Flash News

അറ്റ്‌ലാന്റ കാര്‍മല്‍ മാര്‍തോമ സെന്റര്‍ മാര്‍ത്തോമാ ഭദ്രാസന ആസ്ഥാനമായി മാറ്റണം

October 13, 2018 , പി പി ചെറിയാന്‍

a2അറ്റ്‌ലാന്റ:അറ്റ്‌ലാന്റാ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അധികം വിദൂരത്തിലല്ലാതെ സ്ഥിതിചെയ്യുന്ന അറ്റ്‌ലാന്റ കാര്‍മല്‍ മാര്‍തോമ സെന്റര്‍ നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന ആസ്ഥാനത്തിനു സജ്ജമാക്കണമെന്നു ഒക്ടോബര്‍ 8 ഞായറാഴ്ച വിവിധ മാര്‍ത്തോമാ ഇടവകകളില്‍ നിന്നും ആദ്യമായി സെന്റര്‍ സന്ദര്‍ശിക്കാന്‍ എത്തിച്ചേര്‍ന്ന സഭാഅംഗങ്ങള്‍ പൊതുവില്‍ അഭിപ്രായപ്പെട്ടു .

അറ്റ്‌ലാന്റാ ടക്കര്‍ സിറ്റി ഓള്‍ഡ് സ്‌റ്റോണ്‍ മൗണ്ടന്‍ റോഡില്‍ നാല്‍പത്തിരണ്ട് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന 111820 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആറ് മില്യനോളം ഡോളര്‍ (42 കോടി രൂപ) ചിലവഴിച്ചു നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം സ്വന്തമാക്കിയ കെട്ടിട സമുച്ചയത്തിന്റെ പൂര്‍ണ പ്രയോജനം സഭക്കു ലഭിക്കണമെങ്കില്‍ ഭദ്രാസന എപ്പിസ്‌കോപ്പയുടെ സ്ഥിര സാനിധ്യം ഇവിടെ അനിവാര്യമാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു

2200 പേര്‍ക്കിരിക്കാവുന്ന വലിയ ഓഡിറ്റോറിയം (ദേവാലയം), 200 സീറ്റുകള്‍ വീതമുള്ള അസംബ്ലി ഹാള്‍/ ചാപ്പല്‍, മുപ്പത്തി ആറ് ക്ലാസ്‌റൂം, വലിയ കഫറ്റീരിയ, ജിംനേഷ്യം ഹാള്‍, ആംപി തിയ്യറ്റര്‍, 900 പാര്‍ക്കിംഗ് ലോട്ട്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് എന്നിവ ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയം സ്വന്തമാക്കിയതോടെ ഭദ്രാസന പ്രവര്‍ത്തനങ്ങളുടെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണ് കാര്‍മല്‍ മാര്‍തോമ സെന്റര്‍

മൗണ്ട് കാര്‍മല്‍ ക്രിസ്റ്റ് ചര്‍ച്ച് പ്രോപര്‍ട്ടി എന്നറിയപ്പെട്ടിരുന്ന 1989 മുതല്‍ വിവിധ ഘട്ടങ്ങളായി പണിതുയര്‍ത്തിയ ഈ കെട്ടിടം വാങ്ങുന്നതിന് ഇടവക കളില്‍ നിന്നും, വ്യക്തികളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്നും, മൂന്ന് മില്യണ്‍ ഡോളര്‍ ക്യാഷായും 3 മില്യണ്‍ ഡോളറോളം ബാങ്ക് വായ്പയായും നല്‍കിയെന്ന് ഭദ്രാസന ട്രഷറര്‍ പ്രൊഫ. ഫിലിപ്പ് തോമസ് പറഞ്ഞു.

ഭദ്രാസനം തുടങ്ങിവെച്ച മെക്‌സിക്കോ മിഷന്‍, പാട്രിക്ക് മിഷന്‍ തുടങ്ങിയ പ്രൊജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസമാണ് പുതിയ പ്രൊജക്ട് ഏറ്റെടുക്കുവാന്‍ ഭദ്രാസനത്തെ പ്രേരിപ്പിച്ചത്.

