Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    മോദിയുടെ ഒരു വര്‍ഷത്തെ ഭരണം ദരിദ്രരെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടു, ധനികരെ വീണ്ടും ധനികരാക്കി: കോണ്‍ഗ്രസ്   ****    കോവിഡ്-19: രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി, നിയന്ത്രണങ്ങളില്‍ ഇളവ്   ****    അഞ്ചല്‍ ഉത്ര കൊലക്കേസ്: സൂരജിന്റേയും സുരേഷിന്റേയും കസ്റ്റഡി കലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവ്   ****    കൊറോണ വൈറസ്: യു എ ഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ മൂന്നു മലയാളികള്‍ മരിച്ചു   ****    കൊറോണ വൈറസ്: കേന്ദ്രത്തിന് താളം തെറ്റുന്നു, രോഗവ്യാപനം അനിയന്ത്രിതമായി, ഡല്‍ഹി മൂന്നാം സ്ഥാനത്ത്   ****   

ഗംഗ സംരക്ഷിക്കാന്‍ ഒരു ജീവാര്‍പ്പണം : അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

October 14, 2018

ganga-1ഗംഗ സംരക്ഷിക്കുക എന്ന ആവശ്യമുയര്‍ത്തി മരണംവരെ ഉപവാസം ആരംഭിച്ച സ്വാമി ജ്ഞാനസ്വരൂപ് സനാദ് മരണം വരിക്കുകതന്നെ ചെയ്തു. ഹിന്ദു വിശ്വാസികളുടെ ആത്മീയ ഭൂമിയായ ഋഷികേശിലെ എ.ഐ.ഐ.എം.എസ് ആശുപത്രിയില്‍വെച്ച് പൊലീസ് കസ്റ്റഡിയില്‍ ഉപവാസ സമരത്തിന്റെ 111-ാം നാളില്‍.

ആന്ധ്ര സംസ്ഥാനത്തിനുവേണ്ടി പോറ്റി ശ്രീരാമുലു മരണപ്പെട്ടതാണ് സമാനമായ ഉദാഹരണം. ജി.ഡി അഗര്‍വാള്‍ എന്ന സ്വാമി ജ്ഞാന്‍സ്വരൂപിന്റെയും ശ്രീരാമുലുവിന്റെയും മരണംവരിച്ച സമരങ്ങളില്‍ ചരിത്രപരമായ സമാനതകള്‍ ഏറെയുണ്ട്. ലക്ഷ്യം നേടാനുള്ള ഇരുവരുടെയും സമരദൗത്യം ഒരുപോലെ തുറന്നുകാട്ടുന്നത് നമ്മുടെ രാഷ്ട്രീയത്തിലും ഭരണ നേതൃത്വത്തിലുമുള്ളവരുടെ കാപട്യവും മലിനീകരണവുമാണ്.

ഹരിദ്വാറിലെ മൈത്രിസദന്‍ ആശ്രമത്തില്‍ ജൂണ്‍ 22നാണ് 87 വയസ്സുള്ള സ്വാമി ജ്ഞാന്‍സ്വരൂപ് സനദ് ഉപവാസം ആരംഭിച്ചത്. ആന്ധ്രാ ഭാഷാ സംസ്ഥാനത്തിനുവേണ്ടിയുള്ള ശ്രീരാമുലുവിന്റെ 58 ദിവസത്തെ നിരാഹാരം 1952 ഡിസംബര്‍ 15നാണ് അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിച്ചത്. മദിരാശി പ്രവിശ്യയിലും ചേര്‍ന്നുള്ള പ്രദേശങ്ങളിലും ശ്രീരാമുലുവിന്റെ മരണവാര്‍ത്ത വന്‍ കലാപം ആളികത്തിച്ചു. മൂന്നാംദിവസം ആന്ധ്ര സംസ്ഥാനം പ്രധാനമന്ത്രി നെഹ്‌റു അനുവദിച്ചു. ഗംഗയ്ക്കുവേണ്ടിയുള്ള സ്വാമിയുടെ മരണം രാജ്യത്ത് പ്രതിഷേധമോ പ്രതികരണങ്ങളോ കാര്യമായി സൃഷ്ടിച്ചില്ല.

