Flash News

വിശ്വാസികളുടെ പേരില്‍ ഒരു വിശാല രാഷ്ട്രീയമുന്നണി (ലേഖനം)

October 6, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

WhatsApp_Image_2018-10-02_at_8കേരളത്തിലെ ഇടതുപക്ഷ – ജനാധിപത്യ മുന്നണി സര്‍ക്കാറിനെതിരെ ഹിന്ദുമത വിശ്വാസികളുടെ ഒരു വിശാല സമരമുന്നണി രൂപപ്പെടുകയാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി ആയുധമാക്കി വിശ്വാസത്തിന്റെയും ക്ഷേത്രാചാരത്തിന്റെയും പേരിലാണ് സര്‍ക്കാര്‍വിരുദ്ധ ജനമുന്നേറ്റത്തിന് രൂപംനല്‍കുന്നത്.

ഇതിനകം പന്തളം രാജകുടുംബത്തിന്റെ നേതൃത്വത്തില്‍ പന്തളത്തും പമ്പയിലും തിരുവനന്തപുരത്തും വന്‍ സ്ത്രീപങ്കാളിത്തത്തോടെ നടന്ന ഭക്തസംഗമത്തോടെ ഉന്നത നീതിപീഠത്തിന്റെ വിധിക്കെതിരായ വെല്ലുവിളിക്ക് നാന്ദികുറിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് പ്രാദേശികമായ എല്ലാ ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചുള്ള കൂട്ടായ്മ. ശബരിമല വിശ്വാസികളെന്ന നിലയില്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുക. സാര്‍വ്വദേശീയ തലത്തില്‍തന്നെ ഹിന്ദുക്കളുടെ പിന്തുണ ഏകോപിപ്പിക്കുക. ‘ഇന്ത്യയില്‍ ഹിന്ദുയിസം അവസാനിപ്പിക്കുന്നതിന്റെ തുടക്കമായ സുപ്രിംകോടതി വിധി’ അടിയന്തരമായി ഇടപെട്ട് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് നിവേദനങ്ങള്‍ രാഷ്ട്രപതിക്ക് അയക്കാന്‍ പരസ്യ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുക – ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

വിഷയം ശബരിമല സംബന്ധിച്ച സുപ്രിംകോടതി വിധിയാണെങ്കിലും വിശ്വാസികളുടെ പ്രക്ഷോഭത്തിന്റെ കുന്തമുന കേരളത്തിലെ ഇടതു സര്‍ക്കാറിനു നേരെയാണ് കേന്ദ്രീകരിക്കുന്നത്. രാഷ്ട്രപതിക്ക് വിശ്വാസികളെക്കൊണ്ട് അയപ്പിക്കുന്ന നിവേദനത്തില്‍ പറയുന്നത് നോക്കുക: ‘കേരളത്തിലെ നിലവിലുള്ള സര്‍ക്കാറിലും അതിന്റെ ഭരണശേഷിയിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.’ ഏതോ ഒരു ബുദ്ധികേന്ദ്രം കേരളത്തിന്റെ സാമൂഹിക – രാഷ്ട്രീയ അജണ്ട പെട്ടെന്ന് മാറ്റിത്തീര്‍ക്കാന്‍ നിഗൂഢ ഇടപെടല്‍ നടത്തിയെന്ന് വ്യക്തം.

സുപ്രിംകോടതി വിധിയെപ്പറ്റി ആര്‍.എസ്.എസ് – ബി.ജെ.പി – കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ആദ്യം എടുത്ത നിലപാട് പെട്ടെന്നു മാറ്റുകയും ഈ പ്രതിഷേധ – പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലേക്ക് ചുവടു മാറ്റുകയും ചെയ്തു. ആര്‍.എസ്.എസ് വിധിയെ ആദ്യം സ്വാഗതം ചെയ്തിരുന്നു. വിവിധ അഭിപ്രായഗതികളെ സമന്വയിപ്പിക്കുന്നതിന് ബോധവത്ക്കരണം നടത്തണമെന്നും ആധ്യാത്മികാചാര്യന്മാരുടെയും സാമുദായിക നേതാക്കളുടെയും സംയുക്ത പരിശ്രമം അതിനുണ്ടാകണമെന്നും. ‘ശബരിമല വിധി സംബന്ധിച്ച് അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെ’ന്ന് ഭാരതീയ വിചാരകേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ബി.ജെ.പി മുഖപത്രത്തില്‍ ലേഖനവുമെഴുതി. ആ നിലപാട് പെട്ടെന്ന് ഉപേക്ഷിച്ചു. അതിന്റെ ചുവടൊപ്പിച്ച് ആദ്യം സംസാരിച്ച ബി.ജെ.പി നേതാക്കള്‍ വിശ്വാസികളുടെ സമരത്തിന്റെ നെടുംതൂണായി ബി.ജെ.പി നിലകൊള്ളുമെന്നും പ്രഖ്യാപിച്ചു.

