Flash News

എം.ടി.യുടെ ‘രണ്ടാമൂഴ’ത്തിനും ഒരു രണ്ടാമൂഴമോ ?

October 12, 2018

confirmed-big-news-randamoozham-way_710x400xtലോകമെങ്ങുമുള്ള മലയാളികൾ കാത്തിരുന്ന ‘രണ്ടാമൂഴം’ സിനിമയുടെ ഭാവി ഇനിയെന്താകും? ചലച്ചിത്രപ്രേമികളുടെ മനസ്സിൽ അലയടിക്കുന്ന ചോദ്യമാണിത്. പ്രതീക്ഷകളോടെ അവർ കാത്തിരിക്കുകയായിരുന്നു . എന്നാൽ മഹാഭാരതത്തിലെ ഭീമന്റെ ജീവിതം പകര്‍ത്തുന്ന തന്റെ നോവലായ ‘രണ്ടാമൂഴം’ ആസ്പദമാക്കിയുള്ള സിനിമയില്‍നിന്ന് എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നു എന്ന വാർത്ത അവിശ്വസനീയമായിരുന്നു അവർക്ക് . ” ആടെന്തറിഞ്ഞു , അങ്ങാടിവാണിഭം ” എന്ന ചൊല്ല് അന്വർത്ഥമാക്കുംവിധമാണ് കാര്യങ്ങളുടെ പോക്ക്. എം.ടി കോടതിയെ സമീപിച്ചതിനുപിന്നാലെ പിന്നാമ്പുറക്കഥകളുടെ കുത്തൊഴുക്കാണ് നടക്കുന്നത്.

ശ്രദ്ധേയമായ നിരവധി പരസ്യചിത്രങ്ങൾ നിർമ്മിച്ച , വി.എ ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രം അനന്തമായി നീളുന്നതാണ് അതിന്റെ തിരക്കഥാകൃത്തുകൂടിയായ എം.ടിയെ ഈ പ്രൊജക്ടിൽ നിന്നും പിന്തിരിപ്പിച്ചത് . സംവിധായകനുമായുണ്ടാക്കിയ കരാര്‍കാലാവധി അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എംടി , കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തിരക്കഥയ്ക്കായി മുന്‍കൂർ വാങ്ങിയ തുകയായ 1 .25 കോടിരൂപ മടക്കിക്കൊടുക്കുമെന്നും എം.ടി വ്യക്തമാക്കിയിരുന്നു. അദ്ദേഹം നൽകിയ ഹരജിയിൽ ‘രണ്ടാമൂഴം’ എന്ന തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തി കോഴിക്കോട് മുന്‍സിഫ് കോടതി ഉത്തരവാകുകയും ചെയ്തിട്ടുണ്ട് . സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാണ കമ്പനിയ്ക്കും കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഈ മാസം 25ന് ഈ കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ് .

220px-Randamoozham_30th_edition_cover1000 കോടി ബജറ്റിൽ , ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന ചിത്രമാണ് രണ്ടാംമൂഴം. നാലുവര്‍ഷം മുമ്പാണ് ചര്‍ച്ചകള്‍ക്കു ശേഷം എം ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥ കൈമാറിയത് . മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും നടപടിയുണ്ടായില്ല . രണ്ടുമാസങ്ങൾക്കു മുൻപ് ഇക്കാര്യമെല്ലാം സൂചിപ്പിച്ചു സംവിധായകനും നിർമ്മാണക്കമ്പനിയ്ക്കും എം.ടി നോട്ടീസയച്ചിരുന്നു. എന്നാൽ അതിന് യാതൊരു മറുപടിയും കാണാതായതോടെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

വർഷങ്ങൾ നീണ്ട പഠനവും ഗവേഷണവും നടത്തിയാണ് താന്‍ ‘രണ്ടാമൂഴം’ നോവലും തിരക്കഥയും ഉണ്ടാക്കിയതെന്നും എന്നാല്‍ താന്‍ കാട്ടിയ ആവേശവും ആത്മാർത്ഥതയും സിനിമ ചെയ്യുന്നവര്‍ കാട്ടിയില്ലെന്നുമാണ് എംടിയുടെ പരാതി.

