Flash News

സ്വാമിയേ…..ശരണമയ്യപ്പാ…. ഈ കോലാഹലങ്ങള്‍ അടങ്ങണമെങ്കില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ദിവസം ദര്‍ശനത്തിന് മാറ്റി വെക്കൂ അയ്യപ്പാ

October 8, 2018

women_17ശരണമയ്യപ്പാാാ..അവിടുത്തെ തൃപ്പാദങ്ങളുടെ പേരില്‍ എന്തൊക്കെ കോലാഹലങ്ങളും പ്രചാരണങ്ങളും കപടനാടകങ്ങളുമാണ് നടക്കുന്നത്? ഇങ്ങിനെ പോയാല്‍ കള്ളഭക്തന്‍മാരുടെ ഉറഞ്ഞുതുള്ളലിനെ നിയന്ത്രിക്കാന്‍ അങ്ങയുടെ പുലിവാഹനത്തെ തന്നെ പറഞ്ഞുവിടേണ്ടിവരും, സംശയമില്ല. അവിടുത്തെ കണ്‍പാര്‍ക്കാന്‍ കൊതിക്കുന്ന വനിതകളെ തടയാന്‍ പാടില്ലെന്ന രാജ്യത്തെ അത്യുന്നത നീതിപീഠത്തിന്റെ കല്‍പ്പനയെ ചൊല്ലിയാണല്ലൊ ഭക്തരും കപടഭക്തരും ഇപ്പോള്‍ തെരുവില്‍ ഇറങ്ങി ഗോഗ്വാ വിളിക്കുന്നതും, രാഷ്ടീയക്കാരെ വെല്ലുംവിധമുള്ള പ്രകടനങ്ങള്‍ക്ക് മുക്രയിടുന്നതും.

അയ്യപ്പസ്വാമിക്ക് സ്ത്രീകളോട് എന്തെങ്കിലും വെറുപ്പോ വിദ്വേഷമോ ഉണ്ടാവാന്‍ തരമില്ല. അത്തരത്തില്‍ എന്തെങ്കിലും സൂചനകള്‍ പുരാണങ്ങളിലോ ഐതിഹ്യങ്ങളിലോ കേട്ടിട്ടുമില്ല. മാത്രമല്ല പത്ത് വയസില്‍ താഴെയും അമ്പത് വയസിന് മുകളിലുമുള്ള സ്ത്രീകള്‍ക്ക് പതിനെട്ടാം പടി കയറിവന്ന് ശരണം വിളിക്കാനും തൃപ്പാദങ്ങള്‍ തൊഴുത് സായൂജ്യമടയാനും അനുമതിയുണ്ട്. ആകെയൊരു വിലക്കുള്ളത് മേല്‍പറഞ്ഞ പ്രായത്തിന് ഇടയിലുള്ള സ്ത്രീകള്‍ക്ക് സ്വാമിയെ കാണാന്‍ പാടില്ലെന്നതാണ്. അതായത് ഈ പ്രായക്കാര്‍ ആര്‍ത്തവം നിലക്കാത്തവരാണെന്നും നിത്യ ബ്രഹ്മചാരിയായ അയ്യപ്പന് തന്റെ ഭക്തരില്‍ ആര്‍ത്തവം തുടങ്ങുകയോ നിലയ്ക്കുകയോ ചെയ്യാത്ത സ്ത്രീകളെ കണ്ടുകൂടെന്ന് ഏതോ കാലത്തെ ഏതോ മുഴുത്ത സ്ത്രീവിരുദ്ധന്‍ കണ്ടെത്തിയ, നടപ്പിലാക്കിയ ആചാരവും വിശ്വാസവും.

ഇത് ഈ അത്യാധുനിക കാലഘട്ടത്തില്‍ നമ്മുടെ ഭരണ ഘടന അനുശാസിക്കുന്ന നീതിക്കും ന്യായത്തിനും ലിംഗസമത്വത്തിനും എതിരാണെന്നും ക്ഷേത്രങ്ങളില്‍ അത്തരം വിവേചനം പാടില്ലെന്നും ശബരിമലയില്‍ ഭക്തരായ സര്‍വ്വര്‍ക്കും സ്ത്രീ പുരുഷഭേദമന്യേ പ്രവേശനം നല്‍കണമെന്നുമാണ് സുപ്രീംകോടതി വിധി.

കോടതിവിധിയെ സ്വാഗതം ചെയ്യുകയും ചരിത്രപരമായ തീരുമാനമെന്ന് പ്രകീര്‍ത്തിക്കുകയും ചെയ്തവര്‍ പലരും പിന്നീട് സ്വരം മാറ്റുകയും വിശ്വാസത്തിന്റെ കൂടെ നില്‍ക്കുകയും യുക്തി വിസ്മരിച്ച് ഭക്തിയുടെ പേരില്‍ വോട്ടു രാഷ്ട്രീയത്തിന് വഴങ്ങുകയും ചെയ്ത കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം കണ്ടത്.

