Flash News

വിശ്വാസികള്‍ ദയവായി അയ്യപ്പനെ വിശ്വസിക്കണം: ഡോ. എസ്.എസ്. ലാല്‍

October 3, 2018 , ഡോ. എസ്.എസ്. ലാല്‍

ayyappane viswasikkanam-1ശബരിമല വിഷയത്തില്‍ വ്യത്യസ്ത ചര്‍ച്ചകളില്‍ പലരും പറയുന്ന പല കാര്യങ്ങളും അങ്ങ് ശരിയാകുന്നില്ല. യുക്തിയ്ക്ക് നിരക്കുന്നില്ല. ഉയര്‍ന്ന വിദ്യാഭാസമുള്ള ചിലര്‍ പോലും കണ്ണടച്ചുള്ള ചില വാദങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു. കൂടാതെ, ശാസ്ത്രവും ലോജിക്കും ലിംഗ തുല്യതയും പറയുന്നവര്‍ക്ക് ഒരു പുതിയ പേരും അവര്‍ കൊടുക്കുന്നു. അവിശ്വാസി. നല്ല തമാശ. ന്യായം പറഞ്ഞാല്‍ അയാള്‍ അവിശ്വാസി. അഥവാ വിശ്വാസിയ്ക്ക് ഈ ശാസ്ത്രവും ലോജിക്കും തുല്യതയും ഒന്നും താത്പര്യമില്ലാത്ത വിഷയങ്ങള്‍ എന്നും അര്‍ത്ഥം.

തീര്‍ന്നില്ല. വിശ്വാസി എന്നാല്‍ ദൈവത്തില്‍ മാത്രമല്ല അന്ധവിശ്വാസങ്ങളിലും അടിസ്ഥാനമില്ലാത്ത ആചാരങ്ങളിലും കൂടി വിശ്വസിക്കുന്നവര്‍ ആയിരിക്കണം എന്ന് ചിലര്‍ പറഞ്ഞുവയ്ക്കുകയാണ്. അത് ശരിയല്ല. എനിക്കറിയാവുന്ന മിക്ക വിശ്വാസികളും നല്ല ബോധമുള്ളവരാണ്. എന്റെ അമ്മയുള്‍പ്പെടെ വിശ്വാസിയാണ്. കുടുംബത്തിലെ മറ്റു പല അംഗങ്ങളും വിശ്വാസികളാണ്. അതുപോലെ നിരവധി സുഹൃത്തുക്കളും. അവരൊക്കെ അന്ധവിശ്വാസികളായി എണ്ണപ്പെടുന്നതില്‍ എനിയ്ക്ക് വിഷമമുണ്ട്.

ശബരിമലയില്‍ പോകണമെന്ന് ആഗ്രഹിക്കുന്ന പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകളും ഇപ്പോള്‍ അവിശ്വാസികള്‍ ആയി തരംതിരിക്കപ്പെട്ടിരിക്കുന്നു. അവര്‍ വെല്ലുവിളിക്കാന്‍ പോകുന്നവരാണത്രേ . അവര്‍ക്കു ഭക്തിയില്ലെന്ന്. ഭക്തി അളന്നു പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന പുതിയ ഏജന്‍സികള്‍ ഉണ്ടായിരിക്കുന്നു. അത് കഷ്ടമല്ലേ? ഒരാള്‍ക്ക് ദൈവവിശ്വാസി മാത്രം ആയിക്കൂടേ? അന്ധവിശ്വാസങ്ങളില്‍ വിശ്വാസമില്ലാത്ത വെറും ദൈവവിശ്വാസി. ഒരു വിഭാഗം മനുഷ്യര്‍ പറയുന്ന അര്‍ത്ഥമില്ലാത്ത ആചാരങ്ങള്‍ കൂടി അനുസരിച്ചാലേ അവര്‍ വിശ്വാസികളാകൂ ?

ശബരിമലയെപ്പറ്റിയുള്ള വിധി വന്നപ്പോള്‍ മറ്റു മതങ്ങളിലെ ആരാധനാലയങ്ങളില്‍ക്കൂടി സ്ത്രീകള്‍ക്ക് തുല്യ അവകാശം വേണമെന്നും എല്ലാ മതത്തിലും സ്ത്രീകള്‍ക്ക് തുല്യ പരിഗണന വേണമെന്നും ചിലര്‍ പറയുന്നുണ്ട്. ആര്‍ക്കാണതില്‍ തര്‍ക്കമുള്ളത്? പണ്ടേ അതൊക്കെ നടപ്പാക്കേണ്ടതായിരുന്നു. ഇനിയെങ്കിലും അമാന്തിക്കരുത്. പ്ലീസ് എല്ലാരും കൂടി നടപ്പാക്കൂ. അല്ലെങ്കില്‍ ആ മതങ്ങളിലെ പെണ്ണുങ്ങള്‍ താമസിയാതെ അത് സാധിച്ചെടുക്കും. പെണ്ണുങ്ങള്‍ വണ്ടിയോടിക്കുന്നതും ടെലിവിഷനില്‍ മുഖം കാണിക്കുന്നതും പാപമായിക്കരുതിയിരുന്ന നാടുകളില്‍പ്പോലും മാറ്റങ്ങള്‍ വരുന്നത് നമ്മള്‍ കാണണം. നമ്മള്‍ അവര്‍ക്ക്‌ മുന്നില്‍ അല്ലെങ്കിലും ഒപ്പമെങ്കിലും സഞ്ചരിക്കണം. ഏറ്റവും കുറഞ്ഞത് പിന്നാലെ.

