Flash News

ശിൽപ സൗന്ദര്യത്തിന്റെ മറ്റൊരു പടയോട്ടം (സിനിമാ റിവ്യു): പ്രാണേശ്വർ, ഫിലിം ഡയറക്ടർ

September 28, 2018 , സോണി കെ. ജോസഫ്

603കോമഡി എന്റർടെയിനർ വിഭാഗത്തിൽ പെടുന്ന റഫീക്ക് ഇബ്രാഹിമിന്റെ പടയോട്ടം എന്ന സിനിമ അടുത്തിറങ്ങിയ ബോക്സ് ഓഫീസില്‍ പിടിച്ചു നിന്നതും, അല്ലാത്തതുമായ സിനിമകളിൽ തിരക്കഥയിലെ ക്രാഫ്റ്റ് കൊണ്ടും, സംവിധാന മികവ് കൊണ്ടും സിനിമ എന്ന കലയ്ക്കുണ്ടാവേണ്ട ദിശാബോധവും സൗന്ദര്യബോധവും ചോർന്നു പോകാത്ത ഒരു ചലചിത്രമാണെന്ന് നിസ്സംശയം പറയാം.

പാത്രസൃഷ്ടിയില്‍ കാണിച്ച കൈ ഒതുക്കവും സൌന്ദര്യസങ്കല്‍പ്പവും തന്നെയാണ് പടയോട്ടം എന്ന സിനിമയുടെ ആധാര ശില . സിനിമ എവിടെയും അതിന്‍റെ തനതായ താളം കൈവെടിയുന്നില്ല എന്നതുകൊണ്ട്‌ തന്നെ പ്രേക്ഷകന് സിനിമക്കിടയില്‍ എവിടെയും മുഷിയാന്‍ ഇട നല്‍കുന്നില്ല.

തിരുവനന്തപുരത്ത് ജിംനേഷ്യം നടത്തുന്ന സേനൻ, കൂട്ടാളികൾ രഞ്ജൻ, ശ്രീനി (ലോക്കല്‍ ഗുണ്ടകള്‍) തുടങ്ങിയവര്‍ അവർക്കിടയിലെ പിങ്കുവിന് കിട്ടിയ തല്ലിന് പകരം ചോദിക്കാൻ ക്വട്ടേഷൻ എറ്റെടുത്ത്, നാട്ടിലെ മാസ് ഗുണ്ടയായ ചെങ്കൽ രഘു (ബിജു മേനോൻ) വിനെയും കൂട്ടി തിരുവനന്തപുരത്തു നിന്ന് കാസർഗോഡ് വരെ നടത്തുന്ന യാത്രയാണ് പടയോട്ടം എന്ന സിനിമയുടെ കഥാതന്തു.

യാത്രയ്ക്കിടയിൽ സംഭവിക്കുന്ന ഏടാകൂടങ്ങളിലുടെയാണ് സിനിമ വളരുന്നത്. നർമ്മമാണ് സിനിമയിലെ പ്രധാന എന്റർടെയിൻമെന്റ് ടൂൾ. അത് തിരക്കഥയിലെ പാത്രസൃഷ്ടി മുതൽ ഇമ്പ്ലിമെന്‍ഷന്‍റെ അവസാന ഘട്ടമായ BGM ലെ അതിസൂക്ഷ്മ ഇടങ്ങളിൽ വരെ നല്ല കൈയ്യൊതുക്കത്തോടെതന്നെ കാത്തു വച്ചിട്ടുമുണ്ട്.

പാത്ര സൃഷ്ടിയെക്കുറിച്ച് ഒറ്റ വാചകത്തില്‍ പറഞ്ഞു പോയാല്‍ പോര എന്ന് തോനുന്നു, കാരണം വ്യക്തിത്വമില്ലാത്ത ഒരു കഥാപാത്രത്തെപോലും ഈ സിനിമയില്‍ കാണാന്‍ പറ്റിയിട്ടില്ല. നായകനായ ചെങ്കല്‍ രഘുവും, അമ്മയും പ്രേക്ഷകന് പെട്ടെന്ന് മറക്കാവുന്ന കഥാപാത്രങ്ങളല്ല. പിന്നെ എറണാകുളത്തുകാരന്‍ ബ്രിട്ടോ – ബ്രിട്ടോ ഒരു സീനില്‍ രഘുവിനെയും സംഘത്തെയും വഴിയില്‍ ഇറക്കിവിടുന്നുണ്ട്, ബ്രിട്ടോ അവിടെ കാണിച്ച ശരീര ഭാഷ പാത്രസൃഷ്ടിയുടെ നിര്‍മ്മിതിയില്‍ പ്രവര്‍ത്തിച്ചവര്‍ എത്രത്തോളം നിരീക്ഷണ പാടവം ഉള്ളവരാണെന്ന് മനസിലാകും.

