Flash News

അടിപൊളി അവതാരങ്ങളും, അവരുടെ തേര്‍വാഴ്ച്ചകളും (ലേഖനം)

September 30, 2018 , ജയന്‍ വര്‍ഗീസ്

adipoli avatharangal-1ഇത് അടിപൊളിയുടെ കാലമാണ്. ഏതു രംഗവും ഇന്ന് കുതിച്ചു പായുന്നത് അടിപൊളിയെ കൂട്ട് പിടിച്ചുകൊണ്ടാണ്. മതവും, രാഷ്ട്രീയവും, മാത്രമല്ലാ, സിനിമയും, സാംസ്കാരികവും, കലയും, സാഹിത്യവുമെല്ലാം ഇത് തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

അടിപൊളിയില്‍ ആരാധകരെ വീഴ്ത്തുക എന്നത് വളരെ എളുപ്പമാണ്. സേവന മേഖലകള്‍ എന്ന മേലെഴുത്തിനടിയില്‍ തകൃതിയായി ബിസ്സിനസ്സ് നടത്തി ലാഭം കൊയ്യുന്നവര്‍ക്ക് ഒരുപക്ഷേ, അവരുടേതായ ന്യായങ്ങളുണ്ടാവാം. എന്നാല്‍ അദ്ധ്യാത്മിക നേതാക്കന്മാര്‍ എന്നവകാശപ്പെടുന്നവര്‍ക്ക് ( അങ്ങിനെ ഒരു കൂട്ടരുണ്ടോ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.) അടിപൊളിയെ കൂട്ട് പിടിക്കേണ്ടി വരുന്നു എന്നതും, അത് അവരുടെ ഭൗതിക നേട്ടങ്ങള്‍ക്ക് വളമായിത്തീരുന്നു എന്നതും ഒരു വിരോധാഭാസമായിത്തന്നെ നില നില്‍ക്കുകയാണ്!.

ആചാരാനുഷ്ഠാനങ്ങളുടെ ഈറ്റില്ലമായ ഭാരതത്തില്‍ എന്തും,ഏതും എളുപ്പം വിറ്റഴിക്കാവുന്നതേയുള്ളു. ആരാധകരുടെ വലിയ കൂട്ടങ്ങള്‍ എന്തിനെയും, ഏതിനെയും നെഞ്ചിലേറ്റുവാന്‍ കച്ചകെട്ടി നില്‍ക്കുകയാണവിടെ. സിനിമാ താരങ്ങള്‍ക്ക് വേണ്ടി ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും, അവരെ പൂജാമുറികളില്‍ വച്ച് പൂജിക്കുകയും ചെയ്യുന്ന മറ്റൊരു രാജ്യം ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.

ആധ്യാത്മിക ചിന്താ ധാരയുടെ അടിത്തറയില്‍ വളര്‍ന്നു വന്ന ഭാരതം ഈ പേരിലുള്ള ഏതു മുന്നേറ്റങ്ങളേയും എളുപ്പത്തില്‍ ഏറ്റു വാങ്ങുന്നു. തങ്ങളുടെ സന്പാദ്യത്തിന്റെ വലിയൊരു ഭാഗം തന്നെ മൂതലിറക്കിയും അവരതിനെ നില നിര്‍ത്തുന്നു. മഹാഭാരതത്തിന്റെ മുക്കിലും, മൂലയിലുമുള്ള ആരാധനാ കേന്ദ്രങ്ങള്‍ ഇപ്രകാരം ഉരുത്തിരിഞ്ഞു വന്നവയാണ്.

ഒറ്റയടിക്ക് ഇവകളെ ഇടിച്ചു നിരത്തണം എന്ന് വാദിക്കുന്ന ഭൗതിക വാദികള്‍ വെറും മുഖപ്പട്ട കെട്ടിയ കുതിരകളാണ്. വശങ്ങളിലേക്ക് നോക്കാന്‍ കഴിയാത്ത ഇക്കൂട്ടര്‍ക്ക് ജനപഥങ്ങളുടെ ജീവിതായോധന വേദികളില്‍ ഇവ നിലനിര്‍ത്തുന്ന വലിയ പങ്കിനെക്കുറിച് ഒന്നുമറിഞ്ഞുകൂടാ എന്നതോ പോകട്ടെ, നൂറ്റാണ്ടുകളായി നില നില്‍ക്കുന്ന ഈ ജീവിത രീതിക്ക് പകരം വയ്ക്കാന്‍ തങ്ങളുടെ കൈയില്‍ ഒന്നുമേയില്ലാ എന്ന് വിലപിക്കേണ്ടിയും വരുന്നു.

