Flash News

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ദിലീപ് കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കോടികള്‍ ചിലവിടുന്നതായി പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍

October 8, 2018

pallissery_InPixio_InPixioനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ദിലീപ് കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കോടികള്‍ ചിലവിടുന്നതായി പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും അതിന് മുമ്പും ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് പല്ലിശ്ശേരി. സിനിമാ മംഗളം വാരികയിലെ കോളത്തിലൂടെ അത്രയേറെ ദിലീപിനെതിരെ അദ്ദേഹം ആക്ഷേപങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്. മഞ്ജു വാര്യരും ദിലീപും അകലാന്‍ കാരണം പോലും പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ടുകളാണെന്ന് ദിലീപ് കരുതിയിരുന്നു. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട സിനിമാ മംഗളത്തില്‍ തുടരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളും ദിലീപിന് വലിയ തിരിച്ചടിയായി മാറിയിരുന്നു. ഒടുവില്‍ ദിലീപ് നടത്തിയ ശക്തമായ ഇടപെടലുകളിലൂടെ പല്ലിശ്ശേരിയെ മംഗളത്തില്‍ നിന്ന് പുറത്താക്കി. സിനിമാ മംഗളത്തിന്റെ പത്രാധിപ സ്ഥാനത്ത് നിന്നും ഒഴിഞ്ഞ പല്ലിശ്ശേരി ഇപ്പോള്‍ സിപിഐയുടെ മുഖപത്രമായ ജനയുഗത്തിലൂടെ ദിലീപിനെതിരെ വീണ്ടും ആഞ്ഞടിക്കുകയാണ്.

അക്രമിക്കപ്പെട്ട നടിയെയോ സാക്ഷികളേയോ സ്വാധീനിക്കരുത്, പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് മുമ്പാകെ സമര്‍പ്പിക്കണം, കേസ് നടപടികളുമായി സഹകരിക്കണം, അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിനിടെ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വാക്കായോ മാധ്യമങ്ങളിലൂടെയോ സ്വാധീന, ഭീഷണി ശ്രമങ്ങള്‍ പാടില്ല തുടങ്ങിയ ജാമ്യ വ്യവസ്ഥകളോടെയാണ് ദിലീപ് പുറത്ത് വന്നതെന്ന് പല്ലിശ്ശേരി ജനയുഗത്തിലെ ലേഖനത്തില്‍ പറയുന്നു. ജാമ്യം ലഭിച്ചു പുറത്തുവന്ന ദിലീപിനെ ഒരു സംഘം സ്വീകരിച്ചത് പാലഭിഷേകവും പുഷ്പാഭിഷേകവും നടത്തിയാണ്. മണിക്കൂറുകളോളം ആലുവയില്‍ ഗതാഗത തടസമുണ്ടാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടാണ് ജാമ്യലംഘനത്തിന് തുടക്കമിട്ടത്.

തുടര്‍ന്ന് പുറത്ത് വന്ന ദിലീപ് കേസില്‍ നിന്നും വേഗത്തില്‍ രക്ഷപ്പെടാനും താന്‍ നിരപരാധിയാണെന്ന് തെളിയിക്കാനും വേണ്ടി കോടികളാണ് ചെലവിട്ടുകൊണ്ടിരിക്കുന്നതെന്ന് പല്ലിശ്ശേരി പറയുന്നു. സ്വാധീനിക്കാന്‍ പറ്റുന്ന മിക്കതിനെയും സ്വാധീനിച്ചു. ഇതിനകം പലരുടെയും കൈകളിലേക്ക് കോടികള്‍ എത്തിച്ചിട്ടുണ്ട്. ജാമ്യലംഘനം തുടര്‍ച്ചയാക്കി മാറ്റിയ ദിലീപിന് ഒന്നിലും പേടിയില്ല. എന്തു വിലകൊടുത്തും രക്ഷപ്പെടാനുള്ള തീവ്ര ശ്രമത്തിലാണ്. ഇതിനായി എത്ര കോടികള്‍ ചെലവഴിക്കാനും ദിലീപിന് മടിയില്ല. പ്രതികാരം ചെയ്യേണ്ടവരോട് ആ രീതിയിലും പണം കൊടുത്ത് വശത്താക്കേണ്ടവരെ അത്തരത്തിലും സ്വാധീനിച്ചു കഴിഞ്ഞുവെന്നും പല്ലിശ്ശേരി പറയുന്നു.