രണ്ടു ഭാഗങ്ങളായി പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടി സിനിമ നിര്‍മ്മിക്കുമെന്നാണ് അറിയിച്ചിരുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായിട്ടായിരുന്നു സിനിമ പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിൽ ഭീമന്റെ റോളിൽ മോഹൻലാലിനെയും പ്രഖ്യാപിച്ചിരുന്നു. കൂടാതെ, വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കും എന്നാണ്‌ സംവിധായകന്‍ അടുത്ത ദിനംവരെ പറഞ്ഞത്. അതിനിടയിലാണ് എംടി പിന്‍മാറുന്നത്‌ .

തുടക്കം മുതൽ വിവാദങ്ങളിൽ പെട്ടിരുന്നു ‘രണ്ടാമൂഴം’. ‘മഹാഭാരതം’ എന്ന പേരിലായിരുന്നു ആദ്യം സിനിമ പ്രഖ്യാപിച്ചത്. എന്നാൽ ‘രണ്ടാമൂഴം’ മഹാഭാരതമല്ലെന്നും മഹാഭാരതത്തിൽ നിന്നും ഭീമനെ അടർത്തിയെടുത്ത് തന്റെ വ്യാഖ്യാനം നൽകി എം.ടി രചിച്ച നോവലാണെന്നും അതിന് ‘മഹാഭാരതം’ എന്ന് പേരിടരുതെന്നും പറഞ്ഞ് ചില സംഘടനകൾ രംഗത്തുവന്നിരുന്നു. ഇതേത്തുടർന്ന് ‘രണ്ടാമൂഴം’ എന്ന് തന്നെയായിരിക്കും പേരെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

എം.ടി യുടെ കാൽതൊട്ട് വന്ദിച്ച് കൈപ്പറ്റിയ തിരക്കഥയാണെന്നും അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കുമെന്നുമാണ് സംവിധായകനായ ശ്രീകുമാർ മേനോൻ പറയുന്നത്. ‘ഒടിയ’ന്റെ ജോലികളിലായതിനാൽ എം.ടി യെ വിവരങ്ങൾ ധരിപ്പിക്കാൻ വൈകിയെന്നും അദ്ദേഹം പറയുന്നു.

നിർമ്മാതാവ് ബി.ആർ .ഷെട്ടിയാവട്ടെ ‘മഹാഭാരതം’ സിനിമയിൽ നിന്ന് പിറകോട്ടില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എം.ടി യുടെ പിന്മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ 1000 കോടി മുതൽ മുടക്കിൽ , താൻ തന്നെ ‘മഹാഭാരതം’ നിർമ്മിക്കുമെന്നും സംവിധായകനുമായി കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വിദേശത്ത് ഒരു മാദ്ധ്യമപ്രവർത്തകനോട് വ്യക്തമാക്കി . തിരക്കഥ ആരായാലും പ്രശ്നമില്ലെന്ന സൂചന അദ്ദേഹം വരികൾക്കിടയിലൂടെ നൽകിയോ എന്നൊരു സന്ദേഹം എല്ലാവരിലും ഉണ്ട്. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ‘മഹാഭാരതം’ എന്ന ചലച്ചിത്രം നിർമ്മിക്കുന്നതിൽ അഭിമാനമേയുള്ളുവെന്നും ലോകം മുഴുവൻ ഈ ചലച്ചിത്രം അറിയപ്പെടണം എന്നുമുള്ള ആഗ്രഹം അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഈ ഒരു സിനിമ മാത്രമേ താ ൻ നിർമ്മിക്കൂ എന്നും ബി.ആർ. ഷെട്ടി വ്യക്തമാക്കുന്നു.