വളരേ സാവധാനത്തില്‍ ആണെങ്കില്‍പ്പോലും രാജാറാം മോഹന്‍ റായി മുതല്‍ക്കുള്ള സാമൂഹ്യ വിപ്ലവകാരികളുടെ കഠിന പരിശ്രമങ്ങളുടെ സദ് ഫലങ്ങളായിത്തന്നെ സവിശേഷമായ പല പരിവര്‍ത്തനങ്ങളും ആരാധനാ സന്പ്രദായങ്ങളിലും, അത് വേരിറക്കി നില്‍ക്കുന്ന സാമൂഹ്യാവസ്ഥയിലും വന്നു കഴിഞ്ഞു എന്ന് മാത്രമല്ലാ, തിരുത്തലുകള്‍ അനവരതം തുടര്‍ന്ന് കൊണ്ടേയിരിക്കുകയുമാണ്.

മനുഷ്യ മനസ്സിന് മുന്നില്‍ എന്നെന്നും ദൈവം ഒരു ചോദ്യ ചിഹ്നമായിരുന്നു. കാലാ കാലങ്ങളില്‍ ദൈവത്തിന് രൂപവും, ഭാവവും ചാര്‍ത്തിക്കുന്നതില്‍ മനുഷ്യ വര്‍ഗ്ഗങ്ങളും, അവരോടൊപ്പം വളര്‍ന്നു വന്ന സംസ്കാരങ്ങളും മത്സരിക്കുകയായിരുന്നു. അതി പുരാതന ഗ്രീക്ക് ദര്‍ശനങ്ങളിലും, തെക്കനേഷ്യയിലെ നദീതട സംസ്കാരങ്ങളിലും, വരണ്ട പശ്ചിമേഷ്യയില്‍ നീല നദീജലം കുളിരണിയിച്ച വളക്കൂറുള്ള മണ്ണില്‍ വേര് പിടിച്ച മനുഷ്യ പഥങ്ങളിലും ദൈവത്തിന് വ്യത്യസ്ത രൂപ ഭാവങ്ങള്‍ വന്നത് അങ്ങിനെയാണ്. ഓരോ രൂപ രചനയിലും അതത് പ്രദേശങ്ങളിലെ അന്നത്തെ മനുഷ്യന്റെ ചിന്താ ധാരകള്‍ സമഞ്ജമായി സമ്മേളിച്ചിരിക്കുന്നത് കാണാം. തങ്ങളുടെ വൈയക്തിക നീതി ശാസ്ത്രങ്ങളാണ് ദൈവങ്ങളുടെ പേരില്‍ ഇവര്‍ പുറത്തേയ്ക്ക് പ്രസരിപ്പിച്ചത്. കാലാ കാലങ്ങളിലെ പരിഷ്ക്കരണങ്ങള്‍ക്കു ശേഷവും ഈ മില്ലേനിയത്തിന്റെ ഇന്നുകളില്‍ പോലും ഇവ സജീവമായി നില നില്‍ക്കുന്നു.

അത് അംഗീകരിക്കാം. എന്ത് കൊണ്ടെന്നാല്‍, ദൈവത്തെക്കുറിച്ചുള്ള അന്വേഷണം മനുഷ്യന്റെ രക്തത്തിലെ വികാരമാണ്. തനിക്കേറ്റവും പ്രിയപ്പെട്ട തന്റെ ജീവിതം തനിക്കു ലഭ്യമായത് പോലും തനിക്കൊരു പങ്കുമില്ലാത്ത ഒരനുഗ്രഹമാണെന്നും, ഇന്നുകളിലെ അതിന്റെ സുഗമമായ നിലനില്‍പ്പിന് പോലും തന്റേതല്ലാത്ത അനേകം സാഹചര്യങ്ങള്‍ യാതൊരു മുതല്‍ മുടക്കമില്ലാതെ തനിക്ക് ലഭ്യമാവുന്നുണ്ടെന്നുമുള്ള തിരിച്ചറിവ് അവകളുടെ പ്രഭവ സ്ഥാനത്തേക്കുള്ള ഒരെത്തിനോട്ടം, കൃതജ്ഞതയോടെ ഒരു ധന്യവാദം എന്നും മനുഷ്യ മനസ്സില്‍ ഉണര്‍ത്തിയിരുന്നുവല്ലോ ?