സിപിഐഎം നേതാവായ ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ സിനിമയില്‍ നായകനായതോടെയാണ് കേസ് കൂടുതല്‍ അട്ടിമറിക്കപ്പെടുമെന്ന സംശയം ജനിച്ചതെന്നും പല്ലിശ്ശേരി പറയുന്നു. ജനയുഗത്തിലൂടെയുള്ള ഈ പ്രസ്താവനക്കെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. ബി ഉണ്ണിക്കൃഷ്ണന്‍ സിപിഐഎം നേതാവല്ല എന്നവര്‍ പറയുന്നു. സിപിഐഎമ്മിനോട് അനുഭാവമുള്ള ഒരു കലാകാരന്‍ മാത്രമാണ് അദ്ദേഹം. ഇനി പല്ലിശ്ശേരി പറയുന്നത് പോലെ സിപിഐഎം നേതാവാണെങ്കില്‍ തന്നെ സിപിഐഎം നേതാവിന്റെ സിനിമയില്‍ അഭിനയിച്ചാല്‍ കേസ് എങ്ങിനെ അട്ടിമറിക്കപ്പെടും എന്നാണ് അവരുടെ ചോദ്യം. സിപിഐഎം നേതാവിന്റെ സിനിമയില്‍ അഭിനയിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ സിപിഐഎം ഇടപെടുമെന്നാണോ പല്ലിശ്ശേരി പറയുന്നതെന്നും ഇവര്‍ ചോദിക്കുന്നു.

തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അത്രയേറെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുവന്ന പല്ലിശ്ശേരിക്കെതിരെ നേരത്തെ ദിലീപ് രംഗത്ത് വന്നിരുന്നു. വര്‍ഷങ്ങളായി തന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന ആളാണ് പല്ലിശ്ശേരി. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരിക്കുന്ന സമയത്ത് മുകേഷേട്ടന്‍ പറഞ്ഞ കഥകളിലൂടെയാണ് എനിക്ക് പല്ലിശ്ശേരി എന്ന ആളെ പരിചയം. അന്ന് തിലകന്‍ ചേട്ടനെ തല്ലി എന്നൊക്കെ പറഞ്ഞിട്ടുള്ള കഥകളുണ്ടായിരുന്നു. കേട്ട കാര്യങ്ങള്‍ അത്തരത്തിലുള്ളതായതിനാല്‍ എന്റെ മനസ്സില്‍ ഇയാള്‍ക്ക് ഒരു കോമാളിയുടെ രൂപമാണ്. കണ്ടുമുട്ടിയത് പിന്നീടൊരു സുപ്രഭാതത്തില്‍ ഞാന്‍ പെല്ലിശ്ശേരിയെ നേരിട്ട് കണ്ടു. എനിക്കയാള കണ്ടപ്പോള്‍ ഒരു കൗതുകമാണ് ആദ്യം തോന്നിയത്. പിന്നീട് പല അവസരത്തിലും ഇയാളെ കണ്ടു. ലൊക്കേഷനില്‍ ‘ഒരു സ്‌മോള്‍’ ഉണ്ടാവുമോ എന്നൊക്കെ ചോദിച്ച് വരാറുണ്ട്. പൈസ ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെ ഇടയ്ക്ക് ലൊക്കേഷനില്‍ വരും. നമ്മുടെ അടുത്ത് പൈസ ചോദിക്കും. പൈസ കൊടുത്ത് എഴുതിക്കേണ്ട ആവശ്യമില്ലല്ലോ. അതിന് ശേഷമാണ് എന്നെ കുറിച്ച് മോശമായ വാര്‍ത്തകള്‍ എഴുതി തുടങ്ങിയതെന്നായിരുന്നു അന്ന് ദിലീപ് ഒരു മാധ്യമത്തിലൂടെ വ്യക്തമാക്കിയത്.

