Flash News

കണ്ണൂര്‍ വിമാനത്താവളത്തിന്റെ സര്‍‌വ്വീസ് തുടങ്ങാന്‍ കടമ്പകളേറെ; കാലതാമസമെടുക്കുമെന്ന് എയറോനോട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്കേഷന്‍

September 29, 2018

kannurപ്രതീക്ഷിച്ച പോലെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ സര്‍‌വ്വീസ് തുടങ്ങാന്‍ കടമ്പകളേറെ കടക്കണമെന്ന് അധികൃതര്‍. ഒക്ടോബര്‍ 29ന് തുടങ്ങാനുദ്ദേശിച്ച സര്‍‌വ്വീസ് ഇനിയും കാലതാമസമെടുക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) നിഷ്‌കര്‍ഷിച്ചിരിക്കുന്ന എയറോനോട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്കേഷന്‍ (എഐപി) അഥവാ വിമാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളേക്കുറിച്ചും നിബന്ധനകളേക്കുറിച്ചും പ്രവര്‍ത്തനത്തേക്കുറിച്ചുമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാത്തതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം വൈകിപ്പിക്കുന്നത്. ഇതിനേത്തുടര്‍ന്ന് ഒക്ടോബര്‍ 29ന് തുടങ്ങേണ്ടിയിരുന്ന വാണിജ്യ സര്‍വ്വീസുകള്‍ പുനക്രമീകരിക്കേണ്ടതായി വരും.

സാങ്കേതികമായി കണ്ണൂര്‍ വിമാനത്താവളം തയ്യാറാണ്. വൈമാനിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള എയറോഡ്രോം ലൈസന്‍സ് ഒക്ടോബര്‍ നാലിന് മുന്‍പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും കൂടി ചേര്‍ന്ന് ലൈസന്‍സ് ലഭിച്ചതിന് ശേഷം എഐപി പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
അധികൃതര്‍ പറയുന്നു.

എഐപി പബ്ലിഷ് ചെയ്തതിന് ശേഷം മാത്രമേ വിമാനക്കമ്പനികള്‍ക്ക് സര്‍വ്വീസ് പദ്ധതികള്‍ തയ്യാറാക്കാന്‍ കഴിയൂ. നവംബര്‍ എട്ടോടെ കണ്ണൂര്‍ ‘നിയന്ത്രണ മേഖല’ സജ്ജമാകും. ഡിസംബര്‍ ആറോടെ എയറോഡ്രോം വിവരങ്ങളും തയ്യാറുകുമെന്നും വിമാനത്താവളത്തോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ അന്താരാഷ്ട്രതലത്തിലും ആഭ്യന്തരതലത്തിലുമുള്ള വാണിജ്യവിമാന സര്‍വ്വീസുകള്‍ ഡിസംബറിന് മുമ്പുണ്ടാകില്ലെന്ന് വ്യക്തമായി. ഇന്‍സ്ട്രമെന്റ് ലാന്‍ഡിങ് സിസ്റ്റത്തിന്റെ (ഐഎല്‍എസ്) പ്രവര്‍ത്തനക്രമം പ്രത്യേകമായി പുറത്തുവിടേണ്ടതുണ്ട്. പൈലറ്റുമാര്‍ക്ക് പ്രയോജനം ലഭിക്കേണ്ടുന്നതിനാണിത്. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിഷ്‌കര്‍ഷിക്കുന്ന പ്രകാരം എഐപിയില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ ഭാഗമാണിത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവള കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര വിമാന കമ്പനികളായ എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വെയ്‌സ്, ഗള്‍ഫ് എയര്‍, സൗദിയ, സില്‍ക്ക് എയര്‍, എയര്‍ ഏഷ്യ, മലിന്‍ഡോ എയര്‍ എന്നിവയും ഇന്ത്യന്‍ കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവയുമാണ് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ സമ്മതം അറിയിച്ച് കാത്തിരിക്കുന്നത്.

റണ്‍വേയും എയര്‍സൈഡ് വര്‍ക്കുകളും ഉള്‍പ്പെട്ട 694 കോടി രൂപയുടെ ഇപിസി കോണ്‍ട്രാക്ട് ജോലികളും 498 കോടി രൂപയുടെ ടെര്‍മിനല്‍ ബില്‍ഡിങ്ങും അതിനോടനുബന്ധിച്ച സിറ്റി സൈഡ് നിര്‍മാണ ജോലികളും ടെര്‍മിനല്‍ ബില്‍ഡിങ്ങിനകത്തെ ഡിഎഫ്എംഡി, എച്ച്എച്ച്എംഡി, ഇന്‍ലൈന്‍ എക്‌സ്‌റേ മെഷീന്‍, ബാഗേജ് ഹാന്‍ഡ്‌ലിംഗ് സിസ്റ്റം, ചെക്ക് ഇന്‍ കൗണ്ടറുകള്‍, എമിഗ്രേഷന്‍ ചെക്ക് പോയിന്റുകള്‍, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, പാസഞ്ചര്‍ ബോര്‍ഡിംഗ് ബ്രിഡ്ജ് ജോലികളും പൂര്‍ത്തീകരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top