എല്ലാറ്റിലുമുപരി, അതി സുന്ദരവും, അനുഭൂതി ദായകവുമായ ഈ ജീവിതം നാളെ അഗ്‌നിച്ചിതയിലെ ഒരു പിടി ചാരമോ, ആറടി മണ്ണിലെ അലിഞ്ഞു ചേരലോ ആണെന്നുള്ള അവബോധം എന്നും നമുക്കൊരു വേദനയാണ്. എന്നെന്നേക്കുമായുള്ള ഒരവസാനം നമുക്കിഷ്ടമല്ല. മരിച്ചാലും നമുക്ക് നാമായിത്തന്നെ നില നില്‍ക്കണം. അതിനായുള്ള അനവരതമായ അന്വേഷണങ്ങളിലാണ് നമ്മള്‍ മരണാനന്തര ജീവിതത്തിന്റെ മനോഹര സ്വപ്‌നങ്ങള്‍ നെയ്‌തെടുത്തത്. ജനനത്തിനു മുന്‍പും, മരണത്തിനു ശേഷവുമുള്ള കാര്യങ്ങളില്‍ നമ്മുടെ നിയന്ത്രണം ഒന്നുമേയല്ലെന്ന് കണ്ടെത്തിയതിനാലാണ് ഒരു സെക്യൂരിറ്റിയായി ദൈവത്തെ നമ്മളോട് ചേര്‍ത്ത് നിര്‍ത്തിയത്. ഏതൊരു രചനയിലുമെന്ന പോലെ രചയിതാവിന്റെ പ്രതിഭാ വിലാസത്തിന്റെ ഏറ്റക്കുറച്ചിലുകളിലാണ് ഓരോ ദര്‍ശനത്തിന്റെയും ശക്തിയും, ദാവ്ര്‍ബല്യവും.

എന്നാല്‍ ദൈവമോ ? മനുഷ്യ ഭാവനക്ക് ഒരിക്കലും വായിച്ചെടുക്കാനാവാത്ത മഹാ പ്രതിഭാസമാണത്. അവന്റെ ചിന്താ ധാരകള്‍ക്കു പോലും കടന്നു ചെല്ലാനാവാത്തത്ര പ്രിവിശാലമാണത്. ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന ഒരു മഹാവനമാണ് പ്രപഞ്ചമെങ്കില്‍, അവിടുത്തെ ഒരു ചെറു വൃക്ഷത്തിലെ ഒരില മാത്രമാണ് ഭൂമി. അതിലിരിക്കുന്ന ഒരു പൊടിയാണ് മനുഷ്യന്‍. ഈ പൊടിയില്‍ ഉളവാകാവുന്ന ഏതൊരു ചിന്തയും ആ മഹാവനത്തെ സംബന്ധിച്ചിടത്തോളം ഒന്നുമേ ആകുന്നില്ല. എത്ര കോടി കൊല്ലങ്ങള്‍ കഴിഞ്ഞാലും, ഭൗതികമായി നമുക്ക് പ്രപഞ്ചത്തെ പ്രാപിക്കാന്‍ സാധ്യമല്ല. ഗ്രഹാന്തര യാത്രാ റോക്കറ്റുകളില്‍ ഇന്നുപയോഗിക്കുന്ന ദ്രവ ഇന്ധനത്തിന് പകരം മനുഷ്യന്‍ പ്രകാശത്തെ ഇന്ധനമാക്കുന്ന കാലം വിദൂരമല്ല. അപ്പോള്‍ നമുക്ക് സെക്കന്‍ഡില്‍ ഒരു ലക്ഷത്തി എണ്‍പത്താറായിരം മൈല്‍ വേഗത്തില്‍ സഞ്ചരിക്കാനാവും? പ്രകാശ വേഗതയില്‍ വസ്തുക്കള്‍ക്ക് രൂപമുണ്ടാവുകയില്ല എന്ന ഐന്‍സ്‌റ്റെയിന്‍ സിദ്ധാന്തം അംഗീകരിക്കുന്‌പോള്‍ പോലും, അതേ വേഗതയില്‍ രൂപമാറ്റമുണ്ടാക്കാത്ത ഒരു കവചം ശാസ്ത്രം നമുക്ക് നിര്‍മ്മിച്ച് തരുമെന്ന് പ്രത്യാശിക്കുകയാണ്. ഈ കവചത്തിലേറി സഞ്ചരിച്ചാല്‍പ്പോലും, നമ്മുടെ സൗര യുഥത്തിനു തൊട്ടടുത്തുള്ള നക്ഷത്രത്തിലെത്താന്‍ നാലേകാല്‍ കൊല്ലം വേണം. പതിനായിരക്കണക്കിന് മൈല്‍ പൊക്കത്തിലുള്ള തീജ്വാലകളും, ഭൂമി പോലുള്ള ഗ്രഹങ്ങളെ തവിടു പൊടിയാക്കാന്‍ മാത്രം ശക്തമായ സ്‌പോടനങ്ങളും നടക്കുന്ന നക്ഷത്ര പ്രതലങ്ങളില്‍ പ്രവേശിക്കുന്നതുനുള്ള സംവിധാനങ്ങള്‍ വേറെ വേണ്ടി വരും.

