Flash News

മലബാര്‍ ബ്രൂവറി വിവാദം കൊഴുക്കുന്നു; ബ്രൂവറീസിന്റ് പിതൃത്വം എല്‍ഡി‌എഫിനാണെന്ന് രമേശ് ചെന്നിത്തല; ആന്റണിക്കാണെന്ന് എല്‍ഡി‌എഫ്

September 30, 2018

ldfതിരുവനന്തപുരം: മലബാര്‍ ബ്രൂവറി വിവാദം കൊഴുക്കവെ ഇരു മുന്നണികളും പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ക്ക് ബലം കൂട്ടുന്നു. ബ്രൂവറിയില്‍ സര്‍ക്കാരും പ്രതിപക്ഷവും മാറിമാറി ആരോപണങ്ങള്‍ തൊടുക്കവേ തൃശൂരില്‍ മലബാര്‍ ബ്രൂവറീസിന് എന്‍ഒസി നല്‍കിയത് ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണെന്ന് രേഖകള്‍ പറയുന്നു. 1998ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കിയെന്നും ഇതില്‍ വ്യക്തമാകുന്നു. എന്നാല്‍ ബ്രൂവറി നിര്‍മ്മാണം പൂര്‍ത്തിയായി ലൈസന്‍സ് നല്‍കിയത് ആന്റണി സര്‍ക്കാരിന്റെ കാലത്താണ്.

എ.കെ ആന്റണി സര്‍ക്കാര്‍ 2003 ല്‍ ഷിവാസ് റീഗല്‍ കമ്പനിയുടെ മലബാര്‍ബ്രൂവറീസിന് അനുമതി നല്‍കിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നതോടെയാണ് ബ്രൂവറി വിവാദം വീണ്ടും കൊഴുത്തത്. ബ്രൂവറികള്‍ അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ചെന്നിത്തല സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് കൂടാതെ ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നടത്തിയ മൂന്നാമത്തെ വാര്‍ത്താ സമ്മേളനത്തില്‍ എക്‌സൈസ് മന്ത്രിയോടായി പത്തു ചോദ്യങ്ങളുടെ മറുപടി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ സംസ്ഥാനത്ത് 1999 മുതല്‍ നിര്‍ത്തിവെച്ചിരുന്ന ഡിസ്റ്റിലറി, ബ്രൂവറി ലൈസന്‍സ് നല്‍കല്‍ വീണ്ടും ആരംഭിച്ചത് ആരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്? ഉത്തരവിന്റെ പകര്‍പ്പ് പുറത്തു വിടാമോ? എന്ന ചോദ്യവും ചെന്നിത്തല ഉന്നയിച്ചിരുന്നു.

മലബാര്‍ ബ്രൂവറീസിന് ചാലക്കുടിയില്‍ ബ്രുവറിക്ക് അനുമതി നല്‍കിയത് 1998 ആഗസ്റ്റ് 28ന് നായനാര്‍ സര്‍ക്കാരാണന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മലബാര്‍ബ്രൂവറീസിന്റ പിതൃത്വം എല്‍ ഡി എഫ് സര്‍ക്കാരിനാണ്.ഇത് എ കെ ആന്റണിയുടെ പുറത്ത് കെട്ടി വക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല.നായനാര്‍ സര്‍ക്കാരാണ് ബ്രൂവറിക്ക് പ്രാഥമിക അനുമതി നല്‍കിയത്.ആന്റണി സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുക മാത്രമാണ് ചെയ്തത്.മലബാര്‍ബ്രൂവറിക്ക് എന്‍ഒസി നല്‍കിയത് നായനാരും ശിവദാസ മേനോനും ചേര്‍ന്നാണ്.

എ കെ ആന്റണിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച എല്‍ഡിഎഫ് കണ്‍വീനറും എക്‌സൈസ് മന്ത്രിയും മാപ്പ് പറയണം. ബ്രൂവറി ആരോപണത്തില്‍ സര്‍ക്കാര്‍ മറുപടി പറയുന്നില്ല. കിന്‍ഫ്രയില്‍ ഭൂമി കൊടുത്തിട്ടില്ല എന്ന് വ്യവസായ മന്ത്രി പറയുന്നു. ആര് പറയുന്നത് വിശ്വസിക്കണം. സമഗ്ര അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

newsrupt2018-094467a183-f6eb-4586-ad15-b81bc93f0db642839897_170269713858637_3320198290347130880_nഇതോടെ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഉന്നയിച്ച വാദം പൊളിഞ്ഞു.നായനാര്‍, ആന്റണി, വി എസ് സര്‍ക്കാരുകള്‍ ബ്രൂവറിക്കും ഡിസ്റ്റിലറിക്കും അനുമതി കൊടുത്തിരുന്നില്ലെന്നും ആ നയം ആരുമറിയാതെ തിരുത്തിയാണ് പിണറായി സര്‍ക്കാര്‍ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് എന്നുമായിരുന്നു ചെന്നിത്തലയുടെ ആദ്യ ആക്ഷേപം.നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറിക്ക് പ്രാഥമിക ലൈസന്‍സും എന്‍ഒ സിയും കൊടുത്തിട്ടുണ്ട് എന്നും ആന്റണി സര്‍ക്കാര്‍ അതില്‍ തുടര്‍ ലൈസന്‍സിംഗ് നടപടികള്‍ സ്വീകരിച്ചു എന്നും ഇപ്പോള്‍ ചെന്നിത്തല തന്നെ സമ്മതിച്ചിരിക്കുകയാണ്.

