Flash News

ശബരിമല സ്ത്രീ പ്രവേശനം; ഇടഞ്ഞു നിന്ന തന്ത്രി കുടുംബം നിലപാടി മാറ്റുന്നു; ദേവസം ബോര്‍ഡിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന്

October 14, 2018

sabarimala.1.12239ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടെ സമവായ ചർച്ചയ്ക്ക് ദേവസ്വം ബോർഡ് മുൻകൈ എടുക്കുന്നു. ഇതിന്റെ ഭാഗമായി 16ന് തിരുവനന്തപുരത്ത് ചർച്ച നടക്കും. തന്ത്രി കുടുംബം, പന്തളം കൊട്ടാരം അയ്യപ്പസേവാസംഘം അടക്കം എല്ലാവരുമായും ചർച്ച നടത്തി പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം കാണാനാണ് ദേവസ്വം ബോർഡിന്റെ ശ്രമം. ശബരിമലയുമായി നേരിട്ട് ബന്ധപ്പെടുന്ന എല്ലാവരെയും ഉൾപ്പെടുത്തി ചർച്ച നടത്താനാണ് തീരുമാനമെന്ന് പ്രസിഡന്റ് എ.പദ്മകുമാർ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് തന്ത്രി കുടുംബാംഗം കണ്ഠരര് രാജീവര് പറഞ്ഞു. എന്നാല്‍ നിലപാടുകളില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് ദേവസ്വം ബോര്‍ഡ് തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് ഓഫിസില്‍ ചര്‍ച്ച വിളിച്ചിരിക്കുന്നത്. പന്തളത്തെ മുന്‍രാജകുടുംബം, തന്ത്രി കുടുംബം, അയ്യപ്പ സേവാ സംഘം എന്നിവരുമായാണ് ചര്‍ച്ച. ദേവസ്വം ബോര്‍ഡ് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ജാതി വിവേചനമുണ്ടെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ബ്രാഹ്മണസഭയെ പ്രതിനിധീകരിക്കുന്ന യോഗക്ഷേമ സഭയെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നതെന്നും മറ്റ് ഹിന്ദു സംഘടനകളെ വിളിച്ചിട്ടില്ലെന്നുമാണ് പരാതി.

ശബരിമലയുമായി നേരിട്ട് ബന്ധമുള്ള മലയരയ വിഭാഗത്തെപ്പോലും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. പുലയമഹാസഭ, എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സംഘടനകളെയൊന്നും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. ഇക്കാര്യം ഈ സംഘടനകളുടെ നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ശബരിമല ആചാരങ്ങളുമായി നൂറ്റാണ്ടുകളായി ബന്ധപ്പെട്ടു കിടക്കുന്ന സംഘടനയാണ് തങ്ങളെന്നും എന്നാല്‍ ഇതുവരെ ദേവസ്വം ബോര്‍ഡ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് മലയരയ സംഘടനയുടെ നേതാവായ സജീവന്‍ പറഞ്ഞത്.

ഇന്നലെയാണ് ഇതിനുവേണ്ടി സംഘടനകളെ ക്ഷണിച്ചത്. ചര്‍ച്ചയ്ക്കു ക്ഷണിച്ചുള്ള ദേവസ്വം ബോര്‍ഡിന്റെ സന്ദേശം വൈകുന്നേരം അഞ്ചുമണിയോടെ തങ്ങള്‍ക്കു ലഭിച്ചെന്നാണ് യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എന്‍ നമ്പൂതിരി വ്യക്തമാക്കിയത്.

പതിനേഴാം തീയതി തുലാമാസ പൂജയ്ക്കായി ശബരിമല നട തുറക്കാനിരിക്കെയാണ് ചൊവ്വാഴ്ച സമവായ ചര്‍ച്ചയ്ക്ക് ദേവസ്വം ഒരുങ്ങുന്നത്.

മുമ്പ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും പന്തളത്തെ മുന്‍രാജകുടുംബവും തന്ത്രി കുടുംബവും തയ്യാറായിരുന്നില്ല. നാമജപയാത്ര, ബിജെപി ലോങ് മാര്‍ച്ച്, നിലയ്ക്കലില്‍ കുടില്‍കെട്ടി സമരം തുടങ്ങിയവ തുടരുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു ചര്‍ച്ചയ്ക്ക് ദേവസ്വം തയ്യാറാകുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top