1950 വരെ ശബരിമലയില്‍ ചെറുപ്പക്കാരികളായ സ്ത്രീകള്‍ പോയിരുന്നതായി ദേവസ്വം ബോര്‍ഡ് തന്നെ സമ്മതിക്കുന്നു. അവിടെ ചോറൂണ് നടന്ന ഒരു എഴുപതുകാരന്‍ പ്രമുഖന്‍ അദ്ദേഹത്തിന്റെ മാതാവിന്റെ മടിയിലിരുന്നാണ് ഉണ്ടതെന്നും പറയുന്നു. ഉണ്ട നായര്‍ക്ക് ഉണ്ടായ ഉള്‍വിളിയായി അതിനെ തള്ളരുത്. എഴുപത് വര്‍ഷം മുമ്പില്ലാത്ത ആചാരം എങ്ങനെ വന്നു എന്ന് ചര്‍ച്ച ചെയ്യുന്നതില്‍ മടികാണിക്കരുത്.

പിന്നെ, പുതിയ കോടതി വിധി വന്നതിനാല്‍ സ്ത്രീകളെല്ലാം ശബരിമലയില്‍ പോകേണ്ടിവരുമെന്ന രീതിയില്‍ പ്രചരണം നടക്കുകയാണ്. അത് കാപട്യമാണ്. മീന്‍ പിടിക്കാനുള്ള വെള്ളം കലക്കലാണത്. ശബരിമലയില്‍ താല്പര്യമുള്ളവര്‍ പോയാല്‍ മതി. വേണ്ടാത്തവര്‍ പോകണ്ട. പോകാത്തവരെ പോലീസൊന്നും പിടിക്കില്ല. പോകുന്നവരെ തടഞ്ഞാല്‍ പോലീസ് പിടിക്കുകയും ചെയ്യും.

sabarimala women entry.jpg-largeശബരിമലയിലേയ്ക്ക് പോകുന്ന അയ്യപ്പ ഭക്തന്മാര്‍ സ്ത്രീകളുടെ ‘അശുദ്ധി’യെ ഭയക്കുന്നത് ലജ്‌ജാകരമാണ്. ഈ മണ്ടത്തരം ചില ‘ശാസ്ത്രജ്ഞരും’ കൂടി ശരിവയ്ക്കുമ്പോള്‍ നമ്മള്‍ നാണിച്ചു തലകുനിക്കണം. ശബരിമലയിലേയ്ക്ക് പോയ ബസ് മറിഞ്ഞപ്പോള്‍ ദേഹത്ത് പരിക്കുമായി വന്ന അയ്യപ്പന്മാരെ വനിതാ ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് മുറിവ് വച്ചുകെട്ടിയും കുത്തിവയ്പ്പെടുത്തുമൊക്കെ ചികിത്സിച്ച സംഭവങ്ങള്‍ നിരവധിയാണ്. ഭക്തന്മാരുടെ ശരീരത്തില്‍ തൊടാതെ ഇതൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ. ചികിത്സ നല്‍കിയ സ്ത്രീകളില്‍ പലരും അവരുടെ ‘അശുദ്ധ’മായ മാസമുറക്കാലത്ത് ആയിരുന്നിരിക്കാം. ശബരിമല തീര്‍ത്ഥാടന കാലത്ത് സ്തീകള്‍ക്ക് മാസമുറ വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ലല്ലോ. മരണഭയം വരുമ്പോള്‍ ‘അശുദ്ധി’യുടെ കാര്യം വിചാരിച്ച് ചികിത്സ വേണ്ടെന്ന് ഒരു ഭക്തനും പറഞ്ഞതുമില്ല. ഇതിനാണ് ഇരട്ടത്താപ്പെന്ന് പറയുന്നത്.

