Flash News

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രിം കോടതി വിധി നടപ്പാക്കല്‍ സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയെന്ന് അഭിഭാഷകന്‍

October 6, 2018 , .

sabarimala-1-830x412ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രിം കോടതി വിധി നടപ്പാക്കല്‍ മാത്രമേ സര്‍ക്കാരിന് ചെയ്യാനുള്ളൂ എന്ന് വിശ്വാസികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ചുവടുപിടിച്ചു കോണ്‍ഗ്രസും പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്. ഇതിനെതിരേ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കടുത്ത ഭാഷയില്‍ രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. എന്നാല്‍, കേന്ദ്രത്തിന് ഇത്തരത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയില്ലെന്നു നിയമ വൃത്തങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടും വ്യാജ പ്രചാരണത്തിന് കുറവു വന്നിട്ടില്ല. കേരളം ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ തന്നെ അതു നിലനില്‍ക്കില്ലെന്ന് പ്രമുഖ അഭിഭാഷകരും വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം പ്രമുഖ ചാനലിന്റെ ചര്‍ച്ചയിലാണ് സുപ്രീം കോടതി വിധി ഈ വാക്‌പോരുകൊണ്ടൊന്നും മറികടക്കാന്‍ കഴിയില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നത്. 12 ദിവസത്തിനുള്ളില്‍ മാറ്റമുണ്ടാക്കാന്‍ പ്രതിഷേധക്കാര്‍ക്കു കഴിയില്ലെന്നും നിയമവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം പാടില്ലെന്നു വാദിക്കുന്ന കക്ഷികള്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ പ്രമുഖ അഭിഭാഷകന്‍ എം.ആര്‍ അഭിലാഷ് തന്നെയാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കി രംഗത്തുവന്നത്. ബിജെപി, കോണ്‍ഗ്രസ് പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് അഭിലാഷ് കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ നടത്തിയ അഭിപ്രായ പ്രകടനം.

തുലാമാസ പൂജയ്ക്കായി നട തുറക്കാനിരിക്കേ എന്തു ചെയ്യാന്‍ കഴിയുമെന്ന ചോദ്യത്തിനാണ് അഭിലാഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെത്തുന്ന ഏതെങ്കിലും സ്ത്രീയെ തടയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്ന ചോദ്യത്തിനാണ് അദ്ദേഹം നിലപാടു വ്യക്തമാക്കുന്നത്-

‘തടയുക എന്നത് നിയമപരമായി സാധ്യമായ കാര്യമല്ല. സ്വര്‍ഗംതന്നെ തകര്‍ന്നു വീണാലും നീതി നടപ്പാക്കട്ടെ എന്ന നിയമസംഹിതയുടെ ഭാഗമായിട്ടാണ് സുപ്രീം കോടതി ഇങ്ങനെയൊരു വിധി പ്രഖ്യാപിച്ചത്. എത്രയൊക്കെ എതിര്‍പ്പുകളുണ്ടെങ്കിലും സര്‍ക്കാരിനു ഭരണഘടനയുടെ 144-ാമത്തെ അനുഛേദ പ്രകാരം വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയുണ്ട്. ഞാന്‍ ആചാരങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി ഹാജരായ അഭിഭാഷകനാണ്. പക്ഷേ, ഭരണഘടനാപരമായ ചോദ്യത്തിന് ഈയൊരു ഉത്തരം മാത്രമേ തരാന്‍ കഴിയൂ. എല്ലാ എക്‌സിക്യുട്ടീവ് അഥോറിട്ടികളും എല്ലാ ജുഡീഷ്യല്‍ അഥോറിട്ടികളും സുപ്രീം കോടതിയുടെ കരങ്ങളായി പ്രവര്‍ത്തിക്കണം എന്നാണ് നിയമത്തിലെ വിവക്ഷ. സ്ത്രീ പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ ഭരണഘടനയോടു പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിട്ടാണ് നിയമം കാണുന്നത്- അഭിലാഷ് പറഞ്ഞു.