കോണ്‍ഗ്രസാകട്ടെ ഉപവാസത്തിന്റെ മറ്റൊരു സമരമുഖം തുറക്കാന്‍ തീരുമാനിച്ചു. ചരിത്രം അതുപോലെ ആവര്‍ത്തിക്കില്ലെങ്കിലും പഴയ വിമോചനസമരത്തെ അനുസ്മരിപ്പിക്കുന്ന പുതിയൊരു രാഷ്ട്രീയ സമരമുഖമാണ് കേരളത്തില്‍ പ്രകടമാകുന്നത്. പന്തളം രാജാവും സ്വതന്ത്ര ഇന്ത്യയില്‍ 47ല്‍ ലയിച്ചതോടെ ക്ഷേത്രഭരണം കരാറിലൂടെ സംസ്ഥാന സര്‍ക്കാറിനും അതുവഴി ദേവസ്വംബോര്‍ഡിനും കൈമാറിയ തിരുവിതാംകൂര്‍ മഹാരാജാവിന്റെ പിന്തുടര്‍ച്ചാവകാശിയും തന്ത്രി കുടുംബാംഗങ്ങളില്‍ ചിലരും അങ്ങനെ അഭിനയിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ കണ്ണുള്ളവരും വിശ്വാസികളുടെ പ്രക്ഷോഭത്തിന് മുന്നിലുണ്ട്.

വീണുകിട്ടിയ ഈ അവസരം ദേശീയ രാഷ്ട്രീയാവസ്ഥയില്‍ കേരളം കേന്ദ്രീകരിച്ച് പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. ആര്‍.എസ്.എസ് – ബി.ജെ.പി – സംഘ് പരിവാറിനെതിരായ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ കേരളത്തില്‍ പെട്ടെന്ന് ദുര്‍ബലപ്പെടുകയാണ്. കോണ്‍ഗ്രസുകൂടി സ്വന്തം നിലയില്‍ ആരംഭിക്കുന്ന ഉപവാസസമരം ഹിന്ദുത്വ ശക്തികളുടെ സമരപാളയത്തിലേക്കുള്ള ഒരു പാലമായി മാറും. അതിലൂടെ വിശ്വാസികള്‍ കോണ്‍ഗ്രസിലേക്കോ യു.ഡി.എഫിലേക്കോ ഒഴുകിയെത്തുമെന്നത് വൃഥാ മോഹം. ഐക്യദാര്‍ഢ്യം കാട്ടി അവരുടെ ഒപ്പമുള്ളവര്‍ എത്തിച്ചേരുക വിശ്വാസികളുടെ പാളയത്തിലേക്കെന്ന നിലയില്‍ ഹിന്ദുത്വ ശക്തികളുടെ പാളയത്തിലായിരിക്കും. കേവലം ഹിന്ദു വിശ്വാസികളെ മാത്രമല്ല മറ്റു മതവിശ്വാസികളെക്കൂടി ആ പാളയത്തിലേക്ക് അടുപ്പിക്കുന്നതിനും ഈ സമാന്തര സമരം സഹായകമാകും.

