Flash News

പഴയ തമ്പുരാനും പുതിയ പ്രജകളും

October 8, 2018 , ഡോ. എസ്.എസ്. ലാല്‍

Pazhaya thamupran banner-1കൈരളി ടെലിവിഷനിലെ ഒരു ചര്‍ച്ചയുടെ വീഡിയോ കാണുകയായിരുന്നു. ജോണ്‍ ബ്രിട്ടാസ് ആണ് നയിക്കുന്നത്. വിഷയം ശബരിമലയും സുപ്രീം കോടതിയും തന്നെ. ഭേദപ്പെട്ട ചർച്ച.

ആചാരങ്ങള്‍ ഒരിക്കലും തിരുത്തരുതെന്നൊക്കെ പറയുന്ന ചില ‘പുഷ്പം’ ചേച്ചിമാരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനും ജോണ്‍ വൃഥാ ശ്രമിക്കുന്നുണ്ട്‌. ആചാരം ആരുണ്ടാക്കിയതാ എന്നു ചോദിക്കുമ്പോള്‍ “ആ, അതൊന്നും എനിക്കറിയില്ല, പക്ഷേ തെറ്റിക്കാന്‍ പറ്റില്ല” എന്നാണ് കോടതി വിധിയെ എതിര്‍ക്കുന്ന മിക്ക ചേച്ചിമാരും (അനിയത്തിമാരും) പറയുന്നത്.

‘ഹിന്ദു’ അല്ലെങ്കിലും ധൈര്യത്തോടെ തന്നെ ജോണ്‍ കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു. അത്ര എളുപ്പമുള്ള കാര്യമല്ല. ഡോക്ടര്‍മാര്‍ പോലും മെഡിക്കല്‍ വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ അയാളുടെ മതവും ജാതിയും നോക്കി ചിലര്‍ ഭീഷണിപ്പെടുത്തുന്ന ഒരു സമയവുമാണിത്. ഐ.എം.എ.യ്ക്ക് പോലും എല്ലാ മതത്തില്‍ നിന്നും ഓരോ പ്രസിഡന്റ് വേണ്ടി വരുമെന്ന് ഇന്നലെ ഒരാള്‍ തമാശയായി പറയുന്നുണ്ടായിരുന്നു. അത് തമാശ മാത്രമായി എനിക്ക് തോന്നിയില്ല. ബിഷപ്പിന്റെ കൊള്ളരുതായ്മക്കെതിരെ ധൈര്യത്തോടെ പ്രതികരിച്ച ഒരു യുവ ‘കൃസ്ത്യാനി’ ഡോക്ടര്‍ക്ക് (ഇപ്പോ അങ്ങനെയാണ്. ഹിന്ദു കാര്‍ഡിയോളജിസ്റ്റ്, മുസ്ലീം ഇ.എന്‍.ടി. സര്‍ജൻ, കൃസ്ത്യന്‍ ന്യൂറോളജിസ്റ്റ്, നായര്‍ ഗൈനക്കോളജിസ്റ്റ്, ഈഴവ സ്കിന്‍ ഡോക്ടര്‍ എന്നിങ്ങനെ. ഒരു പ്രളയം കൊണ്ടൊന്നും നമ്മള്‍ പഠിക്കില്ലണ്ണാ) ശബരിമല വിഷയത്തില്‍ ഒരു അമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റിനെ വിമര്‍ശിക്കാന്‍ പേടിയാണെന്ന് ഫേസ് ബുക്കില്‍ പരസ്യമായി എന്നോട് പറഞ്ഞു. “സാറേ അവരുടെ വീഡിയോയില്‍ അമ്പലം എന്നൊക്കെ പറയുന്നുണ്ട്. ഞാനിനി എന്തെങ്കിലും പറഞ്ഞാല്‍ ….”. സത്യമാണ്, ആ ഡോക്ടര്‍ക്കും കുടുംബത്തിനും മതേതര കേരളത്തില്‍ തുടര്‍ന്നും ജീവിക്കാനുള്ളതാണ്. ചവിട്ടുന്ന വഴിയിലെല്ലാം രാഹുലന്മാരുടെ നെഞ്ചാണ്.

ടെലിവിഷന്‍ ചര്‍ച്ചക്കിടയില്‍ ജോണ്‍ ഒരാളെ പെട്ടെന്ന് ‘തമ്പുരാന്‍ ‘ എന്ന് സംബോധന ചെയ്യുന്നത് കേട്ടു. ആ വിളി കേട്ട് ആ തമ്പുരാനും അധിക മുഖപ്രസാദം ഉണ്ടായി. അയാളുടെ പേര് എഴുതിക്കാണിക്കുന്നത് ഞാന്‍ വായിച്ചു നോക്കി. രവി വര്‍മ്മ. രവി വര്‍മ്മ എങ്ങനെ തമ്പുരാനായി?

