Flash News

അടുത്ത വര്‍ഷം ലോകം കാണാന്‍ കാത്തിരിക്കുന്ന വിജയലക്ഷ്മി ഒക്ടോബര്‍ 22-ന് വിവാഹിതയാകുന്നു

October 9, 2018

vaikomഅടുത്ത വര്‍ഷം ഞാന്‍ ലോകം കാണുമെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. അമേരിക്കയിലെ നേത്ര ചികിത്സയ്ക്കായാണ് വിജയലക്ഷ്മി അടുത്ത വര്‍ഷം പോകുന്നത്. ചികിത്സ പൂര്‍ത്തിയായാല്‍ തനിക്ക് ഈ ലോകം കാണാനാവുമെന്ന ശുഭ്രപ്രതീക്ഷയിലാണ് ഈ അനുഗ്രഹീത ഗായിക. ഒരു ചാനല്‍ പരിപാടിക്കിടെയാണ് വിജയലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. “കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പോയി ഡോക്ടറുമായി സംസാരിച്ചിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ അവിടെ പുതിയ ചികിത്സാ രീതികളൊക്കെ വരുന്നുണ്ട്. ഇപ്പോള്‍ തന്നെ നല്ല മാറ്റം തോന്നുന്നുണ്ട്. വെളിച്ചമൊക്കെ കാണാമെനിക്ക്.” വിജയലക്ഷ്മി പറഞ്ഞു.

ഒക്ടോബര്‍ 22നാണ് വിജയലക്ഷ്മിയുടെ വിവാഹം. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 10.30നും 11.30നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ സുഹൃത്തും മിമിക്രി ആര്‍ട്ടിസ്റ്റുമായ അനൂപ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തും.

‘രണ്ടു വര്‍ഷമായി അനൂപിനെ അറിയാം. ഈയിടെയാണ് വിവാഹം കഴിക്കുവാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്നത്. എന്റെ സംഗീതവും ഹ്യൂമര്‍ സെന്‍സും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം. അതുകൊണ്ട് കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല.

മിമിക്രി ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന് സംഗീതവും അറിയാം. എനിക്കും മിമിക്രിയും ഇഷ്ടമാണ്. രണ്ടുപേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ നല്‍കി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്ന് വിവാഹം തീരുമാനിച്ച വേളയില്‍ വിജയലക്ഷ്മി പറഞ്ഞിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top