ശ്രീരാമുലുവും ജി.ഡി അഗര്‍വാളും എഞ്ചിനിയറിംഗ് വിദ്യാഭ്യാസം നേടിയവരും ഉയര്‍ന്ന ശാസ്ത്ര-സാങ്കേതിക ജ്ഞാനം ആര്‍ജ്ജിച്ചവരുമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ പെനിന്‍സുലാര്‍ റെയില്‍വെയിലെ ഉദ്യോഗം വിട്ട് ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തില്‍ 25-ാം വയസില്‍ ചേര്‍ന്നതായിരുന്നു പോറ്റി ശ്രീരാമുലു. ശ്രീരാമുലുവിനെപോലെ പത്തുപേര്‍കൂടി തനിക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ ഒരു വര്‍ഷത്തിനകം ഇന്ത്യയുടെ സ്വാതന്ത്ര്യം താന്‍ നേടിയെടുക്കുമെന്ന് ഗാന്ധിജി പറയുമായിരുന്നു. കേരളമടക്കം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ 1956 നവംബര്‍ 1ന് ആന്ധ്രയ്‌ക്കൊപ്പം രൂപീകരിക്കേണ്ടിവന്നു.

പ്രസിദ്ധമായ കാന്‍പൂര്‍ ഐ.ഐ.ടിയിലെ പരിസ്ഥിതി എഞ്ചിനിയറിംഗ് വിഭാഗം മേധാവി, പരിസ്ഥിതി ശാസ്ത്രത്തില്‍ ഏഷ്യയിലെതന്നെ ആധികാരിക വക്താവ്, ഇന്ത്യാ ഗവണ്മെന്റിന്റെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രഥമ അംഗ സെക്രട്ടറി. പരിസ്ഥിതി സംശുദ്ധി സംബന്ധിച്ച നയപരവും ഭരണപരവുമായ കേന്ദ്രസര്‍ക്കാറിന്റെ വിവിധ കമ്മറ്റികളിലെ അംഗം, നദികളുടെ ആരോഗ്യത്തെകുറിച്ചുള്ള ആധികാരിക വക്താവ്. ഇതുമാത്രമായിരുന്നില്ല ജി.ഡി അഗര്‍വാള്‍. ഹിന്ദു സംസ്‌ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമായി ഗംഗയെ കണ്ട പാരിസ്ഥിതിക മനസും ആത്മീയ മനസുമായിരുന്നു അദ്ദേഹം. അതിനായി ഭൗതികജീവിതം ഉപേക്ഷിച്ച്, പൂര്‍വ്വാശ്രമം വിട്ട് ആത്മീയ സന്യാസജീവിതത്തിലേക്ക് അദ്ദേഹം കടന്നു. ജി.ഡി അഗര്‍വാള്‍ സ്വാമി ജ്ഞാനസ്വരൂപനായി. ഗാന്ധിയന്‍ സമരമാര്‍ഗിയും. അത്തരമൊരു അസാധാരണമായ ജീവിതമാണ് ഗംഗാ നദിയുടെ മലിനീകരണം തടയണമെന്നാവശ്യപ്പെട്ടുള്ള സുദീര്‍ഘ ഉപവാസ സമരത്തില്‍ പൊലിഞ്ഞത്.

ഗംഗയെ ശുദ്ധീകരിക്കുകയും കയ്യേറ്റങ്ങളില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്ന ദൗത്യം ജ്ഞാനസ്വരൂപ് ജീവിത ലക്ഷ്യമാക്കി. ഹരിദ്വാര്‍ മുതല്‍ ഉത്തരകാശിവരെയുള്ള ഗംഗയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന അണക്കെട്ടുകളുടെ നിര്‍മ്മാണം തടയാന്‍ ഉപവാസ സമരങ്ങളിലൂടെ പൊരുതി. ജി.ഡി അഗര്‍വാള്‍ എന്ന ജ്ഞാന്‍സ്വരൂപിന്റെ ജീവന്‍ രക്ഷിക്കാനെങ്കിലും പ്രധാനമന്ത്രി മോദിയോ ഉത്തരാഖണ്ഡ് ഗവണ്മെന്റോ പക്ഷെ ഇടപെട്ടില്ല. ജലപാനംപോലും ഉപേക്ഷിച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത് അവര്‍ അവഗണിക്കുകതന്നെ ചെയ്തു.

