Flash News

മധ്യപ്രദേശില്‍ ടോള്‍ ബൂത്ത് ജീവനക്കാരനെ ബിജെപി എം‌എല്‍‌എയും കൂട്ടരും സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു; കേസെടുക്കാതെ പോലീസ്

October 6, 2018

TOLL-PLAZAഭോപ്പാല്‍: മധ്യപ്രദേശില്‍ ടോള്‍ ബൂത്ത് ജീവനക്കാരനെ ബിജെപി എം‌എല്‍‌എയും കൂട്ടരും സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ശിവപുരി റോഡിലെ ടോള്‍പ്ലാസയിലെ ജീവനക്കാരനെയാണ് മുന്‍ ബിജെപി പ്രസിഡന്റും എംഎല്‍എയുമായ നന്ദകുമാര്‍സിംഗ് ചൗഹാന്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദ്യശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറല്‍ ആയിക്കഴിഞ്ഞു.

പുരാന്‍ഖേഡി ടോള്‍പ്ലാസയിലെത്തിയ ചൗഹാനോടും കൂട്ടരോടും തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണമായതെന്ന് പറയുന്നു. എംഎല്‍എയും കൂട്ടരും ജീവനക്കാരെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. തിരിച്ചറിയല്‍ രേഖ നല്‍കുന്നതിനു പകരം ചീത്തപറയാനും മര്‍ദിക്കാനും ആരംഭിച്ചതായി ജീവനക്കാര്‍ പറഞ്ഞു. രണ്ടു ജീവനക്കാരെ സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ടോള്‍ പ്ലാസ മാനേജര്‍ മഹേന്ദ്ര സിങ് തൊമാര്‍ പറഞ്ഞു.

സംസ്ഥാന തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് അമിത് ഷായുമായുള്ള സന്ദര്‍ശനം തീരുമാനിച്ച് മടങ്ങവെ ആണ് സംഘര്‍ഷം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് വിമര്‍ശനങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തി. ബിജെപി ഭരണത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അരാജകത്വമാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് സിങ് ആരോപിച്ചു. ചൗഹാനും അനുയായികള്‍ക്കുമെതിരെ കേസെടുക്കണമെന്നും അജയ് സിങ് ആവശ്യപ്പെട്ടു.

എന്നാല്‍ ചൗഹാന്‍ ആരോപണം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചൗഹാന്‍ ഇത്തരത്തില്‍ പെരുമാറുന്ന ആളല്ലെന്നും ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ ഏതെങ്കിലും തരത്തില്‍ ചൗഹാനെ പ്രകോപിപ്പിച്ചതായിരിക്കാമെന്ന വിശദീകരണവുമായി ബിജെപി വക്താവ് രാഹുല്‍ കോത്താരിയും എത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ ഔദ്യോഗികമായി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കേസ് റജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ കഴിയില്ലെന്നും, പരാതി കിട്ടിയാല്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top