എന്തിനാണ് ഇങ്ങനെ എഴുതുന്നത് എന്ന് ചോദിച്ചപ്പോള്‍ നമ്മള്‍ ചോദിക്കുന്നത് തന്നില്ലെങ്കില്‍ ഇങ്ങനെയെക്കെ ഉണ്ടാവും എന്നായിരുന്നു മറുപടിയെന്നും ദിലീപ് പറഞ്ഞിരുന്നു. ഏറ്റവുമൊടുവില്‍ ഞങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത്, ‘ എന്റെ മകനെ അസിസ്റ്റന്റ് ഡയറക്ടറാക്കണം’ എന്നാണ്. അതിന് ഞാന്‍ അവരെ കളിയാക്കി. ഇനി മകന്‍ സംവിധായകനായാല്‍ അയാളെ കുറിച്ചും കിടപ്പറ രഹസ്യങ്ങള്‍ എഴുതി പൈസ വാങ്ങില്ലേ എന്ന് ചോദിച്ചു. അത് പുള്ളിക്ക് വലിയ കുറച്ചിലായി. അതിന് ശേഷം ഒരു അവാര്‍ഡ് നൈറ്റിന് വേണ്ടി വിളിച്ചു. എനിക്കതിന് പോകാന്‍ കഴിഞ്ഞില്ല. അതിന് ശേഷം ശത്രുതയോട് ശത്രുതയാണെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.

പല്ലിശേരിയുടെ ജനയുഗത്തിലെ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം:

കോടികള്‍ കൊടുത്ത് ദിലീപ് രക്ഷപ്പെടും!

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് നടന്‍ ദിലീപിന് കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കുമെന്നതിനാല്‍ വിചാരണ കഴിയുംവരെ ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും തെളിവെടുപ്പും സാക്ഷികളുടെ ചോദ്യംചെയ്യലും പൂര്‍ത്തിയായതായി കോടതി നിരീക്ഷിച്ചു.

ഗുരുതരമായ ആരോപണമാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായി 85 ദിവസം ജയിലില്‍ കിടന്ന ദിലീപിന് നേരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചതെങ്കിലും പ്രതിക്ക് ഏതെങ്കിലും തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കാളിയല്ലെന്നും ഇരയും സാക്ഷികളും വിചാരണവേളയില്‍ കൂറുമാറുമെന്ന് കോടതി കരുതുന്നില്ലെന്നും അതുകൊണ്ട് കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അങ്ങനെ 85ാമത്തെ ദിവസം ദിലീപ് സ്വതന്ത്രനായി.

ജാമ്യവ്യവസ്ഥകള്‍ എന്തൊക്കെ?

ആക്രമിക്കപ്പെട്ട നടിയെയൊ സാക്ഷികളെയൊ സ്വാധീനിക്കരുത്.

ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും.

പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് മുമ്പാകെ സമര്‍പ്പിക്കണം.

അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.

കേസ് നടപടികളുമായി സഹകരിക്കണം.

അന്തിമറിപ്പോര്‍ട്ട് നല്‍കുന്നതിനിടെ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്.

വാക്കായോ, അച്ചടി, ദൃശ്യ, ഇലക്ട്രിക് മാധ്യമങ്ങളിലൂടെയോ സ്വാധീന, ഭീഷണിശ്രമങ്ങള്‍ പാടില്ല.

കുറ്റപത്രത്തിലെ പ്രസക്തഭാഗങ്ങള്‍

ദിലീപിന് കാവ്യാമാധവനുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവ് അതിക്രമത്തിനു ഇരയായ നടി മഞ്ജുവാര്യര്‍ക്കു നല്‍കിയത് വൈരാഗ്യത്തിന് കാരണമായി.

‘ഹണി ബി ടു’ ചിത്രത്തിന്റെ ഗോവയിലെ സെറ്റില്‍ വച്ചും നടിയെ ആക്രമിക്കാന്‍ പദ്ധതി ഇട്ടു.

2015 നവംബര്‍ രണ്ടിന് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം നല്‍കി.

2013 ഏപ്രില്‍ മാസം താരനിശയുടെ റിഹേഴ്‌സല്‍ ക്യാമ്പിലുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി ദിലീപ് സിനിമാ മേഖലയിലെ സ്വാധീനമുപയോഗിച്ച് നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ശ്രമിച്ചു.

ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തി അത് നടിക്കെതിരെ പലതരത്തിലും ഉപയോഗിക്കാന്‍ പള്‍സര്‍ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തി.

നടിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഡ്രൈവറായി ജോലി ചെയ്തുവന്ന പള്‍സര്‍ സുനിയെ ദിലീപ് എറണാകുളം എം ജി റോഡിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു.

