Flash News

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനു പിറകെ മുസ്ലിം പള്ളികളില്‍ (സുന്നി) സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ‘നിസ’

October 16, 2018 , .

oiശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെത്തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഇതുവരെ ശമനമായിട്ടില്ല. തുലാമാസപൂജകള്‍ക്കായി നാളെ ശബരിമല നട തുറക്കുമ്പോള്‍ അയ്യപ്പനെ കാണാനായി കാത്തിരിക്കുന്ന സ്ത്രീകളെ ഏത് വിധേനെയും തടയാനായി ഒരു വിഭാഗക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ആചാര സംരക്ഷണ സമിതി എന്ന പേരില്‍ ഇവര്‍ നിലയ്ക്കലില്‍ ക്യാമ്പ് ചെയ്ത് അതുവഴി പോകുന്ന വാഹനങ്ങളൊക്കെയും തടഞ്ഞ് പരിശോധനയും നടത്തുന്നുണ്ട്. മാത്രമല്ല സ്ത്രീകള്‍ പോലും സ്ത്രീ പ്രവേശനത്തിന് എതിര് നില്‍ക്കുന്ന വിചിത്ര കാഴ്ചയും നാം കണ്ടുകൊണ്ടിരിക്കുന്നു.

ആരാധനാലയങ്ങളിലെ തുല്യതയ്ക്കായി സമത്വവാദികളായ മനുഷ്യര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടികളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ശബരിമല വിധിയ്‌ക്കെതിരെ സംയുക്ത പ്രമേയവുമായി മുസ്ലീം സംഘനകളടക്കം രംഗത്ത് വന്നു. മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണാധികാരം വിശ്വാസികള്‍ക്കായിരിക്കണമെന്നും നീതിന്യായ വ്യവസ്ഥ വിശ്വാസത്തിന്‍മേല്‍ നടത്തുന്ന കടന്നുകയറ്റത്തില്‍ മുസ്ലീം സംഘടനകള്‍ക്ക് ഉത്കണ്ഠയുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം നടന്ന മുസ്ലീംസംഘടനകളുടെ യോഗം അഭിപ്രായപ്പെട്ടത്. മുസ്ലീം ലീഗ്, ജമാഅത്തെ ഇസ്ലാമി, സമസ്ത ഇകെ വിഭാഗം, കെഎന്‍എം, എംഇഎസ് എന്നീ സംഘടനകളാണ് പ്രസ്തുത അഭിപ്രായം മുന്നോട്ട് വെച്ചത്.

ഈ സാഹചര്യത്തില്‍ മുസ്ലീം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ‘നിസ’ എന്ന സംഘന രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ സ്ത്രീവിമോചന പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ നിന്ന് നയിക്കുന്ന വിപി സുഹ്‌റയടക്കമുള്ളവര്‍ നേതൃത്വം നല്‍കുന്ന സംഘടനയാണ് സ്ത്രീകള്‍ എന്ന് അറബിയില്‍ അര്‍ത്ഥമുള്ള നിസ. സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍.

ഇതിനെക്കുറിച്ച് വിപി സുഹ്‌റ;

newsrupt2018-1017bef2f7-8b36-43c2-842f-6277b637d9f5suhraസുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്നതാണ് ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന പ്രധാനാശയങ്ങളിലൊന്ന്. മുജാഹിദീന്‍, ജമാഅത്ത് പള്ളികളില്‍ നിലവില്‍ സ്ത്രീകള്‍ക്കു പ്രവേശനമുണ്ടെങ്കിലും, പുരുഷന്‍മാരെയും സ്ത്രീകളെയും വേര്‍തിരിച്ചാണ് പ്രവേശിപ്പിക്കുന്നത്. ഇസ്ലാമില്‍ ഭൂരിപക്ഷമുള്ളത് സുന്നികളാണ്. സുന്നി പള്ളികളില്‍ക്കൂടി സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്.