‘രണ്ടാമൂഴ’ത്തിലെ കേന്ദ്രകഥാപാത്രമായ ഭീമനെ മോഹൻലാൽ അവതരിപ്പിക്കുമെന്നായിരുന്നല്ലോ നാം കേട്ടത്. എന്നാൽ എം.ടിയുടെ പിന്മാറ്റവാർത്തകളോട് ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല.

അതേസമയം, 1000 കോടി ബജറ്റിൽ ഒരു സിനിമ മലയാളത്തിന് താങ്ങാനാവുമോ എന്നെല്ലാമുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട് . ബാഹുബലിയുടെ രണ്ടുഭാഗങ്ങൾക്കു പോലും 450 കോടി രൂപയെ ചിലവായിട്ടുള്ളൂ എന്നവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇംഗ്ളീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ മഹാഭാരതംകഥ പറയുമ്പോൾ 1000 കോടി രൂപയിലേക്കെത്തില്ലേ എന്ന മറുചോദ്യവും ഉണ്ട് .

ദിലീപും ശ്രീകുമാർ മേനോനും തമ്മിലുള്ള ബന്ധത്തെയും ഇതിലേക്ക് ചിലർ വലിച്ചിഴക്കുന്നുണ്ട് . ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വന്ന വാർത്തകളിൽ ശ്രീകുമാർ മേനോന്റെ പേരും പരാമർശിക്കപ്പെട്ടിരുന്നു . ‘രണ്ടാമൂഴം’ എന്ന പ്രോജക്ട് ദിലീപിനെതിരെ ചലച്ചിത്രലോകത്തെ ചിലരെ അണിനിരത്താൻ മറ്റുചിലർ ഉപയോഗിച്ചുവെന്ന ഗോസിപ്പുകളും തിരശീലയ്ക്ക് പിന്നിൽ നിന്ന് കേൾക്കുന്നുണ്ട് .

എന്തായാലും, 2009 ൽ ‘കേരളവർമ്മ പഴശ്ശിരാജ’യ്ക്ക് ശേഷം ( 2013 ലെ ഏഴാം അറിവും കഥാവീടും മറക്കുന്നില്ല) എം.ടി യുടെ ഒരു തിരക്കഥ സിനിമയായിക്കാണാൻ കാത്തിരിക്കുന്ന ചലച്ചിത്രപ്രേക്ഷകരെ നിരാശപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ഈ പിന്മാറ്റം. താല്പര്യമുള്ളവർക്ക് ഈ തിരക്കഥ കൈമാറുന്നതിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട് .

ഒരു സസ്പെൻസ് ത്രില്ലർ സിനിമയുടെ സ്വഭാവമാണ് ഇപ്പോൾ ‘രണ്ടാമൂഴം’ സിനിമയുടെ കാര്യത്തിൽ സംഭവിക്കുന്നത്. 25 ന് കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോഴേക്കും ചലച്ചിത്രപ്രേക്ഷകന്റെ ആശങ്കകൾക്ക് അവസാനമാകുമോ?എം.ടി യുടെ സ്ക്രിപ്റ്റിൽ ‘രണ്ടാമൂഴം’ നേരത്തെ പ്രഖ്യാപിച്ചതുപോലെ തന്നെ ചലച്ചിത്രമാകുമോ ? അതോ , എം.ടി യുടെ സ്ക്രിപ്റ്റിൽ ‘രണ്ടാമൂഴം’ പുതിയ പ്രോജക്ടായി മറ്റൊരു ബാനറിൽ മറ്റൊരു സംവിധായകൻ പുറത്തിറക്കുമോ? മറ്റൊരാളുടെ സ്ക്രിപ്റ്റിൽ ‘മഹാഭാരതം’ എന്ന ചലച്ചിത്രം ഷെട്ടി നിർമ്മിച്ച് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് പുറത്തിറക്കുമോ? എല്ലാം കലങ്ങിത്തെളിഞ്ഞു ശുഭപര്യവസായിയാകുമോ?

‘രണ്ടാമൂഴം’ ചലച്ചിത്രത്തിനും കാലം കരുതിവെക്കുന്നത് രണ്ടാമൂഴം തന്നെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top