Flash News

ശബരിമല സ്ത്രീ പ്രവേശനം; ന്യൂയോര്‍ക്ക് ഡോക്ടറുടെ വീഡിയോ കണ്ടിട്ട് ഛര്‍ദ്ദിച്ച് ഛര്‍ദ്ദിച്ച് ഞാന്‍ അവശനായി

October 2, 2018 , ഡോ. എസ്‌ എസ് ലാല്‍

1443405441_eda-eda-mandan-konappiIn these days of degenerating decency … Miami beach to….

മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു എന്ന പ്രിയദര്‍ശന്‍ സിനിമയിലെഡയലോഗ് മലയാളിയ്ക്ക് മറക്കാന്‍ കഴിയില്ല. മോഹന്‍ലാല്‍ ജഗതിയോട് പറയുന്നതാണ്.

“കന്നിനെ കയം കാണിക്കരുത് എന്നൊരു ചൊല്ലുണ്ട്. Well, ഇംഗ്ലീഷില്‍, communication of the inferior democrats. Kilometers and kilometers … Washington ….. when diplomacy …. and from complicated America to America …. ”

ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള ഈ വരികളിലെ തമാശ പൊതുവെ നമുക്കെല്ലാം മനസ്സിലാകും. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇംഗ്ലീഷ് പഠിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ക്കും പഠിച്ചിട്ടും ഇംഗ്ലീഷ് മനസ്സിലായിട്ടില്ലാത്തവര്‍ക്കും ഇതിലെ തമാശ മനസ്സിലാകില്ല. മോഹന്‍ലാല്‍ എന്തോ കൂടിയ ഇംഗ്ലീഷ് പറയുന്നതായി തെറ്റിദ്ധരിക്കും. ജഗതിയുടെ കഥാപാത്രത്തിന് സംഭവിക്കുന്നതുപോലെ. ആ കഥാപാത്രത്തിനും ഭാര്യയ്ക്കും മനസ്സിലാകുന്ന മലയാളത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞിട്ട് പിന്നാലെ അവര്‍ക്കറിയാത്ത ഇംഗ്ലീഷില്‍ വലിയ മണ്ടത്തരങ്ങള്‍ മോഹന്‍ലാല്‍ വിളിച്ചു പറയുന്നു. മലയാളത്തില്‍ പറയുന്നത് മനസ്സിലാകുന്നതുകൊണ്ട് ബാക്കിയുള്ള ഇംഗ്ലീഷും ശരിയാണെന്ന് തെറ്റിദ്ധരിക്കുകയോ ഇംഗ്ലീഷ് ഭാഗം മനസ്സിലായെന്ന് ഭാവിക്കുകയോ ചെയ്യുകയാണ് ജഗതിയും ഭാര്യയും. തിരുത്താന്‍ നോക്കുന്ന, ഇംഗ്ലീഷ് അറിയാവുന്ന, ശ്രീനിവാസനെ ജഗതി ആട്ടിപ്പായിക്കുന്നു. മണ്ടത്തരങ്ങള്‍ ഫലപ്രദമായും വിശ്വാസയോഗ്യമായും മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു.

വീഡിയോ

ന്യൂയോര്‍ക്കില്‍ നിന്നെന്നു പറഞ്ഞ് ഒരു ലേഡീ ഡോക്ടറുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോയെപ്പറ്റി മേല്പറഞ്ഞതേ പറയാനുള്ളൂ. ശബരിമലയും ഗര്‍ഭപാത്രവും ആണ് വിഷയം. ഡോക്ടര്‍ എന്ന് അവകാശപ്പെടുന്ന അവര്‍ മെഡിക്കല്‍ സയന്‍സിന്റെ പേരില്‍ ഇതുവരെ ഒരു നാട്ടിലും മെഡിക്കല്‍ കോളേജില്‍ പോയി പഠിച്ചവരാരും പഠിച്ചിട്ടില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ വച്ച് കാച്ചുകയാണ്. ഏതൊക്കെയോ ബാലമാസികകളിലും അമ്പലക്കമ്മിറ്റികളുടെ ഉത്സവനോട്ടീസിലും വന്നിട്ടുള്ള കഥകള്‍ ശാസ്ത്രമാണെന്ന് തട്ടിവിടുകയാണ്. ഏതോ യോഗ ക്ലാസില്‍ കേട്ട കാര്യങ്ങളും മെഡിക്കല്‍ സയന്‍സായി തട്ടിവിടുന്നുണ്ട്.