ആചാരം ആവശ്യമോ അല്ലയോ എന്നതല്ല പ്രശ്‌നം. അത് നമ്മുടെ ഭരണഘടന അംഗീകരിക്കുന്നതാണോ എന്നതുതന്നെയാണ്. സ്ത്രീ പ്രവേശം തടയണമെന്ന ഹര്‍ജിക്കാരുടെ വാദത്തിനിടെ ഭരണഘടനാ ബഞ്ചില്‍നിന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയതുതന്നെയാണ് വിഷയത്തിന്റെ മര്‍മ്മം. വിശ്വാസത്തിനും ആചാരങ്ങള്‍ക്കുമെതിരെയല്ല സുപ്രിംകോടതി വിധി. കേരള ഹൈക്കോടതി ഒരു വിഭാഗം സ്ത്രീകളെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചുകൂടെന്ന് വിധിച്ചതിനെതിരെ സ്ത്രീകള്‍ക്കു തുല്യത നിഷേധിച്ചുകൂടെന്ന ഭരണഘടനയിലെ മൗലിക വ്യവസ്ഥ സുപ്രിംകോടതി ഭരണഘടനാ ബഞ്ച് ഉയര്‍ത്തിപ്പിടിച്ചു എന്നതാണ്. അതുകൊണ്ടുതന്നെ ആര്‍.എസ്.എസ് തൊട്ട് ഇപ്പോള്‍ വിധിക്കെതിരെ ശരണംവിളി സമരത്തിലേക്ക് തിരിച്ചുപോയതില്‍ രാഷ്ട്രീയ തെരഞ്ഞെടുപ്പ് അജണ്ടകള്‍ മാത്രമാണുള്ളത്. ഇത് തുറന്നുകാട്ടുന്നതില്‍ ഇടതുപക്ഷ – ജനാധിപത്യ മുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പരാജയപ്പെട്ടു.

ഈറ്റെടുക്കാന്‍ പോയവള്‍ ഇരട്ടപെറ്റു എന്ന പഴമൊഴിപോലെയായി സംസ്ഥാന സര്‍ക്കാറിന്റെ നില. വിശേഷിച്ച്, മുഖ്യമന്ത്രിയുടെയും സി.പി.എം കാരനായ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്റെയും ഇടപെടലുകള്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മുഖ്യമന്ത്രി പിണറായി വിജയനും വിലയ്ക്കുവാങ്ങിയ വിധിയാണ് സുപ്രിംകോടതിയുടേതെന്ന് രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ ചാനലിലിരുന്ന് പ്രതികരിച്ചിരുന്നു. ഈ രാഷ്ട്രീയ ഗൂഢാലോചനക്കെതിരെ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രിക്കോ സി.പി.എമ്മിനോ കഴിയാതെപോയി.

1990 സെപ്റ്റംബറില്‍ കേരള ഹൈക്കോടതി ജഡ്ജി എസ്. പരിപൂര്‍ണ്ണന് ശബരിമലയില്‍ നടന്ന ഒരു ചോറൂണുമായി ബന്ധപ്പെട്ട് പരാതിക്കത്തു കിട്ടി. അത് ഭരണഘടനയുടെ 226-ാം വകുപ്പുപ്രകാരം പരാതിയാക്കി ജസ്റ്റിസുമാരായ കെ.ബി മാരാരും കെ പരിപൂര്‍ണ്ണനും ചേര്‍ന്ന ഡിവിഷന്‍ ബഞ്ച് സ്വയം പൊതുതാല്പര്യഹര്‍ജി എന്ന നിലയില്‍ മാറ്റി. അതില്‍നിന്നാണ് സ്ത്രീകളുടെ തുല്യത ലംഘിക്കുന്ന ഹൈക്കോടതിവിധി ഉണ്ടായത്. അത് തിരുത്തുകയാണ് ഇപ്പോള്‍ സുപ്രിം കോടതി ഭരണഘടനാ ബഞ്ച് ചെയ്തത്. അതുകൊണ്ടാണ് സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് ദൈവശാസ്ത്രപരമായ മേലങ്കി അണിയേണ്ടിവന്നത് എന്ന് ജസ്റ്റിസ് ചന്ദ്രചൂഡുതന്നെ വിശദീകരിച്ചത്.

വിധി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവസ്വംബോര്‍ഡ് പ്രതിനിധികളെ ചര്‍ച്ചയ്ക്കു വിളിച്ചത് അബദ്ധമായി. മുഖ്യമന്ത്രിയെ കണ്ടിറങ്ങിയ ദേവസ്വംബോര്‍ഡ് അധ്യക്ഷന്‍ പത്മകുമാര്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നും തന്റെ വീട്ടിലുള്ള സ്ത്രീകളാരും വിധിയെതുടര്‍ന്ന് ശബരിമലയില്‍ പോകില്ലെന്നും പ്രസ്താവിച്ചത് കാത്തിരുന്നവര്‍ മുതലെടുത്തു. അടുത്തദിവസം മുഖ്യമന്ത്രി അതില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച് വിഷയം കൂടുതല്‍ വഷളാക്കി. ശാസിക്കാനും തന്റെ തെറ്റു തിരുത്തിക്കാനും മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ദേവസ്വംബോര്‍ഡ് അധ്യക്ഷന്‍ പ്രതികരിച്ചതും. ഇതെല്ലാം വിശ്വാസികള്‍ക്കെതിരെ കമ്മ്യൂണിസ്റ്റു മുഖ്യമന്ത്രിയും ഗവണ്മെന്റും നടത്തുന്ന കടന്നാക്രമണമാക്കി വ്യാഖ്യാനിക്കാന്‍ എളുപ്പമായി.