പക്ഷെ ഒരുകാര്യം, ഒരു യാഥാര്‍ത്ഥ്യം വിമര്‍ശകരും പ്രതിഷേധക്കാരും മറന്നു പോവുകയോ അതല്ലെങ്കില്‍ ഭാവിക്കുകയോ ചെയ്യുകയാണ്. അതായത് ആര്‍ത്തവകാലത്ത് കേരളത്തില്‍ ഏതെങ്കിലും ഒരു വനിത അവര്‍ വിശ്വാസിയാവട്ടെ, അവിശ്വാസിയാവട്ടെ ശബരിമലയിലെന്നല്ല ഒരു ക്ഷേത്രത്തിലും കയറുമെന്ന് തോന്നുന്നില്ല. വല്ല ദൈവത്തറയോ സങ്കല്‍പ്പമോ ഉള്ള തറവാടുകളില്‍ സ്ത്രീകള്‍ ആര്‍ത്തവസമയത്ത് മാറി താമസിക്കുകയോ കിടപ്പുമുറികളില്‍ പ്രവേശിക്കാതിരിക്കുയോ പതിവുണ്ട്. മാത്രമല്ല മണ്ഡലകാലത്ത് മാലയിട്ടിട്ടുള്ള പുരുഷന്‍മാര്‍ വീട്ടിലുണ്ടെങ്കില്‍ സ്ത്രീകള്‍ അഞ്ചു ദിവസം ബന്ധുവീടുകളില്‍ തങ്ങുന്ന പതിവുമുണ്ട്.

പക്ഷെ ഇതൊന്നുമല്ല ശബരിമലയില്‍ സ്ത്രീ പ്രവേശനം നേരിടുന്ന പ്രശ്‌നം. ദര്‍ശന ദിവസങ്ങളില്‍ പ്രത്യേകിച്ചും മണ്ഡലകാലത്ത് പത്തും ഇരുപതും അതിലേറെയും മണിക്കൂറകള്‍ ക്യൂ നിന്നും ഇരുന്നും കിടന്നുമൊക്കെയാണ് 18-ാം പടിയില്‍ എത്തുന്നത്. ഈ ക്യൂവാകട്ടെ ചിലപ്പോള്‍ കിലോ മീറ്റര്‍ നീളും. വനിതകള്‍ക്ക് പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തിയാല്‍പോലും തിരക്ക് മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാവില്ല. ക്യൂ നിന്നു തളര്‍ന്നാല്‍ വെള്ളം കുടിക്കാനും കുടിച്ചാല്‍ അത് പുറംതള്ളാനുള്ള പ്രയാസം വേറെ. പുരുഷന്‍മാര്‍ക്ക് ഒരു പക്ഷെ മൂത്രമൊഴിക്കാതെ കുറച്ചു നേരം പിടിച്ചു നില്‍ക്കാനായേക്കാം. അതല്ലെങ്കില്‍ കാട്ടില്‍ മാറി നിന്ന് കൃത്യം സാധിക്കാം. ക്യൂവില്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്ക് അത് രണ്ടും സാദ്ധ്യമല്ല.
ഇതിന് പുറമേയാണ് പമ്പയിലെ കുളി. സ്ഥാനഘട്ടത്തില്‍ എത്രമാത്രം സൗകര്യങ്ങള്‍ ഒരുക്കിയാലും സ്ത്രീകള്‍ക്ക് നദിയില്‍ കുളിച്ചു കയറുക അത്ര എളുപ്പമല്ല. വനിതാ പൊലീസുകാര്‍ ഉണ്ടായാലും വനിതാ വൊളണ്ടിയര്‍മാര്‍ ഉണ്ടായാലും പുഴയിലെ സ്‌നാനം അത്ര എളുപ്പമാവില്ല.

എന്തൊക്കെ തടസവാദങ്ങള്‍ ഉണ്ടായാലും, സുപ്രീംകോടതി വിധി മറികടക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സധിക്കുമെന്ന് കരുതുക വയ്യ. ആകെയൊരു പോംവഴി പരാതിയില്ലാതെ പരിഭവമില്ലാതെ, പരുക്കില്ലാതെ, കോടതിവിധി അംഗീകരിച്ചുകൊണ്ട് പ്രായവ്യത്യാസമില്ലാതെ ശബരിമലയില്‍ എത്തുന്ന വനിതകള്‍ക്ക് സൗകര്യം നല്‍കലാണ്. അതിന് തല്‍ക്കാലത്തേക്കെങ്കിലും ദര്‍ശനകാലങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം സ്ത്രീകള്‍ക്ക് മാത്രമായി പ്രവേശനത്തിന് മാറ്റിവെക്കാന്‍ സാധിക്കുമോ എന്ന് ആലോചിക്കാവുന്നതാണ്. എങ്കില്‍ ക്രമസമാധാന പ്രശ്‌നങ്ങളോ സ്ത്രീകള്‍ക്കുന്ന മറ്റു അസൗകര്യങ്ങളോ ചിന്തിച്ചുവിഷമിക്കേണ്ടതില്ല. വനിതകള്‍ അവര്‍ക്ക് മാറ്റി വച്ച ദിവസങ്ങളില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ, ധൈര്യത്തോടെ ശബിരിമലയില്‍ എത്തി അയ്യപ്പനെ തൊഴാന്‍ സാധിക്കും.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ച് ചിന്തിച്ചും സമരമാര്‍ഗങ്ങള്‍ ആലോചിച്ച് തലപുകഞ്ഞും കഴിയുന്ന മതനേതാക്കളും രാഷ്രീയനേതാക്കളും കപട ഭക്തരും ക്രമസമാധാനപാലകരും ഇത്തരത്തില്‍ ഒരു ക്രമീകരണത്തെക്കുറിച്ച് ചിന്തിക്കുന്നത് നന്നാവും, ശരണമയ്യപ്പാാാ..


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top