ഗൂഢാലോചന നടത്താന്‍ തൃശൂരില്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും വീണ്ടും കൂടിക്കാഴ്ച നടത്തി.
അവിടെവച്ച് 10,000 രൂപ നല്‍കി. തുടര്‍ന്ന് പിറ്റേദിവസം ഒരു ലക്ഷം രൂപയും നല്‍കി.

തുടര്‍ന്ന് തൊടുപുഴയിലെത്തി 30,000 രൂപ കൈപ്പറ്റുകയും കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കൂടുതല്‍ പണം നെറ്റ് ബാങ്കിങ് വഴി കൈമാറാന്‍ ഒന്നാംപ്രതി ശ്രമിക്കുകയും ചെയ്തു.

തോപ്പുംപടി പാലത്തിനു സമീപം, തൃശൂര്‍ പുഴക്കല്‍ കിണറ്റിങ്കല്‍ ടെന്നീസ് ക്ലബ്, തൊടുപുഴയിലെ കോളജ് എന്നിവിടങ്ങളില്‍ വച്ചും ദിലീപും പള്‍സര്‍ സുനിയും നേരില്‍ കണ്ടു. നടി വിവാഹിതയായി സിനിമാരംഗം വിടാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ കൃത്യം നടത്തണമെന്ന് ദിലീപ് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടു.

ഗോവയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് കൃത്യം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നടി എറണാകുളത്ത് വരുമെന്നറിഞ്ഞ് തമ്മനത്തെ വാടകവീട്ടിലെത്തി പള്‍സര്‍ സുനിയും കൂട്ടാളികളും ഗൂഢാലോചന നടത്തി പദ്ധതി ആവിഷ്‌കരിച്ചു.

തൃശൂരില്‍ നിന്നും പനമ്ബിള്ളി നഗറിലേക്ക് വരികയായിരുന്ന നടിയുടെ വാഹനത്തെ കറുകുറ്റിയില്‍ നിന്ന് ടെമ്‌ബോ ട്രാവലറില്‍ പിന്തുടര്‍ന്ന് അക്രമം നടത്തി.

2017 ഫെബ്രുവരി 22ന് പള്‍സര്‍ സുനിയും കൂട്ടാളിയും കാവ്യാമാധവന്റെ സ്ഥാപനമായ ‘ലക്ഷ്യ’യില്‍ എത്തി ദിലീപിനെക്കുറിച്ച് അന്വേഷിച്ചു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ 11ാം തീയതി അഡ്വ. പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചു. എന്നാല്‍ പ്രതിഷ് ചാക്കോ രേഖകള്‍ മനഃപൂര്‍വം കേസിന്റെ തെളിവിലേക്ക് ഹാജരാക്കിയില്ല. സഹപ്രവര്‍ത്തകനായ 12ാം പ്രതി അഡ്വ. രാജു ജോസഫിനെ ഏല്‍പ്പിച്ചു. ഇയാള്‍ നാലരമാസത്തോളം മെമ്മറി കാര്‍ഡ് ഒളിപ്പിച്ചുവച്ചു. ഇരുവരും ചേര്‍ന്ന് തെളിവ് നശിപ്പിച്ചു.

എന്തൊക്കെയാണ് കുറ്റങ്ങള്‍?