നിയമം അതിന്റെ വഴിക്കുപോകുമെന്ന് സാധാരണ പറയാറുള്ള പിണറായി വിജയന് ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കേണ്ട ദേവസ്വംബോര്‍ഡിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ തലയിടേണ്ട കാര്യമുണ്ടായിരുന്നില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയാണെന്നും തന്റെ പാര്‍ട്ടിബോസ് അല്ലെന്നും പത്മകുമാറും ഓര്‍ക്കേണ്ടതായിരുന്നു. താനിരിക്കുന്ന ദേവസ്വംബോര്‍ഡ് അധ്യക്ഷ പദവിയുടെ ഔന്നത്യമെന്തെന്നും. ഇത് മനസിലാകണമെങ്കില്‍ പത്മകുമാര്‍ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതിയില്‍ നായനാര്‍ ഗവണ്മെന്റിന്റെ കാലത്ത് നടന്ന ശബരിമല കേസില്‍ ജസ്റ്റിസ് പരിപൂര്‍ണ്ണന്റെയും ബാലകൃഷ്ണ മാരാരുടെയും ബഞ്ചിനുമുമ്പില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രാക്കുളം ഭാസിയും ദേവസ്വം കമ്മീഷണര്‍ ചന്ദ്രികയും എടുത്ത നിലപാടുകളും വാദമുഖങ്ങളും ഇനിയെങ്കിലും പഠിക്കണം.

പത്തുവയസിനും അമ്പതു വയസിനും ഇടയിലുള്ള സ്ത്രീകള്‍ നൈസ്തിക ബ്രഹ്മചാരിയായ ശബരിമലയിലെ അയ്യപ്പന്റെ സന്നിധിയില്‍ പോകാറില്ലെന്ന വാദമാണ് ജസ്റ്റിസ് പരിപൂര്‍ണ്ണന്‍/മാരാര്‍ വിധിയിലും സുപ്രിംകോടതിയില്‍ വിശ്വാസികളുടെ പേരില്‍ നടന്ന വാദങ്ങളിലും ഉയര്‍ത്തിപ്പിടിച്ചിരുന്നത്. അതുതന്നെയാണ് ശബരിമല വിശ്വാസികളുടെ പേരില്‍ വിധിയെതുടര്‍ന്ന് വ്യാപകമായും സംഘടിതമായും പ്രചരിപ്പിക്കുന്നത്.

നേരത്തെ മുതല്‍ എല്ലാ മാസങ്ങളിലെയും ആദ്യ അഞ്ചുദിവസങ്ങളില്‍ പൂജയ്ക്ക് എല്ലാ പ്രായത്തിലും പെട്ട സ്ത്രീകള്‍ പങ്കെടുത്തിരുന്നെന്ന് ദേവസ്വംബോര്‍ഡ് തെളിവു നല്‍കിയിരുന്നു. ശബരിമലയിലെ ചോറൂണുകള്‍ക്കും പ്രായഭേദമന്യേ സ്ത്രീകള്‍ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നെന്നും. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഉപദേഷ്ടാവും ശബരിമല ഭക്തനുമായ ടി.കെ.എ നായര്‍ തന്റെ ചോറൂണിന് ക്ഷേത്രസന്നിധിയില്‍ അമ്മകൂടി പങ്കെടുത്തിരുന്നെന്ന് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോള്‍ സുപ്രിംകോടതി വിധിയെ എതിര്‍ക്കുന്ന മുന്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി 44-ാം വയസില്‍ ശ്രീചിത്ര തിരുനാള്‍ ബാലരാമവര്‍മ്മയുമൊത്ത് സന്നിധാനത്തുചെന്നത് കേരള ഹൈക്കോടതിയുടെ വിധിയില്‍തന്നെ ഉദ്ധരിക്കുന്നുണ്ട്.