നമ്മുടെ സര്‍വജ്ഞനായ ശാസ്ത്രം അതും നമുക്ക് നിര്‍മ്മിച്ച് തരുമായിരിക്കും.? എങ്കില്‍പ്പോലും, ഭൂമി ഉണ്ടായ കാലം മുതല്‍ ഇതേ വേഗതയില്‍ സഞ്ചരിച്ചിട്ടും ഇത് വരെ ഇവിടെ എത്താന്‍ കഴിയാത്ത വെളിച്ചങ്ങളുടെ ഉടമകളായ നക്ഷത്ര ഭീമന്മാര്‍ അങ്ങകലെ ദൂരെയുണ്ട്. നൂറു വര്‍ഷത്തിനുള്ളില്‍ എരിഞ്ഞു തീരേണ്ട മനുഷ്യന്‍ എന്ന നക്ഷത്ര ഖണ്ഡത്തിന് ഒരിക്കലും അവന്റെ ഭൗതിക രൂപത്തില്‍ അവിടങ്ങളില്‍ എത്തിപ്പെടാന്‍ സാധ്യമല്ല തന്നെ. ചന്ദ്രനില്‍ മനുഷ്യനെത്തി എന്നുള്ളത് കള്ളമാണെന്ന് ഒരു വെള്ളക്കാരന്‍ തെളിവുകള്‍ നിരത്തി ഇവിടുത്തെ ഇഗ്‌ളീഷ് പത്രത്തില്‍ എഴുതിയിരുന്നത് നമ്മുടെ ‘ മലയാളം പത്രം മലയാളത്തിലാക്കി പ്രസിദ്ധീകരിച്ചിരുന്നു. അന്നോ, അതിനു ശേഷമോ ‘ നാസ ‘യാതൊരു വിശദീകരണവും നല്‍കിയതായി അറിവില്ല. അര നൂറ്റാണ്ടു കഴിഞ്ഞിട്ടും മറ്റു ശാസ്ത്ര ശാഖകളിലുണ്ടായ സമാന പുരോഗതി ഈ രംഗത്ത് ഉണ്ടായതായി നമുക്കും അറിവില്ല.