ക്രിമിനല്‍ ഗൂഢാലോചന

കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍

അന്യായമായി തടങ്കലില്‍ വയ്ക്കല്‍

തട്ടിക്കൊണ്ടുപോകല്‍

സ്ത്രീകള്‍ക്കെതിരായ അക്രമം

തടങ്കലില്‍ വയ്ക്കാനായി ബലാത്സംഗം

കൂട്ടബലാല്‍സംഗം

ഭീഷണിപ്പെടുത്തല്‍

തെളിവ് നശിപ്പിക്കല്‍

കുറ്റവാളിയെ സംരക്ഷിക്കല്‍

പ്രകൃതിവിരുദ്ധ പീഡനം

ബലമായി തടഞ്ഞുവയ്ക്കല്‍

മുഖ്യസാക്ഷിപ്പട്ടികയില്‍ മഞ്ജുവാര്യര്‍

650 പേജുള്ള കുറ്റപത്രം

മുഖ്യസാക്ഷിപ്പട്ടികയില്‍ മഞ്ജുവാര്യര്‍

450 രേഖകള്‍

355 സാക്ഷികള്‍

സിനിമാമേഖലയില്‍ നിന്നും 50 സാക്ഷികള്‍

22 പേരുടെ രഹസ്യമൊഴി

ദിലീപിനെതിരെ കൂട്ടബലാല്‍സംഗം തുടങ്ങി 13 കുറ്റകൃത്യങ്ങള്‍

നടിയോടുള്ള വ്യക്തിവൈരാഗ്യത്തിനും ആക്രമണത്തിനും എട്ട് കാരണങ്ങള്‍

കുറ്റാരോപിതന് പാലഭിഷേകവും പുഷ്പാഭിഷേകവും

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റാരോപിതനാണ് ദിലീപ്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും ഇത്തരമൊരു സംഭവം ആദ്യമാണെന്നും കോടതി സൂചിപ്പിച്ചിരുന്നു.

ജാമ്യം ലഭിച്ചു പുറത്തുവന്ന ദിലീപിനെ ഒരു സംഘം സ്വീകരിച്ചത് പാലഭിഷേകവും പുഷ്പാഭിഷേകവും നടത്തിയാണ്. മണിക്കൂറുകളോളം ആലുവയില്‍ ഗതാഗത തടസമുണ്ടാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടാണ് ജാമ്യലംഘനത്തിന് തുടക്കമിട്ടത്.

ജാമ്യലംഘനം തുടര്‍ച്ചയാക്കി?

ജാമ്യം കിട്ടി പുറത്തുവന്ന ദിലീപ് കേസില്‍ നിന്നും വേഗത്തില്‍ രക്ഷപ്പെടാനും താന്‍ നിരപരാധിയാണെന്നു തെളിയിക്കാനും വേണ്ടി കോടികളാണ് ചെലവിട്ടുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ സ്വാധീനിക്കാന്‍ പറ്റുന്ന മിക്കതിനേയും സ്വാധീനിച്ചു. ഇതിനകം പലരുടെയും കൈകളിലേക്ക് കോടികള്‍ എത്തിച്ചിട്ടുണ്ടെന്നാണ് സിനിമാരംഗത്തെ അടക്കിപ്പിടിച്ച വര്‍ത്തമാനം. ജാമ്യലംഘനം തുടര്‍ച്ചയാക്കി മാറ്റിയ ദിലീപിന് ഒന്നിലും പേടിയില്ല. എന്തു വിലകൊടുത്തും രക്ഷപ്പെടുന്നതിനുള്ള തീവ്രശ്രമത്തിലാണ്.

രക്ഷപ്പെടാന്‍ കോടികള്‍ എത്ര വേണമെങ്കിലും ചെലവഴിക്കാന്‍ ദിലീപിന് മടിയില്ല. ജാമ്യം കിട്ടി പുറത്തുവന്നതുമുതല്‍ പ്രതികാരം ചെയ്യേണ്ടവരോട് ആ രീതിയിലും പണം കൊടുത്തു വശത്താക്കേണ്ടവരെ അത്തരത്തിലും സ്വാധീനിച്ചുകഴിഞ്ഞു. എത്രയും വേഗം വിചാരണ തുടങ്ങുമെന്നു പറഞ്ഞിരുന്നെങ്കിലും വിചാരണ തുടങ്ങാതിരിക്കുന്നതിന് ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് കോടതിയെ സമീപിക്കുകയായിരുന്നു.

കുറ്റം ചെയ്തിട്ടില്ലെങ്കില്‍ എന്തിനിത്ര ഭയമെന്ന ചോദ്യത്തിന് മറുപടി മാത്രം ഉണ്ടായില്ല.ഇപ്പോള്‍ രണ്ട് സിനിമയുടെ ചിത്രീകരണത്തിലാണ് ദിലീപ്. അറസ്റ്റിനു മുമ്ബ് തുടക്കമിട്ട രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരെണ്ണം. സംവിധായകനും സിപിഐഎം നേതാവുമായ ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് രണ്ടാമത്തേത്. ഉണ്ണികൃഷ്ണന്റെ സിനിമയില്‍ നായകനായതോടെയാണ് കേസ് കൂടുതല്‍ അട്ടിമറിക്കപ്പെടും എന്ന സംശയം ജനിച്ചത്.

നടിക്ക് നീതി ലഭിക്കില്ല

എല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ മനസിലാകുന്ന ചിത്രം ശോചനീയമാണ്. പണമുണ്ടെങ്കില്‍ ആര്‍ക്കും ഏത് കേസില്‍ നിന്നും സുഖമായി രക്ഷപ്പെടാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top