Flash News

പത്തും പത്തും കൂട്ടിയാല്‍ 1010 ? !!!!

October 8, 2018 , ഡോ. എസ്.എസ്. ലാല്‍

10+10 smallകഴിഞ്ഞ കുറെ ദിവസങ്ങളില്‍ ശാസ്ത്രവും സത്യവും തെളിവും ഊഹവും വിശ്വാസവും അന്ധവിശ്വാസവും ഒക്കെ പലരോടും ചര്‍ച്ചചെയ്യേണ്ടിവന്നു. ഫേസ്ബുക്കിനകത്തും പുറത്തും. അറിവുള്ള പലരും എഴുതിയതു വായിച്ചു. പറഞ്ഞത് ശ്രദ്ധിച്ചു.

ഈ വ്യത്യസ്ത കാര്യങ്ങള്‍ വ്യക്തതയോടെ അറിയാവുന്നവരാണ് സമൂഹത്തില്‍ കൂടുതല്‍ പേരും. അവര്‍ ഒച്ചവയ്ക്കുന്നില്ല എന്നുമാത്രം. എന്നാല്‍ ഒച്ച വയ്ക്കുന്നത് ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാത്തവരാണ്. പ്രത്യേകിച്ചും സയന്‍സ് മനസ്സിലായിട്ടില്ലാത്തവര്‍. സയന്‍സിനേയും അന്ധവിശ്വാസത്തെത്തയും ഒക്കെ ചേര്‍ത്തുകുഴച്ച് ചമന്തിപ്പരുവമാക്കിക്കളഞ്ഞത് അവരില്‍ ചിലരാണ്.

സെക്രട്ടേറിയറ്റിനു മുന്നിലെ ചില അനാവശ്യ സമരവും അതിന്‍റെ ബഹളവും ജലപീരങ്കിയും ലാത്തിചാര്‍ജുമൊക്കെ ടെലിവിഷനില്‍ കാണുമ്പോള്‍ കേരളം മുഴുവനും യുദ്ധക്കളമാണെന്നു നമുക്ക് തോന്നാം. കേരളം മുഴുവന്‍ ആ വിഷയത്തില്‍ കത്തുകയാണെന്ന് തോന്നാം. എന്നാല്‍, സെക്രട്ടേറിയറ്റിന് അടുത്ത ജംഗ്ഷനില്‍, ജനം പുതിയ സിനിമയെപ്പറ്റിയോ അമേരിക്കയിലെ ട്രംപിനെപ്പറ്റിയോ നല്ല ചിക്കന്‍ ബിരിയാണി കിട്ടുന്ന റെസ്‌റ്റോറന്റിനെപ്പറ്റിയോ ഒക്കെയായിരിക്കും ചര്‍ച്ച. അതിനാല്‍ സെക്രെട്ടേറിയറ്റിനു മുന്നിലെ പ്രകടനങ്ങള്‍ക്ക് പലപ്പോഴും അത്ര വിലയേ കാണൂ 🙂

പത്തും പത്തും കൂട്ടിയാല്‍ 20 എന്ന് പറഞ്ഞാല്‍ അത് ശാസ്ത്രം. എല്ലാവര്‍ക്കും അറിയാം. ലോകത്തിന്‍റെ ഏതു കോണില്‍ ചെന്നാലും അത് ഒരുപോലെ തെളിയിക്കാന്‍ കഴിയും. രണ്ടുപേരുടെ കൈവിരലുകള്‍ തന്നെ തെളിവ്. എന്നാല്‍ പത്തും പത്തും കൂട്ടിയാല്‍ 1010 എന്ന് പറയുന്നത് ഗണിതം മനസ്സിലായിട്ടില്ലാത്തതിന്‍റെ പ്രശ്‌നമാണ്. ചെറിയ ക്ലാസിലെ കുട്ടികള്‍ അങ്ങനെ പറയും. കുറേക്കൂടി വലിയ ക്ലാസില്‍ എത്തുമ്പോള്‍ സാധാരണ ഗതിയില്‍ അത് ശരിയാകും.