400 വര്‍ഷമായി സ്ത്രീകള്‍ പ്രവേശിച്ചിട്ടില്ലാത്ത ക്ഷേത്രമാണ് മഹാരാഷ്ട്രയിലെ ശനി ശിഗ്നാപുര്‍ ക്ഷേത്രം. 2016 ഏപ്രില്‍ ഒന്നിനാണ് അവിടെ വിവേചനമില്ലാതെ സ്ത്രീകളെ പ്രവേശിപ്പക്കണമെന്നു ബോംബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ രണ്ടു സ്ത്രീകള്‍ അവിടെ കയറി പൂജ നടത്തി. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് വന്നയുടന്‍തന്നെ നടപ്പാക്കിയത്. സ്ത്രീ പ്രവേശനം തടയുന്ന ആളുകള്‍ക്കെതിരേ ആറുവര്‍ഷംവരെ തടവു കിട്ടാവുന്ന ശിക്ഷാ നടപടികള്‍ ഉണ്ടാകണമെന്നും കോടതി നിഷ്‌കര്‍ഷിച്ചു. അതു വളരെ വേഗം ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ നടപ്പാക്കി. അതു തടയാന്‍ സര്‍ക്കാര്‍ ഒരു വഴിയും തേടിയില്ല. അവിടെ ബിജെപിയും ശിവസേനയും ഹര്‍ത്താലും നടത്തിയില്ല. തെരുവിലിറങ്ങി പ്രക്ഷോഭം നയിച്ച് ആരും അറസ്റ്റും വരിച്ചില്ല. സമാനമായ സ്ഥിതിയാണു കേരള സര്‍ക്കാരിനും സുപ്രീം കോടതി വിധിയിലുടെ വന്നുചേര്‍ന്നിരിക്കുന്നത്. ഇക്കാര്യവും അഭിലാഷ് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

‘തീര്‍ച്ചയായും. സര്‍ക്കാരിനെതിരേ പണ്ട് ഇത്തരം വിധികള്‍ നടപ്പാക്കിയിട്ടില്ലെന്ന ആരോപണമുണ്ടെങ്കില്‍തന്നെ ഈയൊരു വിധിയെ സംബന്ധിച്ച് നിയമപരമായി അതു നടപ്പാക്കാനുള്ള ഉത്തരവാദിത്വമുണ്ട്. ഭരണഘടനയുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ സര്‍ക്കാര്‍ അതു നടപ്പിലാക്കിയേ മതിയാകൂ. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും അവരവരുടേതായ അജന്‍ഡയും താല്‍പര്യവുമുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ച് ഭരണഘടനയില്‍ കൊടുത്തിരിക്കുന്ന മൂന്നാമത്തെ പട്ടികയില്‍ പറയുന്ന പ്രതിജ്ഞ എടുത്ത മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ സഹമന്ത്രിക്കും അതിനുള്ള ഉത്തരവാദിത്വമുണ്ട്. മഹാരാഷ്ട്രയില്‍ നടപ്പാക്കിയതുപോലെതന്നെ ഉത്തരവ് നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്’- അഭിലാഷ് വ്യക്തമാക്കുന്നു.

എല്ലാവരും സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് റിവ്യു ഹര്‍ജി നല്‍കുന്നതിനെക്കുറിച്ചാണ്. ഈ സാധ്യതയെക്കുറിച്ചും അഡ്വ. അഭിലാഷ് നിലപാടു വ്യക്തമാക്കുന്നുണ്ട്. അതുപോലെ ഓര്‍ഡിനന്‍സ് കാര്യത്തിലും എത്രത്തോളം നിയമസാധുതയുണ്ടാകുമെന്ന ചോദ്യത്തിനും അദ്ദേഹം കൃത്യമായി മറുപടി നല്‍കുന്നുണ്ട്.