വഴിയരികിലെ കടകളില്‍ പെണ്ണുങ്ങള്‍ ഉണ്ടാക്കിയ ഭക്ഷണം വാങ്ങി കഴിക്കാനും ആശുദ്ധിയുടെ പ്രശ്നമില്ല. വിശന്നിരിക്കുമ്പോള്‍ എന്ത് അശുദ്ധി? ആര്‍ത്തവമുള്ള പെണ്ണുങ്ങള്‍ പണിയെടുത്ത് കൊണ്ടുവന്ന കാശു വാങ്ങി അമ്പലത്തില്‍ക്കൊണ്ട് കാണിക്കയിടാനും പ്രശ്നമില്ല. കറന്‍സി നോട്ട് ആരുതൊട്ടാലും അശുദ്ധമാകില്ലല്ലോ. ഇതെല്ലാം ഇരട്ടത്താപ്പ് തന്നെയാണ്.

ആര്‍ത്തവത്തെ ഞാന്‍ ബഹുമാനിക്കുന്നു. എന്റെ ജനനത്തിനും എനിക്ക് എന്റെ മക്കളെ ലഭിക്കാനും സഹായിച്ച ആ പ്രതിഭാസത്തെ. ആര്‍ത്തവത്തിന്റെ പേരില്‍ എന്റെ അമ്മയെയോ ഭാര്യയെയോ സഹോദരിമാരെയോ അയിത്തത്തോടെ കണ്ട/കാണുന്ന എല്ലാ മഹാന്മാരോടും എനിയ്ക്ക് പുച്ഛമാണ്, സോറി.

സ്വന്തം ശരീരത്തിലെ ഒരു സ്വാഭാവിക പ്രതിഭാസത്തെ തങ്ങളുടെ അശുദ്ധിയായി കരുതുന്ന സ്ത്രീകളോട് പരിഭവമുണ്ട്. നിങ്ങള്‍ ഇനിയെങ്കിലും ഉണരണം. നിങ്ങള്‍ ശബരിമലയില്‍ പോകുകയോ പോകാതിരിക്കുകയോ ചെയ്യുക, അത് നിങ്ങളുടെ തീരുമാനം. പക്ഷെ, അശുദ്ധരാണെന്ന് നിങ്ങള്‍ സ്വയം വിശ്വസിക്കരുത്. ആചാരങ്ങളുടെ പേരും പറയരുത്. മാസമുറക്കാലത്ത് വീടിനും അടുക്കളയ്ക്കും ഒക്കെ പുറത്ത് പെണ്ണുങ്ങളെ ഉപേക്ഷിച്ചിരുന്നതും ഒരു കാലത്തെ ആചാരമാണ്. ഇന്ന് ഫ്‌ളാറ്റുകളില്‍ ജീവിക്കുന്ന അണുകുടുംബങ്ങള്‍ക്ക് അത്തരം ആചാരങ്ങള്‍ തുടരാന്‍ കഴിയുമോ? തുടര്‍ന്നാല്‍ ഭക്തരായ ചേട്ടന്മാര്‍ പട്ടിണി കിടന്ന് വിഷമിക്കും. അപ്പോള്‍ ആചാരം എവിടെപ്പോയി?

ബ്രഹ്മചാരി എന്നാല്‍ ബ്രഹ്മത്തിന്റെ പാതയില്‍ ചരിക്കുക എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ. ഇനി, സ്ത്രീ വിഷയം. സന്യാസ പഠനം നടത്തുന്ന ഒരാള്‍ ചെറുപ്പത്തില്‍, ഉദാഹരണത്തിന് എട്ടു മുതല്‍ ഇരുപതു വയസുവരെ, ആണ് ഗുരുകുല പഠനത്തിന് പോകുന്നത്. ലൈംഗിക ബന്ധത്തിന് അവസരമില്ലാത്ത പ്രായവും സാഹചര്യവും കാരണം അവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നില്ല എന്നുമാത്രം. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നാണ് കഥകളെ ഉദ്ധരിച്ച് ഭക്തര്‍ പറയുന്നത്. അതായത്, ഒരിക്കലും ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടില്ല എന്ന്. അയ്യപ്പനോട് ചോദിച്ചറിയാന്‍ കഴിയാത്ത കാര്യമായതിനാല്‍ കഥകളെ വിശ്വസിക്കാം. പക്ഷേ അതിന്റെയര്‍ത്ഥം സ്ത്രീകളാരും ആ വഴി പോകരുത് എന്നല്ല.

ബ്രഹ്മചര്യം എന്നതിന്, വിവാഹത്തിലും ശാരീരിക ബന്ധത്തിലും നിന്ന് ഒഴിഞ്ഞുനില്‍ക്കുക എന്ന അര്‍ത്ഥമുണ്ട്. വിവാഹിതരായവര്‍ വിവാഹേതര ബന്ധത്തില്‍ ഏർപ്പെടാത്തതും ബ്രഹ്മചര്യമത്രെ.