സതി നിരോധിച്ചപ്പോഴും കേരളത്തില്‍തന്നെ മുലക്കരം എടുത്തുകളഞ്ഞപ്പോഴും അവര്‍ണര്‍ക്കുള്ള ക്ഷേത്രപ്രവേശം സമരങ്ങളിലൂടെ നടപ്പാക്കിയപ്പോഴും മാറ്റങ്ങള്‍ക്കൊപ്പം സമൂഹം മുന്നേറുകയായിരുന്നു. അത്രയേ ശബരിമല വിധിയിലും സംഭവിച്ചിട്ടുള്ളൂ.

മഹാപ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ അതിജീവനത്തിനുവേണ്ടി മുഖ്യമന്ത്രിക്കും സംസ്ഥാന ഗവണ്മെന്റിനും പിന്നില്‍ ജനങ്ങളാകെ നീങ്ങിയത് ദേശീയ – സാര്‍വ്വേദേശീയ തലത്തില്‍ അത്ഭുതാദരവ് സൃഷ്ടിച്ചിരുന്നു. ജാതിമത- രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം മനുഷ്യരെന്ന നിലയില്‍ നമുക്കെങ്ങനെ ഒന്നിക്കാനും മുന്നോട്ടുപോകാനും കഴിയുമെന്ന പാഠം നാം ഉള്‍ക്കൊണ്ടിരുന്നു. വളരെ പെട്ടെന്ന് ആ അസാധാരണ കൂട്ടായ്മ അട്ടിമറിക്കാനും കപടവും വിഭാഗീയവുമായ രാഷ്ട്രീയ അജണ്ടകള്‍ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ പകരംവെക്കാനുമുള്ള ആരുടെയൊക്കെയോ രാഷ്ട്രീയ അജണ്ടകള്‍ ലക്ഷ്യം കണ്ടിരിക്കുന്നു.

സുപ്രിംകോടതി വിധിക്കെതിരെ പുനര്‍വിചാരണ ഹര്‍ജി കൊടുക്കേണ്ടവര്‍ ആ മാര്‍ഗം സ്വീകരിക്കട്ടെ. ചരിത്ര വസ്തുതകള്‍ പഠിച്ച് ദേവസ്വംബോര്‍ഡ് ചാഞ്ചാടാതെ ഉറച്ചുനില്‍ക്കട്ടെ. സുപ്രിംകോടതിവിധി രാഷ്ട്രപതിയെക്കൊണ്ട് അസാധുവാക്കാന്‍ കഴിയുമെന്നു മോഹിക്കുന്നവര്‍ അതുചെയ്യട്ടെ. നിലവിലുള്ളത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നത നീതിപീഠത്തിന്റെ അന്തിമവിധിയാണ്. അത് നടപ്പാക്കേണ്ട ബാധ്യത സംസ്ഥാനഗവണ്മെന്റിന്റേതും. അത് സര്‍ക്കാര്‍ നിര്‍വ്വഹിക്കണം.

ആ ഭരണഘടനാ ബാധ്യത നിറവേറ്റാനാവശ്യമായ പരമാവധി ജനപിന്തുണ ഉറപ്പാക്കാന്‍ ആവശ്യമായ വിശാല വീക്ഷണവും സമീപനവും മുഖ്യമന്ത്രിയില്‍നിന്നുണ്ടാവണം. വിശ്വാസികളും അവിശ്വാസികളും അടങ്ങുന്ന എല്ലാ വിഭാഗക്കാരുടെയും ഗവണ്മെന്റാണ് അധികാരത്തിലുള്ളത് എന്ന് ബോധ്യപ്പെടുത്താനുള്ള പ്രായോഗിക സമീപനവും അതിനാവശ്യമായ തിരുത്തലുകളും മുഖ്യമന്ത്രിയില്‍നിന്നുണ്ടാകണം.

ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളാന്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും കഴിയാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. വിദേശത്തുപോലും ആരംഭിക്കാന്‍പോകുന്ന ഈ രാഷ്ട്രീയ നീക്കം കേരളത്തെ കലാപഭൂമിയാക്കും. ഭരണഘടനയ്ക്കും സുപ്രിംകോടതിക്കും നമ്മുടെ ജനാധിപത്യത്തിലുള്ള നിര്‍ണ്ണായക ഔന്നത്യവും സ്ത്രീകളുടെ തുല്യതയെന്ന ഭരണഘടനാ നിര്‍ണ്ണയവും സാമൂഹിക മുന്നേറ്റവും ആണ് രാഷ്ട്രീയ നേട്ടംവെച്ച് സമരനേതൃത്വത്തിലേക്ക് മത്സരിച്ചിറങ്ങുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ യഥാര്‍ത്ഥത്തില്‍ തകര്‍ക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top