എ വിജയരാഘവന്റെ ആരോപണവും അതിന് ചെന്നിത്തല നല്‍കിയ മറുപടിയും പുറത്തു കൊണ്ടുവന്നത് 1998 മുതല്‍ എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ക്ക് ബ്രൂവറിക്കാര്യത്തില്‍ ഒറ്റ നയമാണെന്നാണ്. ബ്രൂവറിക്ക് ലൈസന്‍സ് നല്‍കിയ എ കെ ആന്റണി നല്ലവനും പ്രാഥമിക അനുമതി നല്‍കിയ നായനാര്‍ അഴിമതിക്കാരനും എന്ന ചെന്നിത്തലയുടെ നിലപാട് യുക്തിപരമായി നിലനില്‍ക്കില്ല.

കഴിഞ്ഞ ദിവസമാണ് എ.കെ.ആന്റണി സര്‍ക്കാര്‍ 2003ല്‍ ചാലക്കുടിയില്‍ ബ്രൂവറി അനുവദിച്ചതിന്റെ രേഖകളുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ രംഗത്തെത്തിയത്. ഷിവാസ് റീഗലിന്റെ അനുബന്ധ സ്ഥാപനമായ മലബാര്‍ ബ്രൂവനീസിനാണ് ആന്റണി സര്‍ക്കാര്‍ ബ്രൂവറി അനുവദിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എ.കെ.ആന്റണി സര്‍ക്കാറാണ് 1995ല്‍ ചാരായം നിരോധിച്ചത്. ഇത് മദ്യ വിരുദ്ധ നീക്കമായാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടത്. എന്നാല്‍ കേരളത്തെ വിദേശ മദ്യ കമ്പനികള്‍ക്ക് തീറെഴുതുകയാണ് ചാരായ നിരോധത്തിന്റെ ലക്ഷ്യമെന്ന് അന്നു തന്നെ ആക്ഷേപം ഉണ്ടായിരുന്നു. ഇത് ശരി വെക്കുന്നതാണ് പിന്നീട് വന്ന നിരവധി ബാറുകളും വിദേശമദ്യത്തിന്റെ കുത്തൊഴുക്കും വിദേശമദ്യത്തിന്റെ വില വര്‍ദ്ധനയും ബിവറേജസിന്റെ മുന്നിലെ മദ്യപാനികളുടെ അവസാനിക്കാത്ത നിരയും. ചാരായത്തിനു പകരം വില കൂടിയ വിദേശമദ്യത്തിലേക്കും ചാരായ ഷാപ്പിനു പകരം ബാറുകളിലേക്കും മദ്യപാനികളെ മാറ്റിയതല്ലാതെ ചാരായനിരോധം മദ്യത്തിന്റെ ലഭ്യത കുറച്ചില്ല. മദ്യപാനികളുടെ എണ്ണം കുതിച്ചുയരുകയും ചെയ്തു. ഏറ്റവും അവസാനം ആന്റണി ഗ്രൂപ്പുകാര്‍ തന്നെ ബാര്‍ കോഴ ആരോപണത്തിന് ഇരയായി. ഇതിനിടെയാണ് ബ്രൂവറി ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തുവന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

നായനാര്‍ സര്‍ക്കാര്‍ 1999ല്‍ ഇനി ഡിസ്റ്റിലറികളും ബ്രൂവറികളും ആരംഭിക്കേണ്ട എന്നു തീരുമാനം എടുത്തിരുന്നു എന്നും പിന്നീട് വന്ന എല്ലാ സര്‍ക്കാരുകളും ഇത് പിന്തുടര്‍ന്നിരുന്നു എന്നും 19 വര്‍ഷത്തിനു ശേഷം ഈ നയം പിണറായി സര്‍ക്കാര്‍ മാറ്റിയതില്‍ അഴിമതി ഉണ്ട് എന്നുമാണ് ചെന്നിത്തല ആരോപിച്ചത്. ഈ ആരോപണമാണ് 2003ല്‍ ആന്റണി സര്‍ക്കാര്‍ ബ്രൂവറി അനുവദിച്ചതിന്റെ രേഖ പുറത്തു വിട്ടു കൊണ്ട് വിജയരാഘവന്‍ തകര്‍ത്തത്.