യു.പിയിലെ മുസാഫര്‍ നഗറിലെ കന്തലയില്‍ 1932ല്‍ ജനിച്ച ജി.ഡി അഗര്‍വാള്‍ പ്രസിദ്ധമായ കാന്‍പൂര്‍ ഐ.ഐ.ടിയിലെ പരിസ്ഥിതി ശാസ്ത്ര അധ്യാപകനും വെര്‍ക്കിലി സര്‍വ്വകലാശാലയില്‍നിന്ന് പരിസ്ഥിതി വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രതിഭയുമായിരുന്നു. പരിസ്ഥിതി ശാസ്ത്രത്തില്‍ ഏഷ്യയിലെതന്നെ അവസാന വാക്കായിരുന്ന അഗര്‍വാളിന്റെ ജീവിതത്തിന്റെ ആദ്യഘട്ടം പരിസ്ഥിതി, നദികളുടെ ആരോഗ്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ആദ്യ മെമ്പര്‍ സെക്രട്ടറി തുടങ്ങി ഏറ്റവുമൊടുവില്‍ ദേശീയ ഗംഗാ നദീതട അഥോറിറ്റി ബോര്‍ഡ് അംഗംവരെ ബഹുമുഖ തലങ്ങളിലെ സാന്നിധ്യം.

പ്രകൃതിയുടെയും പരിസ്ഥിതിയുടെയും ഭാഗമായി ഹിമാലയ താഴ് വരയില്‍ ആശ്രമത്തില്‍ ആധ്യാത്മികജീവിതം തുടര്‍ന്ന രണ്ടാംഘട്ടം പക്ഷെ, ഗംഗയുടെയും മറ്റു നദികളുടെയും സംരക്ഷണത്തിനും അവയെ കയ്യേറി തകര്‍ക്കുന്നതിനെതിരായ പോരാട്ടത്തിനും അദ്ദേഹം മാറ്റിവെച്ചു.

2008നും 12നും ഇടയില്‍ നാലുതവണ ഗംഗയെ സംരക്ഷിക്കാനും അതിന്റെ കരയിലെ കയ്യേറ്റങ്ങള്‍ തടയാനും ഗംഗയുടെ കഥകഴിക്കുന്ന ഒട്ടേറെ അണക്കെട്ടുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ട് അദ്ദേഹം നിരാഹാരസമരം നടത്തി. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഫെബ്രുവരി 26ന് മരണംവരെ ഉപവാസം നടത്താനുള്ള തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ സ്വാമി ജ്ഞാന്‍സ്വരൂപ് മോദി ഗവണ്മെന്റിനെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. മോദി അധികാരത്തില്‍വന്നിട്ട് നാലുവര്‍ഷം കഴിഞ്ഞിട്ടും ഗംഗയുടെ സംരക്ഷണത്തിനുവേണ്ടി യാതൊന്നും ചെയ്തില്ലെന്ന്. നിര്‍ദ്ദിഷ്ട ഗംഗാ സംരക്ഷണനിയമം വെളിച്ചം കണ്ടിട്ടില്ലെന്നും.

ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിട്ടും മറുപടിപോലും ലഭിച്ചില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. അന്നു തുടങ്ങിയ നിരാഹാരം മാസങ്ങള്‍ പിന്നിടാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും പരിസ്ഥിതിവാദികളും ഉത്ക്കണ്ഠാകുലരായി. സംസ്ഥാന – കേന്ദ്ര ഗവണ്മെന്റുകളുടെ അടിയന്തര ഇടപെടല്‍ അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉത്തരാഖണ്ഡിലെ ബി.ജെ.പി ഗവണ്മെന്റ് പൊലീസിനെ ഉപയോഗിച്ച് ആ വൃദ്ധ സന്യാസിവര്യനെ അജ്ഞാതകേന്ദ്രത്തിലേക്ക് കടത്തുകയായിരുന്നു.

ഇതിനെതിരെ പിന്നീട് ജ്ഞാന്‍സ്വരൂപ് ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു. സമാധാനപരമായ തന്റെ പ്രതിഷേധത്തിനെതിരെയുള്ള സര്‍ക്കാറിന്റെ ബലപ്രയോഗത്തിനെതിരെ പരാതി നല്‍കി. 12 മണിക്കൂറികം സ്വാമി ജ്ഞാന്‍സ്വരൂപുമായി ചര്‍ച്ചനടത്തി പ്രശ്‌നം പരിഹരിക്കണമെന്ന് ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് ഉത്തരവു നല്‍കി. വിഷയം തന്റെ പരിധിയില്‍ വരുന്നതല്ലെന്നു വ്യാഖ്യാനിച്ച് ചീഫ് സെക്രട്ടറി ഇടപെട്ടില്ല. ഉത്തരാഖണ്ഡ് സര്‍ക്കാറില്‍നിന്ന് ഒരാളും നിരാഹാരസമരം അവസാനിപ്പിക്കാന്‍ നീക്കം നടത്തിയില്ല.