അറ്റ്‌ലാന്റയില്‍ മാര്‍ത്തോമാ ഇടവകാംഗങ്ങളുടെ സംഖ്യ പരിമിതമാണെങ്കിലും, അവിടെ നിലവിലുള്ള രണ്ട് ഇടവകകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനും, പുതിയ കെട്ടിട സമുച്ചയത്തില്‍ പൊതു ആരാധന നടത്തുന്നതിനും കൈക്കൊണ്ട തീരുമാനം പ്രൊജക്റ്റിന്റെ ആദ്യ വിജയമാണ്. യുവാക്കളേയും, പ്രായമായവരേയും ആകര്‍ഷിക്കുന്നതിനുള്ള വിവിധ സൗകര്യങ്ങള്‍ ഇവിടെയുള്ളതിനാല്‍ അവരുടെ സഹകരണം കൂടി പ്രൊജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ കൂട്ടായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രതിമാസം ഈ ഫെസിലിറ്റി പ്രവര്‍ത്തിക്കുന്നതിന് ഭാരിച്ച തുക ചിലവിടേണ്ടിവരുമെങ്കിലും,അത് വലിയൊ വലിയൊരു ബാധ്യതയാകാതെ അതിനനുസൃതമായ വരുമാനം ഇവിടെ നിന്നും പ്രതീക്ഷിക്കുന്നു

ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിവിധ കോണ്‍ഫ്രന്‍സുകള്‍ക്കും, പഠന ശിബിരങ്ങള്‍ക്കും ഇവിടെ എല്ലാവിധ സൗകര്യമുള്ളതിനാല്‍ വളരെ കുറഞ്ഞ ചിലവില്‍ പരിപാടികള്‍ സംഘടിപ്പിക്കാനാകുമെന്നും കണക്കുകൂട്ടുന്നു. ഭദ്രാസന എപ്പിസ്‌ക്കോപ്പായുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വിവിധ കമ്മറ്റികളാണ് ഈ പ്രൊജക്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

ഇത്രയും ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്തു ഈ പ്രൊജക്റ്റ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമോ എന്ന് ആശങ്കയുള്ളവര്‍ക്ക് എപ്പിസ്‌ക്കോപ്പാ നല്‍കിയ മറുപടി ‘ഭദ്രാസനം ഏറ്റെടുത്ത ഒരു പ്രൊജക്റ്റും പൂര്‍ത്തീകരിക്കാതിരിക്കയോ, ഫലപ്രാപ്തിയില്‍ എത്താതിരിക്കുകയോ ചെയ്തിട്ടില്ല’ എന്നാണ്. മുന്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പമാര്‍ തുടങ്ങിവെച്ച പല പദ്ദതികളുടേയും സ്ഥിതി പരിശോധിക്കുമ്പോള്‍ തിരുമേനിയുടെ ആത്മവിശ്വാസം എത്രയോ അര്‍ത്ഥവത്താണെന്ന് നിസ്സംശയം മനസ്സിലാക്കാം.

നോര്‍ത്ത് അമേരിക്കയില്‍ മാര്‍ത്തോമാ സഭയുടെ ഭാവി ശോഭനമാക്കുന്നതിന് ഭാവി തലമുറയുടെ പങ്ക് അനിവാര്യമാണ്.ഇന്ത്യയില്‍ നിന്നും ഇവിടേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നു. മാത്രമല്ല ഇവിടെ ജനിച്ചു വളര്‍ന്ന യുവജനങ്ങള്‍ക്കു സഭയോടും പട്ടത്വ സമൂഹത്തോടുമുള്ള വിധേയത്വം കുറഞ്ഞു വരുന്നവെന്ന ഭീതി ജനകമായ സാഹചര്യവും വിസ്മരിക്കാനാവില്ല. ഭാവി തലമുറയെയും ,ഭാവി പ്രവര്‍ത്തനങ്ങളെയും ലക്ഷ്യമാക്കി ഏറ്റെടുത്ത ഈ പ്രൊജക്റ്റ്വിജയകരമായി മുന്നോട്ടുകൊണ്ടുപോകണമെന്നുടെങ്കില്‍ യുവതലമുറയെ ഇതിന്റെ ചുമതല ഏല്പിക്കുന്നതോടൊപ്പം സഭാ നേത്ര്വത്വത്തിന്റെ പ്രതേയ്ക ശ്രദ്ധയും ഇവിടെ കേന്ദ്രീകരിക്കണമെന്നാണു് സഭാ ജനങ്ങള്‍ ആഗ്രഹിക്കുന്നു.

ഡിസംബര്‍ അവസാന വാരം മാര്‍ത്തോമാ മെത്രാപോലിത്തയും ഭദ്രാസന എപ്പിസ്‌കോപ്പയും ഇവിടെ സന്ദര്‍ശനത്തിനെത്തുമ്പോള്‍ സഭാജനങ്ങള്‍ക് പ്രതീക്ഷ നല്‍കുന്ന തീരുമാനങ്ങള്‍ കൈകൊള്ളുമെന്നാണ് വിശ്വസിക്കുന്നത്.

a1 IMG_1383 IMG_1384 IMG_1385


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top