എന്റെ ഒരു സുഹൃത്തിന്റെ അച്ഛന്റെ പേര് രവി വര്‍മ്മ എന്നായിരുന്നു. ഏതാനും വര്‍ഷങ്ങൾക്ക് മുമ്പ് മരിച്ചു പോയി. മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിന്റെ ദിനമണി പ്രത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. വലിയ അറിവുള്ള സ്നേഹനിധിയായ കമ്മൂണിസ്റ്റുകാരന്‍. അദ്ദേഹത്തെ ഞങ്ങള്‍ അങ്കിള്‍ എന്നാണ് വിളിച്ചിരുന്നത്. സഖാവെന്നും രവി സാറെന്നും പലരും വിളിച്ചിരുന്നു. രവി എന്ന് സമപ്രായക്കാരോ മുതിര്‍ന്നവരോ വിളിച്ചിരുന്നു. ഒരാളും തമ്പുരാന്‍ എന്ന് വിളിച്ചു കേട്ടിട്ടില്ല. മക്കള്‍ പോലും. അതുകൊണ്ടാണ് ജോണിന്റെ തമ്പുരാന്‍ വിളിയില്‍ അപാകത തോന്നിയത്.

എന്റെ ചില സുഹൃത്തുക്കള്‍ തിരുവനന്തപൂരത്ത് കവടിയാറുള്ള ചിലരെ ഇതുപോലെ തമ്പുരാനെന്നും തമ്പുരാട്ടിയെന്നുമൊക്കെ വിളിക്കുന്നത് കേട്ടിട്ടുണ്ട്. ചില സുഹൃത്തുക്കളെ പറഞ്ഞു മനസിലാക്കി നിര്‍ത്തിച്ചിട്ടുമുണ്ട്. ജനാധിപത്യ രാജ്യത്തില്‍ ഒരു വോട്ടു വീതം മാത്രമുള്ള നമ്മളില്‍ ഒരാളും മറ്റൊരാളുടെ തമ്പുരാനാകില്ല എന്നു പറഞ്ഞപ്പോള്‍ പലര്‍ക്കും മനസിലായി. തെരഞ്ഞെടുപ്പിന് ജയിച്ച് വല്ല മന്ത്രിയൊക്കെ ആര്‍ക്കും ആകാം. പക്ഷേ തമ്പുരാനാകാന്‍ തെരഞ്ഞെടുപ്പോ ബിരുദ കോഴ്സോ പി.എസ്.സി. പരീക്ഷയോ ഇല്ലാത്തിടത്തോളം ഇവരൊക്കെ നമ്മളെപ്പോലെ വെറും ശ്രീമാനും ശ്രീമതിയും മാത്രം. അതിന് ഒരു ഗും പോരെങ്കില്‍ മിസ്റ്റര്‍ അല്ലെങ്കിൽ മിസിസ് (മിസ്സ്) എന്നൊക്കെ വിളിക്കാം. പക്ഷേ, ഭരിക്കപ്പെടാനും തരംതാഴ്ത്തപ്പെടാനും ഉള്ളില്‍ ആഗ്രഹമുള്ള ചിലര്‍ തമ്പുരാന്‍/തമ്പുരാട്ടി വിളികള്‍ തുടരും. തനിക്കും ‘താഴെ’യുള്ളവര്‍ തന്നെയും ഇതുപോലെ തമ്പുരാനെന്നോ തമ്പുരാട്ടിയെന്നോ വിളിക്കാന്‍ മനസ്സില്‍ ആഗ്രഹമുളളവരാണിവര്‍. മന്ത്രി മുതല്‍ ശിപായി വരെ പല ശ്രേണികളില്‍ ‘സാര്‍’ ആകുന്നതുപോലെ. താഴോട്ട് ആരും ആരെയും സാറെന്ന് വിളിക്കില്ല. സാറന്മാര്‍ മേലോട്ട് മാത്രം.

കവടിയാര്‍ കുടുംബത്തിലെ എല്ലാരോടും എനിക്കും ബഹുമാനമുണ്ട്. സഹജീവികള്‍ എന്ന നിലയിലുള്ള ബഹുമാനം. മറ്റേതു മനുഷ്യരോടുമുള്ള ബഹുമാനം. രാജ്യ, മത, ജാതി, ജോലി വ്യത്യാസമില്ലാതെയുള്ള സ്നേഹ ബഹുമാനം. കവടിയാറിലെയും ചിലരുടെ പ്രായത്തെയും അറിവിനെയുമൊക്കെ പ്രത്യേകം ബഹുമാനിക്കുന്നു. അതിനപ്പുറത്ത് ഒന്നുമില്ല. പാടില്ല.

കൈരളിയും ജോണ്‍ ബ്രിട്ടാസുമൊന്നും ആരെയും വര്‍ത്തമാനകാലത്തിലെ പുതിയ തമ്പുരാന്‍മാരാക്കരുത്. കൂടെയിരിക്കുന്നവര്‍ പെട്ടെന്ന് വളരെ താഴെയുള്ള പ്രജകളായിപ്പോകും. കമ്മൂണിസ്റ്റുകാരല്ലാത്ത എന്നെപ്പോലെയുള്ളവരും പല നാടുകളിലിരുന്ന് കൈരളിയിലെ ചില നല്ല പരിപാടികള്‍ കാണാറുണ്ട്….. നിരാശപ്പെടുത്തരുത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top