Flash News

ബ്രൂവറി, ബ്ലെന്‍ഡിംഗ് ഡിസ്റ്റിലറി യൂണിറ്റുകള്‍ക്ക് നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി; പ്രതിപക്ഷം അനാവശ്യമായി വിവാദം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി

October 9, 2018

pin_32തിരുവനന്തപുരം: തിരുവനന്തപുരം: വിവാദമായ ബ്രൂവറി, ഡിസ്റ്റലറി അനുമതി സര്‍ക്കാര്‍ റദ്ദാക്കി. പുതിയ അനുമതി നല്‍കുന്നത് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ അനുവദിച്ചതില്‍ വീഴ്ച്ചയൊന്നുമില്ല വിവാദം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അഴിമതിക്ക് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സര്‍ക്കാരാണിത്. കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഈ ഘട്ടത്തിലാണ് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. അതുക്കൊണ്ടു തന്നെ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ അനുവദിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം പുതിയ യൂണിറ്റുകള്‍ക്ക് ഇനി അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ പിറകോട്ട് പോയി എന്നല്ലെന്നും സംസ്ഥാനത്തിന് ആവശ്യമായ പുതിയ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ 40 ശതമാനവും സംസ്ഥാനത്തിന് പുറത്ത് നിന്ന് വരികയാണ്. ആ സാഹചര്യത്തില്‍ പുതിയ യൂണിറ്റുകള്‍ സംസ്ഥാനത്തിന് ആവശ്യമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇത്തരത്തില്‍ യൂണിറ്റുകള്‍ക്ക് നിയമപ്രകാരം അപേക്ഷകള്‍ തുടര്‍ന്നും നല്‍കാവുന്നതാണ്. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം വകുപ്പ് തത്വത്തില്‍ അംഗീകാരം നല്‍കും. പുതിയ അപേക്ഷ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക സംവിധാനം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മള്‍ ഒന്നിച്ചുനില്‍ക്കേണ്ട ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ ഒരു തരത്തിലുമുള്ള ആശയകുഴപ്പങ്ങളും ഉണ്ടാകാന്‍ പാടില്ല. അതുക്കൊണ്ടാണ് ഇപ്പോള്‍ റദ്ദാക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിപക്ഷത്തിന് വേണ്ടത് ഒരു പുകമറ സൃഷ്ടിക്കുകയാണ്. അതില്ലാതാക്കുകയാണ്, അല്ലാതെ അവരുടെ ആരോപണത്തിന് കീഴടങ്ങുകയല്ല. നാടിന്റെ ആവശ്യത്തിന് വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ചയാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശബരിമല സ്ത്രീപ്രവേശനവിധിയില്‍ റിവ്യൂഹര്‍ജി നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിധി നടപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നും റിവ്യു ഹര്‍ജി കോടതിയ്ക്ക് നല്‍കിയ ഉറപ്പിന് വിരുദ്ധമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ആരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. തുല്യതയാണു സര്‍ക്കാര്‍ നിലപാട്. വിശ്വാസികളുമായി ഏറ്റുമുട്ടുക എന്നതു സര്‍ക്കാര്‍ നയമല്ല. എന്നാല്‍ രാഷ്ട്രീയപ്രേരിതമായി സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ഒരുമ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പ്രളയകാലത്തു കണ്ട മതേതര ഐക്യമാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top