍ത്ത ചാനലുകള്‍ സംപ്രേക്ഷണം ചെയ്തതിന് ശേഷം ആണ് 500 ല്‍ അധികം വധഭീഷണി ലഭിച്ചു എന്നായിരുന്ന അപേക്ഷയിലെ പരാതി. പരാതി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അഭിഭാഷകന്‍ ആര്‍ പി ഗുപ്ത മെന്‍ഷന്‍ ചെയ്തു.

2016 ജനുവരി 18 : നൗഷാദ് അഹമ്മദ് ഖാന് എതിരായ വധ ഭീഷണികളെ സംബന്ധിച്ച പരാതി സുപ്രീം കോടതി പരിഗണിച്ചു. ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ഭീഷണികളെ ശക്തമായി അപലപിച്ചു. ഖാന് സുരക്ഷ ഉറപ്പാക്കാന്‍ ഡല്‍ഹി പോലീസിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നൗഷാദ് അഹമ്മദ് ഖാന് ലഭിച്ച വധഭീഷണികളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം നിര്‍ദേശം നല്‍കി. ഇത്തരം ഭീഷണികള്‍ പരസ്യമായി തള്ളിപറയാന്‍ സംസ്ഥാന സര്‍ക്കാരിനോടും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും സുപ്രീം കോടതി.

2016 ഫെബ്രുവരി 5 : ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കണം എന്നും, സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണം എന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം.

2016 ഫെബ്രുവരി 12 : ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ശബരിമല കേസ് പരിഗണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സത്യവാങ് മൂലത്തെ കുറിച്ച് സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ വി ഗിരി സുപ്രീം കോടതിയെ ധരിപ്പിച്ചു. സീനിയര്‍ അഭിഭാഷകന്‍ രാജു രാമചന്ദ്രനെ സുപ്രീം കോടതി കേസിലെ അമിക്കസ് ക്യുറി ആയി നിയമിച്ചു. ഇതോടെ കേസില്‍ രണ്ട് അമിക്കസ് ക്യുറിമാര്‍ ആയി. സീനിയര്‍ അഭിഭാഷകര്‍ ആയ രാജു രാമചന്ദ്രനും, രാമമൂര്‍ത്തിയും.

ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ നൗഷാദ് അഹമ്മദ് ഖാന് ലഭിച്ച വധഭീഷണികളെ കുറിച്ച് ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡല്‍ഹി പോലീസ് സുപ്രീം കോടതിക്ക് കൈമാറി.

2016 ഏപ്രില്‍ 11 : ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ മാറി. ജസ്റ്റിസ് ഗോപാല്‍ ഗൗഡ ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ബെഞ്ചില്‍ പുതുതായി വന്നു. പുതിയ ബെഞ്ച് കേസില്‍ വിശദമായി വാദം കേട്ട് തുടങ്ങി.

2016 ഏപ്രില്‍ 13, ഏപ്രില്‍ 18, ഏപ്രില്‍ 22, മെയ് 2 എന്നീ തീയ്യതികളില്‍ ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഗോപാല്‍ ഗൗഡ, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെ ശബരിമല കേസില്‍ വാദം കേട്ടു. കെ കെ വേണുഗോപാല്‍, വി ഗിരി, രാജു രാമചന്ദ്രന്‍, ഇന്ദിര ജയ്സിംഗ്, രാമമൂര്‍ത്തി തുടങ്ങി വിവിധ അഭിഭാഷകര്‍ ഈ ദിവസങ്ങളില്‍ വിവിധ കക്ഷികള്‍ക്ക് ആയി വാദിച്ചു.

ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഗോപാല്‍ ഗൗഡയും സ്ത്രീ പ്രവേശനത്തിന് അനുകൂലം ആയ പല പരാമര്‍ശങ്ങളും നടത്തിയപ്പോള്‍, വിശ്വാസങ്ങളിലും ആചാരങ്ങളിലും കോടതി ഇടപെടേണ്ടതില്ല എന്ന നിലപാട് ആണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സ്വീകരിച്ചത്.

2016 ജൂലൈ 11: ശബരിമല സ്ത്രീ പ്രവേശന കേസിലെ സുപ്രീം കോടതി ബെഞ്ചില്‍ വീണ്ടും മാറ്റം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ഗോപാല്‍ ഗൗഡയും ജസ്റ്റിസ് കുര്യന്‍ ജോസഫും മാറി. ജസ്റ്റിസ് സി നാഗപ്പന്‍, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവര്‍ ബെഞ്ചില്‍ പുതുതായി വന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് വീണ്ടും കോടതി ആരായുന്നു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ നിലപാട് തള്ളി,സ്ത്രീപ്രവേശനത്തിനുളള നിയന്ത്രണം തുടരണം എന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പിണറായി വിജയന്‍ സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആയ സീനിയര്‍ അഭിഭാഷകന്‍ വിവി ഗിരി.

2016 നവംബര്‍ 7 : ജസ്റ്റിസ് മാരായ ദീപക് മിശ്ര, സി നാഗപ്പന്‍, ആര്‍ ഭാനുമതി എന്നിവര്‍ അടങ്ങിയ ബെഞ്ച് ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുന്നു. സീനിയര്‍ അഭിഭാഷകന്‍ വി ഗിരിക്ക് പകരം ജയ്ദീപ് ഗുപ്ത സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആകുന്നു. സംസ്ഥാന സര്‍ക്കാര്‍ (പിണറായി വിജയന്‍ സര്‍ക്കാരിന്റെ) നിലപാട് കോടതിയെ അറിയിക്കുന്നു.

ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന് നിലപാട് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച് സത്യവാങ്മൂലം പിന്‍വലിക്കാന്‍ അനുമതി വേണമെന്ന് ആവശ്യം.

2017 ഫെബ്രുവരി 20 : ശബരിമല കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ ചെറിയ മാറ്റം. ജസ്റ്റിസ് സി നാഗപ്പന് പകരം ജസ്റ്റിസ് അശോക് ഭൂഷണ്‍ ബെഞ്ചിലെ അംഗം ആയി. ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് ആര്‍ ഭാനുമതി ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവര്‍ വിവിധ കക്ഷികളുടെ വാദം കേട്ട ശേഷം ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിട്ട് കൊണ്ടുള്ള വിധി പുറപ്പടുവിക്കാന്‍ മാറ്റിവെക്കുന്നു.

2017 ഒക്ടോബര്‍ 13 : ശബരിമലയില്‍ സ്ത്രീ പ്രവേശനം ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി ഉത്തരവ്.

2018 ജൂലൈ 17 : ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍, എ എന്‍ ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങിയ ഭരണഘടന ബെഞ്ചിന് മുമ്പാകെ് വാദം ആരംഭിച്ചു.

2018 ജൂലൈ 18, 19, 24, 25, 26, 31, ഓഗസ്റ്റ് 1 തീയ്യതികളില്‍ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം നടന്നു.

2018 സെപ്റ്റംബര്‍ 28 : ശബരിമല കേസിലെ സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ വിധി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top