ബംഗ്ലാദേശും പാകിസ്താനും പോലുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ ഭരണം കൈയാളിയിട്ടുപോലുമുണ്ട്. എന്നിട്ടു പോലും പൗരോഹിത്യ പദവി സ്ത്രീകള്‍ക്കു നിഷിദ്ധമാണ് ഇസ്ലാമില്‍. ഇമാമിന്റെ ചുമതലകളിലേക്കു കൂടി സ്ത്രീകള്‍ക്കു കടന്നു വരാന്‍ സാധിക്കണമെന്നതാണ് ഹര്‍ജിയിലെ മറ്റൊരാവശ്യം. പള്ളികളില്‍ ഇമാമുകളായും മറ്റു കര്‍മങ്ങള്‍ മുന്നില്‍ നിന്നു നടത്താനും പാണ്ഡിത്യമുള്ള സ്ത്രീകളെ അനുവദിക്കുക തന്നെ വേണം.

ആമിനാ വദൂദി (അമേരിക്കന്‍ മുസ്ലീമായ ഫെമിനിസ്റ്റ്)നെപ്പോലുള്ളവര്‍ മുന്നോട്ടുവച്ച സമരങ്ങള്‍ പോലും വിശ്വാസി സമൂഹം പരക്കെ അംഗീകരിച്ചിരുന്നില്ല. വദൂദ് കൊണ്ടുവരാന്‍ ശ്രമിച്ച മാറ്റങ്ങളാണ് ഇസ്ലാമിക സമൂഹത്തില്‍ നടപ്പിലാക്കപ്പെടേണ്ടത്. ആരാധനാലയങ്ങളില്‍ നിന്നും സ്ത്രീകളെ മാറ്റി നിര്‍ത്തുകയും, അതിനു കാരണം അവളുടെ സ്ത്രീത്വമാണെന്നു തന്നെ പറയുകയും ചെയ്യുന്നത് പൂര്‍ണമായും ജനാധിപത്യവിരുദ്ധമാണ്. ഭരണഘടന അനുവദിക്കുന്ന തുല്യമായ അവകാശം മാത്രമേ ഞങ്ങളും ആവശ്യപ്പെടുന്നുള്ളൂ. മതത്തിന്റേയോ മറ്റെന്തിന്റേയോ പേരിലാണെങ്കിലും വിവേചനം പാടില്ലെന്നാണല്ലോ ഭരണഘടന നിര്‍ദ്ദേശിക്കുന്നത്. അതാണ് വേണ്ടതും.

സ്ത്രീകളെ ആരാധനാലയത്തില്‍ കടത്തണമെന്ന് ഒരു വിധി വരുമ്പോള്‍, ഒരു വിഭാഗത്തെ മാത്രം മാറ്റിനിര്‍ത്തേണ്ട കാര്യമില്ലല്ലോ. ക്രിസ്തുമത വിശ്വാസികള്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് ആരാധനാലയത്തിലെ പ്രവേശനം തര്‍ക്കവിഷയമല്ലെങ്കില്‍പ്പോലും, പൗരോഹിത്യത്തെ സംബന്ധിച്ച് അവര്‍ക്കിടയിലും സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന അവസ്ഥയുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വിവേചനങ്ങള്‍ എല്ലായിടത്തുമുണ്ട്. ശബരിമല വിഷയത്തിലാണെങ്കിലും, കോണ്‍ഗ്രസും മുസ്ലിം ലീഗും അടക്കമുള്ളവര്‍ വിധിക്ക് എതിരായ നിലപാടണല്ലോ എടുത്തിരിക്കുന്നത്. സുപ്രീം കോടതിയെ സമീപിക്കാന്‍ നിസ തീരുമാനിച്ചു എന്നറിഞ്ഞതോടെ ഭീഷണികളും ശാസനങ്ങളും എനിക്കും ധാരാളം വരുന്നുണ്ട്. കേട്ട് ശീലമുള്ളതിനാല്‍ ഒന്നും കാര്യമാക്കുന്നില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top