മാത്രമല്ലാ, മനുഷ്യന്റെ അറിവ് നേടല്‍ എന്നത് തന്നെ മിസ്റ്റര്‍ നാറാണത്തിന്റെ കല്ലുരുട്ടല്‍ പോലെയാണ്. പറ, പന എന്നാരംഭിക്കുന്ന കുട്ടി മൂന്നോ, നാലോ എം. എ യും, അതിലധികം പി. എച് . ഡി. യും ഒക്കെ എടുത്തു കഴിയുന്‌പോളേക്കും തലമുടിയില്‍ മാത്രമല്ലാ, താടി രോമങ്ങളിലും നര വീണു തുടങ്ങിയിരിക്കും. കുഴിയിലേക്ക് കാലു നീട്ടാന്‍ പിന്നെ അധികം താമസമില്ലാ. ഇതിനിടയില്‍ കുറെയേറെ വേഷങ്ങള്‍ ആടിത്തീര്‍ക്കും.അത് കണ്ട് പൊതുജനം കുറെ ക്‌ളീഷേ പദങ്ങള്‍ ആവര്‍ത്തിക്കും. സമര്‍ത്ഥന്‍, മഹാന്‍, ജീനിയസ് ഇത്യാദികള്‍.
അടുത്ത തലമുറ പഴയ പറ, പനയില്‍ വീണ്ടും തുടങ്ങണം. ഓരോ തവണയും ഉരുട്ടുന്ന കല്ല് ആദ്യത്തേക്കാള്‍ അല്‍പ്പം മുകളില്‍ എത്തുന്നത് കൊണ്ടാണ് വളര്‍ച്ച എന്ന് നാം വിളിക്കുന്ന ഈ പുരോഗതി ഉരുത്തിരിയുന്നത്.

അസുലഭമായി വീണു കിട്ടുന്ന അവിസ്മരണീയമായ ഒരനുഭവമാണ് ജീവിതം. അതിനിടയാക്കുന്ന സാഹചര്യക്കണ്ണികളോടുള്ള അദമ്യമായ അഭിവാദ്യമാണ് ആരാധന. പ്രപഞ്ചം നമുക്ക് മുന്നില്‍ ഒരു സജീവ സത്യമാണെന്നിരിക്കെ, അതിന്റെ കാര്യ കാരണക്കണ്ണികളില്‍ ഒരു ആദ്യകണ്ണിയുണ്ട്. സ്വാഭാവികമായും ആദ്യകണ്ണിയില്‍ നിന്നാണ് തുടക്കം എന്നതിനാല്‍ ചിന്താശഷിയുള്ള മനുഷ്യന്‍ അതിനെ ക്രിയേറ്റര്‍ എന്ന് വിനീതനായി വിളിച്ചു പോകുന്നു. പ്രപഞ്ചം സത്യമാണെന്ന് അനുഭവിച്ചറിയുന്ന ഒരാള്‍ ക്രിയേറ്ററും ഒരു സത്യമാണെന്ന് അനുഭവിച്ചറിയുന്നു. പ്രപഞ്ചത്തിലെ ഓരോ വസ്തുവും ആ ക്രിയേറ്ററോട് വിധേയത്വവും, വിനീതത്വവും പ്രകടമാക്കുന്നുണ്ടാവണം. ഒരു പക്ഷെ, മനുഷ്യന്റെ നിരീക്ഷണ സ്പര്‍ശിനികള്‍ക്ക് ഇതൊന്നും തൊട്ടറിയാന്‍ ത്രാണിയുണ്ടാവില്ല എന്നത് കൊണ്ടാവണം അത്തരം വിഷയങ്ങളില്‍ ഒരു നിതാന്ത നിശബ്ദത നില നില്‍ക്കുന്നത്. പ്രാകൃത മനുഷ്യന്റെ പ്രാകൃത ജീവിതത്തില്‍പ്പോലും അവനാവും വിധത്തിലുള്ള അവന്റെ ആരാധനാ സംപ്രദായങ്ങളാണ് കാലഘട്ടങ്ങളുടെ ,കല്പടവുകളിലൂടെ സഞ്ചരിച്ചു വന്ന് ഇന്നുകളുടെ ഇടങ്ങളിപ്പോലും സജീവമായിരിക്കുന്നത്.

ഓരോ വ്യക്തിയുടെയും ആത്മാവിന്നുള്ളിലെ ഈ അന്തര്‍ദ്ദാഹം ആര്‍ക്കും അനായാസം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, ഒരു വ്യക്തി തന്നെപ്പോലുള്ള മറ്റൊരു വ്യക്തിയെ അതായത് ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ ഏതു കാരണത്താലായാലും ദൈവമായി ആരാധിക്കുന്നത് അശേഷം അംഗീകരിക്കാനാവുന്നില്ല. ഈയൊരു രീതി മത രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളില്‍ എങ്ങിനെയോ കടന്നു കൂടി നില നില്‍ക്കുന്നത് കൊണ്ടാണ് വെറും പച്ച മനുഷ്യരായ അക്കൂട്ടര്‍ ആള്‍ ദൈവങ്ങളായി വിലസിക്കൊണ്ട് സമൂഹ സന്പത്ത് കവര്‍ന്നു കൈക്കലാക്കുന്നതും പില്‍ക്കാലത്ത് അതേ സന്പത്ത് വാരിയെറിഞ് നീതിയും നിയമവും വിലക്ക് വാങ്ങിക്കൊണ്ട് പണമെറിയാന്‍ കെല്‍പ്പില്ലാത്ത പട്ടിണിപ്പാവങ്ങളുടെ ജീവിതം കട്ടപ്പുകയാക്കി മാറ്റിത്തീര്‍ക്കുന്നതും.?

