Flash News

ഞങ്ങള്‍ക്ക് തൊടാന്‍ പാടില്ലേ? (കവിത): ഡോ. നന്ദകുമാര്‍ ചാണയില്‍

September 29, 2018 , ഡോ. നന്ദകുമാര്‍ ചാണയില്‍

njangalku thodan-1

(ശബരിമലയിലേക്ക് സ്ത്രീ പ്രവേശനത്തെ കുറിച്ചുള്ള വിവാദവും സുപ്രീം കോടതി വിധിയും വന്ന വെളിച്ചത്തില്‍ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് രചിച്ച ഈ കവിതക്ക് ഇത്തരുണത്തില്‍ പ്രസക്തിയുണ്ടെന്ന വിശ്വാസത്തോടെ)

സൃഷ്ടി കര്‍മ്മത്തില്‍ പിഴ പറ്റിയോ, സൃഷ്ടാവേ? നിന്‍
മൂര്‍ത്തികള്‍ വിലക്കുന്നൂ സ്ത്രീകള്‍ക്കു നിന്‍ ദര്‍ശനം
നാരിയില്ലാതെ നരനുണ്ടാകുമോ, നരനില്ലാതെ നാരിയും?
നഗ്നമാമീ സത്യം, സര്‍വ്വജ്ഞാനി നീ അറിഞ്ഞിട്ടും
അറിഞ്ഞില്ലെന്നു നടിക്കുന്നതെന്തേ, ദേവാ?
തിരുമുമ്പില്‍ പോലും, തുല്ല്യരല്ലെങ്കില്‍ ഞങ്ങള്‍ക്കെന്തി-
നീ ഭൂവില്‍ ജന്മം തന്നു നീ ഭഗവാനേ?
ഋതുകാലവും ഗര്‍ഭക്ലേശവും പേറും പിറപ്പും,
പ്രകൃതിദത്തമല്ലേ, പതിവല്ലേ ഞങ്ങള്‍ക്ക്?
പ്രകൃതി ധര്‍മ്മം പോലെ, ഞങ്ങള്‍ തന്‍ ക്ഷേത്രത്തിലും
ശുദ്ധി കലശമുണ്ടോരോ മാസത്തിലും
അസ്‌കിതകളെല്ലാം സഹിച്ചീടാം ഞങ്ങള്‍, പ്രഭോ
അസ്പൃശ്യരാക്കി പുറം തള്ളല്ലേ നീ ഞങ്ങളെ
ഞങ്ങളില്ലാതില്ലീ വിശ്വവും പ്രപഞ്ചവുമെന്നോര്‍ക്ക
സ്ത്രീകളില്‍ നിന്നു താന്‍ ജനിച്ചവരല്ലേ മാനവരെല്ലാം?
ബ്രഹ്മചാരിയാം ദേവാ! മര്‍ത്യരെപോലെ, നിനക്കു-
മെന്തിനീ വിവേചനം! സ്ത്രീയെന്നും പുരുഷനെന്നും-
നിന്‍ ദര്‍ശനത്തിനര്‍ഹരല്ലാതാക്കുവാന്‍, പ്രഭോ
എന്ത് പിഴയാണീ പാവങ്ങള്‍ ചെയ്തത്?
സ്പര്‍ശനമല്ലോ അവിഹിതം! ദര്‍ശനം, ദൂരദര്‍ശനം,
എന്തേ അരുതാത്തൂ, ഞങ്ങള്‍ക്ക് മാത്രം?
മതമൈത്രിക്കും സോദരസ്‌നേഹഭാവത്തിനും നിന്‍-
ശ്രീകോവില്‍ തുറക്കുമ്പോള്‍ ഞങ്ങളും തൊഴുതോട്ടേ!
സ്ത്രീകളാം ഞങ്ങളെ വിലക്കാനുമകറ്റാനും
സ്ത്രീജാതനല്ലാത്തതോ കാരണം, ഹരിഹരസുതനേ!
എന്തുകൊണ്ടപ്രാപ്യം, നിന്‍ സന്നിധാനമീ പാവം
സ്ത്രീകള്‍ക്കുമാത്രം, ചൊല്ലൂ, നീതിമാനല്ലോ നീ?
നിന്നിലേക്കെത്താനേതു കഠിനകയറ്റവും കയറി വരും
ഞങ്ങള്‍ അബലകളല്ല, ദുര്‍ബ്ബലരല്ല, വിഭോ
ദുര്‍ഘടമാര്‍ഗ്ഗങ്ങളില്‍ ചരിപ്പാന്‍ മടിയില്ല;
ദുര്‍മാര്‍ഗ്ഗമല്ലേ ത്യജിക്കേണ്ടൂ നാരിമാര്‍ ഞങ്ങള്‍
ശിലായുഗത്തിനും ആണവയുഗത്തിനുമപ്പുറം, പരിണാമത്തിന്‍-
ദശാവതാരങ്ങള്‍ക്ക് സാക്ഷിയാം മൂര്‍ത്തിയോ? അതുമല്ല;
അഹോ കഷ്ടം! നീയും വെറുമൊരു ‘ശില’ തന്‍ തന്മാത്രയായോ?
അയിത്തങ്ങളോരോന്നായി (‘മരിച്ച്’) പമ്പ കടന്നിട്ടും
പമ്പാവാസനേ, ഞങ്ങളെന്തേ “തൊടാന്‍ പാടില്ലാത്തവരായി?”

(ലോകത്തെമ്പാടും പീഡനവും അസ്വാതന്ത്ര്യവും ഇന്നും അനുഭവിക്കുന്ന സഹോദരിമാര്‍ക്കുവേണ്ടി പരിപാവനമായ പതിനെട്ടാം പടിയുടെ തൃപ്പാദങ്ങളില്‍ ഈ പതിനെട്ടീരടികള്‍ സവിനയം സമര്‍പ്പണം ചെയ്യട്ടെ)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top