 

കാസ്റ്റിംഗാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്സ്. ബിജുമേനോന്‍ ചില ഇടങ്ങളില്‍ ചെങ്കല്‍ രഘുവിനെ അദ്ദേഹത്തിന് മാത്രമേ ഇത്ര മികവുറ്റതാക്കാന്‍ കഴിയൂ എന്ന രീതില്‍ തന്നെ ചെയ്തിട്ടുണ്ട്. എല്ലാവരും കട്ടയ്ക്ക് നിന്ന് ജീവിക്കുകയാവും എന്ന് പറയുന്നതാണ് ശരി. എടുത്തു പറയേണ്ട രണ്ടു മൂന്നു പേരുകള്‍ – ലിജോ ജോസ് പല്ലിശ്ശേരി (ബ്രിട്ടോ) സേതുലക്ഷ്മി (ലളിതാക്കാന്‍) ബാസില്‍ ജോസഫ്‌ (പിങ്കു) ബാസില്‍ ജോസെഫിന്റെ അവസാന ഭാഗത്തെ ഒരു ചിരിയുണ്ട് – പ്രേക്ഷകന് മറക്കാനാവാത്ത വിധം പതിഞ്ഞു പോയിട്ടുണ്ടാവും ആ ചിരി എന്ന് നിസ്സംശയം പറയാം

രണ്ടു പാട്ടുകളാണ് സിനിമയിൽ ഉള്ളത്, രണ്ടും സിനിമയുടെ സഞ്ചാരത്തെ മികച്ച രീതിയിൽ സപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. ആദ്യ ഗാനത്തെക്കുറിച്ച് പറയുന്നിടത്തുനിന്ന് വേണം സിനിമാട്ടോഗ്രാഫിയെക്കുറിച്ച് പറയേണ്ടത്. കാരണം ഒറ്റ ഷോട്ടിൽ ഒരു കല്യാണ രാവ് ഒട്ടും ഫീൽ ചോർന്ന് പോകാതെ ഒരോ സീക്വൻസ് ആവശ്യപ്പെടുന്ന മൂഡ് സതീഷ് കുറുപ്പിന്റെ ക്യാമറ വരച്ചു ചേർത്തിരിക്കുന്നു.

തീർച്ചയായും പടയോട്ടം കൈവരിച്ച സൗന്ദര്യത്തിന്റെ വലിയ ശതമാനം BGM ന് അവകാശപ്പെട്ടതാണ്. ക്ലൈമാക്സ് ഫൈറ്റിൽ ഉപയോഗിച്ചിരിക്കുന്ന സൗണ്ടിങ്ങ് മാത്രം മതി BGM ന്റെ മികവ് സമ്മതിച്ച് കൊടുക്കാൻ.

എടുത്തു പറയേണ്ട മറ്റൊന്ന് ആർട്ടാണ്. സേനന്റെ ജിമ്മ് മുതൽ എല്ലായിടത്തും അതിസൂക്ഷ്മതയിലും മനോഹാരിതയിലും തന്നെ ആർട്ട് ചെയ്ത് വച്ചിട്ടുണ്ട്. അത് ആ സിനിമയുടെ മൂഡിനെ വലുതായി സപ്പോർട്ട് ചെയ്യുന്നുണ്ട്.

ഒരു നവാഗതന്റെ സിനിമ എന്ന് ഒരിടത്തും തോന്നിക്കാത്ത രീതിയിൽ ഓരോ ഇടങ്ങളിലും റഫീക്ക് ഇബ്രാഹിമിന്റെ അതിസൂക്ഷ്മതയുടെ അടയാളങ്ങള്‍ ഫീല് ചെയ്യുന്ന ഒരു സിനിമ തന്നെയാണ് പടയോട്ടം.

രഘുവിന്റെ വീട്ടിൽ നിന്ന് ആളുകൾ സംസാരിച്ചിരിക്കെ രഘുവേട്ടൻ വരുന്നേ എന്ന് പറഞ്ഞ്, രഘുവിന്റെ മാസ് എൻട്രിക്ക് വേണ്ടി ഉണ്ടാക്കിയ Cut ഒരു jump ഫീൽ ചെയ്യുന്നു. അതുപോലെ രഘുവും സംഘവും ബസ്സിലേക്ക് കയറിയതായി കാണിക്കുന്ന cut ഉം jump feel ചെയ്യുന്നുണ്ട് .

ഏതായാലും ഇതേ ജോണറിൽ ഈയടുത്തിറങ്ങിയ മലയാള സിനിമകളിൽ വച്ച് ഒരു പാട് സൗന്ദര്യം അവകാശപ്പെടാവുന്ന ഒരു സിനിമ തന്നെയാണ് റഫീക്ക് ഇബ്രാഹിമിന്റെ പടയോട്ടം ………… റേറ്റിങ്ങ്: 7.8/10 . By പ്രാണേശ്വർ, ഫിലിം ഡയറക്ടർ.

sajeev praneswar

 

 

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top