പകരം അവര്‍ ചെയ്തത് ഹരിദ്വാറിലെ ഉപവാസവേദിയില്‍നിന്ന് ബലംപ്രയോഗിച്ച് വീണ്ടും അദ്ദേഹത്തെ ഋഷികേശിലെ അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥലത്തെ കോണ്‍ഗ്രസ് എം.പി നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയും പരാജയപ്പെട്ടു. ഇതോടെ സ്വാമി ജ്ഞാന്‍സ്വരൂപ് ജലപാനം ഉപേക്ഷിച്ചു. മരണംവരെ നിരാഹാരമെന്ന തന്റെ പ്രഖ്യാപനം 111-ാം ദിവസം യാഥാര്‍ത്ഥ്യമാക്കി.

2010ല്‍ ഭാഗീരഥി (ഗംഗ)യുടെമേല്‍ വിഷ്ണുഘട്ട്, പീപ്പല്‍ കോട്ടി, സിംഗോലി, ഹത്ത്വാരി എന്നീ അണക്കെട്ടുകളുടെ നിര്‍മ്മാണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഉപവസിച്ചിരുന്നു. ഉത്തരകാശിവരെയുള്ള ഗംഗയുടെ സ്വാഭാവിക ഒഴുക്ക് അണക്കെട്ടുകള്‍ തടയുന്നു. ഇത് ഗംഗാനദിയുടെ ചരമത്തില്‍ കലാശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. അന്ന് യു.പി.എ ഗവണ്മെന്റില്‍ പരിസ്ഥിതി -വനം മന്ത്രിയായിരുന്ന ജയറാം രമേശ് ഹരിദ്വാറിലെത്തി രാജ്യത്തെ ഏറ്റവും വലിയ ആ പാരിസ്ഥിതിക പോരാളിയെകണ്ട് ചര്‍ച്ച നടത്തി. അണക്കെട്ടുകളുടെ നിര്‍മ്മാണം തടയുമെന്നും പാരിസ്ഥിതിക – സംരക്ഷ ഉറപ്പുവരുത്താന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും ഉറപ്പുനല്‍കി മടങ്ങി.

2014ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുടെ ഉത്തരേന്ത്യയിലെ പ്രചാരണത്തിന്റെ മുഖ്യ വിഷയം ഗംഗാനദിയെന്ന അമ്മയെക്കുറിച്ചായിരുന്നു. മറ്റുള്ളവര്‍ക്ക് ഗംഗ ഒരു നദിയായിരിക്കാം. പക്ഷെ, നമുക്ക് അത് അമ്മയാണ്. ഗംഗ വെള്ളത്തിന്റെ കേവലം ഒഴുക്കു മാത്രമല്ല അത് പ്രതിഫലിപ്പിക്കുന്നത് നമ്മുടെ സംസ്‌ക്കാരമാണ്.

ഗംഗ ശുദ്ധീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുംവേണ്ടി നിരവധി നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോടികള്‍ ചെലവഴിച്ചിട്ടുമുണ്ട്. ഈ പണമെല്ലാം ഗംഗയോടൊപ്പം ഒഴുകിപ്പോയോ. ഗംഗയിലെ ജലത്തിന്റെ ശുദ്ധിയെങ്കിലും തകരുന്നത് ഈ ധനംകൊണ്ട് തടയാമായിരുന്നില്ലേ. ഗംഗയെ കൈകാര്യംചെയ്യാന്‍ കഴിയാത്തവര്‍ രാജ്യം എങ്ങനെ കൈകാര്യംചെയ്യുമെന്നാണ് സഹോദരിസഹോദരന്മാരുടെ കയ്യടി വാരിക്കൂട്ടി ഓരോ പൊതുയോഗത്തിലും മോദി അന്ന് ചോദിച്ചത്.