എന്നാല്‍ പത്തും പത്തും 1010 എന്നത് ഒരു രസമുള്ള ഭാവന തന്നെയാണ്. പക്ഷേ, ആ ഭാവന ഉപയോഗിച്ച് ബാങ്കില്‍ പണമിടപാട് നടത്താനോ തുമ്പയില്‍ നിന്ന് റോക്കറ്റു വിടാനോ പറ്റില്ല. ആ ഭാവന ഒരു കവിതയായോ തമാശക്കുറിപ്പായോ എഴുതിയാല്‍ ഒരുപാട് പേര്‍ അത് വായിച്ച് രസിക്കും. ആ വരികള്‍ പ്രശസ്തമായെന്നും വരും. എന്നാല്‍ കുറെ വര്‍ഷം കഴിയുമ്പോള്‍ ആ തമാശ ഭാവന ഗണിതത്തിന്‍റെ പാഠപുസ്തകത്തില്‍ ചേര്‍ക്കണമെന്നോ കോടതി അംഗീകരിക്കണമെന്നോ പറഞ്ഞാല്‍ പണി പാളും. അതിന്‍റെ പേരില്‍ നാട് നീളെ ജാഥ നടത്തിയാല്‍ കാല് കഴയ്ക്കുമെന്നു മാത്രം.

എന്നാല്‍, പത്തും പത്തും 1010 എന്ന് ക്രമേണ ചിലര്‍ വിശ്വസിക്കാന്‍ തുടങ്ങും. അതാണ് പ്രശ്‌നം. ലോജിക്കില്ലാത്തവര്‍ക്കാണ് അത് സംഭവിക്കുന്നത്. അതവരുടെ കുറ്റമല്ല. അവരോട് സഹതാപം വേണം. കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിക്കണം. മിക്കവര്‍ക്കും മനസ്സിലാകും. ഇല്ലാത്തവരെ ഒടുവില്‍ വിട്ടുകളയുക.

വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പത്തും പത്തും 1010 എന്നത് ഞങ്ങളുടെ പാരമ്പര്യമായ വിശ്വാസം ആണെന്ന് ചിലര്‍ പറയും. അവരിലെയും ബോധമുള്ളവരെ പറഞ്ഞുമനസ്സിലാക്കിക്കാന്‍ നമുക്ക് കഴിയണം. പറഞ്ഞാല്‍ മനസ്സിലാകാത്തവര്‍ ആ നിയമം സ്വന്തം വീട്ടില്‍ തുടരുന്നത്തില്‍ നമുക്ക് എതിര്‍പ്പില്ല. പക്ഷേ, അവരുടെ വീടിനു പുറത്തുള്ള, ഗണിതം കൃത്യമായി പഠിച്ചവര്‍, അതെല്ലാം വിശ്വസിച്ച് പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞാല്‍ പോയി പണിനോക്കാന്‍ പറയേണ്ടിവരും.

‘പാരമ്പര്യ’മുള്ള കുടുംബം പറയുന്നതിനാല്‍ സംഗതി 1010 തന്നെയാണെന്ന് വിശ്വസിക്കുന്ന നാട്ടുകാരെ പറഞ്ഞ് മനസ്സിലാക്കിക്കാന്‍ സമയമെടുക്കും. പക്ഷേ , നമുക്ക് സത്യം പറയുന്ന പണി ഉപേക്ഷിക്കാന്‍ കഴിയില്ല. അധികാരവും പാരമ്പര്യവുമൊക്കെ ഉണ്ടെന്ന് കരുതിയവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം അതുപോലെ വിശ്വസിക്കാന്‍ നാട്ടുകാരെ വിട്ടുകൊടുത്തിരുന്നെകില്‍ പല നാടുകളിലും ഇപ്പോഴും ഭൂമി പരന്നതാണെന്നും സൂര്യന്‍ ഭൂമിയെ ചുറ്റുകയാണെന്നും കുട്ടികളെ സ്കൂളില്‍ പഠിപ്പിച്ചേനെ. (ഇതിനിടയിലും സര്‍ക്കാരിനെ വെട്ടിച്ച് കൊച്ചിയില്‍ ഏതോ സ്കൂള്‍ മതത്തിലെ മണ്ടത്തരങ്ങള്‍ പഠിപ്പിച്ചതായും സര്‍ക്കാര്‍ സ്കൂള്‍ പൂട്ടിച്ചതായും പത്രത്തില്‍ അടുത്തിടെ വായിച്ചു) 🙂

ചില രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാര്യമാണ് ഇതിലും കഷ്ടം. 20 ആണോ 1010 ആണോ ഇനി മറ്റെന്തെകിലും ആണോ എന്നറിയാന്‍ വയ്യാത്ത അവസ്ഥ. പോരെങ്കില്‍ ഡല്‍ഹിയില്‍ 20, കേരളത്തില്‍ 1010.

അവസാനം ഒരുകാര്യം കൂടി പറയാം. ന്യൂയോര്‍ക്കിലെ കാര്ഡിയോളജിസ്‌റ് എന്താണ് ചെയ്തത്?