എന്നാല്‍, ബ്രൂവറി വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനറുടെ വാദം പൊളിക്കുന്ന രേഖകളാണ് ഇന്നലെ പുറത്തുവന്നത്. 1998 ല്‍ ബ്രൂവറി അനുവദിച്ചത് നായനാര്‍ സര്‍ക്കാരിന്റെ കാലത്താണെന്ന് രേഖകള്‍ തെളിയിക്കുന്നു. 2003 ല്‍ അന്തിമ ലൈസന്‍സാണ് ആന്റണി സര്‍ക്കാര്‍ നല്‍കിയതെന്നാണ് ഉത്തരവില്‍ നിന്ന് വ്യക്തമാകുന്നത്.

അതേസമയം, എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ രംഗത്തെത്തി. 2003 ല്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത് എ.കെ ആന്റണി സര്‍ക്കാരാണെന്നും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് ചെന്നിത്തലയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രൂവറികള്‍ അനുവദിച്ചതില്‍ ചട്ടലംഘനമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. അനാവശ്യ വിവാദമാണ് പ്രതിപക്ഷം സൃഷ്ടിച്ചത്. വ്യവസായവകുപ്പുമായി ഭിന്നതയില്ല. സര്‍ക്കാര്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു. ഇടതുസര്‍ക്കാരിന്റെ നയം മദ്യവര്‍ജനമാണെന്നും മദ്യനിരോധനം അല്ലെന്നും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് ആ നയം അനുസരിച്ചാണ്. തൃശൂരിലെ അനുമതി അപേക്ഷയില്‍ സ്ഥലം വ്യക്തമാക്കിയിട്ടുണ്ട്. ഇനി അപേക്ഷ കിട്ടിയാല്‍ മെറിറ്റ് നോക്കി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശം മറികടന്നാണ് പുതിയ ബ്രൂവറിയും ഡിസ്റ്റിലറി യും അനുവദിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനമെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. പുതിയ ഡിസ്റ്റിലറികള്‍ അനുവദിക്കുന്നതിനു 1999 ലെ ഉത്തരവ് തടസമാണെന്നായിരുന്നു ഋഷിരാജ് സിങ്ങ് ഫയലില്‍ കുറിച്ചത്. ബ്രൂവറിക്കും ഡിസ്റ്റിലറിക്കുമായി ലഭിച്ച അപേക്ഷയോടൊപ്പം ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് കമ്മീഷണര്‍ ഫയല്‍ സര്‍ക്കാരിനു കൈമാറിയത്. ശ്രീ ചക്രാ ഡിസ്റ്റിലറീസിനു തൃശൂര്‍ ജില്ലയിലാണ് അനുമതി നല്‍കിയത്.

ബ്രൂവറി അനുവദിക്കുന്നതിനു നിയമം തടസമല്ലെന്നും എന്നാല്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും ഋഷിരാജ്‌സിങ് ഫയലില്‍ കുറിച്ചിരുന്നു. 1999 ല്‍ വിനോദ് റായി പുറത്തിറക്കിയ ഉത്തരവുപ്രകാരം ഡിസ്റ്റിലറികള്‍ അനുവദിക്കുന്നതിനു തടസമുണ്ടെന്നു ചൂണ്ടികാണിച്ചാണ് പുതിയ അപേക്ഷകളോടൊപ്പം ഫയല്‍ സര്‍ക്കാരിനു കൈമാറിയത്. മാത്രമല്ല 2008 ല്‍ ഇക്കാര്യം ചൂണ്ടികാട്ടി അന്നത്തെ വി.എസ്.സര്‍ക്കാര്‍ അപേക്ഷ നിരസിച്ച കാര്യവും ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ ഫയല്‍ സര്‍ക്കാരിലെത്തിയപ്പോള്‍ ഈ ഉത്തരവ് അന്നത്തെ അപേക്ഷകള്‍ക്ക് മാത്രം ബാധകമെന്നുള്ള നിലപാടിലേക്ക് മാറി. ഇതോടെയാണ് ബ്രൂവറിയും ഡിസ്റ്റിലറിയും ആകാമെന്നുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. സര്‍ക്കാരിനു ലഭിച്ച നിയമോപദേശവും ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കാമെന്നുള്ളതാണെന്നും വകുപ്പ് പറയുന്നു.

അതേസമയം ആകെ ലഭിച്ച ഏഴ് അപേക്ഷകളില്‍ മൂന്നെണ്ണത്തിനു ഇതുവരെയും അനുമതി നല്‍കിയിട്ടുമില്ലെന്നു മന്ത്രി തന്നെ വ്യക്തമാക്കിയെങ്കിലും അനുമതി നിഷേധിച്ചതിലുള്ള കാരണം മന്ത്രിയും വകുപ്പും വ്യക്തമാക്കിയിട്ടില്ല. നിലവിലുള്ള രീതി മാറുമ്പോള്‍ അതു പരസ്യമാക്കണമെന്ന മാനദണ്ഢവും പാലിച്ചില്ലെന്നുള്ളതും ആരോപണമായി നില്‍ക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top