ഉത്തരാഖണ്ഡില്‍ 2013ലുണ്ടായ പ്രളയത്തില്‍ ആറായിരത്തോളംപേര്‍ കൊല്ലപ്പെടുകയും നാലായിരത്തിലേറെ ഗ്രാമങ്ങള്‍ ഒലിച്ചുപോകുകയും ചെയ്തു. ഭാഗീരഥി നദിയില്‍ ഗംഗോത്രിമുതല്‍ ഉത്തരകാശിവരെ സര്‍ക്കാര്‍ പണിത പതിനെട്ടോളം അണക്കെട്ടുകളും നദിക്കരയില്‍ നടന്ന കയ്യേറ്റങ്ങളും ക്വാറികള്‍ ചുരന്നു നടത്തുന്ന പ്രകൃതി നശീകരണവുമാണ് പ്രളയം സൃഷ്ടിച്ചതെന്ന് സ്വാമി ജ്ഞാന്‍സ്വരൂപിലെ സാര്‍വ്വദേശീയ പാരിസ്ഥിതിക ശാസ്ത്രജ്ഞന്‍ അന്ന് ചൂണ്ടിക്കാട്ടി. അതിനുള്ള ശിക്ഷയാണ് ഉത്തരാഖണ്ഡ് ഏറ്റുവാങ്ങിയതെന്നും കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി രാജീവ് ഗാന്ധി അധികാരമേറ്റപ്പോള്‍ ഗംഗ ആക്ഷന്‍ പദ്ധതി പ്രഖ്യാപിക്കുകയും ഒരു പാരിസ്ഥിതിക നിരീക്ഷണ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഗംഗാ ആക്ഷന്‍ പ്ലാനിന് 6788 കോടിരൂപ രാജീവ് ഗാന്ധിയുടെ ഭരണത്തില്‍ നീക്കിവെച്ചിരുന്നു. നരേന്ദ്രമോദി ഗവണ്മെന്റ് 2016ല്‍ ഗംഗാ ശുദ്ധീകരണ ദേശീയ മിഷന്‍ പ്രഖ്യാപിച്ച് നാഷണല്‍ ഗംഗാ റിവര്‍ ബെയ്‌സിന്‍ അഥോറിറ്റി പിരിച്ചുവിട്ടു. ‘നമാനി ഗംഗൈ പ്രോഗ്രാം’ എന്ന മോദി പദ്ധതിക്ക് എട്ടു സംസ്ഥാനങ്ങളിലായി വിവിധ പരിപാടികള്‍ക്ക് 20,000 കോടിരൂപ നീക്കിവെച്ചു.

എന്നാല്‍ ഗംഗയെ രക്ഷിക്കാന്‍ മോദി ഗവണ്മെന്റും ഫലത്തില്‍ ഒന്നും ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മരണംവരെ ഉപവസിക്കാന്‍ സ്വാമി ജ്ഞാന്‍സ്വരൂപ് തീരുമാനിച്ചത്. രാജ്യത്തെ പ്രമുഖ പാരിസ്ഥിതിക പ്രവര്‍ത്തകര്‍ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു. തന്റെ ലക്ഷ്യം വിശദീകരിക്കുന്ന കത്ത് പ്രധാനമന്ത്രി മോദിക്ക് സ്വാമി അയച്ചു. ഗംഗാ സംരക്ഷണവുമായി ബന്ധപ്പെട്ട ബില്‍ നിയമമാകുകയോ പ്രയോഗത്തില്‍ വരികയോ ചെയ്യാത്തതില്‍ നിരാശ പ്രകടിപ്പിച്ചാണ് മരണംവരെ ഉപവസിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ പാരിസ്ഥിതിക ശാസ്ത്രജ്ഞന്റെ, യഥാര്‍ത്ഥ ഹിന്ദു സംസ്‌ക്കാരത്തിനും അതിന്റെ പെറ്റമ്മയായ ഗംഗയുടെയും മറ്റു നദികളുടെയും സംരക്ഷണത്തിന് പോരാടുകയും ചെയ്ത ഒരു മഹാത്മാവിന്റെ ജീവന്‍ രക്ഷിക്കാന്‍പോലും ഹിന്ദുത്വ സംസ്‌ക്കാരത്തിനുവേണ്ടി നിലകൊള്ളുന്ന നരേന്ദ്രമോദിയും ബി.ജെ.പിയും സംഘ് പരിവാറും ഒരു ശ്രമവും നടത്തിയില്ല. മരണവാര്‍ത്ത പുറത്തുവന്നിട്ടും കോണ്‍ഗ്രസോ ഇടതുപക്ഷ പാര്‍ട്ടികളോപോലും രാജ്യം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നമുയര്‍ത്തി സ്വന്തം ജീവന്‍ ആത്മഹൂതി ചെയ്ത ഈ സംഭവത്തില്‍ വേണ്ട രീതിയില്‍ പ്രതികരിച്ചില്ല.

പക്ഷെ, പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ച അനുശോചന സന്ദേശം അതിഗംഭീരമായി: “ശ്രീ ജി.ഡി അഗര്‍വാള്‍ജിയുടെ നിര്യാണം ദു:ഖിതനാക്കി. അറിവു നേടുന്നതിലും വിദ്യാഭ്യാസത്തിലും പരിസ്ഥിതി സംരക്ഷണത്തിലും അദ്ദേഹത്തിനുള്ള താല്പര്യം, വിശേഷിച്ച് ഗംഗ ശുദ്ധീകരിക്കുന്നതില്‍ എന്നെന്നും സ്മരിക്കപ്പെടും.”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top