Flash News

ശബരിമലയില്‍ സ്ത്രീ പ്രവേശനം നിലനിന്നിരുന്നുവെന്ന് എഴുത്തുകാരന്‍ എന്‍‌എസ് മാധവന്‍; പറ്റിനെട്ടാം പടിയിലും സമീപങ്ങളിലും സിനിമാ ഷൂട്ടിംഗില്‍ യുവതികള്‍ പങ്കെടുത്തിരുന്നുവെന്ന് രേഖകള്‍

September 29, 2018

sc_sabarimalaശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവ് വിവാദമായിരിക്കെ, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിലനിന്നിരുന്നതായി എഴുത്തുകാരന്‍ എന്‍‌എസ് മാധവന്‍ രേഖകള്‍ സഹിതം രംഗത്തി. തന്നെയുമല്ല, ശബരിമല സന്നിധാനത്തും ചുറ്റുപാടുകളിലും സിനിമാ ഷൂട്ടിംഗുകളില്‍ യുവതികള്‍ പങ്കെടുത്തിരുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തന്നെയുമല്ല രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് തമിഴ് സിനിമാ രംഗം തെളിവുകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. 1986-ല്‍ ചിത്രീകരിച്ച ‘നമ്പിനോര്‍ കെടുവതില്ലൈ’ എന്ന ചിത്രത്തില്‍ യുവനടി പതിനെട്ടാം പടിയില്‍ പാടി അഭിനയിക്കുന്ന രംഗങ്ങളടങ്ങുന്ന വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയാല്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരം കളങ്കപ്പെടുമെന്ന് ഒരു വിഭാഗം ആരോപണം ഉന്നയിക്കവെയാണ് സന്നിധാനത്ത് മൂന്ന് പതിറ്റാണ്ട് മുന്‍പേ നടിമാര്‍ പ്രവേശിച്ചതിന്റെ തെളിവുകള്‍ തമിഴ് സിനിമാ രംഗം പുറത്തുവിട്ടിരിക്കുന്നത്.

ഒരു പൂര്‍ണ്ണ അയ്യപ്പ ഭക്തനായ കെ ശങ്കരനാണ് 1986 മാര്‍ച്ച് 8 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയത്. ഇതിനേത്തുടര്‍ന്ന് കായംകുളം കൃഷ്ണപുരം സ്വദേശിയായ വി രാജേന്ദ്രന്‍ റാന്നി കോടതിയെ സമീപിച്ചു. യുവനടി പതിനെട്ടാംപടിയില്‍ നൃത്തം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ജയശ്രീ, സുധാ ചന്ദ്രന്‍, അനു (ഭാമ), വടിവുകരസി, മനോരമ എന്നിവരും ക്ഷേത്രസന്നിധിയില്‍ അഭിനയിച്ചിരുന്നു. ഇവര്‍ അഞ്ചുപേരുമായിരുന്നു ആദ്യപ്രതികള്‍. സംവിധായകന്‍ ശങ്കരന്‍ ആറാമതും അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ ഭാസ്‌കരന്‍ നായര്‍ ഏഴാമതും പ്രതിയായി ചേര്‍ക്കപ്പെട്ടു. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ സരസ്വതി കുഞ്ഞികൃഷ്ണന്‍, ഹരിഹര അയ്യര്‍ എന്നിവര്‍ എട്ടാമത്തേയും ഒമ്പതാമത്തേയും പ്രതികളായി. സന്നിധാനത്ത് ചിത്രീകരണം നടത്താന്‍ 7,500 രൂപയാണ് ദേവസ്വം ബോര്‍ഡ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കിയത്.