നാട്ടില്‍ ഒരു വീട് കുത്തിത്തുറന്ന് മോഷണം നടന്നു എന്നിരിക്കട്ടെ. വീട്ടുടമസ്ഥര്‍ ഉണര്‍ന്നപ്പോള്‍ ആഭരണങ്ങള്‍ മോഷണം പോയിരിക്കുന്നു. അലമാരകള്‍ തുറന്നു കിടക്കുന്നു. കതകുകള്‍ അറുത്തു മുറിച്ചിരിക്കുന്നു. ഗേറ്റ് ഇളക്കി മാറ്റിയിരിക്കുന്നു. ഇത്രയും സത്യം. ആര്‍ക്കു കണ്ടാലും മനസ്സിലാകും. ഈ വിവരങ്ങള്‍ പോലീസ് രേഖയാക്കും. കോടതി വിശ്വസിക്കും. പക്ഷേ, സംഗതി തീര്‍ന്നില്ല. വീട്ടുടമസ്ഥ പറയുന്നു, മോഷണം നടത്തിയത് അടുത്തവീട്ടിലെ ഗോപാലന്‍ ആണെന്ന്. എങ്ങനെ അറിയാം എന്ന് ചോദിച്ചപ്പോള്‍ പറയുന്നു അതെനിക്ക് ഉറപ്പാണെന്ന്. എന്താണ് ഉറപ്പിന് കാരണമെന്ന് ചോദിച്ചപ്പോള്‍ പറയുന്നു, എന്‍റെ അമ്മ അമ്മൂമ്മമാര്‍ പറഞ്ഞിട്ടുണ്ട് ഗോപാലന്‍റെ കുടുംബം ശരിയല്ലെന്ന്. എല്ലാ നാട്ടുകാര്‍ക്കും ഗോപാലനെ നല്ല വിശ്വാസമാണല്ലോ എന്ന് ചോദിച്ചപ്പോള്‍ എന്‍റെ വിശ്വാസം മാത്രമാണ് ശരിയെന്നും മറ്റുള്ളവര്‍ അവിശ്വാസികളാണെന്നും പറയുന്നു. സംഭവം നടക്കുമ്പോള്‍ ഗോപാലന്‍ ഗള്‍ഫിലാണല്ലോ എന്ന് ചോദിച്ചപ്പോള്‍ അവിടെയിരുന്നും അയാളത് ചെയ്യുമെന്നായി. അതെങ്ങനെ ശരിയാകുമെന്ന് ചോദിച്ചപ്പോള്‍ ഗോപാലന്‍റെ ശരീരത്തിന് ചുറ്റും ചക്രങ്ങള്‍ ഉണ്ടെന്നും ചില ചക്രങ്ങള്‍ ശരിയല്ലെന്നും പറയുന്നു. ഞങ്ങള്‍ കാണാത്ത ചക്രം നിങ്ങളെങ്ങനെ കണ്ടെന്നു ചോദിച്ചപ്പോള്‍ പോലീസിന്‍റെ അറിവ് പൂര്‍ണ്ണമല്ലെന്നും ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്നും പറയുന്നു. ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധിച്ചിട്ടും സ്കാന്‍ ചെയ്തു നോക്കിയിട്ടും ഗോപാലന്‍റെ ചക്രങ്ങള്‍ കാണുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സത്യമെല്ലാം പറഞ്ഞു കഴിഞ്ഞു, ഇനി എന്നോട് ആരും തര്‍ക്കത്തിന് വരേണ്ടെന്നും പറഞ്ഞ് വീട്ടമ്മ കതകടച്ച് അകത്തുപോകുന്നു. പോലീസ് ആരായി? ചക്രം വിശ്വസിച്ച ജനം ആരായി?

ഇത്രേയുള്ളൂ. വീട്ടില്‍ മോഷണം നടന്നെന്ന സത്യവും വീട്ടമ്മയുടെ അന്ധവിശ്വാസമായ ഗോപാലന്‍റെ ചക്രവും കൂട്ടിക്കുഴച്ച് ചമ്മന്തിയാക്കി. ആ ചമ്മന്തി തിന്നാനും തിന്നിട്ട് അസ്സലായി എന്ന് പറയാന്‍ ചില ചക്രവിശ്വാസികളും.

നമ്മള്‍ പുതിയ സിനിമയും നല്ല ചിക്കന്‍ ബിരിയാണിയും ചര്‍ച്ചചെയ്യേണ്ട സമയമായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top