യാതൊരു വ്യക്തിയുടെയെങ്കിലും പ്രവര്‍ത്തികള്‍ അയാള്‍ക്കും, അയാളുള്‍ക്കൊള്ളുന്ന സമൂഹത്തിനും ഗുണപരമാണെന്നു കണ്ടാല്‍ അയാളെ നമുക്ക് അംഗീകരിക്കാം. അയാളുടെ രീതികള്‍ ഇന്നിനെക്കാള്‍ മെച്ചപ്പെട്ട ഒരു നാളെ സൃഷ്ടിക്കുവാന്‍ സഹായിക്കുമെങ്കില്‍ നമുക്കയാളെ മാതൃകയാക്കാം. പക്ഷെ,അയാള്‍ ദൈവമാകുന്നതെങ്ങിനെ ? അയാളുടെ കൈ മുത്തുകയോ, കാലില്‍ വീഴുകയോ ചെയ്യുന്നതെന്തിന് ? അത്തരത്തിലുള്ള ഒരാരാധന അയാള്‍ ഏറ്റു വാങ്ങുന്നുവെങ്കില്‍, ആ ഒറ്റക്കാരണം കൊണ്ട് തന്നെ അയാളുടെ സര്‍വ മഹത്വവും ഇടിഞ്ഞു വീഴുകയല്ലേ അതിലൂടെ ? തികച്ചും ധാര്‍മ്മികമായ ഒരടിത്തറയില്‍ കാലുറപ്പിച്ചു നിന്ന് കൊണ്ട്, സമൂഹത്തില്‍ നിന്ന് ഏറ്റവും കുറച്ചു സ്വീകരിക്കുകയും,സമൂഹത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ നല്‍കുകയും ചെയ്യുക എന്നതല്ലേ യഥാര്‍ത്ഥമായ മനുഷ്യ ധര്‍മ്മം ? ഒരു ഭഗവത് ഗീത മുഴുവന്‍ കാച്ചിക്കുറുക്കിയെടുത്താല്‍ കിട്ടുന്ന സത്തും ഇത് തന്നെയല്ലേ ?

പക്ഷെ, അടിപൊളി സംസ്ക്കാരം ആളുകളിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ആര്‍ക്കു വേണം ഈ ധര്‍മ്മ ബോധം ? കപട ജാഡകളെ ധര്‍മ്മ സമരമെന്ന് തെറ്റിദ്ധരിപ്പിക്കലാണ് പുതിയ രീതി. ഇതിനായി ഓരോരുത്തരും ഇറക്കി വിടുന്ന വേലത്തരങ്ങളില്‍ പൊതുജനം തലകുത്തി വീഴുകയാണ് ചെയ്യുന്നത്. ശരിക്കും പറഞ്ഞാല്‍ വ്യാജ നാമങ്ങളിലും, വ്യാജ രൂപങ്ങളിലും ഒളിഞ്ഞിരുന്നു കൊണ്ട് തന്നെത്തന്നെ പുകഴ്ത്തുകയും, അപരനെ ഇകഴ്ത്തുകയും ചെയ്യുന്ന ഗറില്ലാ യുദ്ധ തന്ത്രത്തിലൂടെ നേട്ടങ്ങള്‍ കൊയ്‌യുക എന്നതാണ് സാമൂഹ്യ പരിവര്‍ത്തനത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നു എന്നവകാശപ്പെടുന്ന എഴുത്തുകാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇറക്കി വിട്ടു കൊണ്ടിരിക്കുന്ന നാണം കേട്ട തറവേലകള്‍ എന്ന് അനേഷിച്ചാല്‍ കണ്ടെത്താവുന്നതാണ്.