ആ വീഡിയോ ഒരു മുഴുനീള കോമഡിയാണ്. അത് മനസ്സിലാകണമെങ്കില്‍ മെഡിക്കല്‍ സയന്‍സ് അറിഞ്ഞിരിക്കണം. കുറഞ്ഞപക്ഷം ശാസ്ത്രബോധവും വായനയും വേണം. ഇതൊന്നുമില്ലെങ്കില്‍ ആ ഡോക്ടര്‍ പറഞ്ഞത് മഹത്തായ കാര്യങ്ങളായി തോന്നും. ഏതുപോലെ? ഇതുപോലെ: In these days of degenerating decency, Miamy beach to Washington ….. when diplomacy …. and from complicated ….

ഡോക്ടറുടെ പ്രഭാഷണം കേട്ട് കയ്യടിക്കുന്ന ചില ‘ശാസ്ത്രജ്ഞരും’ ഉണ്ട്. അവരെപ്പോലുള്ളവരുടെ കാര്യമാണ് നേരത്തെ പറഞ്ഞത്. ഇംഗ്ലീഷ് പഠിച്ചിട്ടും മനസ്സിലായിട്ടില്ലാത്തതിനാല്‍ മോഹന്‍ലാലിന്റെ വരികള്‍ ഷേക്‌സ്പീയറിന്റെ വരികള്‍ക്ക് തുല്യമാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍. ത്രേതായുഗത്തില്‍ ജെറ്റ് വിമാനം ഉണ്ടായിരുന്നെന്ന് സയന്‍സ് കോമഡിയില്‍, സോറി, കോണ്‍ഫറന്‍സില്‍, പ്രബന്ധം അവതരിപ്പിച്ച മഹാനെപ്പോലെയുള്ളവര്‍. ഗണപതിയുണ്ടായത് പ്ലാസ്റ്റിക് സര്‍ജറി വഴിയാണെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍. റോക്കറ്റ് വിടുന്നതിനു മുമ്പ് ഓടിപ്പോയി തേങ്ങയുടയ്ക്കുന്ന ശാസ്ത്രജ്ഞര്‍.

മെഡിക്കല്‍ സയന്‍സ് എന്ന വ്യാജേന, ഡോക്ടര്‍ എന്ന മേല്‍വിലാസം ഉപയോഗിച്ച്, ശാസ്ത്രമല്ലാത്തതും ശാസ്ത്രവിരുദ്ധവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധവും നൈതികതയ്ക്ക് എതിരുമാണ്. ചില മെഡിക്കല്‍ അസോസിയേഷനുകള്‍ നിയമ നടപടിയ്ക്ക് ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.

ഡോക്ടറായിക്കഴിഞ്ഞിട്ടും മതവും ജാതിയും അന്ധവിശ്വാസവും ദുരാചാരങ്ങളും ഒക്കെ ജീവിതത്തില്‍ കൊണ്ടുനടക്കുന്നവരുണ്ട്. അത് അവരുടെ വ്യക്തി ജീവിതത്തില്‍ ഒതുങ്ങിനിന്നാല്‍ പിന്നെയും സഹിക്കാം. എന്നാല്‍ ഡോക്ടര്‍ എന്ന പദവി ഉപയോഗിച്ച് ഇത്തരം വിഷയങ്ങളിലെ മണ്ടത്തരങ്ങള്‍ ആധികാരിക ശാസ്ത്രമായി വിളമ്പുന്നത് നിയമവിരുദ്ധമാണ്, നൈതികതയ്ക്ക് വിരുദ്ധമാണ്. ഉടനടി നിയന്ത്രിക്കേണ്ടതാണ്.