‘ജസ്റ്റിസ് ഗോഗോയിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ബെഞ്ചില്‍ അദ്ദേഹവും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും സ്ത്രീ പ്രവേശനത്തെ എതിര്‍ത്താല്‍തന്നെയും മൂന്നു ജഡ്ജിമാരുടെ ഭൂരിപക്ഷത്തില്‍ വിധി നടപ്പാക്കും. എന്നാല്‍, ഓപ്പണ്‍ കോര്‍ട്ട് ഹിയറിങ് വേണമെന്ന തോന്നലുണ്ടായാല്‍ അതു ചിലപ്പോള്‍ ഗുണം ചെയ്‌തേക്കാം. സൗമ്യ കേസിലൊക്കെ ഇത്തരമൊരു സാധ്യത നാം കണ്ടതാണ്. അങ്ങനെയുണ്ടായാല്‍ കോടതിയെ ഹര്‍ജിക്കാര്‍ക്കു ബോധ്യപ്പെടുത്താന്‍ കഴിയുമോ എന്നുള്ളതാണ്. അയ്യപ്പ ധര്‍മം എന്നത് ഒരു ഉപമതമാണോ (ഡിനോമിനേഷന്‍) എന്ന കാര്യത്തില്‍ ചര്‍ച്ചയുണ്ടാകാം. എന്നാല്‍, നേരത്തേ സമാനമായ കേസുകളിലുണ്ടായ വിധികള്‍ക്കൊന്നും യോജിക്കുന്നതല്ല അയ്യപ്പ ക്ഷേത്രവുമായി ബന്ധപ്പെട്ട വാദങ്ങള്‍. ഇതു വിദൂരമായ ഒരു സാധ്യതമാത്രമാണ്. കോടതിയില്‍ ഒരു അത്ഭുതം സംഭവിക്കേണ്ടതുണ്ട്. അങ്ങനെയുണ്ടെങ്കില്‍ മാത്രമേ സുപ്രീം കോടതി ഇതുസംബന്ധിച്ച ഒരു പുനര്‍വിചിന്തനം നടത്താന്‍ സാധ്യതയുള്ളൂ. ഏഴംഗ ബെഞ്ചിലേക്ക് ഈ പോയാല്‍ തന്നെയും ഒരു സാധ്യതയായിട്ടു നിലകൊള്ളുന്നു എന്നു മാത്രമേ പറയാന്‍ കഴിയൂ’- അഭിലാഷ് കൂട്ടിച്ചേര്‍ക്കുന്നു.

സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ തന്നെ അതിന്റെ സാധ്യതയെങ്ങനെയെന്നും കേസില്‍ ആദ്യംമുതല്‍ വിശ്വാസികള്‍ക്കുവേണ്ടി നിലകൊണ്ട അഭിലാഷ് വ്യക്തമാക്കുന്നു.

‘കേന്ദ്രത്തിന് ഇതുസംബന്ധിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കഴിയില്ല. അവര്‍ക്കതിനുള്ള അധികാരമില്ല. തീര്‍ഥാടനമെന്നു പറയുന്നത് ഒരു സ്‌റ്റേറ്റ് സബ്ജക്ടാണ്. എന്നാല്‍, പ്രത്യേകതകള്‍ നിലനില്‍ക്കുന്ന സ്ഥലമെന്ന നിലയില്‍ ‘ശബരിമല പ്രൊട്ടക്ഷന്‍ ഓഫ് ഡീറ്റി ആന്‍ റെഗുലേഷന്‍ ഓഫ് പില്‍ഗ്രിമേജ് ഓര്‍ഡിനന്‍’ കൊണ്ടുവന്നാല്‍ നിയമപരമായി അതിനൊരു സാധ്യതയുണ്ട്. അതു തീര്‍ഥാടനം നിയന്ത്രിക്കുന്നതിനുള്ള സാധ്യതയാണ് കൊണ്ടുവരിക. ശബരിമലയുടെ വൈവിധ്യം സുപ്രീം കോടതി ജഡ്ജിമാര്‍ക്കു കഴിഞ്ഞിട്ടില്ലെന്ന തോന്നല്‍ എനിക്കുണ്ട്. എന്നാല്‍, സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികളൊക്കെ അവിടെ കടക്കുകയുണ്ടായിട്ടുണ്ട്. ചോറൂണിനും മറ്റുമായി അവിടെ സ്ത്രീകള്‍ എത്തിയിട്ടുണ്ടെന്നു വിവിധ കക്ഷികള്‍ സുപ്രീം കോടതിയില്‍ നല്‍കിയ രേഖകളില്‍ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ദേവസ്വം ബോര്‍ഡ് രസീതും ഇതിനെല്ലാം കൊടുത്തിട്ടുണ്ട്. ഇതൊരു വസ്തുതയാണ്. എന്നാല്‍, ഞാന്‍ നേരത്തേ ചൂണ്ടിക്കാട്ടിയ ഓര്‍ഡിന്‍സ് കൊണ്ടുവന്നാല്‍തന്നെ അതു നിയമപരമായി നിലനില്‍ക്കാനും സാധ്യതയില്ല. കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെങ്കില്‍തന്നെയും കോടതിയുടെ സുപ്രസിദ്ധമായ ദേവാരൂര്‍ ജഡ്ജ്‌മെന്റ് പ്രകാരം ഡിനോമിനേഷണല്‍ പ്രൊട്ടക്ഷന്‍ ഉണ്ടെങ്കില്‍ തന്നെയും സ്ത്രീകളുടെ പ്രവേശനം നിഷേധിക്കാന്‍ കഴിയില്ല’ അഭിലാഷ് വ്യക്തമാക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top