Flash News

ശബരിമല സ്ത്രീ പ്രവേശന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് തന്ത്രി കുടുംബം; ഹിന്ദു സമൂഹത്തിലെ സവര്‍ണ്ണ വിഭാഗമാണ് പ്രശ്നത്തിനു പിന്നിലെന്ന് രാഹുല്‍ ഈശ്വര്‍

October 6, 2018

sabaപത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഒരു ചര്‍ച്ചയിലും തന്ത്രി കുടുംബം പങ്കെടുക്കില്ലെന്ന് സൂചന. ചങ്ങനാശേരിയില്‍ നടക്കുന്ന മഹാനാമജപ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ തന്ത്രികുടുംബവും പന്തളം കൊട്ടാരം പ്രതിനിധികളും പോകുകയാണ്. ശബരിമലയ്ക്കായുള്ള പ്രക്ഷോഭത്തിന് തന്ത്രികുടുംബം നേരിട്ടിറങ്ങുന്ന ആദ്യ സമരപരിപാടിയാണ് ചങ്ങനാശേരിയില്‍ നടക്കുന്നത്. ശബരിമല നിലപാടില്‍ അയവുവരുത്തിയ സിപിഐഎം ഇന്നലെ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനായി തന്ത്രികുടുംബവുമായും പന്തളം കൊട്ടാരവുമായും ചര്‍ച്ച നടത്തുന്നതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചുമതലപ്പെടുത്തിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് അറിവൊന്നും ലഭിച്ചില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.

പന്തളത്തെ മഹാനാമജപ ഘോഷയാത്രയ്ക്ക് ശേഷം ശബരിമല പ്രക്ഷോഭ പരിപാടികള്‍ ഓരോ ദിവസവും ശക്തിപ്പെടുകയാണ്. സമരത്തിന് എന്‍എസ്എസിന്റെ പിന്തുണ ഓരോ സ്ഥലത്തും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ജനപിന്തുണ കൂട്ടുന്നതിനും കാരണമായി. ഇന്ന് ചങ്ങനാശേരിയില്‍ എന്‍എസ്എസ് കേന്ദ്രത്തില്‍ നടക്കുന്ന മഹാനാമജപ ഘോഷയാത്രയ്ക്ക് പന്തളത്തെക്കാള്‍ വിശ്വാസികളെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളും നേരിട്ട് പങ്കെടുക്കുന്ന പരിപാടിയെന്നതിനാല്‍ വിശ്വാസികള്‍ക്ക് ഊര്‍ജം കൂടുകയും ചെയ്യുമെന്നു സംഘാടകര്‍ കരുതുന്നു.

തന്ത്രിമാരായ കണ്ഠര് മോഹനരര്, രാജീവരര്, മഹേഷരര് എന്നിവര്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പന്തളം കൊട്ടാരം നിര്‍വാഹകസമിതി പ്രസിഡന്റ് ശശികുമാരവര്‍മ്മയും നേരിട്ടെത്തുന്നുണ്ട്. റിവ്യൂ ഹര്‍ജി നല്‍കിയ ശേഷം അതില്‍ തീരുമാനമറിഞ്ഞശേഷം മാത്രം മതി സര്‍ക്കാരുമായി ചര്‍ച്ചയെന്നാണ് തന്ത്രിമാരുടെയും ഹൈന്ദവസംഘടനാ നേതാക്കളുടെയും തീരുമാനം.

rahul-eswarഅതിനിടെ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച കേസിന് പിന്നില്‍ തീവ്രവലത് ഗൂഢാലോചനയെന്ന ആരോപണവുമായി രാഹുല്‍ ഈശ്വര്‍ രംഗത്തു വന്നു. ഇന്ത്യയിലെ എല്ലാ മതങ്ങളുടേയും ആരാധനാലയങ്ങളിലേക്ക് കടന്നുകയറാന്‍ വേണ്ടി നടത്തിയ വന്‍ ഗൂഢാലോചനയാണിതെന്നും അദ്ദേഹം ആരോപിച്ചു.

ഹിന്ദു ക്ഷേത്രത്തെ മുന്നില്‍ നിര്‍ത്തി ചെയ്യുമ്പോള്‍ മതേതരത്വത്തിന്റെ പിന്‍ബലം ലഭിക്കുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച് ഞങ്ങള്‍ വലിയ ത്യാഗം ചെയ്തു. അത് കൊണ്ട് ഇനി യൂണിഫോം സിവില്‍ കോഡ് കൊണ്ട് വരാം എന്ന് കരുതിയാണ് കേസ് നല്‍കിയതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഇടത് ലിബറലുകളും ബര്‍ഖ ദത്തുമൊക്കെയാണ് ശബരിമല കേസിന് പിന്നിലെന്നായിരുന്നു തന്റെ ആദ്യ ധാരണ. പിന്നീട് യങ് ലോയേഴ്‌സ് എന്ന സംഘടനയാണെന്നും കരുതി. മുസ്ലിംകളും ക്രിസ്ത്യാനികളുമാണെന്ന് മറ്റൊരു ഘട്ടത്തില്‍ കരുതി. എന്നാല്‍ ഇവരാരുമല്ല ശബരിമല കേസിന് പിന്നിലെന്നും ഹിന്ദു സമൂഹത്തില്‍ തന്നെയുള്ള സവര്‍ണവിഭാഗത്തിലുള്ള ബ്രാഹ്മണിക്കല്‍ ചിന്ത പുലര്‍ത്തുന്നവരാണ് ഈ തീവ്രവലതുപക്ഷക്കാരെന്നും രാഹുല്‍ പറഞ്ഞു.

യൂണിഫോം സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ശബരിമലയില്‍ മറ്റൊരു അയോധ്യ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ മാനിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: പരിപാവനമായ ശബരിമലയില്‍ മറ്റൊരു അയോധ്യ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ മാനിക്കണം. സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സമവായമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിശാല താല്‍പര്യം പരിഗണിച്ചു സര്‍ക്കാര്‍ ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണം. സര്‍ക്കാര്‍ അതിനു തയാറായില്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ റിവ്യൂ ഹര്‍ജി നല്‍കണം. കക്ഷി ചേരണമെങ്കില്‍ കോണ്‍ഗ്രസ് ഹര്‍ജിയില്‍ കക്ഷി ചേരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ശബരിമല സ്ത്രീ പ്രവേശന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് തന്ത്രി കുടുംബം; ഹിന്ദു സമൂഹത്തിലെ സവര്‍ണ്ണ വിഭാഗമാണ് പ്രശ്നത്തിനു പിന്നിലെന്ന് രാഹുല്‍ ഈശ്വര്‍”

  1. Francis Kollannur says:

    Pennum, kallum koottykoduppu kar panggedukkandda

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top