അമേരിക്കന്‍ ഡോക്ടറുടെ മണ്ടത്തരങ്ങള്‍ക്ക് മറുപടി പറയണമെന്ന് പലരും ഫേസ്ബുക്കിലും പുറത്തും എന്നോട് ആവശ്യപ്പെട്ടു. മെഡിക്കല്‍ സയന്‍സിലെ വിഷയങ്ങള്‍ സാധാരണക്കാരുടെ ഭാഷയില്‍ സംസാരിക്കാന്‍ കാല്‍ നൂറ്റാണ്ടിലധികമായി ശ്രമിക്കുന്ന ഒരു ഡോക്ടറെന്ന നിലയില്‍ എനിയ്ക്കുള്ള ഉത്തരവാദിത്തം ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് ഇതിനും സമയം കണ്ടെത്തുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ പടം പൂര്‍ണ്ണമായി കണ്ട ഒരു സിനിമാ നിരൂപകനെപ്പറ്റി ഓര്‍ക്കുക. പണ്ഡിറ്റിന്റെ പടം ഒരിക്കലും കാണാതിരിക്കുക എന്നത് ആണ് ആദ്യം ചെയ്യേണ്ട കാര്യം. അഥവാ ഇനി അതിലെ മണ്ടത്തരങ്ങള്‍ അറിയാനായി പടം കണ്ടവനോട് പടം എങ്ങനെയെന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്താ മറുപടി പറയുക? ‘ആ വഴി പോകല്ലേ, മുഴുവന്‍ മണ്ടത്തരങ്ങളാ’ എന്ന് മാത്രം. അല്ലാതെ ഓരോ സീനും വിശകലനം ചെയ്യാന്‍ ആരെങ്കിലും മിനക്കെടുമോ?

ഈ ഡോക്ടറുടെ വീഡിയോയെപ്പറ്റിയും അത്രേ പറയാനുള്ളൂ. മുഴുവന്‍ മണ്ടത്തരങ്ങളാ. കാണാതിരിക്കുക.

ഈ പറയുന്നത് വലിയ ഉത്തരവാദിത്തത്തോടെയാണ്. ഏഷ്യാനെറ്റില്‍ 1993 -ല്‍ ഇന്ത്യയിലെ ആദ്യ തുടര്‍ ടെലിവിഷന്‍ ആരോഗ്യ പരിപാടിയായ ‘പള്‍സ്’ തുടങ്ങിയ ഡോക്ടര്‍ എന്ന നിലയില്‍. അഞ്ഞൂറോളം എപ്പിസോഡുകളും രണ്ടായിരത്തിലധികം ഡോക്ടര്മാരെയും അവതരിപ്പിച്ച ആളെന്ന നിലയില്‍. ആരോഗ്യ മാസികകള്‍ എഡിറ്റ് ചെയ്യുകയും അവയില്‍ എഴുതുകയും ചെയ്ത, ചെയ്യുന്ന ഡോക്ടറെന്ന നിലയില്‍. വളരെക്കാലം ലോകാരോഗ്യസംഘടനയില്‍ വിവിധ രാജ്യങ്ങളില്‍ ജോലിചെയ്ത ആളെന്ന നിലയില്‍. വികസിതവും അവികസിതവുമായ ഒരുപാട് രാജ്യങ്ങളിലെ ആരോഗ്യകാര്യങ്ങളില്‍ ഇടപെടുന്ന ആളെന്ന നിലയില്‍. എല്ലാറ്റിലുമുപരിയായി, മെഡിക്കല്‍ സയന്‍സിനെ ജനനന്മയ്ക്കായി ഉപയോഗിക്കുന്നവര്‍ക്കൊപ്പം മാത്രം നിന്നിട്ടുള്ള ഒരു ഡോക്ടറെന്ന നിലയില്‍. വിശ്വസിക്കുക, ആ വീഡിയോ മണ്ടത്തരവും കാപട്യവുമാണ്.

ജീവിതത്തില്‍ ഞാന്‍ അപൂര്‍വമായേ ഛര്‍ദ്ദിച്ചിട്ടുള്ളൂ. പാവയ്ക്ക എനിയ്ക്ക് ഇഷ്ടമുള്ള ഭക്ഷണമാണ്. കയ്പ്പ് സഹിക്കാന്‍ എനിക്ക് നന്നായി കഴിയും എന്നതിന് തെളിവാണത്. വായ്ക്ക് രുചിയില്ലാത്ത, ഓര്‍ക്കാനമുള്ള, പനി സമയത്തുപോലും ഞാന്‍ പാവയ്ക്ക കഴിച്ചിട്ടുണ്ട്. ഛര്‍ദിച്ചിട്ടില്ല. കയ്പുള്ള മരുന്നുകളും കഴിച്ചിട്ടുണ്ട്, ഛര്‍ദ്ദിച്ചിട്ടില്ല.

ഇന്ന് ഞാന്‍ ഛര്‍ദ്ദിച്ചു. ന്യൂയോര്‍ക്ക് ഡോക്ടറുടെ വീഡിയോ കണ്ടിട്ട്. ഛര്‍ദ്ദിച്ച് അവശനായിപ്പോയി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top