ആര്‍ത്തവമുള്ള പ്രായത്തില്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്ന് പല സ്ത്രീകളും ഇപ്പോള്‍ പറയുന്നുണ്ട്. അത് അയ്യപ്പന് പ്രശ്നം ഉണ്ടാക്കിയില്ലെങ്കില്‍ നമ്മളായിട്ട് എന്തിനു വിഷമിക്കണം? ചെറുപ്പക്കാരി സ്ത്രീകളുടെ സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തില്‍ കളങ്കം വരുത്തില്ല എന്ന കാര്യത്തില്‍ വിശ്വാസികള്‍ക്ക് ധൈര്യം വേണം. വിശ്വാസികള്‍ അയ്യപ്പന്റെ ആത്മാര്‍ത്ഥതയില്‍ വിശ്വസിക്കണം. അദ്ദേഹത്തിന്റെ കണ്‍ട്രോളില്‍, ആത്മനിയന്ത്രണത്തില്‍, വിശ്വസിക്കണം.

ശാസ്ത്രം പറയുന്ന, പ്രചരിപ്പിക്കുന്ന, ഒരാളെന്ന നിലയിലാണ് ഞാനീ കാര്യങ്ങള്‍ പറഞ്ഞത്. എല്ലാവരും എന്നോട് യോജിക്കുമെന്ന് ഞാന്‍ തന്നെ കരുതുന്നില്ല. എതിരഭിപ്രായമുള്ളവര്‍ നിരവധി ഉണ്ടാകുമെന്നും അറിയാം. ഒരുപാട് പേര്‍ എതിര്‍ക്കുമ്പോഴും ശാസ്ത്രവും സത്യവുമൊക്കെ ഉറക്കെ പറയാന്‍ കഴിയണം. വിഷയത്തില്‍ ആത്മാര്‍ത്ഥ നിലപാടില്ലാതെ, ഭൂരിപക്ഷം മനുഷ്യര്‍ പറയുന്നത് എന്താണെന്ന് നോക്കി അതിനോട് ചേര്‍ന്ന് നില്‍ക്കുന്നത് ആത്മവഞ്ചനയായിപ്പോകും. അങ്ങനെ നിലപാടെടുക്കുന്നവര്‍ സ്വയം കുടുക്കില്‍ ചെന്നുപെടും. പല രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഈ വിഷയത്തില്‍ അതാണ് സംഭവിക്കുന്നത്. നിലപാടെടുക്കാനും സത്യവും യുക്തിയും പറയാനുമുള്ള അവസരം അവരെല്ലാം നഷ്ടപ്പെടുത്തി.

സതി അനുഷ്ടിക്കുന്നതിനും, സ്ത്രീകള്‍ മാറ് മറയ്ക്കാതിരിക്കുന്നതിനും ചില മനുഷ്യരെ അമ്പലത്തില്‍ കയറ്റാതിരിക്കുന്നതിനും ഭൂരിപക്ഷ പിന്തുണ ഉണ്ടായിരുന്ന നാടാണിത്. ഒടുവില്‍ നമ്പി നാരായണനെ കല്ലെറിയാനും. ഞാനുള്‍പ്പെടടെയുള്ള ഭൂരിപക്ഷത്തിനാണ് പലപ്പോഴും തെറ്റ് പറ്റുന്നത്. കാര്യം മനസ്സിലാക്കുമ്പോള്‍ തിരുത്താനുള്ള ബാധ്യത നമുക്കുണ്ട്. ബാക്കിയുള്ളവരെ തിരുത്തിക്കാനും.

വാലറ്റം: ഇനി, ഇതൊന്നും സമ്മതിക്കാത്തവരോട് വയസ്സിന്റെ കാര്യത്തില്‍ ഒരു അടിസ്ഥാന പ്രശ്നമുള്ളത് ചൂണ്ടിക്കാട്ടാം. ശബരിമല പ്രവേശനത്തില്‍ പത്തു വയസ്സിന്റെ കാര്യം മനസ്സിലാക്കാം. പക്ഷേ, ഈ അമ്പത് വയസ്സിന്റെ കണക്ക് ശരിയല്ല. അമ്പത് വയസ്സില്‍ ആര്‍ത്തവം നിലയ്ക്കാത്ത ഒരു ചെറിയ ശതമാനം സ്ത്രീകള്‍ എങ്കിലും ഉണ്ട്. അവരുടെ കാര്യം കൂടി പരിഗണിക്കണം. വയസ്സിന്റെ കാര്യത്തില്‍ വാശി പിടിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ കൃത്യത വേണം. ഉയര്‍ന്ന പ്രായ പരിധി ഒരു അമ്പത്തഞ്ച് വയസ്സായി പുനര്‍നിര്‍ണ്ണയിക്കണം. കണക്കു പറയുമ്പോള്‍ കണക്കായിത്തന്നെ പറയണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top