Flash News

ശബരിമലയിലേക്കുള്ള ബസ്സില്‍ കയറിയാല്‍ കത്തിക്കുമെന്ന് സമരക്കാര്‍; എന്നാലൊന്നു കാണട്ടേ എന്ന് ആലപ്പുഴ സ്വദേശിനി ലിബി; പോലീസ് സം‌രക്ഷണമൊരുക്കി

October 17, 2018

Libyആലപ്പുഴയില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ലിബി എന്ന യുവതിയെ സമരക്കാര്‍ ഭീഷണിപ്പെടുത്തി. ശബരിമലയിലേക്കുള്ള ബസ്സില്‍ കയറിയാല്‍ ബസ്സടക്കം കത്തിക്കുമെന്ന സമരക്കാരുടെ ഭീഷണിക്ക് ‘എന്നാലൊന്നു കാണട്ടേ’ എന്ന മറുചോദ്യവുമായി നേരിട്ട ലിബിയെ പോലീസ് സം‌രക്ഷണമൊരുക്കി. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയ ചേര്‍ത്തല സ്വദേശിനിയായ ലിബിയെന്ന യുവതിയെയാണ് സമരക്കാരായ സ്ത്രീകളും പുരുഷന്‍മാരും ചേര്‍ന്ന് തടഞ്ഞ് കൈയ്യേറ്റത്തിന് ശ്രമിച്ചത്. സമരക്കാരുടെ ഭീഷണി ശക്തമായതോടെ ജനക്കൂട്ടത്തിനിടയിലൂടെ പൊലീസ് ലിബിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

സുപ്രീം കോടതിവിധിക്കെതിരെ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ കലാപത്തിനാഹ്വാനം ചെയ്ത് തെരുവില്‍ ഇറക്കിയ സംഘപരിവാരത്തിനെതിരെയാണ് തന്റെ പ്രതിഷേധമെന്ന് ലിബി പറഞ്ഞു. പൊലീസിന്റെ സംരക്ഷണത്തില്‍ സ്റ്റാന്‍ഡിലുളള ലിബിക്കെതിരെ ഭീഷണികളും അധിക്ഷേപങ്ങളുമാണ് സമരക്കാര്‍ മുഴക്കിയത്. ശബരിമലയിലേക്ക് പോകാനായി ബസില്‍ യുവതി കയറിയാല്‍ ആ ബസ് കത്തിക്കുമെന്നാണ് സമരക്കാരുടെ ഭീഷണി. സ്ത്രീകളടക്കമുളളവര്‍ ലിബിയെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്തു.

അതേസമയം ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും താന്‍ പിന്നോട്ടില്ലെന്നും ദര്‍ശനം നടത്തുമെന്നും ലിബി പറഞ്ഞു. ഇവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ വേണ്ട സുരക്ഷ നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കി.

തങ്ങള്‍ നാലുപേര്‍ ശബരിമലയ്ക്ക് പോകുകയാണെന്ന് വ്യക്തമാക്കി ലിബി ഇന്നലെ ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ടിരുന്നു. താനുള്‍പ്പെടെയുളള രണ്ടുപേര്‍ അതില്‍ നിരീശ്വരവാദികളും രണ്ടുപേര്‍ വിശ്വാസികളാണെന്നും ലിബി പറഞ്ഞിരുന്നു.

ശബരിമലയില്‍ പോകാന്‍ അശേഷം ആഗ്രഹം ഉണ്ടായിട്ടല്ല പോകുന്നതെന്ന് വ്യക്തമാക്കി അതിനുളള കാരണങ്ങളും നിരത്തിയിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍പോലും ഇതുവരെ ഉണ്ടാകാത്തതരത്തില്‍ രണ്ട് കുടുംബങ്ങളുടെ താത്പര്യ സംരക്ഷണാര്‍ത്ഥം ഒരു സുപ്രീംകോടതിവിധിക്കെതിരെ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ കലാപത്തിനാഹ്വാനം ചെയ്ത് തെരുവില്‍ ഇറക്കിയ സംഘപരിവാരത്തിനെതിരെ കടുത്ത വിമര്‍ശനവും ലിബി ഉന്നയിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top