ഏതൊരു പ്രസ്ഥാനത്തിനും ഏറ്റവും നല്ല മാര്‍ക്കറ്റ് കിട്ടുന്ന ഇടമാണ് സായിപ്പിന്റെ നാട്. ഭൗതിക സന്പന്നതയുടെ നടുക്കടലില്‍ അസ്തിത്വ വേദനയുടെ ഒറ്റത്തുരുത്തുകളില്‍, ശൂന്യതാബോധത്തിന്റ നൊന്പരക്കാറ്റില്‍ ഉഴറി നില്‍ക്കുന്ന സായിപ്പ് ഏതും ഏറ്റുവാങ്ങുക സ്വാഭാവികം മാത്രം. അതുകൊണ്ടാണ്, പ്രസ്ഥാനങ്ങളുടെ പിണിയാളുകള്‍ തങ്ങളുടെ മൂര്‍ത്തികളെ പൊക്കിയെടുത്ത് ഇവിടെ ഇറക്കുന്നത്. സമയ നിഷ്ഠ പാലിക്കാനായി വിമാനങ്ങളില്‍ സഞ്ചരിച്ചു കൊണ്ട് ഇവര്‍ സമൃദ്ധമായി തങ്ങളുടെ ബിസിനസ് നടത്തിക്കൊണ്ടേയിരിക്കുന്നു.

സഹജീവികളുടെ സാന്ത്വനത്തിനുള്ള സംവിധാനങ്ങളുമായി മുന്നേറുന്ന ഏവരെയും അംഗീകരിക്കുന്നു, അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു. തങ്ങളുടെ പ്രവര്‍ത്തന മേഖലകള്‍ സുതാര്യമായ ഒരു ക്‌ളീന്‍ ഇമേജില്‍ നില നിര്‍ത്തേണ്ടത് പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. മുഖ സ്തുതിക്കാരും. പുറം ചൊരിയല്‍കാരും, കപട വേഷക്കാരും, കാലു നക്കികളും, ആളാവല്‍ അങ്കക്കാരും പ്രസ്ഥാനങ്ങളെ നശിപ്പിച്ച ചരിത്രം എത്ര വേണമെങ്കിലുമുണ്ട് നമ്മുടെ സമൂഹത്തില്‍ ?

സേവനത്തിന്റെ മേലങ്കിയണിഞ്ഞു സമൂഹത്തിലിറങ്ങിയവരില്‍ പലരും തങ്ങള്‍ നഗ്‌നനാണെന്ന് സ്വയം തിരിച്ചറിയുന്നതേയില്ല ; ഏതെങ്കിലും നിഷ്ക്കളങ്കനായ ഒരു കുട്ടി ‘മഹാ രാജാവ് നഗ്‌നനാണ് ‘ എന്ന് വിളിച്ചു കൂവുന്നത് വരെ ?

അത് കൊണ്ട് തന്നെ ദൈവത്തിന്റെ പേരിലുള്ള പല പ്രസ്ഥാനങ്ങളിലും ദൈവം നിസ്സഹായനായ ഒരു കാഴ്ചക്കാരന്‍ മാത്രമാണ്. അതി നിഗൂഢവും, അനന്ത വിസ്തൃതവും, അഗമ്യ ചിന്തനീയവുമായ ഈ മഹാ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും, അത്യതിശയകരമായ ആപേക്ഷിക നിരാപേക്ഷിക നേര്‍വരയിലൂടെ അനന്തകോടി യുഗങ്ങളായി അതിനെ നിലനിര്‍ത്തുകയും ചെയ്യുന്ന അഭൗമികവും, അജയ്യവുമായ ആ ശക്തി പ്രഭാവമുണ്ടല്ലോ? സാക്ഷാല്‍ ദൈവം ? തന്റെ പേരില്‍ ഉയര്‍ത്തി പ്രതിഷ്ഠിക്കപ്പെടുന്ന പുഴുവും, തുരുന്പും അരിക്കാനിരിക്കുന്ന ഈ പാവം മണ്‍ കൂടാരങ്ങളെ നോക്കി സഹതാപത്തോടെ ഊറിച്ചിരിക്കുകയാവും !!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top