1986 ജൂലൈയില്‍ തന്നെ കോടതി കേസെടുത്തു. ഹാജരായ പ്രതികള്‍ക്ക് സെപ്റ്റംബറില്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഗോപാലകൃഷ്ണ പിള്ള ജാമ്യം അനുവദിക്കുകയും 1000 രൂപ വീതം പിഴശിക്ഷ വിധിക്കുകയും ചെയ്തു. 50 വയസിന് മുകളില്‍ പ്രായമുണ്ടായിരുന്നതിനാല്‍ നടി മനോരമയെ ശിക്ഷിച്ചില്ല. ദേവസ്വം ബോര്‍ഡും പിഴ അടയ്‌ക്കേണ്ടി വന്നതിനേത്തുടര്‍ന്ന് സ്ത്രീ പ്രവേശനത്തിന് പിന്നീട് നിയന്ത്രണം കുറച്ചുകൂടി കടുപ്പിച്ചു. പിന്നീട് ദേവസ്വം അധികൃതരില്‍ ഒരാളുടെ മകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനേത്തുടര്‍ന്ന് സ്ത്രീ പ്രവേശന വിഷയം ഹൈക്കോടതിയിലെത്തി. ജസ്റ്റിസ് പരിപൂര്‍ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് 10 വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനം കര്‍ശനമായി വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

സ്ത്രീകള്‍ക്കുള്ള വിലക്ക് പണ്ടുമുതല്‍ക്കേ ഉണ്ടായിരുന്നതാണെന്ന വാദത്തിനെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്തെത്തിയിരുന്നു. 1972ല്‍ നിയമപ്രകാരമുള്ള വിലക്ക് വരുന്നതിന് മുമ്പ് സ്ത്രീകള്‍ ആരാധനയ്ക്കായി ശബരിമല ക്ഷേത്രത്തില്‍ എത്തിയിരുന്നു. വിലക്ക് ഉണ്ടായിരുന്നിട്ടും 1986ല്‍ പതിനെട്ടാം പടിയില്‍ ഒരു നടി നൃത്തം ചെയ്തു. 1990ലാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പൂര്‍ണമായും വിലക്കിക്കൊണ്ട് വിധി വന്നത്. ആചാരങ്ങളുടെ പഴക്കം ഇത്രത്തോളമേ ഉള്ളൂയെന്നും എന്‍എസ് മാധവന്‍ ചൂണ്ടിക്കാട്ടി.

“പക്ഷെ ചില കാര്യങ്ങളില്‍ ആചാരങ്ങള്‍ പ്രശ്‌നമേയല്ല. ക്ഷേത്രകാര്യങ്ങളില്‍ എല്ലാം ഇടപെടാനുള്ള അധികാരം അവിടുത്തെ ബ്രാഹ്മണപുരോഹിത കുടുംബത്തിനുണ്ട്. ക്ഷേത്രവുമായി ബന്ധമുണ്ടായിരുന്ന മറ്റൊരു കുടുംബമുണ്ടായിരുന്നു. താഴ്ന്ന ജാതിക്കാരായ ഒരു ഈഴവകുടുംബം. അയ്യപ്പന്‍ അവരില്‍ നിന്നാണ് അയോധനകല പഠിച്ചത് എന്നാണ് വിശ്വാസം. വെടിവഴിപാടിനുള്ള അവകാശം അവര്‍ക്കായിരുന്നു. പക്ഷെ പൊടുന്നനെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആ അവകാശം എടുത്തുകളഞ്ഞു. അത് പൊതുലേലത്തിന് വെച്ചു. നോക്കൂ, ലിംഗം മാത്രമല്ല ഉയര്‍ന്ന ജാതിക്കാരുടെ കളികളും ഇവിടെ നടക്കുന്നുണ്ട്” – മാധവന്‍ പറയുന്നു.

കൊല്ലവര്‍ഷം 1115ല്‍ (1939) തിരുവതാംകൂര്‍ രാജാവും റാണിയും ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇത് 1991ലെ കേരളഹൈക്കോടതി വിധിയിലുണ്ട്. ചോറൂണിന് പ്രായഭേദമെന്യേ സ്ത്രീകള്‍ പങ്കെടുത്തിരുന്ന കാര്യവും ഹൈക്കോടതി വിധിയിലുണ്ടായിരുന്നു. ചോറൂണ് നടത്തിയിരുന്ന സ്ഥലത്ത് കൊടിമരം സ്ഥാപിച്ച് ഈ ആചാരം നിര്‍ത്തിക്കുകയാണുണ്ടായതെന്നും കോടതി രേഖ ചൂണ്ടിക്കാട്ടി എന്‍എസ് മാധവന്‍ വ്യക്തമാക്കി.

1986-ല്‍ ചിത്രീകരിച്ച ‘നമ്പിനോര്‍ കെടുവതില്ലൈ’ ചിത്രത്തിലെ ഗാനരംഗം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top